ഇന്ന് പ്ലേ സ്റ്റോറിൽ ഉള്ള ഇന്ത്യൻ ആപ്പുകൾ ഒക്കെയും ഭൂലോക തോൽവികൾ ആണ്

195

Rinse Kurian

ഒരു വസ്തു ഒരു രാജ്യം നിരോധിക്കുന്നത്, ആ വസ്തുവിന്റെ ഉപഭോഗം ജനങ്ങൾക്ക് ദോഷം ഉണ്ടാകുമ്പോൾ ആണ്. ഉദാഹരണം, കള്ളവാറ്റ് നിരോധനം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ആണ് കള്ള വാറ്റ് നിരോധിച്ചത്.എന്നാല്, ചിലപ്പോൾ തെറ്റിദ്ധാരണകളും നിരോധനത്തെ ബാധിക്കാം. ഒരു ഉദാഹരണം കഞ്ചാവ് ആണ്. മദ്യത്തിന്റെയും, സിഗരറ്റിന്റെ അത്രയും അപകടകാരി അല്ല കഞ്ചാവ്. എന്നാല്, കഞ്ചാവ് വലിയ അപകടകാരി ആണെന്ന് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ കാരണം, സിഗരറ്റ് മേടിക്കാൻ കഴിയുന്ന രാജ്യത്ത് കഞ്ചാവ് ഉപയോഗിക്കുന്നത് ജാമ്യംഇല്ലാ കുറ്റം ആണ്.
ചില സന്ദർഭങ്ങളിൽ മതവിശ്വാസം കാരണവും നിരോധനം ഉണ്ടാവാറുണ്ട്. ഇന്ത്യയിലെ ബീഫ് നിരോധനം അതിനു ഒരു ഉദാഹരണം ആണ്.

നിരോധിക്കാൻ കഴിയുന്ന വസ്തുക്കളും, കഴിയാത്ത വസ്തുക്കളും ഉണ്ട്. ബീഫ് നിരോധിക്കാൻ കഴിയും, മദ്യം നിരോധിക്കാൻ കഴിയും. എന്നാല് ജനപ്പെരുപ്പം കൂടുന്നു എന്ന് പറഞ്ഞ് കല്യാണം കഴിക്കുന്നത് നിരോധിക്കാൻ കഴിയില്ല, കുട്ടികൾ സമയം കളയുന്നു എന്ന് പറഞ്ഞ് ടിവി യും നിരോധിക്കാൻ കഴിയില്ല.സാധാരണ ഒരു സർകാർ എന്തെങ്കിലും നിരോധിക്കുമ്പോൾ അതിനെ പറ്റി വിശദമായി പഠിച്ച് ദോഷവശങ്ങൾ മനസ്സിലാക്കി, പ്രായോഗികം ആണോ എന്ന് തിരിച്ചറിഞ്ഞ് ആണ് തീരുമാനം എടുക്കാർ. എന്തിന്റെ പേരിൽ ആണ് നിരോധിക്കുന്നത് എന്നതും പ്രധാനം ആണ്.

പക്ഷേ ലോകത്ത് ആദ്യമായിട്ടായിരിക്കും ഒരു സർകാർ നയതന്ത്രതിന്റെ പേരിൽ മറ്റൊരു രാജ്യത്തിന്റെ ആപ്പുകൾ നിരോധിക്കുന്നത്. ആപ്പുകൾ നിരോധിക്കുന്നതും, ബീഫ് നിരോധിക്കുന്നതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. മോഡി പെട്ടെന്ന് ഒരു ദിവസം പൊറോട്ട നിരോധിച്ചു എന്ന് വെക്കുക. അങ്ങനെയെങ്കിൽ പൊറോട്ട അടിക്കുന്നവരെയും, മാവ് സപ്ലൈ ചെയ്യുന്നവരെയും, പൊറോട്ട കഴിക്കുന്നവരെയും ഒക്കെ പിടിച്ച് പോലീസ് അകത്തിടാൻ തുടങ്ങും. ആളുകൾ പൊറോട്ട കഴിക്കുന്നത് പതിയെ നിർത്തും. കാരണം, മാവ് ഉണ്ടാക്കാനും, പൊറോട്ട വിൽക്കാനും ഒക്കെ മനുഷ്യരുടെ അധ്വാനം ആവശ്യമാണ്. മാവ് ഹോട്ടലിൽ എത്തിക്കണം എങ്കിൽ ഒരു ലോറി ഡ്രൈവർ റിസ്ക് എടുത്ത് വണ്ടി ഓടിച്ച് ചെക്ക് പോസ്റ്റിൽ ഒളിച്ച് കടത്തി എത്തിച്ചേ മതിയാകൂ. ഹോട്ടൽ ഉടമ റിസ്ക് എടുത്ത് പൊറോട്ട അടിക്കുകയും വേണം, പൊറോട്ട കഴിക്കാൻ ആഗ്രഹം ഉള്ളവർ തലയിൽ തോർത്ത് ഒക്കെ ഇട്ട് രഹസ്യമായി പോലീസ് മിന്നൽ പരിശോധന ഉണ്ടാകാൻ സാധ്യത ഇല്ലാത്ത രാത്രിയിലും മറ്റും രഹസ്യമായി ഹോട്ടലിൽ വന്ന് കഴിക്കണം. കാരണം പൊറോട്ട ഒരു ഭൗതിക വസ്തു ആണ്.

പക്ഷേ സൈബർ ലോകത്ത് സ്ഥിതി വ്യത്യസ്തം ആണ്. എനിക്ക് ടിക് ടോക് ഡൗൺലോഡ് ചെയ്യണം എന്നുണ്ട് എങ്കിൽ ടിക് ടോക്കുമായി ഒരു ലോറി ഡ്രൈവർ ചൈനയിൽ നിന്നും വണ്ടി ഓടിച്ച് റിസ്ക് എടുത്ത് ചെക്ക് പോസ്റ്റും കടന്ന് ഇങ്ങോട്ട് വരേണ്ടത് ഇല്ല. എനിക്ക് ഒരു ലിങ്ക് അയച്ചു തന്നാൽ മതി. ലോറി തടഞ്ഞ് നിർത്തി പരിശോധിക്കുന്നത് പോലെ ലിങ്ക് തടഞ്ഞ് നിർത്തി പരിശോധിക്കാൻ ആവില്ലല്ലോ. ഇനിയിപ്പോ അങ്ങനെയുള്ള ലിങ്കുകൾ ഒക്കെ ഇന്ത്യൻ സർകാർ ബ്ളോക് ചെയ്യാൻ തുടങ്ങിയാൽ തന്നെ, ഇന്ത്യൻ സർകാർ ഒരു ലിങ്ക് ബ്ളോക് ചെയ്ത് കഴിയുമ്പോൾ അതേപോലെ പത്ത് പുതിയ ലിങ്കുകൾ വന്നിട്ടുണ്ടാകും. ആപ്പുകൾ കുറെ ലൈനുകളിൽ എഴുതിയ പ്രോഗ്രാമിങ് വാക്യങ്ങൾ ആണ്. എത്ര കിണഞ്ഞ് ശ്രമിച്ചാലും ലോകത്തിലെ ഒരു സർക്കാരിനും, ഒരു രാജാവിനും പ്രധാനമന്ത്രിക്കും വാക്യങ്ങൾ നിരോധിക്കാൻ കഴിയില്ല.

പക്ഷേ, ചൈനീസ് ആപ്പുകൾക്ക്‌ പകരം അത്യാവശ്യം നല്ല കുറെ ആപ്പുകൾ ഇന്ത്യക്കാർ നിർമിച്ചി ട്ടുണ്ടായിരുന്നു എങ്കിൽ നിരോധിക്കുന്നത് പിന്നെയും കുഴപ്പം ഇല്ലായിരുന്നു. ഇതിപ്പോ, ഇന്ന് പ്ലേ സ്റ്റോറിൽ ഉള്ള ഇന്ത്യൻ ആപ്പുകൾ ഒക്കെയും ഭൂലോക തോൽവികൾ ആണ്. സംഘികളും ചില ഇന്ത്യക്കാരും മൈഡ് ഇൻ ഇന്ത്യ എന്ന ടാഗ് കണ്ട് ഡൗൺലോഡ് ചെയ്യും എന്നല്ലാതെ ഇന്ത്യൻ ആപ്പുകൾ വേറെ രാജ്യങ്ങളിൽ ഉള്ളവരോ, ഇന്ത്യക്കാരോ തന്നെ ഉപയോഗിക്കാറില്ല. പല ചൈനീസ്, അമേരിക്കൻ ആപ്പുകളുടെയും കോപ്പി ആണ് മിക്ക ഇന്ത്യൻ ആപ്പുകളും എന്നത് വേറൊരു കാര്യം.

ആരെങ്കിലും രണ്ടു പേര് തമ്മിൽ ഒരു തർക്കം ഉണ്ടായാൽ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് സംസാരിച്ച് തീർക്കുകയാണ് ആധുനിക രീതി. ലോകത്ത് മിക്ക രാജ്യങ്ങളിലും വിവരമുള്ള രാഷ്ട്രതലവന്മാർ ചെയ്യുന്നതും അത് തന്നെയാണ്. പക്ഷേ മോഡി ചെയ്യുന്നത്,
നഴ്സറി പിള്ളേരെ പോലെ, അതിർത്തിയിൽ അവർ ടെന്റ് പണിതു എന്ന് കേട്ടപ്പോൾ തന്നെ “ങ്ങി ങ്ങി, ടീച്ചറെ ഈ ചൈന എന്നെ തല്ലി” എന്ന് കരഞ്ഞിട്ട്‌ നഴ്സറിയിലെ മറ്റുള്ള കുട്ടികളോട് നിങ്ങളാരും ചൈനയുടെ കയ്യിൽ നിന്നും പെൻസിലും മായ്ക്ക ഡബ്ബറും മേടിക്കരുത് എന്നാണ്.ലിസ്റ്റില് ഉള്ള ആപ്പുകളിൽ കുറെയധികം എന്റെ ഫോണിലുമുണ്ട്. ഞാൻ അവ uninstall ചെയ്യാൻ ഇതുവരെ ഉദ്ദേശിച്ചിട്ടില്ല.
ഫോട്ടോയിൽ, ചീന വല… ഇനി ഇതും ചൈനയിൽ നിന്നും വന്നതാണെന്ന് എന്നും പറഞ്ഞു തടയാൻ വരുമോ…?