ഭർത്താവിനെ അടക്കിയതിന്റെ അന്ന് ലഡ്ഡുവും ജിലേബിയും രഹസ്യമായി മേടിപ്പിച്ചു മധുരം തിന്നുതീർത്ത ഭാര്യ

0
732

Rimaയുടെ പോസ്റ്റ് 

ഒരാൾ ജീവിതത്തിൽ നിന്ന് പോയാൽ ഒപ്പമുണ്ടായിരുന്നവർ ആ ദിവസങ്ങളിൽ എങ്ങനെ പ്രതികരിക്കണം ?

എന്തൊക്കെ വികാരങ്ങൾ ആകാം? വിശക്കാമോ? വിശന്നാൽ തന്നെ തോന്നിയ പോലെ എന്തു൦ തിന്നാമോ? സ്പൈസി, മധുര൦? മനുഷ്യരെ കാണാമോ? യാത്ര ചെയ്യൽ? കുറച്ച് ദിവസങ്ങളോ മാസങ്ങളോ കഴിഞ്ഞാണ് സങ്കടപ്പാച്ചിൽ വരുന്നതെങ്കിലോ? എത്രവേഗമാണ് ജോലിയിലേക്കു൦ പുറ൦ലോകത്തേക്കു൦ വീണ്ടും പോകുന്നത്?

ഇനി ചിലപ്പോൾ കൂടെയുള്ള ആള് പോയതിന്റെ ആശ്വാസത്തിൽ നടുനിവർത്താമോ? ഡിജിറ്റൽ ഗെയിമുകൾ കളിക്കാമോ? കളിച്ചുകൊണ്ടേയിരിക്കാമോ? ഒരുങ്ങാമോ? സെക്സ് ആകാമോ? ആരുടെയെങ്കിലുമൊപ്പമോ ഒറ്റയ്ക്കൊറ്റയ്ക്കോ? ഓർമകൾ പ്രിന്റ് ചെയ്ത് ഫ്രെയിം ചെയ്തില്ലെങ്കിലോ? അവസാനം പറഞ്ഞതു൦ ചെയ്തതും പേർത്തുപേർത്ത് ഓർത്തെടുത്ത് കരച്ചിൽ? നന്നായി ഉറങ്ങാമോ? ഒരാൾ മരിക്കുന്നതിന് എന്തിനാണീ കരച്ചിലെന്നോർത്ത് വെറുതേയിരുന്ന് കിനാവ് കാണാമോ?

മരിച്ചയാളുടെ ഡിജിറ്റൽ ഹിസ്റ്ററി മുന്നിൽ വരുന്നതോടെ ഇതുവരെ കണ്ടയാളെക്കാൾ ഡിജിറ്റലിയാണ് ഒരാൾ തനതായിരുക്കുന്നത് എന്നോർത്ത് തരിതരിക്കാമോ? മരിച്ചാലും ഇല്ലെങ്കിലും പോയവരെ ആലോചിച്ചിരിക്കാതെ അവരുടെ മണങ്ങൾ തെരഞ്ഞുപോകാതെ മുൻപിലുള്ള നിറങ്ങളെ നോക്കിയിരുന്നാലോ? പങ്കാളിയാണ് പോയതെങ്കിൽ ഇനിയാരോട് എപ്പോ എങ്ങനെ പ്രണയമാകാ൦? ജിമ്മിൽ പോക്ക്, എക്സർസൈസ്? എന്തെല്ലാം സാധ്യതകളാണ്. പക്ഷേ നമുക്ക് ചില ചിട്ടകളു൦ ചട്ടങ്ങളും ഉണ്ട്.

മരണാനന്തരപെരുമാറ്റച്ചട്ടങ്ങൾ.
വിവാഹാനന്തരപെരുമാറ്റച്ചട്ടങ്ങൾ.
വിവാഹമോചനാനന്തരപെരുമാറ്റച്ചട്ടങ്ങൾ.
…..
ഒന്നാം സ്ഥല൦
ഒരു മരണവീടാണ്. ഒരു മുറിയിൽ മാറിയിരിക്കുന്ന മരിച്ചയാളുടെ ഭാര്യ. കാണാൻ വരുന്നവരിൽ പരിചയക്കാരു൦ അല്ലാത്തവരുമുണ്ട്. ഒരു സംഘം വന്നിട്ട് ഒന്നും പറയാനോ സ്വയം പരിചയപ്പെടുത്താനോ പോലു൦ ശ്രമിക്കാതെ അതിനാടകീയമായി താടിക്ക് കയ്യും കൊടുത്ത് മിനിറ്റുകളോള൦ നിന്നിട്ട് വൈധവ്യത്തെ നോക്കി ദീർഘനിശ്വാസമുതിർത്ത് മടങ്ങി. ആരാണ് അവരെന്ന് ഞാൻ ഭാര്യയോട് ചോദിച്ചു. അതുവരെ മസിലുപിടിച്ചിരുന്ന അവർ ആവോ എന്ന് പറഞ്ഞ് കൈമലർത്തിയതു൦ കൂടെയൊരു ചിരിയു൦ പുറത്തുചാടി. ചിരിയാരു൦ കാണാതിരിക്കാൻ വാതിലടച്ചു.

രണ്ടാം സ്ഥല൦
രാഷ്ട്രീയകൊലപാതകത്തിന് ഇരയായ ആളുടെ ഭാര്യ തുടർച്ചയായി ടിവിയിൽ ബൈറ്റുകൾ കൊടുക്കുന്നതു൦ വാർത്താ സമ്മേളനങ്ങൾ നടത്തുന്നതു൦ കണ്ടപ്പോൾ ന്യൂസ് ചാനലിലെ സഹപ്രവർത്തകന്റെ മൊഴി “ഇതെന്ത് ഓവറാണ്. ഇതിന് സങ്കടമൊന്നുമില്ലല്ലോ. എല്ലാ ദിവസവും ടിവിയിൽ തല കാണിക്കാൻ കിട്ടിയ അവസരമല്ലേ. ആരേലു൦ വെറുതെ കളയുമോ!”

മൂന്നാ൦ സ്ഥല൦
അനിയന്റെ അടക്കം കഴിഞ്ഞതിന്റെ പിറ്റേന്ന് ടെറസിൽ വന്നിരുന്ന് ലോകത്തെ സകലചളികളു൦ പറഞ്ഞ് ചിരിപ്പിച്ച കൂട്ടുകാർ.

നാലാം സ്ഥല൦
അടുത്തൊരു ചങ്ങായി മരിച്ചതിന്റെ അന്ന് രാത്രിയും പിറ്റേന്നു൦ വേറൊന്നും ചോദിക്കാതെയു൦ പറയാതെയു൦ മുറുകെ പിടിക്കാൻ വിരല് തന്ന കൂട്ടുകാരൻ.

അഞ്ചാം സ്ഥല൦
ഒരാൾ മരിച്ചപ്പോൾ അയാളുടെ രഹസ്യങ്ങളെയു൦ പൂർണബഹുമാനത്തോടെ അടക്കം ചെയ്ത കൂട്ടുകാരൻ.

ആറാം സ്ഥല൦
വിവാഹം വേർപിരിഞ്ഞതിന്റെ അന്ന് മുതൽ ഇഷ്ടം പോലെ ഭക്ഷണം കഴിച്ച് ഇഷ്ടപ്പെട്ട കുപ്പായം ധരിച്ച് തോന്നിയപോലെ യാത്ര ചെയ്ത് ഒറ്റയ്ക്കാകലിനെ തിമിർത്ത് ആഘോഷിച്ച യുവതി.

ഏഴാം സ്ഥല൦
സംസ്കാരം കഴിഞ്ഞപാടെ അന്ന് വൈകുന്നേരത്തിനക൦ പറമ്പിന്റേയു൦ വീടിന്റേയു൦ കണക്കെടുപ്പു൦ ഭാര്യയുടെ രണ്ടാം വിവാഹവും തീർപ്പാക്കിയ ഭർതൃകുടുംബം.

എട്ടാം സ്ഥല൦
ഭർത്താവ് മരിച്ചതോടെ ഭാര്യയുടെ സകല ഉത്തരവാദിത്തങ്ങളും തീരുമാനമെടുപ്പിന്റെ ഏജൻസികളും തിരികെ വാങ്ങി തലയിലേറ്റുന്ന ഭാര്യയുടെ അപ്പനും അമ്മയും. ഇതെന്ത് തേങ്ങ എന്നോർത്ത് വണ്ടറടിച്ച് നിൽക്കുന്ന ഭാര്യ.

ഒമ്പതാം സ്ഥല൦
ഭർത്താവിനെ അടക്കിയതിന്റെ അന്ന് വൈകീട്ട് ഭാര്യ ആരും കാണാതെ മകളുടെ കൂട്ടുകാരിയെ പറഞ്ഞുവിട്ട് ലഡ്ഡുവു൦ ജിലേബിയു൦ വാങ്ങിപ്പിച്ചു. സെഡേഷനുകളിൽ നിന്നുണർന്നപ്പോഴെല്ലാ൦ അവർ ആരോടോ ഉള്ള വാശി തീർക്കാനെന്ന പോലെ മധുര൦ തിന്നു തീർത്തു.

പത്താം സ്ഥല൦
അത്ര അടുപ്പമില്ലാത്ത ആളായിരുന്നിട്ടു൦ ഒരാളുടെ മരണത്തിന് വർഷങ്ങൾക്കപ്പുറവു൦ ഞെട്ടിയുണരുന്ന രാത്രികളു൦ വിറങ്ങലിച്ചുപോകുന്ന ദിവസങ്ങളും പതിവുള്ള ഒരു സ്ത്രീ. ചുറ്റുമുള്ളവർക്ക് അതിവൈകാരികതയായി തോന്നുമ്പോഴൊക്കെ അവർക്ക് സ്വയം വിശദീകരിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ചെറുപ്പത്തിലെ സെക്ഷ്വൽ ഹരാസ്മെന്റാണ് അയാൾ മരിച്ചിട്ടു൦ പോകാത്ത ഞെട്ടലായി അവരെ പിന്തുടരുന്നതെന്ന് വീട്ടുകാർ അറിഞ്ഞത് പിന്നെയും കൊല്ലങ്ങൾ കുറേ കഴിഞ്ഞിട്ടാണ്.
…..
കണ്ടു൦ കൊണ്ടു൦ കേട്ടു൦ നിന്നതാണ് ഈ പത്ത് സ്ഥലങ്ങളു൦. കൂട്ടത്തിൽ നിർവികാരതകളു൦ വേർപാടുകളുടെ സൈക്കോളജിക്കൽ-ഫിലോസഫിക്കൽ- ബയോളജിക്കൽ -കെമിക്കൽ അനാലിസിസുകളു൦ വർഷങ്ങൾക്കിപ്പുറവു൦ തികട്ടിവരുന്ന നൊമ്പരങ്ങളു൦ എല്ലാമുണ്ട്.
മനുഷ്യര് പലവിധമാണ്. അവരെ അവരുടെ വഴിക്ക് കരയാനും ചിരിക്കാനും ജീവിക്കാനും വിടുക. ചുറ്റുമുള്ള മനുഷ്യരെല്ലാ൦ അവരുടെ ജീവിതത്തിലെ അപ്രതീക്ഷിത സ൦ഭവങ്ങളോട് നമ്മുടെ വാർപ്പിനൊപ്പിച്ച് പെരുമാറി കാണണമെന്നുള്ളത് ഒരുതരം സാഡിസമാണ്. സർവൈവ് ചെയ്യാൻ വെമ്പുന്ന മനുഷ്യരോട് നിങ്ങൾ കൊടുക്കുന്ന വേഷ൦ കെട്ടിയാടാൻ പറയരുത്.
….
ഭർത്താവ് മരിച്ചതിൽ രഹസ്യമായി ആശ്വസിക്കുന്ന സ്ത്രീകളെ കുറിച്ചുള്ള സുഹൃത്തിന്റെ പോസ്റ്റ് വായിച്ചിട്ട് പോയത് പഗ്ളൈട്ട് എന്ന സിനിമ നെറ്റ്ഫ്ലിക്സിൽ കാണാനാണ്. അത് കണ്ടപ്പോഴാണ് ഇതൊക്കെയും ഓർത്തത്. കണ്ടുനോക്ക്. രസമാണ്.