മലയാള സിനിമയിലെ തന്നെ പുതിയകാല നടന്മാർക്കും പഴയകാല നടന്മാർക്കുമിടയിൽ ഒരു ചെറിയ വിഭാഗം നടന്മാരുണ്ട്. ഈ വിഭാഗത്തിലെ നടന്മാർക്ക് ഒരു സവിശേഷതയുണ്ട്, ഏത് തരം കഥാപാത്രങ്ങളും തങ്ങളുടേതായ രീതിയിൽ അതിന്റെ പൂർണ്ണതയിൽ മറ്റാരേക്കാളും നന്നായി ചെയ്യാൻ കഴിയും എന്നത്. ഈ കൂട്ടത്തിൽ തന്നെ ഏറ്റവും versatile എന്ന് എനിക്ക് വ്യക്തിപരമായി തോന്നിയിട്ടുള്ളത് ജയസൂര്യയെയാണ്. ബാക്കിയുള്ളവർ അവരുടെ സേഫ് സോണുകളിൽ നിന്ന് കൊണ്ടോ അല്ലെങ്കിൽ അതിൽ നിന്ന് പുറത്തേക്ക് വരാൻ ശ്രമിക്കുമ്പോളോ, ജയസൂര്യ എന്ന നടന് ഒരു സേഫ് സോൺ ഉള്ളതായി എനിക്കിത് വരെ തോന്നിയിട്ടില്ല. നല്ല തന്മയത്വത്തോടെ കോമഡി റോളുകൾ ചെയ്യാനും, വളരെ നാച്ചുറലായി ക്ലാസ്സിയായിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യാനും, ഒരു ഇടിവെട്ട് വില്ലനും, മാസ്സ് ഹീറോയും ഒക്കെ ആയി മാറാനും ജയേട്ടന് കഴിയും.
പറഞ്ഞു വന്നത് വെള്ളം എന്ന ചിത്രത്തിലെ ജയസൂര്യ എന്ന നടന്റെ അസാമാന്യ പ്രകടനത്തെ കുറിച്ചാണ്. സിനിമ ഒരു നല്ല സന്ദേശം നൽകുന്ന ഒരു മികച്ച ഡ്രാമയായിരിക്കെ തന്നെ, മുരളി എന്ന കഥാപാത്രത്തെ ഇത്രയേറെ പെർഫെക്ഷനോട് കൂടി അവതരിപ്പിക്കാൻ ഇന്ന് മലയാള സിനിമയിൽ വേറെയാരുമില്ല എന്ന് തീർത്തും പറയാൻ കഴിയും. ഒരു മുഴുക്കുടിയനായ, സാധുവായ, ജീവിതത്തിന്റെ കടിഞ്ഞാൺ കയ്യിലില്ലാത്ത ഒരാളുടെ കഥ പറയുമ്പോൾ, അതും ഒരു ട്രൂ സ്റ്റോറി കൂടെയായിരിക്കെ, ആ കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിൽ എത്തിക്കാനും, മുരളി എന്ന കഥാപാത്രത്തെ തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി മാറ്റാനും അദ്ദേഹം കാണിച്ച ആത്മാർത്ഥതയും പ്രയത്നവും അഭിനന്ദിക്കേണ്ടത് തന്നെയാണ്.
സിനിമയിലേക്ക് വരുമ്പോൾ, തീർത്തും ഒരു ഡ്രാമ ജോണറിൽ നിൽക്കുന്ന ഒരു ചിത്രമായിരുന്നിട്ട് കൂടി അതിന്റെ സംവിധയാകനും തിരക്കഥാകൃത്തുമായ പ്രജേഷ് സെനിന്റെ തിരക്കഥയും, അതിനോട് കിട പിടിക്കാൻ പോന്ന റോബിയുടെ ഫ്രെമുകളും, ബിജിബാലിന്റെ ഈണങ്ങളും, ബിജിത്തിന്റെ എഡിറ്റിംഗും, സിനിമക്ക് ഓരോ മിനിട്ടിലും നൽകിയ ആകാംഷ ചില്ലറയല്ല. ഒരു മുഴുക്കുടിയന്റെ ദുരിതവും, അയാളുടെ അതിന് ശേഷമുള്ള തിരിച്ചറിവുകളുമൊക്കെ തീർത്തും ഒരുപാട് പേർക്ക് പ്രചോദനം നൽകുന്നത് തന്നെയാവും. സംയുക്തയും, സിദ്ദിഖും, പിന്നെ മുരളിയുടെ സുഹൃത്തുക്കളായി വന്നവരുമൊക്കെ മികച്ച പ്രകടനം തന്നെ കാഴ്ച വെച്ചു. ജയസൂര്യയുടെ പ്രകടനത്തിനും, സിനിമ പറയുന്ന കഥക്കും, അതവതരിപ്പിച്ച രീതിക്കും വേണ്ടി തീർച്ചയായും തീയറ്ററിൽ നിന്ന് കാണേണ്ട ഒരു സിനിമ തന്നെയാണ് വെള്ളം. മൂവി മാക് റേറ്റിംഗ്- 8.2/10. സ്നേഹത്തോടെ, മാക്.