അണിയറയിൽ ഒരുങ്ങുന്ന ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ തിരിച്ചുപോക്ക്

0
287

 

അണിയറയിൽ ഒരുങ്ങുന്ന ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ തിരിച്ചുപോക്ക്
===
മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയിട്ട് 50 വര്ഷം കഴിഞ്ഞു . ഏതാനും അപ്പോളോ ദൗത്യങ്ങൾ കഴിഞ്ഞപ്പോൾ അമേരിക്ക മനുഷ്യനെ കയറ്റിയ ചാന്ദ്ര ദൗത്യങ്ങൾ ഉപേക്ഷിച്ചു . സോവ്യറ്റ് യൂണിയൻ N -1 വിക്ഷേപണവാഹനത്തിന്റെ പോരായ്മകൾ കാരണം ചന്ദ്രനിലേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടു . ചന്ദ്രനിലേക്ക് ചില ഓട്ടോമാറ്റിക്ക് സാംപിൾ റിക്കവറി മിഷനുകൾ നടത്തി അവരും ചന്ദ്രനോട് എഴുപതുകളിൽ ഏതാണ്ട് ഗുഡ് ബൈ പറഞ്ഞു .എനെർജിയ എന്ന വമ്പൻ വിക്ഷേപണവാഹനം എൺപതുകളിൽ വികസിപ്പിച്ചുവെങ്കിലും സോവ്യറ്റ് യൂണിയന്റെ തകർച്ച കാരണം ആ പദ്ധതിയും അവർ ഉപേക്ഷിച്ചു .

ചുരുക്കത്തിൽ മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാൻ 90 ടൺ എങ്കിലും താഴ്ന്ന ഭ്രമണപഥത്തിൽ എത്തിക്കണം . എന്നാലേ 30 ടൺ ഭാരമുള്ള ഒരു ഓർബിറ്റർ -ലാൻഡർ -റിട്ടേൺ മോഡ്യൂളിനെ ഒരു എർത്ത്- മൂൺ ട്രാൻസ്ഫെർ ഓർബിറ്റിൽ എത്തിക്കാനാവൂ .ഇതാണ് രണ്ടോ മൂന്നോ മനുഷ്യരെ വഹിക്കുന്ന ഒരു ലൂണാർ മിഷന്റെ ഏറ്റവും കുറഞ്ഞ ആവശ്യം .ഇതുവരെ നിർമിക്കപ്പെട്ട വിക്ഷേപണ വാഹനങ്ങളിൽ സാറ്റേൺ -V , N -1 ,എനെർജിയ എന്നിവക്കെ ഇതുസാധ്യമാകൂ . അനലോഗ് നിയന്ത്രണ സംവിധാനങ്ങളുടെ കാലത്തു നിർമിച്ചവയാണ് ഈ മൂന്ന് വിക്ഷേപണ വാഹനങ്ങ ളും . ഇവയെ ആധുനിക ഡിജിറ്റൽ നിയന്ത്രണ സംവിധാനങ്ങൾ ഘടിപ്പിച്ചു പുനർ നിർമിക്കുന്നത് പുതിയ വിക്ഷേപണവാഹനങ്ങൾ നിര്മിക്കുന്നതിനേക്കാൾ ചെലവ് കൂടി യതായിരിക്കും എന്നാണ് കരുതപ്പെടുന്നത് . അതിനാൽ തന്നെ ഇവ മൂന്നും ഇനി ഒരിക്കലും ആകാശത്തേക്ക് കുതിക്കാൻ പോകുന്നില്ല .

താരതമ്യേന കുറഞ്ഞചെലവിൽ ഒരു 10 ബില്യൺ ഡോളർ ബജറ്റിൽ അടുത്ത 15 വർഷത്തിനുള്ളിൽ ഒരു മനുഷ്യനെ വഹിക്കുന്ന ചാന്ദ്രയാത്ര ഇപ്പോൾ അമേരിക്കൻ റഷ്യൻ സർക്കാരുകളുടെ സജീവ പരിഗണനയിലാണ് .ഇതിലേക്കായി SLS എന്ന വിക്ഷേപണ വാഹനം അമേരിക്കയിലും ,സോയുസ് -5 സൂപ്പർ ഹെവി (Soyuz-5 Super Heavy ) (എനീസി (Yenesi )എന്നും ഈ വാഹനത്തിന്റെ വിളിക്കുന്നുണ്ട് )എന്ന വിക്ഷേപണവാഹനം റഷ്യയിലും അണിയറയിൽ നിര്മാണത്തിലാണ് . ഈ രണ്ടു വിക്ഷേപണ വാഹനങ്ങൾക്കും 100 ടണ്ണിലധികം ലോ ഓർബിറ്റിലേക്കും 30 ടണ്ണിലധികം ട്രാൻസ് ലൂണാർ ഓർബിറ്റിലേക്കും ഉയർത്താനാവും . നിലവിൽ പരീക്ഷിക്കപ്പെട്ടു വിജയിച്ച എഞ്ചിനുകളും നിയന്ത്രണ സംവിധാനങ്ങളുമാകും ഇവ രണ്ടിലും ഉപയോഗിക്കുക .

SLS ഖര റോക്കറ്റുകളുടെയും ക്രയോജനിക്ക് റോക്കറ്റ് എഞ്ചിനുകളുടെയും ഒരു കോമ്പിനേഷൻ ആണ് . സോയുസ് -5 സൂപ്പർ ഹെവി ആകട്ടെ പൂർണമായും മണ്ണെണ്ണ ഇന്ധനമായി ഉപയോഗിക്കുന്ന ഒരു റോക്കറ്റ് സംവിധാനമാണ് . ഈ രണ്ടു വിക്ഷേപണവാഹനങ്ങളുടെയും നിര്മാണത്തിനാവശ്യമായ തുക ഈ രണ്ടു രാജ്യങ്ങളും അവരുടെ വരാനിരിക്കുന്ന ബജറ്റുകളിൽ വകയിരുത്തി കഴിഞ്ഞു .

നിലവിലെ സ്ഥിതിയനുസരിച്ചു ഈ രണ്ടു വിക്ഷേപണവാഹനങ്ങളും 2025 -2030 കാലഘട്ടത്തിൽ പരീക്ഷണപറക്കൽ നടത്തും . ചാന്ദ്രയാത്ര 2030 -2035 കാലഘട്ടത്തിൽ നടക്കാനാണ് സാധ്യത .
===
ചിത്രങ്ങൾ: SLS , സോയുസ് -5 സൂപ്പർ ഹെവി: ചിത്രകാരന്മാരുടെ ഭാവന :ചിത്രങ്ങൾ കടപ്പാട്rishidas s