RAJESH SHIVA
വേശ്യ
പ്രിയ ഷൈൻ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ച ഷോർട്ട് മൂവിയാണ് ‘വേശ്യ’. ഒട്ടനവധി ഹ്രസ്വചിത്രങ്ങളിലൂടെയും സിനിമയുടെയും ഒക്കെ കഴിവുതെളിയിച്ച എഴുത്തുകാരിയും സംവിധായികയും അഭിനേത്രിയുമാണ് പ്രിയ ഷൈൻ. ഒരു സ്ത്രീ പരിമിതികൾ പേറുന്നവളാണ് എന്ന യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ പൊളിച്ചെഴുതിക്കൊണ്ടാണ് പ്രിയയുടെ പ്രയാണം. ഒരു പുരുഷന് എത്തിപ്പെടാൻ പറ്റാത്ത, അല്ലെങ്കിൽ അത്തരത്തിൽ ശ്രമിക്കാൻ ഒരു പുരുഷനും ക്ഷമയോ ധൈര്യമോ കാണിക്കാത്ത വഴികളിലൂടെയാണ് പ്രിയ എന്ന കലാകാരിയുടെ യാത്രകൾ. നാടിൻറെ മിനുസതയും കാടിന്റെ വന്യതയും പാറക്കെട്ടുകളുടെ പരുക്കൻ ഭാവങ്ങളും അവർ ശ്രദ്ധിക്കുന്നതേയില്ല. ഉന്നതമായ പ്രതികരണശേഷിയുടെയും കർമ്മമണ്ഡലത്തിലെ ആത്മാർത്ഥതയുടെയും സമൂഹത്തെ തിരുത്താൻ പ്രേരിപ്പിക്കുന്ന ആശയങ്ങളെ കലയിൽ സന്നിവേശിപ്പിക്കാനുള്ള കഴിവിന്റെയും ഉത്തമോദാഹരണമാണ് പ്രിയ ഷൈൻ. പ്രിയയുടെ സൃഷ്ടികളിൽ എല്ലാം തന്നെ അതുണ്ട്.

ഒരാൾ ഭൂമിയിൽ ജീവിച്ചിട്ട് പോകുമ്പോൾ എന്ത് ഫലമാണ് ഉണ്ടാകുന്നത് ? ഒന്നുമില്ല. നമ്മൾ എന്ന അടയാളപ്പെടുത്തലുകൾ ആണ് നമ്മിലെ കലകൾ. ആ കലയുടെ സമ്മേളനങ്ങൾ കൊണ്ട് നാം ഒരുക്കിവച്ചിട്ടു പോകുന്നവയിലൂടെ അനന്തരതലമുറകൾ നമ്മെ ചർച്ചചെയ്യപ്പെടുമെങ്കിൽ നമ്മുടെ ആശയങ്ങളെ ചർച്ച ചെയ്യപ്പെടുമെങ്കിൽ അതിലപ്പുറം കൃതാർത്ഥത എന്തുവേണം ഒരു കലാകാരിക്ക്. പ്രിയയുടെ പ്രവർത്തനങ്ങളെ സൃഷ്ടികളിലൂടെ നമ്മൾ വീക്ഷിച്ചാൽ മനസിലാകുന്ന ഒരുകാര്യമുണ്ട്. പലതരത്തിൽ അസമത്വങ്ങളും അനീതികളും വിവേചനങ്ങളും പേറുന്ന നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയിൽ നിന്നും അവയെയെല്ലാം കൃത്യമായി തിരഞ്ഞെടുത്തു ഒരു വാശിയോടെ ആണ് പ്രിയ പ്രതികരിക്കുന്നത്. ഒരു കലാകാരിക്കോ കലാകാരനോ വാശിയില്ലെങ്കിൽ അവരുടെ സൃഷ്ടികൾ കല മാത്രമായി പോകും. വാശിയുണ്ടെങ്കിൽ മാത്രമേ സാമൂഹ്യപ്രതിബദ്ധതയുള്ള കല ഉണ്ടാകൂ.
സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുടെ കാര്യമായാലും ട്രാന്സ്ജെന്ഡറുകൾക്കതിരെയുള്ള വിവേചനമായാലും വേശ്യാവൃത്തി സ്വീകരിക്കേണ്ടി വരുന്നവരുടെ വ്യഥകൾ മനസിലാക്കുന്ന കാര്യത്തിലായാലും സ്ത്രീ വിവേചനങ്ങൾക്കെതിരെ ആയാലും…… പ്രിയയ്ക്ക് ഉറച്ച ശബ്ദമുണ്ട്. പ്രിയ വർത്തമാനകാലത്തെ ഒരു തിരുത്തൽ ശക്തിയാണ്. തന്റെ സൃഷ്ടികളെ കല മാത്രമാക്കി വ്യക്തിഗതമായ ഉയർച്ചകൾ തേടാതെ , സമൂഹത്തിലെ മേല്പറഞ്ഞ അനീതികൾക്കെതിരെ പ്രതികരിച്ചുകൊണ്ട് തന്റെ സൃഷ്ടികളെ സമൂഹത്തിനായി സമർപ്പിക്കുകയാണ് പ്രിയ. മനസ്സിൽ നന്മയുള്ള ഒരു കലാകാരിക്ക് മാത്രം സാധ്യമാകുന്നതാണ് അത്. പരിമിതമായ ഫണ്ടിന്റെ സാധ്യതയിൽ ഇത്രമാത്രം മൂവീസ് അണിയിച്ചൊരുക്കാൻ കാണിച്ച ഈ ധൈര്യവും ആർജ്ജവവും അംഗീകരിക്കപ്പെടേണ്ടതാണ്.
വേശ്യ എന്ന ഷോർട്ട് മൂവിയിലേക്കു വരുമ്പോൾ സമൂഹത്തിൽ വേരോടിയ ചില ചിന്തകളെ ഉടച്ചുവാർക്കൽ ആണ് കാണാൻ കഴിയുന്നത് . ആരാണ് വേശ്യ ? അതെങ്ങനെ ഇന്ത്യയിൽ പുല്ലിംഗമില്ലാത്ത പദമായി ? ഇതിനൊക്കെ ഉത്തരം കണ്ടെത്തേണ്ടതുണ്ട്. രാത്രിയുടെ യാമങ്ങളിൽ ഒളിച്ചുംപാത്തും വേശ്യയെ പ്രാപിക്കാൻ ചെല്ലുന്നവർ പകലുകളിൽ മാന്യന്മാരാകുന്നു, സദാചാരം പുലമ്പുന്നു. ഇതാണ് ഇന്ത്യയിലെ സദാചാരം. ഒരു സ്ത്രീയും കാമതൃഷ്ണകളെ ശമിപ്പിക്കാൻ വേശ്യയായി പരിണമിക്കാറില്ല . അവൾ ജീവിതത്തിന്റെ ഏതോ സന്ധിയിൽ വച്ച് സംഭവിച്ചുപോയ ചതിയുടെയോ ഗതികേടിന്റെയോ ബാക്കിപത്രം ആകുകയാണ്. കരകയറാനാകാത്ത പൊട്ടകിണറ്റിൽ വീണുപോയ അവൾ പക്ഷെ ഈ ലോകത്തിന്റെ ദീനരോദനം കേൾക്കുന്നവളാണ്. സദാചാരവും കപടസംസ്കാരശുദ്ധികളും, മാനവസേവ മാധവസേവ എന്ന തത്വം പ്രസംഗിക്കുന്നവരും കേൾക്കാത്ത പതിതരുടെ ദീനരോദനം അവൾ കേൾക്കുക തന്നെയാണ്. തന്റെ ശരീരത്തിന്റെ വിലയെ മാനവികതയുടെ ക്ഷേത്രനടയിലെ കാണിക്കയിൽ അനുദിനം നിക്ഷേപിക്കുന്നവളാണ് . കാമവും വേശ്യാവൃത്തിയും പാപമോ പുണ്യമോ ഒന്നുമല്ലെങ്കിലും പോലും അവളിൽ പാപം പഴിചാരുന്നവരുടെ തെറ്റുകൾ കുമിഞ്ഞുകൂടുമ്പോൾ അവൾ വിശുദ്ധയാകുകയാണ്. വേശ്യ എന്നാൽ വിശുദ്ധ എന്ന് ലോകത്തെ തിരുത്തുകയാണ്.
ബൂലോകം ടീവി ഒടിടിയിൽ കാണാം വേശ്യ
വിപരീതം
പ്രിയ ഷൈൻ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച ഏറ്റവും പുതിയ ഷോർട്ട് മൂവിയാണ് വിപരീതം. സ്ത്രീപുരുഷ ദ്വന്ദ്വങ്ങളിൽ സങ്കുചിതമായി ലിംഗഘടനയെ നിർവചിച്ച ലോകത്തിൽ ട്രാന്സ്ജെന്ഡറുകൾക്കു പ്രസക്തി ഇല്ലാതായിപ്പോയ കാലമാണ്. എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും ട്രാന്സ്ജെന്ഡറുകളെ അംഗീകരിക്കാൻ വിമുഖത കാട്ടുന്ന സമൂഹമാണ് നമ്മുടേത്. അവിടെയാണ് ട്രാന്സ്ജെന്ഡറുകളിൽ തന്നെയുള്ള ഒരു ന്യൂനപക്ഷത്തോടുള്ള ഒരു ഐക്യപ്പെടൽ ഈ കലാകാരി ‘വിപരീതം’ എന്ന പേരിലൂടെ നടത്തുന്നത് . ഒരുപക്ഷെ ഈയൊരു ഷോർട്ട് മൂവി കാണുമ്പൊൾ നിങ്ങളിൽ ചില ചോദ്യങ്ങൾ അങ്കുരിച്ചേയ്ക്കാം. എന്നാൽ വസ്തുനിഷ്ഠമായ മറുപടികൾ പ്രിയയ്ക്കുണ്ട്.
ദുർഘടമായ കാട്ടിലും പ്രകൃതിയുടെ വന്യ നിഗൂഢതകളിലും കലയെ അന്വേഷിച്ചു ചെന്നെത്തുന്ന ഒരു പർവ്വതാരോഹകയാകുന്നു ഇവിടെ പ്രിയ. ആയിരത്തിലോ പതിനായിരത്തിലോ ലക്ഷത്തിലോ ഒന്നോരണ്ടോ പേര് മാത്രം ഉള്ള പ്രകൃതിയുടെ ‘വിപരീതമായ’ സൃഷ്ടിയെയും സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാടിനെയും നമുക്കുമുന്നിൽ തുറന്നു വയ്ക്കുകയാണ് ഈ ഷോർട്ട് ഫിലിമിലൂടെ. കാടും നാടും അന്യമായി അസഹ്യമായ ആർത്തവവേദനയിൽ നിലവിളിച്ചുകൊണ്ട് ഗതികിട്ടാതെ അലയുന്ന ഒരു ചോദ്യചിഹ്നമാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. തന്റെ ഐഡന്റിറ്റിയെ അംഗീകരിക്കത്ത ലോകത്തു അവൻ പ്രകൃതിയുടെ സൃഷ്ടി വിവേചനത്തെ തന്റെ ആർത്തനാദങ്ങളിലൂടെ തന്നെ ചോദ്യം ചെയ്യുകയാണ്. ആ ചോദ്യങ്ങൾ പ്രകൃതിയുടെ ഹൃദയത്തിൽ സ്പർശിക്കാതെ പർവ്വതമാറിൽ തട്ടി പ്രതിധ്വനിക്കുക മാത്രം ചെയുന്നുണ്ട്. ആ പ്രതിധ്വനികൾ കാലത്തോടാണ് ശരിക്കും സംവദിക്കേണ്ടത്.
ബൂലോകം ടീവി ഒടിടിയിൽ കാണാം വിപരീതം
കാരണം ഇവിടെ പ്രകൃതി പിലാത്തോസിനെ പോലെ കൈകഴുകുകയല്ല, എന്നിൽ ഒരുപാട് വൈവിധ്യങ്ങളും വൈരുധ്യങ്ങളും ഉണ്ടെന്നും അതിനെ പൂർണ്ണമനസോടെ ഏറ്റെടുക്കേണ്ടത് കാലമാണെന്നും ഉള്ള സാക്ഷ്യപ്പെടുത്തൽ ആണ് പ്രകൃതി കാലത്തോട് നടത്തുന്നത്. ശരിയാണ് കാലമാണ് എല്ലാത്തിനെയും ഉൾക്കൊള്ളാൻ പഠിക്കേണ്ടത് . പ്രകൃതിയെ തന്നെ നയിക്കുന്ന പ്രേരകശക്തിയായി കാലം നിലകൊള്ളുമ്പോൾ പ്രകൃതിയോടല്ല കാലത്തോട് തന്നെയാണ് ചോദിക്കേണ്ടത്.
ആണായാലും പെണ്ണായാലും മുലയുണ്ടെങ്കിൽ ലിംഗംനോക്കാതെ അതിൽ മാത്രം കണ്ണുകളെ കേന്ദ്രീകരിക്കുന്ന വൈകൃതം ചുമക്കുന്ന സമൂഹത്തിൽ അവൻ അപഹാസ്യനും പീഡിതനും ആകുകയാണ്. അവന്റെ നിലവിളികളും ആർത്തനങ്ങളും എയ്ത ചോദ്യശരങ്ങൾ ഉത്തരംകിട്ടാത്ത അവനിൽ തന്നെ ചെന്ന് തറയ്ക്കുകയാണ്. ഉള്ളിൽ ഗർഭപാത്രം വഹിക്കുന്ന തന്റെ ആർത്തവ വേദനയേക്കാൾ അവന് വേദനിക്കുന്നത് ഉത്തരമില്ലാത്ത സ്വന്തം ചോദ്യശരങ്ങൾ ഏറ്റിട്ടാണ് . അവൻ പനിച്ചും വിറച്ചും പീഡനങ്ങളുടെ സഞ്ചയത്തിൽ തളർന്നും തലചായ്ക്കാൻ ഒരിടമില്ലാതെ പലായനം ചെയ്യുകയാണ്. ജീവിതത്തിന്റെ ഫിനിഷിങ് പോയിന്റ് വരെ അത് തുടരണമോ ? നിങ്ങൾ തന്നെ പറയുക.
പ്രിയ ഷൈൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു
“വേശ്യകളെന്നു പറഞ്ഞു മാറ്റി നിർത്തുന്നൊരു സമൂഹത്തിന്റെ മനസിലുള്ള ആ വ്യഥകൾ, അവർ എങ്ങനെയാണ് മരവിച്ച മനസുമായി സമൂഹത്തിൽ ജീവിക്കുന്നത് ? പലതരം പെരുമാറ്റ രീതികൾ കൊണ്ട് വരുന്ന പല തരത്തിലെ പുരുഷന്മാരുടെ മുന്നിൽ തന്റെ ശാരീരിക അസ്വസ്ഥതകൾ ഒക്കെ മാറ്റിവച്ചുകൊണ്ടു അവർ അഭിനയിക്കുകയാകും. അവർക്കുവേണ്ടി എന്തെങ്കിലും ഒന്ന് ചെയുക എന്ന ചിന്തയിൽ നിന്നുകൊണ്ട് തന്നെയാണ് ഇതെടുക്കാനുള്ള ധൈര്യം ഞാൻ കാണിച്ചത്.”
ഇവിടെ വേശ്യ പലർക്കും തന്നാലാകുന്ന , അവൾ തന്റെ മാനുഷികവും മനഃസാക്ഷിയുള്ളതുമായ അംശത്തെ തന്റെ പ്രവർത്തികളിലൂടെ ഒരു കടലോളം വലുതാക്കുകയാണ്. എന്താണ് പ്രിയയ്ക്ക് പറയാനുള്ളത് ?
“നളിനി ജമീല മാം ആണ് ഈയൊരു ഷോർട്ട് മൂവി പ്രകാശനം ചെയ്തത്. അവർ എന്നോട് പറഞ്ഞൊരു കാര്യമുണ്ട് ” എല്ലാ ശാരീരിക ബന്ധങ്ങളിലും ശരീരത്തിന്റെ സ്ഖലനമല്ല സെക്സ് .” . അവർ അങ്ങനെ പറയുമ്പോൾ ബുദ്ധിയുള്ള ഒരു വ്യക്തിക്ക് എന്താണ് അവർ ഉദ്ദേശിച്ചതെന്ന് മനസിലാകും. അല്ലെങ്കിൽ ആ വാചകത്തിന്റെ അകംപൊരുൾ എന്തെന്ന് പിടികിട്ടിയിട്ടുണ്ടാകും. ചില ആണുങ്ങൾ ചെല്ലുന്നത് സെക്സ് എന്താണെന്നു അറിയാൻ വേണ്ടിയാകും. എന്താണ് സെക്സ് , അതെങ്ങനെ ഉണ്ടാകാം , ശരീരത്തിന്റെ ആ അനുഭൂതി എന്താണ് ..? ഇങ്ങനെയൊക്കെ പഠിക്കാൻ വേണ്ടിയാകും. സെക്സിന്റെ വിവിധ തലങ്ങൾ എന്തെന്ന് അറിയാൻ വേണ്ടിയാകും ഇവരുടെയൊക്കെ അടുത്ത് ചെല്ലുന്നത്. അപ്പോൾ ഇവർ ഒരു ട്യൂട്ടർ ആകും അവിടെ. നളിനി ജമീല ആളെകുറിച്ചാണ് ഞാൻ ഇപ്പോൾ പറഞ്ഞത്. അവർ ഒരു ലൈംഗിക തൊഴിലാളി എന്നതിനേക്കാൾ ഒരു ട്യൂട്ടർ ആണ്. ജീവിതത്തിൽ നമ്മെ ഓരോ പാഠങ്ങളും പഠിപ്പിക്കുന്നവരെ നമ്മൾ അധ്യാപകർ എന്നോ ഗുരുവെന്നോ വിളിക്കുന്നു. ചില ആളുകൾ അവരുടെ സമീപത്തു സെക്സ് എന്തെന്ന് പഠിക്കാൻ ചെല്ലുന്നുണ്ടു. ചിലർ കുറച്ചു നേരം എന്റെ കൂടെയൊന്നു സ്പെൻഡ് ചെയ്യണം , അവർക്കൊരു സ്ത്രീയുടെ സാമീപ്യം ആണ് ആവശ്യം. അവിടെ സെക്സ് സംഭവിക്കുന്നില്ല. ചിലർക്ക് അവരോടൊപ്പം ഒന്ന് യാത്ര ചെയ്താൽ മതി.. അതാണ് അവർ പറഞ്ഞത്, എല്ലാ ശാരീരിക ബന്ധങ്ങളിലും ശരീരത്തിന്റെ സ്ഖലനമല്ല സെക്സ് എന്ന്. ചിലർക്ക് ഒരു മാതാവിൽ നിന്ന് കിട്ടുന്ന സ്നേഹമാകാം കാംക്ഷിക്കുന്നത്. ചിലർ ഭാര്യയിൽ നിന്നും വര്ഷങ്ങളായി അകന്നുപോയി ഒരുപാട് കൊല്ലം സെക്സ് ചെയ്യാതിരുന്നിട്ട് സെക്സ് വേണമെന്ന് പറഞ്ഞു ചെല്ലുന്നവർ ആണ്. അങ്ങനെ കുറെ പഠനങ്ങൾ ഒക്കെ ചെയ്തതിനു ശേഷമാണ് ഇത്തരമൊരു സൃഷ്ടിയെ ആവിഷ്കരിച്ചിരിക്കുന്നത്.”
ഒരു ഫിലിം മേക്കർ എന്ന നിലക്കുള്ള പ്രിയ ഷൈന്റെ ഉയർച്ച ഞാൻ ഈ സൃഷ്ടിയിൽ കാണുന്നു. അങ്ങനെയൊരു സംതൃപ്തി അനുഭവിക്കുന്നുണ്ടോ ?
“മാധ്യമരംഗത്തായാലും സിനിമയുൾപ്പെടെ എല്ലാ മേഖലയിൽ ആയാലും സ്ത്രീയുടെ നഗ്നത പ്രദർശിപ്പിച്ചുകൊണ്ട് റീച് കൂട്ടുക എന്ന പ്രവണതയാണ് കാണാൻ കഴിയുന്നത്. അത് ഒരു ട്രെൻഡ് ആണ്. എന്നാൽ വേശ്യയിൽ ഒരു ട്രാൻസിനെ വച്ച് ചെയ്യാൻ എന്നെ പ്രേരിപ്പിച്ച ഘടകങ്ങൾ അല്ലെങ്കിൽ ആ ധൈര്യം ഉണ്ടായതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. എല്ലാ ഫിലിം മേക്കേഴ്‌സും ട്രാന്സ്ജെന്ഡേഴ്സിനെ അഭിനയിക്കാൻ വിളിക്കുന്നത് ട്രാൻസ്‌ജെൻഡർ ആയി അഭിനയിക്കാൻ വേണ്ടിയാണ്. ഒരു ട്രാൻസ്‌ജെൻഡർ എപ്പോഴും ഒരു പെണ്ണായി നടക്കാൻ ആണ് ആഗ്രഹിക്കുന്നത്. അങ്ങനെ ഒരു പെണ്ണായി അഭിനയിക്കാൻ ആണ് ഞാനവരെ ധൈര്യപൂർവ്വം വിളിച്ചത്. അപ്പോൾ അവർ എന്നോട് പറഞ്ഞു, “ഞാനൊരു അഭിനേതാവല്ല .. എനിക്കിതു എത്രത്തോളം പൂർത്തീകരിക്കാൻ സാധിക്കുമോ എന്ന് അറിയില്ല… ഞാൻ അഭിനയിച്ചിട്ടില്ല”. അപ്പോൾ ഞാൻ പറഞ്ഞു ‘ നിങ്ങൾ പച്ചയായി തന്നെ എന്റെ മുന്നിൽ വരിക, അതാണ് എനിക്ക് വേണ്ടത്. ഞാനെന്ന സംവിധായിക അവരിൽ ഭാവങ്ങൾ ഉണ്ടാക്കിയെടുത്തു അവരെക്കൊണ്ടു തന്മയിത്വ പരമായി കഥാപാത്രം ചെയുകയും ആ കഥാപാത്രത്തിന്റെ പൂർണ്ണത അവരിൽ സന്നിവേശിപ്പിക്കുകയും ചെയുന്നതിലൂടെയാണ് ഒരു സംവിധായിക തന്റെ അടയാളപ്പെടുത്തലുകൾ സമൂഹത്തിൽ നടത്തുന്നത്.”
“എന്തൊക്കെ പ്രതിസന്ധികളും വൈതരണികളും ഉണ്ടായാലും എനിക്കൊക്കെ എന്ത് ചെയ്യാൻ പറ്റും അതാണ് ഞാൻ നോക്കുന്നത്. ഒരു നേരത്തെ അന്നത്തിനായി മടിക്കുത്തഴിക്കുന്നവർക്കായി എന്റെ സമർപ്പണം അതി തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്. ഇതിന്റെ ലാസ്റ്റ് പോർഷനിൽ കളങ്കപ്പെട്ട നിന്റെ ശരീരത്തെയല്ല കളങ്കപ്പെടാത്തെ നിന്റെ മനസിനെയാണ് ഞാൻ പ്രണയിച്ചത് എന്ന് പറയുന്ന ആ രംഗം കണ്ടിട്ട് നളിനി ജമീല മാമിന്റെ മൂക്കിൽ കൂടി മ്യൂക്കസ് ഒഴുകുന്ന കാഴ്ചകണ്ടു… അതുമതി എനിക്ക് അവരുടെ ഹൃദയത്തെ അത് സ്പർശിച്ചിട്ടുണ്ട്. അതുകൊണ്ടാണ്..കണ്ണുകളിൽ കൂടി ഒഴുകുന്നതിനേക്കാൾ മ്യൂക്കസ് മൂക്കിലൂടെയാണ് ഒഴുകിയത്. ഞാൻ കാണാതിരിക്കാൻ അവർ ഏറെ പണിപ്പെടുന്നുണ്ടായിരുന്നു . അവരതു കണ്ടിട്ട് അവരെ അത് സ്പർശിച്ചു എങ്കിൽ.. എനിക്ക് മറ്റൊന്നും വേണ്ട…”
ചോദ്യകർത്താവായ ഞാൻ (RAJESH SHIVA) പണ്ടെഴുതിയ (2014 )ഒരു രചന ഈ ഷോർട്ട് ഫിലിമിന് സമർപ്പിക്കുകയാണ്.
അവൾ പറയുകയാണ്
അവൾ പറയുകയാണ് …
“തുടയിടുക്കിലേക്കൊഴുകിയെത്തും
മുരൾച്ചകളുടെയീ വഴിയമ്പലത്തിൽ
നിഷ്കളങ്കതയിലേക്ക് പരിവർത്തനം
ചെയ്തൊരു ചെന്നായ, വയസിൻ-
ഒറ്റയക്കത്തിലേക്ക് കൂപ്പുകുത്തി ”
“ഉറഞ്ഞാട്ടത്തിന്റെ ആരംഭത്തിൽ
കയ്യിലേക്കറിയാതെയവന്റെ –
തോലുരിഞ്ഞപ്പോൾ… വൈരുധ്യം !
കണ്ടത് ലജ്ജയോടെ ഒരാടിനെ ”
”കോസ്മെറ്റിക്സ് മസാലയിട്ട് വേവിച്ചും
വറുത്തും പാകപ്പെടുത്തി വച്ചിരുന്ന
എന്റെ മാംസത്തുണ്ടുകളിലവന്റെ
അവജ്ഞതയോടെയുള്ള മുഖംതിരിക്കൽ ”
“ഗതകാലനഷ്ടങ്ങൾ ഉപബോധത്തിൽ
വരഞ്ഞ വരണ്ട ച്ചാലുകൾ
മൗനമായി യാചിച്ചപ്പോൾ, എന്റെ
അമൃതകുംഭങ്ങളിൽ
ധവളവിപ്ലവത്തിന്റെ ചിറകടി ”
അവന്റെ ജഠരാഗ്നിയിൽ
കുളിരൊഴുക്കാനല്ലൊരു പുഴയുടെ സ്വപ്നങ്ങൾ
എന്റെ മാതൃശൈലശൃംഗങ്ങൾക്കു ചുറ്റും
ചുണ്ടുകളുടെ തണുപ്പേകി ”
“അനാഥത്വം നഷ്ടവിരുന്നൊരുക്കിയ
ബാല്യകൗമാരങ്ങളിലൂടെ അരാജകത്വ-
ത്തിന്റെ യൗവനം പൂകിയ അവന്റെ ഹൃദയം
എന്റെ ഹൃദയത്തോടല്പം ചൂടിരന്നു ”
“വേദനയോടെ ഞരങ്ങിയും
ആശങ്കയോടെയും നാണത്തോടെയും
അവന്റെ ആഗ്രഹങ്ങൾ എന്നിൽ പെറ്റിട്ടത്
പിച്ചവച്ചു നടക്കുന്നൊരു അമ്മയെ ”
“ഒടുവിൽ…കൂലി നിരസിച്ചുകൊണ്ടവനെ
മാറോടു ചേർത്തു നെടുവീർപ്പെടവേ
അമേരിക്കൻ പിരമിഡിന് മുകളിൽ നിന്നൊരു
മമ്മിയുടെ ഫോൺകാൾ ചുവരിലിടിച്ചു
പൊട്ടിത്തെറിച്ചു ”
അവൾ പറഞ്ഞുകൊണ്ടേയിരുന്നു …
ഇനി നമുക്ക് വിപരീതത്തിലേക്കു വരാം
“ആദിവാസിയായ ഒരു യുവാവിന് ആർത്തവം ഉണ്ടായിരുന്നു. യൂട്രസ് ഉണ്ടായിരുന്നു. ആ ഒരു പത്ര കട്ടിങ് പണ്ടേ ഞാൻ സൂക്ഷിച്ചു വച്ചിരുന്നു. മാഷ് എന്നെ എന്നെങ്കിലും കാണുകയാണെങ്കിൽ ആ പത്ര കട്ടിംഗ് ഞാൻ കാണിച്ചുതരാം. അങ്ങനെയൊരാൾ ജീവിച്ചിരുന്നു. അന്നുമുതൽ അത് ചെയ്യണം ചെയ്യണം എന്ന ചിന്ത മനസ്സിൽ ഉണ്ടായിരുന്നു. പക്ഷെ എനിക്ക് അന്നൊന്നും ഇതിന്റെ മേത്തോർഡോ ഇതെങ്ങനെ ചെയ്യുമെന്നോ അറിയില്ലായിരുന്നു. ഞാൻ വളർന്നുവന്നു ഇപ്പോഴത്തെ ആ ഒരു സ്റ്റേജിൽ എത്തിയപ്പോൾ ആണ് എനിക്കതു വിഷ്വൽ ചെയ്യണമെന്ന അസാമാന്യമായ ഒരു ആഗ്രഹം ഉള്ളിൽ ഉണ്ടാകുന്നത്. പക്ഷെ ഫണ്ടില്ലായിരുന്നു. അപ്പോൾ ക്യാമറാമാൻ ആണ് പറഞ്ഞത്, ചേച്ചീ ഫണ്ട് ഇല്ലെങ്കിലും നമുക്ക് ഷൂട്ട് ചെയ്യാമെന്ന്. അങ്ങനെയാണ് ഞങ്ങൾ സുൽത്താൻ ബത്തേരി മാനന്തവാടി ..അത്രയും ലോങ്ങ് യാത്ര ചെയ്തിട്ട് ഒരു ആദിവാസിയെ കൊണ്ടുതന്നെ അങ്ങനെ ചെയ്യിപ്പിച്ചത്. എല്ലാരും ഈ മൂവി കണ്ടിട്ട് എന്നോട് ചോദിച്ചു ഒറിജിനൽ ട്രാൻസ്ജെൻഡർ ആണോ എന്ന്. അതൊരു സംവിധായികയുടെ വിജയമാണ്. അവരിൽ അഭിനയത്തിന്റെ കാര്യത്തിൽ അപാകത ഉണ്ടായാലും അവരെ കൊണ്ട് തന്നെ ചെയ്യാൻ സാധിച്ചത് തികച്ചും നാച്വറൽ ആയ അനുഭവം ആണ് ഉണ്ടാക്കുന്നത്. പറഞ്ഞാൽ വിശ്വസിക്കില്ല… ഒറ്റദിവസം കൊണ്ടാണ് വിപരീതം ഷൂട്ട് ചെയ്‌തത് , വേശ്യയും അങ്ങനെ തന്നെ. മുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഒരു ഷോർട്ട് മൂവി ഒരു ദിവസം കൊണ്ട് ചെയുക എന്നത് നിസാരകാര്യമല്ല. അത്രയും റിസ്കെടുത്തു ചെയുമ്പോൾ ഒരു സംവിധായികയുടെ ബ്രെയിൻ മാത്രമല്ല..കാലുംകയ്യും എല്ലാം വർക്ക് ചെയ്യേണ്ടതുണ്ട്. ഇങ്ങനെയൊക്കെ ധൈര്യപ്പെട്ടൊരു വർക്ക് ചെയ്യണമെന്നുണ്ടെങ്കിൽ എനിക്ക് പകരം വേണ്ടത് പണമല്ല..അംഗീകാരമാണ്.”
കൂടുതൽ വിവരങ്ങൾ അഭിമുഖത്തിന്റെ ശബ്‌ദരേഖയിൽ
[zoomsounds_player artistname=”BoolokamTV Interview” songname=”പ്രിയ ഷൈൻ” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2022/02/priya-finall.ogg” thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
*****************
വേശ്യ കാണാം >
https://boolokam.tv/watch/veshya_K1bAMldUdquAmlR.html
വിപരീതം കാണാം >
https://boolokam.tv/watch/vipareetham_pqkwz1yefaygNoL.html