കോവിഡിനെ ചൈന ജയിച്ചതെങ്ങനെ ? ഷി ജിന്‍പിങ് വിശദീകരിച്ചത് ഇങ്ങനെയാണ് !

62

Rinse Kurian

കോവിഡിനെ പ്രതിരോധിക്കുന്നതിൽ ചൈനയ്ക്ക് വിജയിക്കാനായത് എന്തുകൊണ്ട് എന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ഷി ജിന്‍പിങ് വിശദീകരിച്ചത് ഇങ്ങനെയാണ്: ”ഒരു സുപ്രധാന ലക്ഷ്യം നേടിയെടുക്കുന്നതിനായി വിഭവങ്ങളെയാകെ സമാഹരിക്കാന്‍ പ്രാപ്തമാക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് ഞങ്ങളുടെ മഹത്തായ കരുത്ത് .അമേരിക്കയുടെ ആളോഹരി വരുമാനത്തിന്റെ 20 ശതമാനത്തില്‍ താഴെ നില്‍ക്കുന്ന ജി ഡി പി മാത്രമാണ് ചൈനയ്ക്ക് ഉള്ളത്. എന്നിട്ടും ജനസംഖ്യയുടെ 0.01മാത്രമാക്കി കോവിഡ് വ്യാപനം തടയാന്‍ ചൈനയ്ക്കുകഴിഞ്ഞു. ഇത് കാണിക്കുന്നത് അന്തിമ വിശകലനത്തില്‍ ആരാണ് ഭരണകൂടത്തെ നിയന്ത്രിക്കുന്നത്, ഏത് വര്‍ഗ ഭരണം ആണ് നിലവിലുള്ളത് എന്നതുതന്നെയാണ് ഏറ്റവും പ്രസക്തം എന്നാണ്. ബൂര്‍ഷ്വാ ഭരണത്തിന്‍കീഴില്‍ ചാലകശക്തി ആവുന്നത് ലാഭ സൂചിക ആണെങ്കില്‍ തൊഴിലാളി വര്‍ഗ്ഗ ഭരണത്തിനു കീഴില്‍ സാമൂഹികമായ ഉത്തരവാദിത്വത്തിനാണ് മുന്‍ഗണന നല്‍കുക.

ദക്ഷിണാഫ്രിക്കയിലെ സ്വാതന്ത്ര്യസമര പോരാളിയും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്ന ക്രിസ് ഹാനി പറഞ്ഞതുപോലെ ‘സോഷ്യലിസം എന്നത് വലിയ സങ്കല്പനങ്ങളോ വലിയ സിദ്ധാന്തങ്ങളോ ഒന്നുമല്ല. അത് ഭവനരഹിതര്‍ക്ക് അന്തസ്സായ താമസ സൗകര്യം ഒരുക്കലാണ് ; സുരക്ഷിതമായ കുടിവെള്ളം ലഭ്യമല്ലാത്തവര്‍ക്ക് അത് ഉറപ്പാക്കല്‍ ആണ്; ആരോഗ്യ സുരക്ഷ നല്‍കലാണ്; പ്രായമായവര്‍ക്ക് അന്തസായ ജീവിതം നല്‍കലാണ്; അത് നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വന്‍ വിടവ് നികത്തലാണ്; അത് നമ്മുടെ ജനതയ്ക്ക് ആകെ അന്തസ്സായ വിദ്യാഭ്യാസം നല്‍കലാണ്.’ ലാഭാധിഷ്ഠിതമായി ആരോഗ്യരംഗത്തെപ്പോലും കാണുന്നതു കൊണ്ടാണ് പതിനായിരങ്ങള്‍ ചികിത്സ കിട്ടാതെ മരിക്കുന്ന അമേരിക്കയും ബ്രിട്ടനും ഇറ്റലിയും സ്‌പെയിനും ഫ്രാന്‍സും ഒക്കെ രൂപംകൊണ്ടത്. ആ വ്യവസ്ഥ തുടര്‍ന്നു നിലനില്‍ക്കണമോ എന്ന് കോവിഡ് അനന്തര കാലത്തെലോകജനത തീരുമാനിക്കും.