Rijo George
പൊന്നിയിൻ സെൽവൻ പോലുള്ള താല്പര്യമുണർത്തുന്ന “രാജ” സിനിമകൾ മലയാളത്തിൽ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നുള്ള വ്യാകുലത കുറച്ചായി കാണുന്നു. അതിന്റെ കാര്യകാരണങ്ങൾ അന്വേഷിച്ച് പോയാൽ വൻ ദുരിതാവസ്ഥയിൽ ഓരോ മലയാളിയും എത്തി നിൽക്കേണ്ടി വരും.
ചേരമാൻ പെരുമാളിനേക്കുറിച്ച് എഴുതാൻ, പറയുമ്പോ മൂർഖമാൻ ഹരിദാസിനെക്കുറിച്ച് എഴുതിയിരുന്ന ഒരു സുഹൃത്ത് എന്റെയൊപ്പം പണ്ട് കോളേജിൽ പഠിച്ചിരുന്നു. അവന്റെ അഭിപ്രായത്തിൽ, നരസിംഹ റാവു ഗ്ലോബലൈസഷൻ കൊണ്ടു വന്നതോടെയാണ് രാജാക്കന്മാർ എന്ന സ്പീഷ്യസ് ഇന്ത്യയിൽ നിന്ന് തന്നെ ഇല്ലാതായത്. റാവു, ലൈസൻസ് രാജ് എടുത്തു കളഞ്ഞതോടെ, രാജാക്കന്മാർക്ക് രാജാവായിരിക്കാൻ ലൈസൻസ് ഇല്ലാതെ വന്നു. ഒരു ഇന്ത്യൻ പൗരന് രാജാവാകാനുള്ള ലൈസൻസ് ആയിരുന്നു ലൈസൻസ് രാജ്. വണ്ടി ഓടിക്കാൻ ഡ്രൈവിങ് ലൈസൻസ് വേണ്ടത് പോലെ…
ലൈസൻസ് രാജ് കിട്ടണമെങ്കിൽ – വാൾ വീശാനും, തന്നെക്കാൾ ബലം കുറഞ്ഞവരെ പറഞ്ഞു പറ്റിച്ച് സ്വന്തം അണികളായി കൊണ്ടു നടക്കാനുമുള്ള ഒരു ടെസ്റ്റ് പാസാവണമായിരുന്നു പണ്ട്… അങ്ങനെ ഇന്ത്യ മൊത്തം കുറേ രാജാക്കന്മ്മാരുണ്ടായി. സ്പെയിനിനും ബ്രിട്ടണുമൊക്കെ ഒരൊറ്റ രാജാവേയുള്ളു. കേരളത്തിലാണെങ്കിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ വരെ രാജാക്കമാരുണ്ടായിരുന്നു. വെഞ്ഞാറമൂട് രാജാവ്, കുമ്പനാട് രാജാവ്, ഇളംകുളം രാജാവ്, കത്രിക്കടവ് രാജാവ്, ഒല്ലൂർ, ചെർപ്പളശ്ശേരി രാജാവ്, തളിക്കുളം രാജാവ്, ബേഡഡുക്ക രാജാവ് തുടങ്ങി ജില്ലാടിസ്ഥാനത്തിൽ നൂറ്റിക്കണക്കിന് രാജാക്കന്മ്മാർ കേരളത്തിൽ മാത്രമുണ്ടായിരുന്നു.
കേരളം ഇങ്ങേ അറ്റത്ത് ആയതു കൊണ്ട് മുഹമ്മദ് ഗോറിയോടോ, അലക്സാണ്ടർ ചക്രവർത്തിയോടൊ, നെപ്പോളിയൻ ബോണപ്പാർട്ടിനോടോ ഒന്നും ഒരു യുദ്ധവും ചെയ്യേണ്ടി വന്നില്ല 14 ജില്ലയിലെ 800 രാജാക്കന്മ്മാർക്ക്. അതൊക്കെ നോർത്തിൽ ചന്ദ്രഗുപ്ത മൗര്യനും, പോറസുമൊക്കെ ചെയ്തോളും. ഏത്? നമുക്കിങ്ങനെ ഉണ്ണുക, ഉറങ്ങുക, “ഓഹോ” വെച്ച് തീണ്ടാപ്പാട് ഓർപ്പിക്കാൻ രണ്ട് പേരെ മുന്നേ വിടുക, ഒടുക്കം വയസ് ചെന്ന് അറ്റാക്ക് വന്ന് വടിയാവുക. ഇതൊക്കെയായിരുന്നു ശീലം.
ആരും വന്ന് കൊല്ലാൻ ഇല്ലാത്തത്കൊണ്ട് ഒരു കൂട്ടർ ഭാരതപുഴയുടെ കരയിൽ നാല് വർഷം കൂടുമ്പോ പരസ്പരം വെട്ടിയങ്ങ് മരിക്കാൻ തീരുമാനിച്ചു. തുരുമ്പെടുത്ത വാൾ അറയിൽ തൂങ്ങിക്കിടന്ന് ദ്രാവിച്ച് വാനിഷ്ഡ് ആവുന്നത് കണ്ടപ്പോൾ, അന്നത്തെ ഒരു പുരോഗമന സമൂതിരിക്കു തോന്നിയ ഐഡിയയാണ് പരസ്പരം വെട്ടി ചാവാമെന്ന്. അങ്ങനേലും വാൾ ഒന്ന് ഉപയോഗിക്കാപ്പെടുമല്ലോ. ഏത്?
ടിപ്പു സുൽത്താൻ പീരങ്കി കണ്ടുപിടിച്ചു. നമ്മുടെ കോട്ടയം ബേക്കർ ജംഗ്ഷനിലെ, മൂലം തിരുന്നാൾ പങ്കജാക്ഷ വർമ്മ പൂരാടം രാജാവ്, ആ പീരങ്കി വെടി വരുമ്പോൾ, കോട്ടരത്തിന്റെ ഉള്ളിൽ തെല്ലൊരു വിറയലോടെ എങ്ങനെ സമർത്ഥമായി ഒളിച്ചിരിക്കാമെന്ന് പഠിപ്പിച്ചു.കേരളത്തിന്റെ രാജാക്കൻമ്മാരുടെ യുദ്ധ ചരിത്രമൊക്കെ ഇത്രെയൊക്കെയേയുള്ളൂ. ഇനിയെങ്കിലും ഒരു മലയാളിയും കേരള ബേസ്ഡ് രാജ സിനിമകൾ ഇറക്കരുത് എന്നൊരു അപേക്ഷയേയുള്ളൂ.
കൂടത്തായി ജോളി, അനുശാന്തി, കാരണവർ ഷെറിൻ തുടങ്ങി, ഭഗവത്-ലൈല-ഷാഫി വരെ എത്തിനിൽക്കുന്നവരുടെ കഥകൾ വെച്ച് ഹോളിവുഡിനെ തോൽപ്പിക്കാവുന്ന “ഹൊറർ -സ്ലേഷർ” സിനിമകൾക്ക് മലയാളത്തിൽ വലിയ സാധ്യതയുണ്ട്. അതിൽ പിടി… ഈ രാജാവും, പ്രകൃതീമൊക്കെ ഇനിയേലും വിട്ട്, ഇങ്ങനത്തെ നല്ല പടംപിടിയുവ്വേ.