ഹേയ് പുരോഹിതാ ഉടുപ്പാണോ ഉടുപ്പിനുള്ളിലെ ഉടലാണോ മഹത്തരം ?

315

 Riju Kanjookkaran Kanjookkaran എഴുതുന്നു

ഹേയ് പുരോഹിതാ ഉടുപ്പാണോ ഉടുപ്പിനുള്ളിലെ ഉടലാണോ മഹത്തരം ?

ദ്വാരകയിൽ ഒത്തു ചേർന്ന് ഞങ്ങൾ അടിമകളല്ല എന്ന് പ്രഖ്യാപിച്ച കന്യാസ്ത്രീയോഗത്തിൽ ഒരു പ്രശസ്തനായ പുരോഹിതൻ വാക്ക് ചാതുര്യം കൊണ്ട് ഉടുപ്പിന്റെ മാഹാത്മ്യം വർണ്ണിക്കുന്നത് കേട്ടു….
അദ്ദേഹത്തിനോട് ഒരു ചോദ്യം.. ഒരേയൊരു ചോദ്യം മാത്രം….
ഉടുപ്പിനാണോ ഉടുപ്പിനുള്ളിലെ ഉടലിനാണോ മാഹാത്മ്യം…..???

താങ്കൾ പറഞ്ഞു വച്ചത് അനുസരിച്ച് ഉടൽ കുറെ കഴിഞ്ഞു ഇല്ലാതാകും എന്നാൽ ഉടുപ്പിന്റെ മഹത്വം എന്നും നിലനിൽക്കും എന്നാണ്… അത് കൊണ്ടാണ് ഇത്തരം ഒരു ചോദ്യം…
അല്ലയോ പുരോഹിതാ…
താങ്കൾക്ക് ലഭിച്ച ദൈവവിളിയും അതുവഴി കിട്ടിയ പൗരോഹിത്യവും നിലനിർത്തി തന്നെ ചോദിക്കട്ടെ.. താങ്കൾക്ക് ലഭിച്ച വിളിയും ക്രിസ്തുവിന്റെ അഭിഷേകവും താങ്കളുടെത് ആണോ താങ്കൾ ധരിക്കുന്ന ഉടുപ്പിന്റേത് ആണോ….???
ഉടുപ്പിൽ ഉടൽ ഊരി പോകുന്നത് ചൊറിച്ചിൽ ഉള്ളത് കൊണ്ടാണ് എന്നും അങ്ങ് പറയുകയുണ്ടായി…. അങ്ങയെ പോലുള്ള പുരോഹിതഗണം അത്രമേൽ ചൊറിച്ചിൽ ഉള്ളത് കൊണ്ടാണോ ഒരു ദിവസത്തിന്റെ 90% സമയവും ഉടുപ്പിൽ നിന്ന് മാറി പാന്റ്സും ബർമുഡയും ടി ഷർട്ടും ഇട്ട് പുറംലോകത്ത് ആയിരിക്കുന്നത്…. നിങ്ങളിൽ എത്ര പേർ ബ്രഹ്മചര്യവും അനുസരണവും 100% പാലിക്കുന്നുണ്ട്….
താങ്കൾ ദ്വാരകയിൽ അഭിസംബോധന ചെയ്ത കന്യാസ്ത്രീകളിൽ എത്ര പേർ അവരുടെ മൂന്നു വ്രതങ്ങൾ
“ബ്രഹ്മചര്യം, അനുസരണം, ദാരിദ്ര്യം”
100% കൃത്യമായി പാലിക്കുന്നുണ്ട്.. എത്ര പേരെ ചൂണ്ടി കാണിക്കാൻ അങ്ങേക്ക് സാധിക്കും…?? സഹപ്രവർത്തകയുടെ കണ്ണിലെ കരട് ചൂണ്ടി കാണിക്കാൻ ഇത്രയും സന്നാഹമൊരുക്കുമ്പോൾ സ്വന്തം കണ്ണിലെ തടി കാണാതെ പോകരുത്…
താങ്കൾ എന്ത് അർത്ഥത്തിൽ ആണ് ഇത്തരം ഒരു പ്രസ്താവന നടത്തിയത് എന്ന് മനസിലാകുന്നില്ല…. ആരും തിരിച്ചു ചോദിക്കില്ല എന്ന ഉത്തമ ബോധ്യത്തിൽ നിന്നാണോ…. അതോ ഞങ്ങൾ പുരോഹിതശ്രഷ്ഠൻമാരുടെ അടിമകൾ അല്ല എന്ന് ഉറക്കെ വിളിച്ചു പറയാൻ ഒന്നിച്ചു കൂടിയ വെറും അടിമകൾ ആയ കന്യാസ്ത്രീകൾ ഒന്നും തിരിച്ചു പറയില്ല എന്നുള്ള ബോധ്യത്തിലാണോ….??

ലോകം മുഴുവൻ ആദരവോടെ നോക്കി കാണുന്ന സിസ്റ്റർ ദയാബായി ധരിക്കുന്ന വസ്ത്രം താങ്കൾ കണ്ടിട്ടുണ്ടോ…??
അവരുടെ താമസസ്ഥലത്തു മറ്റൊരു കന്യാസ്ത്രീ ചെല്ലണമെങ്കിൽ ഉടുപ്പ് ധരിച്ചു വരാൻ പാടില്ല എന്ന് അവർക്ക് കർശനമായ നിർബന്ധം ഉണ്ട്… താങ്കൾക്ക് അത് അറിയാമോ…???
നമ്മുടെ പല കന്യാസ്ത്രീകളും പല കോൺഗ്രിയേഷനിൽ ഉള്ളവരും ദയാബായിയുടെ താമസസ്ഥലത്തു പോയിട്ടുണ്ട്… പോകാറുണ്ട്… അവർ ഒന്നും ഉടുപ്പ് ധരിച്ചു കൊണ്ടല്ല പോകുന്നത് ചുരിദാർ അല്ലെങ്കിൽ സാരി ഉടുത്തു കൊണ്ടാണ് പോകുന്നത്… അറിയില്ലെങ്കിൽ ഒന്ന് അന്വേഷിച്ചു നോക്കുന്നത് നന്നായിരിക്കും… നോർത്ത് ഇന്ത്യയിൽ സേവനം ചെയ്യുന്ന നമ്മുടെ നൂറു കണക്കിന് കന്യാസ്ത്രീകൾ അവരുടെ സേവനമേഖലയിൽ ചുരിദാർ അല്ലെങ്കിൽ സാരി ധരിക്കുന്നുണ്ട് അറിയില്ലേ..??

ഉത്തരേന്ത്യയിൽ ജീവിതവസാനം വരെ സേവനം ചെയ്ത സ്വാമിയച്ചനെ അറിയുമോ… നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചീട്ടുള്ള സ്വാമിയച്ചന്റെ വസ്ത്രം താങ്കൾ കണ്ടിട്ടുണ്ടോ…?? ആ മഹത് വ്യക്തിയുടെ അഭിഷേകം ഉടുപ്പിലാണോ….? ഉടലിനാണോ…??
അങ്ങനെ നൂറുകണക്കിന് കന്യാസ്ത്രീകളും പുരോഹിതരും ഈ രാജകീയ വസ്ത്രം ഒന്നും ഇല്ലാതെയാണ് അവരുടെ ദൈവവിളിക്ക് പ്രത്യത്തരം നൽകുന്നത്….

അതൊക്കെ ഇനിയും പറഞ്ഞു ഞാൻ ബോറടിപ്പിക്കുന്നില്ല….
മറ്റൊരു പ്രധാനകാര്യം അങ്ങയുടെ ശ്രദ്ധയിൽപെടുത്താൻ ആഗ്രഹിക്കുന്നു… ഒരു യഹൂദനായ യേശുവിനെ അങ്ങ് ശരിക്കും കണ്ടിട്ടുണ്ടോ.. യേശുവിന്റെ വസ്ത്രം കണ്ടിട്ടുണ്ടോ..
അന്ന് ഇസ്രായേലിൽ ഏതൊരു സാധാരണ യഹൂദനും ധരിക്കുന്ന വസ്ത്രത്തിൽ നിന്ന് യാതൊരു വ്യത്യാസവും അതിനുണ്ടായിരുന്നില്ല.. അവിടെ വഴിയരികിലും ചന്തയിലും വയലിലും കാണുന്ന ഒരു സാധാരണ യഹൂദന്റെ വസ്ത്രം തന്നെ ആയിരുന്നു യേശുവിന്റെയും.. അത് അറിയുമോ… ഇല്ലെങ്കിൽ അറിയാൻ ശ്രമിക്കുക.. അന്നും ഇന്നത്തെ പോലെ രാജകീയ വസ്ത്രം ധരിച്ചിരുന്നവർ ഉണ്ടായിരുന്നു…
അത് നിങ്ങളെ പോലെ… നിങ്ങളുടെ വൈദീക ശ്രേഷ്ഠരെ പോലെ തന്നെ വസ്ത്രം ധരിച്ചവർ… അന്നത്തെ പുരോഹിതവർഗ്ഗം.. കയ്യഫാസിന്റെ ഗണത്തിൽപെട്ടവർ… അന്ന് യേശു അവരെ നോക്കി പറഞ്ഞത് തന്നെ ഇന്ന് നിങ്ങളെയും നോക്കി പറയും “വെള്ളയടിച്ച കുഴിമാടങ്ങളെ എന്ന്”

പുറംകുപ്പായത്തിന്റെ തിളക്കത്തിലോ വെണ്മയിലോ അല്ല പൗരോഹിത്യത്തിന്റെ സന്യാസത്തിന്റെ മഹത്വം…. നിങ്ങളുടെ ഓരോരുത്തരുടെയും പ്രവർത്തിയിൽ ആണ് എന്ന് സ്വയം തിരിച്ചറിയാൻ അങ്ങയ്ക്കു കഴിയട്ടെ എന്ന് മാത്രം ആശസിച്ചു കൊണ്ട് ഞാൻ നിറുത്തുന്നു….

റിജു കാഞ്ഞൂക്കാരൻ

Advertisements