Prisoners of the ghostland
2021/English
Vino John
എക്സ്പീരിമെന്റൽ ചിത്രങ്ങൾ താല്പര്യം ഉള്ളവർക്ക് മാത്രം പറ്റിയ ഒരു ഗംഭീര സൃഷ്ടി,നമ്മുടെ നാടൻ സിനിമ പ്രയോഗത്തിൽ പറഞ്ഞാൽ മുരളി ഗോപിയുടെ സ്ക്രിപ്റ്റ് ലിജോ ജോസ് പെല്ലിശ്ശേരി എടുത്താൽ എങ്ങനെ ഇരിക്കും.
വെസ്റ്റേൺ കൗബോയ് സംസ്കാരവും ജാപ്പനീസ് സാമുറയ് സംസ്കാരവും ഇടകലർന്ന ഒരു സാങ്കല്പിക പട്ടണം, അവിടുത്തെ ഗവർണറിന്റെ കൊച്ചുമോൾ ഗോസ്റ്റ് ലാൻഡ് എന്നറിയപ്പെടുന്ന ന്യൂക്ലിയർ വേസ്റ്റ് തള്ളുന്ന നിഗൂഢമായ സ്ഥലത്തു നിന്നും മിസ്സിംഗ് ആയിരിക്കുന്നു, അവളെ കണ്ടെത്താൻ പട്ടണത്തിൽ തടങ്കിലിൽ പാർപ്പിച്ചിരിക്കുന്ന ഒരു കൊടുക്കുറ്റവാളിയെ ഗവണർ ഏൽപ്പിക്കുന്നു, അതിനായി അയാളുടെ ദേഹത്ത് ഒരു പടച്ചട്ട ധരിപ്പിക്കുന്നു. ദൗത്യത്തിൽ എന്തേലും ഒരു ഫൗൾ പ്ലെ കളിച്ചാൽ പടച്ചട്ട ഒരു പടക്ക കമ്പനിയായി മാറും, തുടർന്ന് ഗോസ്റ്റ് ലാന്റിലേക്ക് പടക്ക് പോകുന്ന നായകനിലൂടെയാണ് സിയോൺ സോനോ എന്ന സംവിധായകന്റെ ഭാവനാലോകം നാം കാണുന്നത്.
കഥ കേൾക്കുബോൾ ട്രാൻസ്പോർട്ടറിലെ ജെയ്സൺ സ്റ്റാത്തനെ ഓർമ്മ വരുന്നല്ലേ, എന്നാൽ ഇവിടെ ആ സാമ്യത ഒഴിച്ചാൽ അടിമുടി വേറെ തലമാണ്, മാഡ് മാക്സിൽ ഒക്കെ നമ്മൾക്ക് പരിചിതമായ ഒരു അപ്പോകാലിപ്റ്റിക് വേൾഡിൽ ജപ്പാൻ, ഹിരോഷിമ, വേൾഡ് വാർ, അണുബോംബ് വികരണം തുടങ്ങിയ ചരിത്രത്തെ സിംബളിസത്തിലൂടെ സംവിധായകനും കഥകാരനും പറയാൻ ശ്രമിക്കുകയാണ്.
ന്യൂക്ലീയർ ബോംബിങ് ആ നാടിനെയും അവിടുത്തെ സാധാജനങ്ങളെയും എങ്ങനെ മാറ്റിമറച്ചു എന്നത് ന്യൂക്ലീയർ വേസ്റ്റ് ലാൻഡും അവിടുത്തെ മ്യുട്ടേഷൻ സംഭവിച്ച ആളുകൾ എന്നിവയിലൂടെ കാണിക്കുകയാണ് ഇവിടെ, അവിടെ ഉള്ളവർ ക്ലോക്ക് അതായത് ടൈംനെ പിടിച്ചു നിറുത്താൻ ശ്രമിക്കുകയാണ്, നാഗസാക്കിയിൽ ബോംബ് വന്നു വീണ സമയം 8:15 ആകുന്നതിനെ തടയാൻ ശ്രമിക്കുന്ന ജനങ്ങളിലൂടെ സംവിധായകൻ ജപ്പാനെ കീഴ്മേൽ മറച്ച ആ സംഭവത്തെയും അതിൽ അധികാരികൾ ചെയ്ത ദുഷ്ചിന്തകളെയും പ്രേക്ഷകരോട് പ്രിതീകത്മകമായി അവതരിപ്പിക്കുകയാണ്.
പടത്തിൽ ടെക്നിക്കൽ ആയി എടുത്ത് പറയേണ്ടത് പ്രൊഡക്ഷൻ ക്വാളിറ്റി തന്നെയാണ്, ആർട്ട് വർക്ക്, ആ ലാണ്ടിനെ ഒരുക്കിയിരിക്കുന്നത്, അവിടുത്തെ പലതരം ആളുകളുടെ കോസ്റ്റും, മേക്കപ്പ്, പടത്തിന്റെ സൗണ്ട് ഡിസൈൻ അങ്ങനെ ഓരോന്നും വളരെ വ്യതിസ്തമായ ഒരു സെറ്റപ്പ് ആണ് മൊത്തത്തിൽ.
സിനിമകൾ പൊതുവെ രണ്ട് രീതിയിൽ ആണല്ലോ,കഥകൊണ്ട് പിടിച്ചു ഇരുത്തുന്നതും, മികച്ച ദൃശ്യ ഭാഷ സംസാരിക്കുന്നവയും, ഈ ചിത്രം പൂർണ്ണമായും രണ്ടാമത്തെ വിഭാഗത്തിൽ പെടുത്താം, പക്ഷെ വിഷ്വൽ സ്റ്റോറി ടെല്ലിങ് മനസ്സിലാക്കാൻ നമ്മൾ ജാപ്പനീസ് ചരിത്രവും അണുബോംബ് മാറ്റി മറച്ച ആ നാടിന്റെ ചരിത്രവും അറിഞ്ഞിരിക്കണം, എന്നാൽ പോലും സംവിധായകൻ പല സീനികളിലും പൂർണ്ണമായും ഉദേശിച്ചത് എന്തെന്ന് മനസ്സിലാക്കാൻ പ്രായസമാണ്, അത് കൊണ്ട് തന്നെ ഒരു റിപ്പീറ്റ് വാച്ച് ആവശ്യപ്പെടുന്ന സിനിമയാണ് ഇതെന്ന് പറയാം.
സിയോൺ സോനോ എന്ന സംവിധായകന്റെ ഫുൾ വിഷൻ നമ്മൾ പ്രേക്ഷകനോട് പങ്കുവയ്ക്കുന്നതിൽ ഈ പടത്തിൽ ലേശം പരാജയപെട്ടുവെങ്കിലും ഭാവിയിൽ അദ്ദേഹം അതിഗംഭീരമായ ഒരു ചിത്രവുമായി വരാൻ എല്ലാവിധ സാധ്യതയും ഉണ്ട്.ഈ ഡയറക്ടർ ബ്രില്ലൻസ്, ഹിഡൻ ഡീറ്റെയിൽസ്, എക്സ്പ്ലനേഷൻ വീഡിയോ തുടങ്ങിയവ ഉണ്ടാക്കുന്നവർക്ക് തീർച്ചയായും കാണാൻ ഉള്ള സംഗതിയുണ്ട്, ഒപ്പം എക്സ്പിരിമെന്റൽ സിനിമകൾ താല്പര്യം ഉള്ളവർക്കും ഇരിക്കാം… അയ്യോ എന്റെ രണ്ടു മണിക്കൂർ കളഞ്ഞേ, എന്റെ ജി ബി വേസ്റ്റ് ആക്കിയേ എന്ന് കരയുന്നവർ ഇത്തരം ഒരു പരീക്ഷണത്തിന് ശ്രമിക്കാതെ ഇരിക്കുന്നതായിരിക്കും ഉചിതം.