രാജേഷ് ശിവ
നോ മാൻസ് ലാൻഡ് തികച്ചും വ്യത്യസ്തമായി ആസ്വാദന അനുഭവം നൽകുന്നൊരു ത്രില്ലർ മൂവിയാണ്. ബോറടിപ്പിക്കാതെ കഥ പറഞ്ഞു അവസാനിപ്പിച്ചു എന്നതുതന്നെയാണ് അതിന്റെ പ്ലസ് പോയിന്റ്. 114 മിനിറ്റ് ദൈർഘ്യമുള്ള മൂവി സംവിധാനം ചെയ്തിരിക്കുന്നത് ജിഷ്ണു ഹരീന്ദ്ര വര്‍മയാണ്. ജിഷ്ണുവിന്റെ ആദ്യ സിനിമയാണ് ഇത്. ഓട്ടോമൊബൈൽ ഡിസൈനിംഗിലും ആഡ് ഫിലിം മേക്കിംഗിലും കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് ജിഷ്ണു. ഒരു റിയൽ സ്റ്റോറിയെ ആസ്പദമാക്കി ചെയ്ത സിനിമയാണ് നോ മാൻസ് ലാൻഡ്. ഒളിച്ചോടിയ ദമ്പതികളുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള ഒരു യഥാർത്ഥ സംഭവത്തിൽ നിന്നാണ് കഥയുടെ പ്രാരംഭ ആശയം വികസിച്ചത്. പീരുമേടിന്റെ ദൃശ്യാനുഭവം വിവരണാതീതമാണ്. ഹൈറേഞ്ചിലെ ഒരു റിസോർട്ടിൽ നടക്കുന്ന കഥയാണ് ഇത്. പ്രത്യക്ഷത്തിൽ

തെളിഞ്ഞു മനോഹരമായി കണക്കുന്ന പ്രകൃതിയുടെ ദൃശ്യവിരുന്നിന്റെ മടിത്തട്ടിൽ ഒരുപാട് ആത്മസംഘര്ഷങ്ങൾ പേറി ചിലർ പരോക്ഷമായി ജീവിക്കുന്നുണ്ട്. നിരാശകളും ദുഖങ്ങളും അസൂയകളും ആത്മസംഘർഷങ്ങളും എല്ലാം അവരുടെ ഉള്ളിൽ മുറിയെടുത്തു താമസിക്കുന്നുണ്ട് . രതിയും ലഹരിയും വയലൻസും ക്രൈമും അവിടെ ഒടുവിലെ താമസക്കാരായി എത്തുമ്പോൾ ആസ്വാദകർക്ക് മോശമല്ലാത്തൊരു ആസ്വാദനം ലഭിക്കും എന്നതിൽ സംശയമില്ല. 12 ദിവസം കൊണ്ടാണ് ഇത് ചിത്രീകരിച്ചത്. സൗണ്ട് ഡിസൈനിംഗ് ശരിക്കുമൊരു വെല്ലുവിളി ആയിരുന്നു. സൗണ്ട് ഡിസൈൻ പൂർത്തിയാക്കാൻ ഏകദേശം ഏഴ് മാസമെടുത്തു.ഈ സിനിമയിൽ ശബ്ദവിന്യാസങ്ങൾ അത്രമാത്രം പ്രാധാന്യമുള്ളതാണ്. ഒരുപക്ഷെ അടുത്തകാലത്ത് അത്തരത്തിൽ വ്യത്യസ്തമായ അനുഭവമാണ് ഈ സിനിമ സമ്മാനിക്കുന്നത് .
ഇതൊരു ചെറിയ സിനിമയാണ്. സൂപ്പർതാര ചിത്രങ്ങളുടെ തലക്കനം ഇല്ലാത്ത ഒരു ലളിതമായ സിനിമ. ഇതിലെവിടെയും കാണാൻ കഴിയുന്ന തേയിലയിട്ട് ഒരു നല്ല കട്ടൻചായ കുടിച്ചുകൊണ്ട് നഷ്ടബോധമില്ലാതെ കണ്ടുതീർക്കാം. ഇതിൽ കഥാപാത്രബഹുല്യം ഇല്ല എന്നതു തന്നെയാണ് മറ്റൊരു പ്രധാനഘടകം. അഞ്ചോ ആറോ കഥാപാത്രങ്ങൾ മാത്രമാണ് സിനിമയിലുടനീളം വന്നുപോകുന്നത് എങ്കിലും രണ്ടുപേർ ആണ് ഭൂരിഭാഗവും നമ്മോടൊപ്പം ഉള്ളത്. പവി.കെ. പവൻ പീരുമേടിന്റെ മനോഹാരിത ഒപ്പിയെടുത്തുകൊണ്ടു ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു . അക്കി വിനായക്, സാം പി. ഫ്രാൻസിസ് എന്നിവരുടെ ഗാനങ്ങൾക്ക് ജോയ് ജിനിത്, സാം പി. ഫ്രാൻസിസ് എന്നിവർ ചേർന്ന് സംഗീതം ഒരുക്കിയിരിക്കുന്നു. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ശ്രീജിത്ത് ആണ്.
മൂന്ന് അധ്യായങ്ങൾ ആയി ആണ് സിനിമയുടെ ഘടന. ലുക്മാൻ അവതരിപ്പിച്ച മാത്തുക്കുട്ടി , ശ്രീജാദാസ് അവതരിപ്പിക്കുന്ന സുമിത്ര , സുധി കോപ്പ അവതരിപ്പിച്ച അഹമ്മദ് , ഈ മൂന്നുപേർ ആണ് മൂന്നു അധ്യായങ്ങൾ. ഇവിടെ അധ്യായങ്ങൾക്ക് പ്രസക്തിയുണ്ടോ എന്ന് ചോദിച്ചാൽ അത്രയൊന്നും ഇല്ല എന്ന് പറയാം. എന്നാൽ കഥാപാത്രങ്ങളുടെ മാനസികഘടന, അവർ അഭിമുഖീകരിക്കുന്ന പ്രശ്നം എന്നിവയെ മുൻനിർത്തി നമുക്ക് ഈ അധ്യായങ്ങളെ വേർതിരിക്കാവുന്നതാണ്. സിനിമയുടെ പേര് തന്നെ വളരെ പ്രത്യേകതയുള്ളതാണ്. ചില വലിയ ഹോളിവുഡ് വാർ സിനിമകൾ ആ പേരിൽ ഇറങ്ങിയിട്ടുണ്ട്. എന്നാൽ ഇവിടെ അതിന്റെ പ്രസക്തി എന്താണ് എന്ന് ആസ്വാദകർക്ക് സംശയവുമുണ്ടാകാം. ഇവിടെ നോ മാൻസ് ലാൻഡ് കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളിൽ തന്നെയാണ്.
മാത്തുക്കുട്ടി ആഹാരപ്രിയനായ ഒരു ‘പൊട്ടനാണ്’. ഇവിടെ പൊട്ടൻ എന്നത് സ്വഭാവം കൊണ്ടാണ് എന്നുമാത്രം. ശരീരം കൊണ്ടുമാത്രം വളർന്നൊരു രൂപം. അവൻ നമ്മുടെ ലോകത്തിന്റെ കണ്ണിൽ ഒട്ടും നോർമൽ അല്ല. അവന്റെ ‘അബ്‌നോർമാലിറ്റി’ മറ്റുള്ളവർക്ക് ഒരുതരത്തിലും ഉപദ്രവമാകുന്നില്ല. ഒരുപാട് ദുരൂഹതകൾ ആരോപിക്കാവുന്ന ഒരു കഥാപാത്രം ആണ് മാത്തുക്കുട്ടി.. പത്തുപന്ത്രണ്ടു വർഷത്തോളം ആയി അവൻ ആ റിസോർട്ടിൽ വന്നിട്ട്. അവിടെ വരുന്നവർക്ക് ചില സഹായങ്ങൾ ചെയ്തു അവിടെ കൂടിയവനാണ്. അവന്റെ ചാപല്യങ്ങൾ മുഴുവൻ ആഹാരത്തിലാണ്. അവൻ മറ്റൊന്നിനെ കുറിച്ചും ചിന്തിക്കുന്നില്ല. അല്ലെങ്കിൽ ചിന്തിക്കാനുള്ള വലിപ്പം അവന്റെ മസ്തിഷ്കത്തിനില്ല. എന്നിട്ടും അവന്റെ കൈകളിൽ രക്തം പുരണ്ടതെങ്ങനെ ? അവന്റെ ബോധങ്ങളിൽ ക്രൂരതയുടെ ലഹരിയെ വിന്യസിച്ചതു ആരാണ് ? ഓപ്പറേഷൻ ജാവയ്ക്കുശേഷം ലുക്മാൻ അവറാൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. ഒരുപക്ഷെ ലുക്മാന്റെ അഭിനയജീവിതത്തിൽ തന്നെ മികച്ച ഒന്നാകും ഈ ചിത്രം. അത്രമാത്രം ചലഞ്ചിങ് ആയ ഒരു കഥാപാത്രമാണ് മാത്തുക്കുട്ടി.
അധ്യായം രണ്ട് – സുമിത്ര
അവളുടെ മനസൊരു നിഗൂഢ ഗർത്തമാണ്. പുറമെയുള്ള തെളിഞ്ഞ വെള്ളത്തിൽ അവളുടെ മുഖം കണ്ടാൽ നിങ്ങള്ക്ക് മനസിലാകില്ല. അവളുടെ പുഞ്ചിരിപ്പൂക്കളുടെ തണ്ടും വേരും തിരഞ്ഞുപോയാൽ നിങ്ങൾ അപകടത്തിൽ പെട്ടേക്കാം. സുമിത്ര നിരാശയുടെ കൂമ്പാരമാണ്, അവൾ ദിശയറിയാത്ത ജീവിതസഞ്ചാരിയാണ്. അവൾക്കു ആരോടും പ്രതിപത്തിയില്ല. ശരീരത്തെ മാംസത്തിന്റെ കണക്കുപറഞ്ഞു പണംപറ്റുമ്പോൾ അവളുടെ മനസിന്റെ ആന്തരികതയിൽ എന്താണ് ? ഒരു കടൽ തന്നെയാണ്. അത് നിർവികാരതയോടെയോ പ്രക്ഷുബ്ധതയുടെയോ ? അവളുടെ കണ്ണീരിനു മേൽ കാമം കൂത്താടുകയാണ്. അവളുടെ സങ്കടങ്ങൾക്കു മേൽ ലഹരി പെയ്തൊഴിയുകയും പിന്നെയും
പെയ്യുകയുമാണ്. അവളുടെ ഉളിലെ ഗർത്തത്തിൽ അത് ഒഴുകിനിറഞ്ഞു അടിത്തട്ടിലെ അധമവികാരങ്ങളെ വലിച്ചു പുറത്തിടുകയാണ്. ലോകം സന്തോഷിക്കുമ്പോൾ അവൾ നിരാശപ്പെടുകയാണ്, വർണ്ണലോകങ്ങൾ തൂവൽ വിരിച്ചാടുമ്പോൾ അവൾ മനസിലെ പൊത്തിൽ ഉറങ്ങുന്ന മൂങ്ങയാകുകയാണ്. അവൾ രാത്രികളുടെ മാത്രം സഞ്ചയത്തിൽ മുങ്ങിപ്പോയൊരു നിഴലാണ്. അവളുടെ തന്നെ നിഴൽ. ആ നിഴലിൽ നോക്കിയാൽ അറിയാം നിങ്ങളുടെ സന്തോഷത്തെ അണയ്ക്കാൻ പോന്നൊരു ഇരുട്ടിന്റെ വന്യത അവളിൽ ഉണ്ടെന്ന്. സുമിത്ര ഒരർത്ഥത്തിൽ പാവമായിരുന്നു . എന്നാൽ അവളെ പാവമല്ലാതാക്കിയത് അവളുടെ സാഹചര്യങ്ങൾ തന്നെയാണ്. കിടക്കയിലെ അനുദിനം മാറുന്ന ബെഡ്ഷീറ്റുകളുടെ വിലയില്ലാതായിപ്പോയവൾ. കുടുംബമെന്ന സ്വപ്നം അവളിൽ നിന്നും കോടാനുകോടി വൻകരയുടെ അപ്പുറത്തെവിടെയോ ഉള്ള ചെറിയൊരു ദ്വീപ് മാത്രമാണ് . എത്രയോ കപ്പലുകളിൽ സഞ്ചരിച്ചാൽ ആകണം അവിടെ എത്താൻ
സാധിക്കുക. തന്റെ ജീവിതം കൊണ്ടുതീരാത്ത പ്രകാശവര്ഷങ്ങളുടെ യാത്ര. അവിടെയാകണം അവൾ പിൻവാങ്ങാൻ പ്രേരിതയായത്. ശ്രീജാദാസ് സുമിത്രയെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. കാരണം ഈ കഥാപാത്രം അത്ര സങ്കീർണ്ണമായ മനസികവ്യാപാരങ്ങൾ വച്ചുപുലർത്തുന്ന ആളാണ്. അത് കൃത്യമായി മുഖത്തും ശരീരത്തും പ്രതിഫലിപ്പിക്കാൻ ശ്രീജയ്ക്കു സാധിച്ചിട്ടുണ്ട്. ശ്രീജയുടെ മുന്നോട്ടുള്ള വഴികളിൽ എന്നും അഭിമാനിക്കാവുന്ന കഥാപാത്രം.
അധ്യായം മൂന്ന് – അഹമ്മദ്
ഹൈറേഞ്ചിന്റെ ആഴങ്ങളിൽ എന്തോ മണത്തു നടക്കുന്ന ഒരു നായയെ പോലെ അഹമ്മദ് … അയാളുടെ ഉള്ളിൽ എന്താണ് ? അയാൾ ആരാണ് ? ക്ളൈമാക്സ് വരെ ആകാംക്ഷയൊന്നും നിങ്ങൾ വച്ചുപുലർത്തണ്ട. താൻ ആരെന്നു അയാൾ തന്നെ പറയുന്നുണ്ട്. അയാൾ അവിടെ വന്നത് കൃത്യമായൊരു ലക്ഷ്യത്തിനു വേണ്ടിത്തന്നെയാണ്. അയാൾ ചിലപ്പോൾ നായ വേഷം ഉപേക്ഷിച്ചു മാത്തുക്കുട്ടിയ്ക്കും സുമിത്രയ്ക്കും മുകളിൽ വട്ടമിട്ടു പറക്കുന്ന പരുന്തിനെ പോലെയാകും. കാരണം അയാളുടെ മനസ് എന്തൊക്കെ വഹിച്ചാലും അതെല്ലാം ചെന്നെത്തുന്നത് ഒന്നിലേക്കുതന്നെ. അയാൾക്ക് അവിടെ വരാതിരിക്കാൻ സാധിക്കില്ലായിരുന്നു. കാരണം ചില സാന്നിധ്യങ്ങളെ സാന്നിധ്യങ്ങളാക്കുന്ന ഒരു മുളയെങ്കിലും ആ ഹൈറേഞ്ചിൽ അയാൾ പ്രതീക്ഷിക്കുന്നുണ്ട്. ആ മുളയുടെ വേര് ഭൂമിയുടെ ഏതൊക്കെ പാളികൾ കടന്നുപോയാലും പിഴുതെടുക്കാനുള്ള ബുദ്ധി അയാൾക്കുണ്ടായിരുന്നു. പക്ഷെ അയാൾക്ക് സംഭവിക്കുന്നത് എന്താണ് ? അഹമ്മദിനെ അവതരിപ്പിച്ച സുധി കോപ്പ തന്റെ വേഷം ഭംഗിയാക്കി.
ഈ സിനിമ ഒരുപക്ഷേ എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കില്ല. എ സർട്ടിഫിക്കറ്റ് ആണ് നൽകിയിട്ടുള്ളത്.; കാരണം മയക്കുമരുന്ന് ദുരുപയോഗത്തെക്കുറിച്ചുള്ള രംഗങ്ങൾ ഹൈലൈറ്റ് ചെയ്തു തന്നെ അവതരിപ്പിച്ചിട്ടുണ്ട്. കാണുന്നവരെ ഉണർത്താൻ പോന്ന രംഗങ്ങൾ തന്നെ ഉപയോഗിച്ചിട്ടുണ്ട് . ലഹരിവസ്തുക്കളുടെ ഉപഭോഗം കാണിക്കുന്ന രംഗങ്ങൾ അല്ല പ്രശ്നം , പകരം മയക്കുമരുന്ന് ഉപയോഗത്തിലേക്ക് നയിക്കുന്ന ചില രീതികൾ ആണ് പ്രശ്നം. അത് നിങ്ങള്ക്ക് ഈ സിനിമ കാണുമ്പൊൾ മനസിലാകും.
ഈ സിനിമ കാണുമ്പൊൾ മനുഷ്യരുടെ ഉള്ളിലെ ചില നെഗറ്റിവ് വൈകാരികതകളെ നമ്മൾ മനസിലാക്കേണ്ടതുണ്ട്. നമ്മുടെ ജീവിതവും ഓരോ പ്രവർത്തിയും നമ്മൾ പോലും അറിയാത്ത കണ്ണുകൾ നോക്കുകാണുന്നുണ്ട്. അവരുടെ അസൂയയും നിരാശയും അവരിലെ ക്രിമിനലിനെ ഉണർത്തിയേക്കാം. ഒരുവേള നമ്മൾ തന്നെ അതായേക്കാം. ഇത് മനുഷ്യൻ ഉണ്ടായ കാലത്തോളം ഉള്ളതാണ്. സുമിത്ര അഷ്ടരാഗങ്ങളുടെ അടിമയാണ്. അവളിൽ കാമമുണ്ട് . ഒരർത്ഥത്തിൽ റിസോർട്ടിലെ ശമ്പളം കൊണ്ട് പ്രശ്നങ്ങൾ തീരാത്ത അവളുടെ മറ്റൊരു വരുമാനസ്രോതസ് അതുതന്നെയാണ്. അവളിൽ ലോഭമുണ്ട് , അതൊരുപക്ഷേ ആ അത്യാർത്തി പണത്തോടു മാത്രമല്ല തനിക്കു ലഭിക്കാത്ത ജീവിതത്തോട് കൂടി തന്നെയാണ്. അവളിൽ ക്രോധമുണ്ട് , അതെരിയുന്നത് അവളുടെ മനസിലാണ്. അവളുടെയുള്ളിലെ അരാജകത്വത്തിന്റെ തെരുവുകളിൽ എരിയുന്ന സ്വപ്നനങ്ങളുടെ ശ്മാശാനത്തിലെ തീയാണത്. അവളിൽ മോഹമുണ്ട് , വ്യർത്ഥമായ മോഹങ്ങൾ. അവളുടെ മദം അവൾ കുടിച്ചും വലിച്ചും തീർക്കുന്നതാണ്. അവളുടെ മാത്സര്യം അവളോട് തന്നെയാണ്. എങ്ങനെയൊക്കെ ജീവിക്കണമെന്നും ജീവിക്കരുതെന്നും ദ്വന്ദമായി പകുത്ത മനസുകൾ തമ്മിലുള്ള മാത്സര്യം. അവളിലെ ഡംഭം തനിക്കില്ലാത്തതു അർക്കുംവേണ്ടെന്ന മനസിന്റെ കല്പനകളിൽ നൃത്തം ചെയുന്ന ചെകുത്താനാണ്. അസൂയയോ ..അത് ആഗ്രഹഭംഗങ്ങളിൽ കിളിർത്തു അവളെ ഭ്രാന്തിയാക്കി നോവിക്കുന്ന ഒരു മുൾച്ചെടിയാണ്. ശരിക്കും സുമിത്രയുടെ കഥാപാത്രം ആണ് ഇതിന്റെ കേന്ദ്രബിന്ദു. സുമിത്രയാണ് സിനിമ . ഈ മൂവി നിങ്ങളേവരും ആസ്വദിക്കുക. പുതിയൊരു അനുഭവം തരും ഉറപ്പ്.
2.5 out of 5
*****