Wednesday (2022) Netflix Series
കിടിലൻ സീരീസ് ❤ കിട്ടിയ ഹൈപ്പിനുള്ള മൊതലുണ്ട്. കഴിഞ്ഞ രാത്രി ഒറ്റയിരിപ്പിനാണ് സീരിസിന്റെ മൊത്തം എപ്പിസോഡും കണ്ട് തീർത്തത്. സീരിസിന്റെ പ്രധാന ആകർഷണം വെനസ്ഡേ എന്ന ക്യാരക്ടർ തന്നെ. ആ ക്യാരക്ടറിന്റെ സ്വഭാവസവിശേഷതകളും പെരുമാറ്റ രീതികളും നന്നായി ബോധിച്ചു. ശരിക്കും വെനസ്ഡേയുടെ ഒരു ക്യാരക്ടർ സ്റ്റഡിയാണീ സീരീസ് എന്ന് പറയാം. ആകാശം ഇടിഞ്ഞു പൊളിഞ്ഞു താഴെ വീണാലും എനിക്കൊരു പ്രശ്നമല്ല എന്ന രീതിയിലുള്ള ആറ്റിട്യൂട്. ആരോടും പ്രത്യേക താല്പര്യമില്ല.
മറ്റൊരാളുടെ ജീവിതത്തിലേക്കും പ്രശ്നങ്ങളിലേക്കും ഇടിച്ചു കയറി ചെല്ലാറില്ല. അതുപോലെ തന്റെ കാര്യങ്ങളിലേക്ക് ആരെയും ഇടിച്ചുകയറി വരാൻ സമ്മതിക്കുകയുമില്ല. താനും തന്റെ പ്രശ്നങ്ങളും അതു പരിഹരിക്കാൻ തന്റേതായ വഴികളും എന്ന രീതി. അതിനുവേണ്ടി മറ്റൊരാളുടെ സഹായമോ സഹകരണമോ അവൾ പ്രതീക്ഷിക്കുന്നില്ല.. ഇഷ്ടപ്പെടുന്നുമില്ല. അങ്ങനെ ആകെ മൊത്തം.. ആരെയും ഒന്നിനെയും കൂസാത്ത.. സ്വന്തം മാർഗ്ഗങ്ങളിലൂടെ മാത്രം കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്ന അല്പം സ്‌ട്രേഞ്ചായ.. വറൈറ്റി ആറ്റിറ്റ്യൂഡുള്ള നല്ല കിടിലൻ കഥാപാത്രം.! ആ കഥാപാത്രമായി വേറൊരാളെയും സങ്കൽപ്പിക്കാനാവാത്ത വിധം ‘Jenna Ortega’ ഗംഭീരമായി പെർഫോമൻസ് ചെയ്തിട്ടുണ്ട്. അവര് തന്നെയാണ് സീരീസിന്റെ നട്ടെല്ല്. ആ കഥാപാത്രത്തിൽ നിന്ന് കൊണ്ടു മാത്രം പല വഴികളിലായി സഞ്ചരിക്കുന്ന കഥ. എല്ലാത്തിന്റേം ബേസ് ആ കഥാപാത്രമാണ്.
എന്നെ സംബന്ധിച്ചിടത്തോളം ആദ്യ എപ്പിസോഡ് മുതൽ തന്നെ സീരീസ് എൻഗേജിംഗ് ആണ്. കൂടുതൽ ബിൽഡപ്പുകൾ ഒന്നും നടത്താതെ തന്നെ കഥയുടെ ഡീപ്പ്നസ്സിലേക്ക് പ്രേക്ഷകനെ കൊണ്ടുപോകുവാൻ സീരീസിന് കഴിയുന്നുണ്ട്. ഫാന്റസി ഹൊറർ കോമഡി യോണറിൽ ഇൻവെസ്റ്റിഗേഷനും ബ്ലെൻഡ് ചെയ്തിരിക്കുന്നു. കഥയിലെ ഇൻവെസ്റ്റിഗേഷൻ പാർട്ട് തന്നെയാണ് സീരിസിന്റെ ഡ്രൈവിംഗ് ഫോഴ്സ്. നിരവധി വഴിത്തിരിവുകളും എൻഡിങ് ട്വിസ്റ്റുകളുമുള്ള സ്റ്റോറി. തുടക്കം മുതൽ എവിടെയും ഡൗണാവാതെ അവസാനം വരെ ഒരേ പേസിലാണ് സീരിസ് മുന്നോട്ടുപോകുന്നത്. ഓരോ എപ്പിസോഡുകളിലും ബാക്കിയാവുന്ന ആകാംക്ഷ അടുത്തതിലേക്ക് വേഗത്തിൽ നയിക്കുന്നു. പെർഫോമൻസ് വൈസ് ഇതിലെ ഓരോ അഭിനേതാക്കളും മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
വെഡ്നെസ്‌ഡേ എന്ന ക്യാരക്ടറോളം തന്നെ ഇഷ്ടപ്പെട്ട മറ്റൊരാൾ ‘എനിഡ’യാണ്. വെഡ്നെസ്‌ഡേയുടെ നേരേ ഓപ്പോസിറ്റ്. ഭയങ്കര ക്യൂട്ട് ആയി പ്രേക്ഷകനെ ആകർഷിക്കുന്ന തരത്തിൽ അവരും വെഡ്നെസ്‌ഡേയോടൊപ്പം സീരിസ് മുഴുവൻ നിറഞ്ഞുനിന്നു. ടെക്നിക്കൽ സൈഡിലേക്ക് വന്നാൽ.. ക്യാമറ, എഡിറ്റിംഗ്, മ്യൂസിക്, വിഷ്വൽസ് അങ്ങനെ ഓരോ വിഭാഗങ്ങളും ഒന്നിനൊന്നു മെച്ചം. നല്ല ഡാർക്ക് ആയ ഗോഥിക് ആംബിയൻസാണ് സീരിസിന്. ഒരു ഹൊറർ ഇൻവെസ്റ്റിഗേഷൻ സ്റ്റോറി പറയാൻ ഏറ്റവും ആപ്റ്റായ ആംബിയൻസ്.എനിക്ക് സീരീസ് നന്നായി ഇഷ്ടപ്പെട്ടു. വിവിധ യോണറുകൾ കൈകാര്യം ചെയ്യുന്നതുകൊണ്ട് ഒരുവിധപ്പെട്ട എല്ലാവർക്കും സീരിസ് ഇഷ്ടപ്പെടാനാണ് സാധ്യത കൂടുതൽ.