കാലത്തിന്റെ കാവ്യനീതി
മുഹമ്മദ് സഗീർ പണ്ടാരത്തിൽ
കോളനി വാഴ്ചയുടെ കറ ഇനിയും പൂർണ്ണമായും മാഞ്ഞു പോയിട്ടില്ലാത്ത നാടിന്റെ പ്രതിനിധിയായ ഋഷി സൂനക് എന്ന ഇന്ത്യൻ വംശജൻ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമ്പോൾ അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയാം.കിഴക്കൻ ആഫ്രിക്കയിൽ നിന്ന് 1960 ൽ യുകെയിലേക്ക് കുടിയേറിയ ഇന്ത്യക്കാരായ യശ്വീറിന്റെയും ഉഷയുടെയും മൂന്ന് മക്കളിൽ മൂത്ത ആളായി ഋഷി സൂനക് 1980 മെയ് 12 ആം തിയതി ഹാംഷെയറിലെ സതാംപ്ടണിലാണ് ജനിച്ചത്.
ജനറൽ പ്രാക്ടീഷണറായിരുന്ന പിതാവ് യശ്വീർ കെനിയയിലും ഫാർമസിസ്റ്റായിരുന്ന അമ്മ ഉഷ ടാൻസാനിയയിലുമായിരുന്നു ജനിച്ചതെങ്കിലും ഇവരുടെ പിതാമഹാന്മാർ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബിലായിരുന്നു ജനിച്ചത്.ഹാംഷെയറിലെ റോംസിയിലെ സ്ട്രോഡ് സ്കൂളിലെ പഠനശേഷം ഋഷി സൂനക് സ്വതന്ത്ര ബോർഡിംഗ് സ്കൂളായ വിൻചെസ്റ്റർ കോളേജിലാണ് പഠിച്ചത്. അവിടെ അദ്ദേഹം ഹെഡ് ബോയിയും സ്കൂൾ പത്രത്തിന്റെ എഡിറ്ററുമായിരുന്നു. സ്ക്കൂൾ വേനലവധിയിൽ സതാംപ്ടണിലെ ഒരു കറി ഹൗസിൽ ജോലിചെയ്തിരുന്ന ഇദ്ദേഹം ഓക്സ്ഫോർഡിലെ ലിങ്കൺ കോളേജിൽ തത്ത്വചിന്ത, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിവയിൽ 2001 ൽ ബിരുദം നേടി. ഇവിടെ പഠിക്കുന്ന കാലത്ത് കൺസർവേറ്റീവ് കാമ്പെയ്ൻ ഹെഡ്ക്വാർട്ടേഴ്സിൽ ഇന്റേൺഷിപ്പ് ചെയ്ത ഇദ്ദേഹം 2006 ൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎ നേടി.
ഈ സമയത്തതായിരുന്നു ഇൻഫോസിസിന്റെ ഉടമ എൻ ആർ നാരായണ മൂർത്തിയുടെ മകൾ അക്ഷത മൂർത്തിയെ ഇദ്ദേഹം പരിചയപ്പെടുന്നത്. തുടർന്നിരുവരും വിവാഹിതരായി. അപ്പോൾ ഇദ്ദേഹം ഹെഡ്ജ് ഫണ്ട് മാനേജുമെന്റ് സ്ഥാപനമായ ദി ചിൽഡ്രൻസ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് മാനേജ്മെന്റിന്റെ (ടിസിഐ) പങ്കാളിയായിരുന്നു. 2009 ൽ ഈ കമ്പനി വിട്ട ഇദ്ദേഹം ആർ നാരായണ മൂർത്തിയുടെ ഉടമസ്ഥതയിലുള്ള കാറ്റമരൻ വെൻചേഴ്സിന്റെ ഡയറക്ടർ ആയി.
2014 ഒക്ടോബറിൽ റിച്ച്മണ്ടിന്റെ (യോർക്ക്) കൺസർവേറ്റീവ് സ്ഥാനാർത്ഥിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയുടെ മുൻ നേതാവും വിദേശകാര്യ സെക്രട്ടറിയും ഫസ്റ്റ് സെക്രട്ടറിയുമായ വില്യം ഹേഗാണ് ഈ സീറ്റ് മുമ്പ് വഹിച്ചിരുന്നത്. ഇദ്ദേഹം അടുത്ത പൊതു തിരഞ്ഞെടുപ്പിൽ സ്ഥാനമൊഴിയാൻ തീരുമാനിച്ചതിനാലായിരുന്നു ഋഷിക്ക് ഈ സ്ഥാനം ലഭിക്കുന്നത്. യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും സുരക്ഷിതമായ കൺസർവേറ്റീവ് സീറ്റുകളിലൊന്നായ ഈ സീറ്റ് 100 വർഷത്തിലേറെയായി പാർട്ടിയുടെ കൈവശമായിരുന്നു. അതേ വർഷം തന്നെ, ഇദ്ദേഹം സെൻറർ-റൈറ്റ് തിങ്ക് ടാങ്ക് പോളിസി എക്സ്ചേഞ്ചിന്റെ ബ്ലാക്ക് ആൻഡ് മൈനോറിറ്റി എത്നിക് (ബിഎംഇ) റിസർച്ച് യൂണിറ്റിന്റെ തലവനുമായി.
2015 ലെ പൊതുതെരഞ്ഞെടുപ്പിൽ 19,550 (36.2%) ഭൂരിപക്ഷത്തിൽ അദ്ദേഹം മണ്ഡലത്തിന്റെ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 2015-2017 പാർലമെന്റിൽ പരിസ്ഥിതി, ഭക്ഷണം, ഗ്രാമകാര്യ സെലക്ട് കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹം 2016 ജൂണിലെ അംഗത്വ റഫറണ്ടത്തിൽ യുകെ യൂറോപ്യൻ യൂണിയൻ വിടുന്നതിനെയും ഇദ്ദേഹം പിന്തുണക്കുകയുണ്ടായി. 2017 ലെ പൊതു തിരഞ്ഞെടുപ്പിൽ 23,108 (40.5%) ഭൂരിപക്ഷത്തോടെ ഇദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2018 ജനുവരി മുതൽ 2019 വരെ അദ്ദേഹം തദ്ദേശഭരണ സംസ്ഥാന പാർലമെന്ററി അണ്ടർ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. അന്നത്തെ പ്രധാനമന്ത്രി തെരേസ മേയുടെ ബ്രെക്സിറ്റ് പിൻവലിക്കൽ കരാറിന് വേണ്ടി മൂന്ന് തവണയും സുനക് വോട്ട് ചെയ്യുകയും ഏതെങ്കിലും പിൻവലിക്കൽ കരാറിന്മേലുള്ള ഹിതപരിശോധനയ്ക്കെതിരെ വോട്ട് ചെയ്യുകയും ചെയ്തു. 2019 ലെ കൺസർവേറ്റീവ് പാർട്ടി നേതൃത്വ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബോറിസ് ജോൺസണെ പിന്തുണച്ചു. ചാൻസലർ സാജിദ് ജാവിദിന് കീഴിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ 2019 ൽ ഇദ്ദേഹത്തെ ട്രഷറി ചീഫ് സെക്രട്ടറിയായി നിയമിച്ചു. അതിന്റെ അടുത്ത ദിവസം പ്രിവി കൗൺസിൽ അംഗവുമായ ഇദ്ദേഹം 2019 ലെ പൊതു തിരഞ്ഞെടുപ്പിൽ 27,210 (47.2%) ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ടു.
ബോറിസ് ജോണ്‍സന്റെ രാജിക്ക് പിന്നാലെ പ്രധാനമന്ത്രിയായ ലിസ് ട്രസ് 45 ദിവസത്തെ ഭരണത്തിനൊടുവില്‍ ഒക്ടോബര്‍ 20 ആം തിയതി പദവിയൊഴിഞ്ഞതിനെ തുടർന്നായിരുന്നു 2020 മുതൽ എക്സ്ചെക്കറിന്റെ ചാൻസലറായിരുന്ന ഇദ്ദേഹത്തിന് പ്രധാനമന്ത്രിയാകാൻ കളമൊരുങ്ങിയത്.
ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഭൂരിപക്ഷ കക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 357 എംപിമാരാണുള്ളത്. പാര്‍ട്ടിക്ക് അകത്ത് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ 100 എംപിമാരുടെ പിന്തുണ മാത്രം വേണ്ടിടത്ത് ഋഷി സൂനക്കിന് 142 എംപിമാരുടെ പിന്തുണ ലഭിച്ചു. 100 പേരുടെ പിന്തുണ ലഭിക്കാത്തതിനേത്തുടര്‍ന്ന് ബോറിസ് ജോണ്‍സനും പെന്നി മോര്‍ഡന്റും പിന്മാറിയതോടെ, ഇദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഒക്ടോബർ 28 ആം തിയതി ഇദ്ദേഹം ബ്രിട്ടീഷ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുമ്പോൾ യുകെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനാവും ഈ 42 കാരൻ.