അന്യഭാഷകളിൽ ഇറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങൾ കണ്ട് മലയാളത്തിലും അതൊക്കെ വേണമെന്ന് പറയുന്ന സിനിമാപ്രേക്ഷകർ അനവധിയാണ്. അതിനെ സംബന്ധിച്ചുള്ള ഒരു ട്രോൾ ആണ് ഈ പോസ്റ്റ്. അതീവരസകരമായി ഹ്യൂമറിൽ ആണ് എഴുതിയിട്ടുള്ളത്.
Rijo George
ബഹുബലിയൊക്കെ വന്നതിനു ശേഷം രാജാക്കന്മ്മാരുടെ കഥ ഇവിടെയും സിനിമയമാക്കണമെന്ന് ഒരു തരം സിനിമാ ഫാൻസ് ആവേശം കൊണ്ടു… അപ്പോ കെജിഎഫ് വന്നു… അതോടെ ഖനിയിലെ അണ്ടർവേൾഡ് ഗാങ്സ്റ്റർ പടങ്ങൾ മലയാളത്തിൽ എന്തുകൊണ്ട് ആയിക്കൂടാ എന്നൊരു ഫാൻസ് വിലാപം ഉയർന്നു. നമുക്ക് അങ്ങനത്തെ ഗോൾഡ് ഖനികൾ ഒന്നും കേരളത്തിലില്ല… ആകെയുള്ളത് മലദ്വാർ ഗോൾഡ് ഖനികൾ മാത്രമാണ്. അത് സിനിമയാക്കാൻ കൊള്ളില്ല. “എന്തരപ്പീ” ഈ പടമെന്ന് ആളുകൾ പരിഹസിക്കും. യെന്ദിരൻ പോലൊരു പടം, ജിയോ ബേബിക്ക് ഇറക്കിക്കൂടേ എന്ന് പ്രകൃതി വിരുദ്ധർ ആവേശം കൊണ്ടു. രാധേ ശ്യാം അനൗൺസ് ചെയ്തപ്പൊ, ഇവിടെത്ര കൈ നോട്ടക്കാരുണ്ട്, അത് വെച്ചൊരു ബ്രഹ്മാണ്ട സിനിമയ്ക്ക് മലയാളത്തിൽ സ്കോപ്പുണ്ടെന്നായി സിനിമാവട്ടൻമാർ. നടക്കുമോ? നടക്കില്ല.
ഈച്ചയെ വെച്ച് അവൻമ്മാർ പടം പിടിക്കുന്നു… ഒരു കൊതുകിനെ വെച്ചെങ്കിലും ഒരു മലയാള ബ്രഹ്മാണ്ടം? ങേഹേ! ഇവിടിതൊന്നും നടപ്പിലാവില്ല. പ്രഭാസിന്റെ സലാർ വരുന്നു.. ഗുണ്ട ഷാജിയെ വെച്ച് “തമ്മനം” എന്നൊരു പടമെങ്കിലും പ്ലീസ്…ആകെ മലയാളത്തിനു പിടിക്കാവുന്നത് രാജാക്കന്മാരുടെ കഥകളാണ്. പക്ഷേ അപ്പോഴും പ്രശ്നമുണ്ട്. കേരളത്തിൽ അങ്ങനെ ചന്ദ്രഗുപ്ത മൗര്യൻ, അശോകൻ, ടിപ്പു സുൽത്താൻ, റാണാ പ്രതാപ് പോലുള്ള രാജാക്കന്മ്മാരില്ല. ഒരു രോമാഞ്ചം ഉയർത്തുന്ന രാജ കഥകളും ഇവിടിതുവരെയില്ല. സത്യത്തിൽ കേരളത്തിലെ രാജാക്കന്മ്മാരുടെ കഥകൾ “പടം” ആക്കണമെന്ന് പറയുന്ന ഫാൻസിന്റെ അവസ്ഥ ഭീകരമാണ്. ഇവർ ആരാധിക്കുന്ന രാജാവ് എന്തെങ്കിലും ഇവിടെ ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചാൽ അവർക്ക് തലയിൽ മുണ്ടിട്ടു നടക്കേണ്ടി വരും.
മാർത്താണ്ഡ വർമ്മയുടെ ഏറ്റവും വലിയ യുദ്ധം കുളച്ചിൽ യുദ്ധമായിരുന്നത്രേ. പുള്ളി കുളിച്ചാൽ യുദ്ധമാണെങ്കിൽ കുളിക്കാത്തപ്പോ എന്തായിരിക്കും അവസ്ഥയെന്ന് ഒന്നോർത്ത് നോക്കൂ…? മാർത്താണ്ഡ വർമ്മയുടേതുമായി തട്ടിച്ചു നോക്കുമ്പോൾ നമ്മളൊക്കെ വെളച്ചിൽ യുദ്ധങ്ങളാണ് നടത്തിയിട്ടുള്ളത്. ആരേലും നമ്മുടടുത്ത് വെളച്ചിലെടുത്താൽ, അവന്റെ കാര്യം പിന്നെ കട്ടപ്പൊഹയായിരുന്നു എന്നും..
പുത്തൂരം വീട്ടിൽ ആർച്ചയ്ക്ക് പക്ഷേ കുളി തെറ്റിയാലായിരുന്നു യുദ്ധം. വീട്ടിനകത്ത് സ്വന്തം ഭർത്താവിനോടും, അമ്മായിയമ്മയോടും… അത് മൂഡ് സ്വിങ്ങിങ് യുദ്ധങ്ങളായിരുന്നു. ആർച്ച അരിങ്ങോടരെ അരിഞ്ഞിട്ടത്, ഒരു പീരീഡ് കാലത്തായിരുന്നു. പീരിയഡ് മൂവികൾ ഇറക്കുന്നവർക്ക് ഇന്നും ആ കഥ അഭ്രപാളിയിലാക്കാൻ സാധിച്ചിട്ടില്ല.
ആർച്ചയുടെ ആ ഏഴു ദിനങ്ങളിൽ ഒപ്പം നിൽക്കാൻ അന്നൊരു “ആരോമൽ നമ്മളിട”ങ്ങളും ഒരുപക്ഷേ ഇല്ലായിരുന്നിരിക്കാം. ആർച്ച ചിരിച്ചോണ്ട് കരയുവേം, കരഞ്ഞോണ്ട് ചിരിക്കുവേം ചെയ്യുമായിരുന്നു എന്നാണ് കേട്ടിട്ടുള്ളത്. ഇങ്ങനെ രണ്ട് ഭാവവും ഒരേ സമയത്ത് മുഖത്ത് മിന്നിക്കണമെങ്കിൽ ചില്ലറ അഭ്യാസം ഒന്നും പോരാ. പ്രീയാ വാര്യർ പുരികം ഉയർത്തുന്നതിനേക്കാൾ കാഞ്ഞ അഭ്യാസമാണത്. ആ നിലയ്ക്ക് അവരോടൊരു റെസ്പെക്ടുണ്ട്.പല രാജാക്കന്മ്മാർക്കും പല വീര കഥകളാണ്. “തല വേണോ, അതോ കപ്പം തരുന്നുണ്ടോ” എന്ന് പോർച്ചുഗീസുകാർ ചോദിച്ചപ്പോ, സാമൂതിരി ഗംഭീര്യത്തോടെ ഇങ്ങനെ അറിയിച്ചു പോലും.”തല ഇവിടെ തന്നെ ഇരുന്നോട്ടെ, കപ്പം മുടങ്ങാതെ കൊടുത്തയയ്ക്കുന്നതായിരിക്കും, ലജ്ജ ലവലേശമില്ലാതെ.!”
കലിംഗയുദ്ധം കഴിഞ്ഞപ്പോൾ അശോകന് മനസ്ഥാപം വന്നത്രെ. പിന്നെയദ്ദേഹം ആടയാഭരണങ്ങളെല്ലാം അഴിച്ച് വെച്ച്, ബോധി മരച്ചുവട്ടിലേക്ക് പോയെന്നാണ് ചരിത്രം പറയുന്നത്. തുടർന്ന് അന്ന് രാത്രി എന്ത് സംഭവിച്ചെന്ന് ചരിത്രത്തിലില്ല. ആക്കാലത്ത് കിട്ടാവുന്ന മുന്തിയ ലിക്കർ പൊട്ടിച്ച് 6 ലാർജുമടിച്ചു കട്ട കോഞ്ഞാട്ടയായി എല്ലാ ദു:ഖവും മറന്ന് അശോകൻ അവിടെ തന്നെ കിടന്നുറങ്ങിക്കാണും. അല്ലാതെന്ത്? തലേന്ന് വരെ കൊട്ടാരത്തിലിരുന്ന് അടിച്ചോണ്ടിരുന്ന രാജാവ്, അന്ന് ആ ശീലം തുടരാതിരിക്കുമോ???
നെപ്പോളിയൻ ബോണപ്പാർട്ട് ആൽപ്സ് പർവതം കടന്ന് റഷ്യ പിടിച്ചടക്കാൻ ശ്രമിച്ചപ്പോഴാണ് തോറ്റു പോയത്. അതുവരെ എല്ലാം പെർഫെക്ട് ഒകെ ആയിരുന്നു. വേണാട്ട് രാജാവ് ഒരു രാജ്യവും പിടിച്ചടക്കാൻ ശ്രമിച്ചില്ല. പരമ സത്വികനായിരുന്നു വേണാട്ട് അരചൻ… പക്ഷേ പുള്ളി ഒരു വൻ കണ്ടുപിടിത്തം നടത്തി. അതാണ് വേണാട് എക്സ്പ്രസ്. ഒരുപാട് ആളുകൾ സീസൺ ടിക്കറ്റും എടുത്ത് അതിൽ കേറി എങ്ങോട്ടൊക്കെയോ പലായനം ചെയ്യുന്നു, ദൈനം ദിനം. വേണാടിന് സിറിയയിൽ സ്റ്റോപ്പ് വേണമെന്ന് അവശ്യപ്പെട്ടു കൊണ്ട് ഹൈബി ഈഡൻ നിയമ സഭ ഉപരോധിക്കുന്നു. പിണറായി പറയുന്നു വേണാട് തത്കാലം അഫ്ഗാൻ വഴി തുർക്കി വരെയേ പോകുവെന്ന്. ഏത് രാജാവാണ് വഞ്ചിനാട് എക്സ്പ്രസ് കണ്ടുപിടിച്ചതെന്ന് ഇന്നും ശാസ്ത്രലോകം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ചരിത്രത്തിൽ വഞ്ചിനാട് അരചൻ എന്നൊരാളെ ഇന്നോളം കണ്ടെത്തിയിട്ടുമില്ല.
ആകെ മൊത്തം ഈ രാജാക്കന്മ്മാരുടെ ചരിത്രമൊന്നും മനു എസ് പിള്ളൈ എഴുതിയ പുസ്തകങ്ങളിൽ പോലും കാണുന്നുമില്ല. വല്ലാത്ത പ്രതിസന്ധിയിലാണ് രാജ ഭക്തർ.നമുക്കിവിടെ പിടിക്കാവുന്നത്, നമ്മുടെ തന്നെ കുട്ടിച്ചാത്തൻ പോലുള്ളവയോ, ഓ ഫാബിയുടെ നവയുഗ വേർഷനോ, ശ്രീമാൻ ചത്തുണ്ണിയുടെ മറ്റൊരു പുതിയ അവതാരമോ ഒക്കെയാണ്. ബാറോസ് വരുന്നുണ്ട്. അത് നന്നാവട്ടെ.ഇവിടെയും വേണം മറ്റു സൗത്ത് സിനിമകളിലെപോലെ ബ്രഹ്മാണ്ട സിനിമകൾ. ആളുകൾക്ക് പ്രകൃതി മടുത്തു തുടങ്ങി. പക്ഷെ കേരളത്തിലെ രാജാപ്പാർട്ട് ബാലെകൾ മാത്രം ദയവ് ചെയ്ത് ഇനിയും എടുത്തെടുത്ത് വെറുപ്പിക്കരുത് എന്നൊരു അപേക്ഷയുണ്ട്. പ്ലീസ്.