Rino K Y
സിനിമ തീരുമ്പോൾ കാഴ്ചക്കാരുടെ മനസ്സിൽ ഒരു കനല് കോരിയിടുന്ന കഥാപാത്രങ്ങൾ
നെഞ്ചിൽ ഒരു നെരിപ്പോടോടെ ജീവിച്ച് ഒരു വലിയ കുറ്റകൃത്യം ലോകത്തിന് മുൻപിൽ തുറന്നു കാട്ടാൻ തന്റെ ജീവിതം തന്നെ ബലിനൽകിക്കൊണ്ട് ചേതക്ക് സ്കൂട്ടറിൽ അവസാന യാത്ര പോയപ്പോളായിരുന്നു ആദ്യമായി ആ വിങ്ങലിൽ വിറങ്ങലിച്ചത് .
ഏത് കൊലകൊമ്പനെയും വീഴ്ത്താൻ പോന്ന ചങ്കുറപ്പും, കൈക്കരുത്തും ഉണ്ടായിരുന്നിട്ടും അപ്പനെ പോലെ കണ്ടിരുന്ന – സ്നേഹിച്ചിരുന്ന ആൾ യൂദാസിനേപ്പോലെ കെട്ടിപിടിച്ച് കൊണ്ട് പള്ളക്ക് കത്തി കുത്തിയിറക്കിയപ്പോ ആഗ്രഹങ്ങൾ ബാക്കിയാക്കി പിടഞ്ഞ് വീണപ്പോൾ മനസ് പൊള്ളിക്കൊണ്ട് വീണ്ടും തീയറ്റർ വിടേണ്ടി വന്നു .
ഒരുപാട് ആഗ്രഹിച്ച് കിട്ടിയ പങ്കാളി അപ്രതീക്ഷിതമായി വീണ് കിടപ്പിലായപ്പോൾ മാസങ്ങളോളം ആശുപത്രി വരാന്തയിൽ കഴിച്ചു കൂട്ടുമ്പോഴും പഴയതുപോലെ തനിക്ക് അവളെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു പോവുകയും ഒടുവിൽ ഇതാണ്, ഇനിയിങ്ങനെയാണ് എന്ന തിരിച്ചറിവിൽ ….. യാഥാർത്ഥ്യത്തെ ഉൾക്കൊണ്ടു കൊണ്ട് ഭാര്യയെ ചുമലിലേറ്റി വീട്ടിലേക്ക് മടങ്ങുമ്പോൾ വീണ്ടും കണ്ണു നിറയിച്ചു, മനസ്സും .
പോലീസുകാരനായിരിക്കെ പറ്റിപ്പോയ ചെറിയ അബദ്ധത്തെ തുടർന്ന് സാഹചര്യങ്ങളുടെ സമ്മർദ്ധം മൂലം തന്നെയും, കൂടെയുള്ളവരെയും രക്ഷിക്കാൻ വേണ്ടി ഓടിപ്പോകേണ്ടി വരികയും അതിനെത്തുടർന്ന് തന്റെ കുടുംബത്തിനും ഏക മകൾക്കും ഉണ്ടായ നഷ്ടത്തിൽ മനസ് മടുത്ത അയാൾ ഒരു കൈലി മുണ്ടുമുടുത്ത് മല കേറിപ്പോയപ്പോ ,ആ കൈലി മുണ്ടിൽ ജീവിതം തീർത്തപ്പോ ഉണ്ടായ മരവിപ്പിൽ നിന്നും ഇതുവരേയും മുക്തനാകാൻ ആയിട്ടില്ല.
ഇപ്പോ ഇതാ വീണ്ടും മനസ്സിൽ കനൽ കോരിയിട്ടിരിക്കുന്നു ഒന്നല്ല രണ്ടു വട്ടം, സ്പോയിലറാവും എന്നത് കൊണ്ട് കൂടുതൽ പറയാനാവില്ല .ഒരു വട്ടം കുറ്റബോധത്തിന്റെ ഉത്തുംഗശൃംഗത്തിലാണെങ്കിൽ .മറ്റൊന്ന് നിസ്സഹായതയുടെ പരകോടിയിൽ .ആദ്യ കാഴ്ചയിൽ മനസ്സിനെ പിടിച്ചുലച്ച ഈ കഥാപാത്രങ്ങൾ ഇപ്പോഴും മനസ്സിനെ വേട്ടയാടുന്നുണ്ടെങ്കിൽ അതിനു കാരണക്കാരൻ ഒരാളാണ് – ജോജു ജോർജ് ❤️
അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ പാളിപ്പോയേക്കാവുന്ന ഈ കഥാപാത്രങ്ങൾ,അഭിനയ മുഹൂർത്തങ്ങൾ, ക്ലൈമാക്സുകൾ 20 വർഷത്തിലധികം നീണ്ടുനിൽക്കുന്ന തന്റെ അഭിനയ ജീവിതത്തിൽ നേടിയെടുത്ത അറിവുകളും ഉൾക്കരുത്തും കൈമുതലാക്കി കയ്യടക്കത്തോടെ, മിതത്വത്തോടെ ജീവിച്ചു കാണിച്ചു കൊണ്ട് അയാൾ ഞെട്ടിച്ചു കൊണ്ടിരിക്കയാണ് .കത്തുന്ന കനൽ മനസ്സിനെ എരിഞ്ഞെരിഞ്ഞ് പൊളളിക്കുകയാണ് വീണ്ടും വീണ്ടും .എന്തിനാണ് മനുഷ്യാ നിങ്ങൾ ഇങ്ങനെ കാഴ്ചക്കാരുടെ മനസ്സിൽ കനൽ കോരിയിടുന്നത്.