സ്വന്തം ചിലവിലെ ക്വാറന്റൈൻ; വസ്തുത ഇതാണ്

463

Rinse Kurian

സ്വന്തം ചിലവിലെ ക്വാറന്റൈൻ; വസ്തുത ഇതാണ്

“പ്രവാസികളെ സർക്കാർ ചതിച്ചേ”…എന്ന് പറഞ്ഞു കുറച്ചുപേർ നന്നായി കരഞ്ഞു കുത്തിത്തിരിപ്പ് നടത്തുന്നുണ്ട്… ഈ എഴുത്ത് കുത്തിരിപ്പ് ഉണ്ടാക്കുന്നവർക്കല്ല അറിയാതെ പോലും അവരുടെ ചതി നിറഞ്ഞ വാക്കിൽ വീണുപോയവർക്ക്.നിലവിൽ വലിയ രീതിയിൽ ചർച്ചകൾ നടക്കുന്ന കാര്യമാണ്, ക്വാറന്റൈൻ സൗകര്യത്തിന് പണം നൽകേണ്ടി വരും എന്നുള്ള വാർത്ത. എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം തിരയാതെ വൈകാരികമായി പ്രതികരിക്കുന്നതിനോട് യോജിക്കാനാകില്ല.

ഒന്ന്: ക്വാറന്റൈൻ ചെയ്യപ്പെടുന്ന എല്ലാവരും പണം നൽകണം എന്നല്ല സർക്കാർ പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തിന് വെളിയിൽ നിന്നും വരുന്ന, ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമുള്ളവർക്ക് മാത്രമാണ് ഇത് ബാധകം. നിലവിൽ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളും സർക്കാർ വഹിക്കും എന്ന് പറഞ്ഞിട്ടുള്ളതാണ് ഇനിയും അത് തുടരും. അഥവാ ഹോം/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ചെയ്യപ്പെട്ട ആർകെങ്കിലും കോവിഡ് പോസിറ്റീവ് ആയാൽ പിന്നീടുള്ള അയാളുടെ മുഴുവൻ ചിലവും സർക്കാർ തന്നെ ആയിരിക്കും വഹിക്കുക.

രണ്ട്: കോവിഡ് പോസിറ്റീവ് ആയ ഒരു വ്യക്തിക്ക് ഒരു ദിവസം 20,000 മുതൽ 25,000 രൂപ വരെയാണ് ചിലവ്. നാളിതുവരെ സർക്കാർ ആണ് അത് വഹിക്കുന്നത്. ഇനിയും തുടരും. സംസ്ഥാനത്ത് ഇതുവരെ 963 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് 415 പേർ ചികിത്സയിൽ ഉണ്ട്. ഇവർക്ക് ഓരോരുത്തർക്കും 25000 വെച്ച് ഓരോ ദിവസവും സർക്കാർ ചിലവിട്ടിട്ടുണ്ട്. ആ ഇനത്തിൽ കോടിക്കണക്കിനു രൂപ സർക്കാർ ഇതിനോടകം ചിലവഴിച്ചു. എന്നാൽ ഇതിനെ സർക്കാർ ഒരു ബാധ്യത ആയി കാണാതെ, കടമയായി ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്.

മൂന്ന്: നാട്ടിലേയ്ക്ക് തിരിക്കുന്ന പ്രവാസികൾ അവരവരുടെ ക്വാറന്റീൻ ചെലവ് വഹിക്കണം എന്നത്. അത് സത്യവാങ്മൂലമായി അതാത് എംബസികൾക്ക് എഴുതി നൽകിയാലേ നാട്ടിലേക്കുള്ള ഫ്ലൈറ്റിൽ കയറാനാകൂ എന്നത് ഇക്കഴിഞ്ഞ 24ന് പുറത്തിറക്കിയ കേന്ദ്രസർക്കാർ ഉത്തരവിൽ വ്യക്തമാണ്.

എന്നാൽ കേന്ദ്രം ഇങ്ങനെ ഒരു നിലപാട് എടുത്തപ്പോൾ കേരളം അതിനോട് യോജിച്ചിരുന്നില്ല, കേരളത്തിന്റെ വാതിൽ എല്ലാവർക്കുമായി തുറക്കുന്നുവെന്നും, എല്ലാ പ്രവാസികളുടേയും ക്വാറന്റീൻ ചെലവ് കേരള സർക്കാർ തന്നെ വഹിക്കും എന്നും കേരളം വ്യക്തമാക്കി. എന്നാൽ, ഒരു ഘട്ടമെത്തിയാൽ അത് നടപ്പാകാതെ വരുമെന്നും സർക്കാർ പറഞ്ഞിരുന്നു. മെയ്‌ ആദ്യവാരം വെറും 14 ആക്റ്റീവ് കേസ് മാത്രമുണ്ടായിരുന്ന നിലയിൽ നിന്നും 415 കേസുകളിലേക്ക് കേരളം മാറി. ഒപ്പം കേരളത്തിൽ സമൂഹവ്യാപനസാധ്യത ദൂരെയല്ലെന്ന് മുഖ്യമന്ത്രി ഇന്ന് പറയുകയും ചെയ്തു.

നാല്: കേരളത്തിന്റെ മാറിയ സാഹചര്യവും സാമ്പത്തിക ശേഷിയും പരിഗണിക്കേണ്ടതുണ്ട്. മൂന്ന് മാസമായി നികുതി വരുമാനം നിലച്ചു എന്നുതന്നെ പറയാം, കിട്ടാനുള്ള ജിഎസ്ടി കുടിശ്ശിക ഇനിയും കിട്ടിയിട്ടില്ല, എത്ര കാലത്തേക്ക് ഈ അവസ്ഥ തുടരും എന്ന് ഒരു നിശ്ചയവുമില്ല, എന്നാൽ മതിയായ പരിഗണന കേന്ദ്രം നൽകുന്നുമില്ല. പ്രധാന വരുമാനമായ മദ്യവും ലോട്ടറിയും സമ്പൂർണമായും നിശ്ചലമായിരുന്നു. ഒപ്പം ദുരിതാശ്വസ നിധിയിലേക്ക് ചില്ലി കാശു നൽകരുതെന്ന് പറയുന്ന കെ. മുരളീധരനും കെ. എം ഷാജിയും അടക്കമുള്ള യു. ഡി. എഫ് നേതാക്കൾ. സർക്കാരിന്റെ വരുമാന സ്രോതസുകൾ സമരം ചെയ്തു പൂട്ടിക്കുകയും സംഭാവന മുടക്കുകയും പാസ്സ് ഇല്ലാതെ ആളുകളെ ബസുകളിലും ട്രെയിനുകളിലും പോലും കയറ്റി കേരളത്തിലേക്ക് അയക്കുന്ന സാലറി ഡഫറിന്റെ ഉത്തരവ് കത്തിച്ച പ്രതിപക്ഷം. അങ്ങനെ വലിയൊരു ക്രൈസിസിനെയാണ് സംസ്ഥാന സർക്കാർ നേരിട്ടു കൊണ്ടിരിക്കുന്നത്.

അടിയവരായിട്ടു പറയട്ടെ, നമ്മൾ മറ്റൊരു ഭീകര ഘട്ടത്തിൽ എത്തി നിൽക്കുകയാണ്, ഒരാളുടെ അശ്രദ്ധ ഈ സംസ്ഥാനത്തെയാകെ അപകടത്തിലാക്കിയേക്കാം. ജാഗ്രതയോടെ ചുവടു വെയ്ക്കണ്ട നിമിഷങ്ങളാണ്. മറ്റു പല സംസ്ഥാനങ്ങളും അവരുടെ തന്നെ ആളുകളുടെ മുന്നിൽ വാതിലടക്കുമ്പോൾ നമ്മൾ നമ്മുടെ എല്ലാ വാതിലും നമ്മുടെ പ്രീയപ്പെട്ടവർക്കായി തുറന്നിരിക്കുകയാണ്. കഴിഞ്ഞ നാല് വർഷം കൊണ്ട് ലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യരുടെ കണ്ണീരൊപ്പിയ സർക്കാരാണ് മുന്നിലുള്ളത്, അതുകൊണ്ട് ഉറപ്പിച്ചു പറയാനാകും സാമ്പത്തികമായി തകർന്നു പോയവർക്ക്, ജോലി നഷ്ടപ്പെട്ടവർക്ക്, പാവപ്പെട്ട പ്രവാസികൾക്ക് അഭയമായി എന്നും ഈ സർക്കാർ മുന്നിലുണ്ടാകും. നമുക്കൊരുമിച്ചു മുന്നേറാം സർക്കാർ ഒപ്പമുണ്ട്.

നിങ്ങൾക്ക് വേണമെങ്കിൽ ഇത് ഒരു ന്യായീകകരണ കുറിപ്പ് ആയി കണക്കാക്കാം. വിദേശത്ത് നിന്ന് മടങ്ങി വരുന്ന ഒരാൾക്ക്‌ പതിനാലു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ആയിരുന്നു കേന്ദ്രസർക്കാർ നിബന്ധന. പിന്നീട് കേരള സർക്കാർ നിർദേശപ്രകാരം അത് ഏഴു ദിവസമാക്കി.ഇത്തരത്തിൽ കഴിയുന്ന ഒരാളുടെ ഒരു ദിവസത്തെ ഏറ്റവും കുറഞ്ഞ ചിലവ് ആയിരം രൂപ എന്ന രീതിയിൽ കണക്കാക്കിയാൽ ഏഴ് ദിവസത്തേക്ക് ഏഴായിരം രൂപ ഒരാൾക്ക് ചിലവ് വരും.
എയർ ലൈൻ കമ്പനി കണക്ക് പ്രകാരം ജൂൺ നാല് വരെയുള്ള എട്ട് ദിവസത്തിനുള്ളിൽ കേരളത്തിൽ പറന്നിറങ്ങുന്നത് ഏതാണ്ട് പതിനാലായിരത്തി അഞ്ഞൂറ് മലയാളികളാണ് ഇവരുടെ എല്ലാവരുടെയും ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ സർക്കാർ ഏറ്റെടുക്കുകയാണെങ്കിൽ സർക്കാരിന് ഈ ഒരാഴ്ചത്തേക്ക് വരുന്ന ചിലവ് പത്ത് കോടി പതിനഞ്ച് ലക്ഷം രൂപ വരും.

എയർപോർട്ട് -ടു- ക്വാറന്റൈൻ കേന്ദ്രം യാത്ര, രോഗ പരിശോധന തുടങ്ങിയ മറ്റ് ചിലവുകൾ കൂട്ടിയിട്ടില്ല. രോഗ പരിശോധനക്ക്‌ മാത്രം ഏകദേശ ചിലവ് മൂവായിരം രൂപയോളം വരും.ഇത്തരത്തിൽ ഒരു പത്ത് ബാച്ച് വന്നാൽ തന്നെ നൂറ് കോടി രൂപ ചുരുങ്ങിയത് ചിലവായി. ഇത് മുൻകൂട്ടി മനസിലാക്കിത്തന്നെയാണ് ഇൻസ്റ്റിറ്റ്യൂഷണൽ ക്വറന്റൈൻ ചെലവ് അവരവർ തന്നെ വഹിക്കണമെന്ന ആവർത്തിച്ചുള്ള കേന്ദ്ര നിർദേശവും കേരളമൊഴികെയുള്ള സർക്കാരുകൾ ആദ്യം മുതൽക്കേ അത് അതെപടി പിന്തുടരുന്നതും. നാട്ടിലേക്ക് വരുന്നതിന് നോർക്കയിൽ പ്രവാസികൾ നടത്തിയ രെജിസ്ട്രേഷൻ പ്രകാരം കേരള സർക്കാർ ഇതുവരെ കേന്ദ്രത്തിനു നൽകിയ മുൻഗണനാ ലിസ്റ്റിൽ രോഗികളും ഗർഭിണികളുമാണ്.ആ മുൻഗണന പ്രകാരം നാട്ടിലെത്തിയവർക്ക് വേണ്ട ക്വാറന്റൈൻ ഇതുവരെ സമ്പൂർണ സൗജന്യമായിരുന്നു.

നിലവിൽ നാനൂറിനു മുകളിൽ ആളുകൾ ചികിത്സയിലുണ്ട്. ഇവർക്ക് ദിവസവും ഒന്നര കോടിയോളം രൂപ ചിലവ് വരും. രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് തുകയും കൂടും. കഴിഞ്ഞ മൂന്ന് മാസമായി നികുതി വരുമാനം കുറഞ്ഞ സർക്കാർ തങ്ങളുടെ കയ്യിലുള്ള ക്വറന്റൈന് വേണ്ടി നീക്കി വെക്കണോ അതോ രോഗം ബാധിച്ചവരുടെ സൗജന്യ ചികിത്സക്ക് നീക്കിവെക്കണോ എന്നുള്ളതാണ് ഒരു സർക്കാരിന്റെ മുന്നിലുള്ള പ്രധാന പ്രശ്നം. കോവിഡ് സർക്കാർ ഗൂഢാലോചന എന്ന് ആരോപിച്ചർ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൊടുക്കരുത് എന്ന് പരസ്യ ആഹ്വാനം നടത്തിയവർ, സർക്കാർ ജീവനക്കാരുടെ ശമ്പളം കടമായി ചോദിച്ചതിന് കോടതി കയറിയവർ അങ്ങനെ നിരന്തരം പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നവരുടെ ഇടയിൽ പ്രവർത്തിക്കുന്ന സർക്കാരിന് തീർച്ചയായും പ്രയോറിറ്റി ഉണ്ടാവും. അത് പ്രവാസികൾക്ക്‌ മനസിലാവും.