Rita Reetha

Gwalior
Gwalior Fort

” നീ അയാളുടെ കൂടെ എവിടെ പോകുന്നു? ” ഗ്വാളിയർ കോട്ട കാണാനായി ചെന്ന ഞാൻ,കൂടെയുള്ളവരിൽ നിന്നു മാറി തണൽത്തേടിയുള്ള യാത്രയിൽ, പിന്നിൽ നിന്നുള്ള ചോദ്യം. അയാളോ , അതാര്? അതറിയാനായി തിരിഞ്ഞു നോക്കിയപ്പോൾ , ശരിയാണല്ലോ , പാന്റും ഷൂസും കൂളിംഗ് ഗ്ലാസ്സുമൊക്കെയായി , പവിഴമല്ലി പൂത്തുലഞ്ഞ നീലവാനം ” എന്ന പാട്ടുസീനിലെ ശ്രീനിവാസനെ പോലെ ഒരാൾ കൂടെത്തന്നെയുണ്ട്. “ആരാ …… എന്താ …… ” എന്ന ചോദ്യങ്ങളിൽ നിന്നു മനസ്സിലായി , അയാൾ ഒരു ഗൈഡാണെന്ന്.

സൂര്യൻ ആ ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ച് പോകാനുള്ള യാത്രയിലാണ്. ചൂട് കുറഞ്ഞതു കൊണ്ടാകാം ധാരാളം സഞ്ചാരികൾ അവിടെയുണ്ട്.
സഞ്ചാര കേന്ദ്രങ്ങളിൽ നമ്മൾ ശ്രദ്ധിക്കാത്തതും എന്നാൽ നമ്മളെ( സഞ്ചാരികളെ) മാത്രം ശ്രദ്ധിക്കുന്ന കൂട്ടരാണ് ഗൈഡുകൾ.
(ഓരോ വക പുലിവാലുകൾ!????)
‘ മാലയിലെ മുത്ത് ‘ എന്നു വിളിക്കുന്ന ഈ കോട്ട, മനോഹരമായ കൊത്തളങ്ങളാലും തിളങ്ങുന്ന നീല, പച്ച, മഞ്ഞ ടൈലുകളാൽ സമ്പന്നമായ താഴികക്കുടങ്ങളാൽ വിഭജിക്കപ്പെട്ടത്. പലതരത്തിലുള്ള കോട്ടകൾ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ടൈലുകൾ കോട്ടയ്ക്ക് മറ്റൊരു ഭംഗി നൽകുന്നുണ്ട്. ഹിന്ദു വാസ്തുവിദ്യയുടെ ഏറ്റവും മികച്ച വാസ്തുവിദ്യയെ പ്രതിനിധീകരിക്കുന്നു. ഇതിന്റെ നിർമ്മാണത്തെ കുറിച്ചുള്ള കൃത്യമായ കാലഘട്ടം അനിശ്ചിതത്വത്തിലാണ്. പത്താം നൂറ്റാണ്ട് മുതൽ നിലവിലുണ്ടെങ്കിലും കോട്ട കാമ്പസിനുള്ളിൽ കണ്ടെത്തിയിട്ടുള്ള ലിഖിതങ്ങളും സ്മാരകങ്ങളും ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ നിലനിന്നിരുന്നിരിക്കാമെന്നാണ്.

പ്രാദേശിക ഐതിഹ്യമനുസരിച്ച് , സൂരജ് സെൻ എന്ന രാജാവാണ് കോട്ട നിർമ്മിച്ചത്. കോട്ടയ്ക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു പുണ്യ കുളത്തിൽ നിന്നുള്ള വെള്ളം നൽകിയപ്പോൾ രാജാവിന്റെ കുഷ്ഠരോഗം ഭേദമായിയെന്നാണ്. നന്ദിയുള്ള രാജാവ് ഒരു കോട്ട പണിയുകയും അതിന് മുനിയുടെ പേര് നൽകുകയും ചെയ്തു.സൂരജ് സെൻ പാലിന്റെ 83 പിൻഗാമികൾ കോട്ട നിയന്ത്രിച്ചുവത്ര!
പതിനൊന്നാം നൂറ്റാണ്ട് മുതൽ മുസ്ലീം രാജവംശങ്ങൾ പല തവണ കോട്ട ആക്രമിച്ചു. മുഗളന്മാരും പിന്നീട് മറാഠികളും ഇത് സ്വന്തമാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ഭരണക്കാലത്ത് വലിയ മറാത്ത സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യയായിരുന്ന ഗ്വാളിയാർ രാജ്യമായി ഇത് സ്ഥാപിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഈ കോട്ട കേന്ദ്ര സർക്കാർ ഏറ്റെടുത്തു പരിപാലിക്കുന്നു. ഇതൊക്കെയാണ് കോട്ടയെ കുറിച്ചുള്ള ചരിത്രം.
3 ചതുരശ്ര കിലോ മീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന കോട്ടയുടെ ഉയരം 10 മീറ്ററിനേക്കാളും കൂടുതലുമാണ്.

കുന്നിൻ മുകളിലായതു കൊണ്ട് ഭൂപ്രകൃതിയുടെ മനോഹരമായ360 ഡിഗ്രി കാഴ്ച സമ്മാനിക്കുന്നു. ഈ കോട്ടയിൽ കൊട്ടാരങ്ങളും ജലസംഭരണികളും ക്ഷേത്രങ്ങളും ഉൾക്കൊള്ളുന്നു. പതിവു പോലെ മഹത്തായ വാസ്തുവിദ്യയ്ക്കും സമ്പന്നമായ ചരിത്രത്തിനും പേരു കേട്ടതാണ് ഈ കോട്ട എന്നതിൽ സംശയമേയില്ല.

Gwalior Man sing Palace

രാജവാഴ്ചയുടെയും ഭരണകർത്താക്കളുടെയും സ്വന്തം സാമ്രാജ്യത്തോടുള്ള സ്നേഹത്തിൻറെയും
അവരുടെ കരുതലിന്റെ യും പ്രതീകമായി മനോഹരമായ വാസ്തുവിദ്യകളോടു കൂടിയ വൈവിധ്യങ്ങളായ നിർമ്മിതികൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു..സ്വാതന്ത്ര്യാനന്തരം ഇവയെല്ലാം കേന്ദ്ര സർക്കാർ ഏറ്റെടുത്തു പരിപാലിക്കുകയാണ്. ചെറിയൊരു ഫീസ് ഈടാക്കി ഇതെല്ലാം ഓരോ സ്ഥലത്തിന്റെയും പ്രധാന സഞ്ചാര കേന്ദ്രങ്ങളാക്കിയിട്ടുണ്ട്.

ഗ്വാളിയർ കോട്ടയുടെ സമുച്ചയത്തിനുള്ളിലുള്ള ‘രാജ മാൻ സിംഗ് ‘ നിർമ്മിച്ച മാൻ സിംഗ് കൊട്ടാരം, നാലു നിലകളുള്ള ഈ കൊട്ടാരം മനോഹരമായ ഹൈന്ദവ വാസ്തുവിദ്യയാണ്. രണ്ട് നിലകളിലായി അതിർത്തി പങ്കിട്ട് എടുത്ത 2 തുറന്ന മുറ്റങ്ങളുണ്ട്. ഇതിലെ വലിയ മുറികളിൽ ചിലത് സംഗീത കച്ചേരികൾക്കുള്ള വേദിയായിരുന്നു. മറ്റുള്ളവ രാജ കൊട്ടാരത്തിലെ സ്ത്രീകൾക്ക് ഇരുന്ന് സംഗീതം ആസ്വദിക്കാനുള്ളതും. 1232 – ൽ ഗ്വാളിയോറിലെ ഭരണാധികാരി മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യമാർ സ്വയം തീയിൽ മുങ്ങിയ ‘ ജൗഹർ കുണ്ഡും കൊട്ടാരത്തിനകത്തുണ്ട്. ഏറ്റവും താഴത്തെ രണ്ടു നിലകൾ ജയിലുകളായിട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. വൈകുന്നേരമായതു കൊണ്ടാണെന്ന് തോന്നുന്നു ഗ്വാളിയാറിലെ മറ്റു സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചതു പോലെയല്ല. മറ്റു ഏതാനും സഞ്ചാരികളും കൊട്ടാരം കാണാനായിട്ടുണ്ട്. എവിടെയും ചരിത്രം വിളമ്പുന്ന ഗൈഡുകളും സഞ്ചാരികളുമാണ്. എനിക്കാണെങ്കിൽ മനോഹരമായി ആരോ പാടുന്നത് കേൾക്കാം. ഞാൻ അവിടെയുള്ളവരെ ശ്രദ്ധിച്ചില്ലെങ്കിലും ആർക്കും അങ്ങനെയൊരു പാട്ട് കേൾക്കുന്ന ഭാവമൊന്നും ഇല്ല. ചരിത്രം കേട്ട് – കേട്ട്, ‘ ഇനി വല്ല ഒരു മുറൈ വന്ത് പാറായോ, …… എന്ന രീതിയിലായോ എന്നൊരു പേടി!

വൃത്താകൃതിയിലുള്ള താഴത്തെ രണ്ടു നിലകൾ ജയിലുകളായിട്ടാണ് ഉപയോഗിച്ചിരുന്നത്. അങ്ങോട്ടേക്കുള്ള തിരിവു കോണിയുടെയവിടെ ആകെ ഇരുട്ടും. ഫോണിലെ ടോർച്ച് ഉപയോഗിച്ചു വേണം പോകാൻ. “അവിടെ ഏതോ പാട്ടിന്റെ ഷൂട്ടിംഗ് നടക്കുകയാണെന്ന് തോന്നുന്നു, അങ്ങോട്ടേക്ക് പോകണോ”? എന്ന എന്റെ ചോദ്യത്തിന്, ഞാൻ ടോർച്ചടിക്കാം നീ മുൻപിൽ നടക്ക് എന്നാണ് മറുപടി.
മുഗൾ ചക്രവർത്തിയായ ഔറംഗസേബ് തന്റെ സഹോദരനെ മുറാദിനെ ജയിലിലടച്ച് കൊലപ്പെടുത്തിയ ജയിലാണിത്. അതുപോലെ താഴത്തെ നിലയിലെ മുറികളിൽ ആളുകളെ പീഡിപ്പിക്കപ്പെട്ട സ്ഥലങ്ങൾ ഇപ്പോഴും കാണാം എന്നാണ് ഗൈഡ് പറഞ്ഞത്. സിഖുകാരുടെ ആറാമത്തെ ഗുരു ഇവിടെ തടവിലായിരുന്നുവത്ര .

പേടിയൊന്നുമില്ല എന്നാലും ഒരു ഭയം എന്ന മട്ടിലാണ് ബേസ്മെന്റിലേക്ക് എത്തിയത്. ആ പാട്ട് ഏത് ഭാഷയിലാണെന്ന് അറിഞ്ഞു കൂടാ. എന്നാലും സംഗീതം ആസ്വദിക്കാൻ ഭാഷ ആവശ്യമില്ല എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ആലാപനം.
കേട്ടുകൊണ്ടിരിക്കാൻ അതിഗംഭീരം . അവിടെയുള്ള ആ ഹാളിന്റെ നടുക്ക് നിന്ന് ഒരാൾ പാടുകയാണ്. മറ്റു രണ്ടു പേർ ഫോണിൽ വീഡിയോ എടുക്കുന്നുണ്ട്. ഏതോ മ്യുസിക്ക് കോളേജിൽ പഠിക്കുന്ന അവർ ‘ accoustic effect’ ട്രൈ ചെയ്യുകയാരുന്നുവത്ര. എന്തായാലും പേടിച്ചതല്ലെ ഇനി അതിന് മാറ്റം വരുത്തണ്ട എന്ന മട്ടിലാണ് അവിടെയവിടെയായി തൂങ്ങി കിടക്കുന്ന വവ്വാലുകൾ!
ചരിത്രവും സംഗീതവും കൂടി ഓർമ്മച്ചെപ്പിൽ സൂക്ഷിക്കാൻ നല്ലയൊരു അനുഭവം സമ്മാനിച്ചിരിക്കുന്നു.

Sasbahu Temple

പേരിലുള്ള കൗതുകം മുഖത്ത് പ്രതിഫലിച്ചതു കൊണ്ടോ, ഇവിടെ മാത്രമല്ല രാജസ്ഥാനിലും ഇതു പോലെയൊരു ക്ഷേത്രമുണ്ടെന്ന് ഗൈഡ്.അമ്മായിമ്മ – മരുമകൾ ക്ഷേത്രം , “അമ്മായിയമ്മ, വധു” അല്ലെങ്കിൽ അവളുടെ മരുമകളോടൊപ്പമുള്ള ഒരു അമ്മ” എന്നാണ്. സാസ് ബഹു ക്ഷേത്രമെന്നാൽ ” സഹസ്ത്രബാഹു ക്ഷേത്രം” എന്നുമാകാം. സസ്ബാഹു എന്നത് ആയിരം കൈകളുള്ളവൻ എന്നർത്ഥം വരുന്ന സസ്ബാഹു -ന്റെ പ്രാദേശിക പേര് ഇതുപോലെ ആയതായിരിക്കാം..
ഒരു ഭരണാധികാരി തന്റെ രാജ്ഞിക്ക് വേണ്ടി വലിയ ക്ഷേത്രം നിർമ്മിച്ചു. അദ്ദേഹത്തിന്റെ കാലശേഷം മകൻ രാജാവായപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ, ആരാധനയ്ക്കായി സ്വന്തമായി ഒരു ക്ഷേത്രം ആവശ്യപ്പെട്ടു. പുതിയ രാജാവ് ശിവക്ഷേതത്തിനടുത്തായി ചെറിയ ശിവക്ഷേത്രം പണിതു.
ഈ ക്ഷേത്രത്തിന് പ്രധാനമായും മൂന്നു വ്യത്യസ്ത ദിശകളിൽ നിന്ന് മൂന്ന് പ്രവേശന കവാടങ്ങളുണ്ട്. നാലാമത്തെ ദിശയിൽ, നിലവിൽ അടച്ചിരിക്കുന്ന ഒരു മുറിയുണ്ട്. ക്ഷേത്രത്തിൽ ഗരുഡൻ, ബ്രഹ്മാവ്, വിഷ്ണു, ശിവൻ , ഗംഗയെയും യമുനയെയും അവരുടെ പരിചാരകരോടൊപ്പമാണ് കൊത്തിയെടുത്തിരിക്കുന്നത്. ക്ഷേത്രത്തിന്റെ മേൽത്തട്ട്, തൂണുകൾ , വാതിലുകൾ എന്നു വേണ്ട എല്ലായിടവും സങ്കീർണ്ണമായ കൊത്തുപണികളാൽ നിറഞ്ഞിരിക്കുന്നു 11-ാം നൂറ്റാണ്ടിലെ ഈ ഇരട്ട ക്ഷേത്രം.
പക്ഷെ ഗ്വാളിയാറിലുള്ള മറ്റു ഹിന്ദു ജൈന ക്ഷേത്രങ്ങളെയും പോലെ ഇതിന്റെ ഭൂരിഭാഗവും തകർന്ന നിലയിലാണ്. നിരവധി അധിനിവേശങ്ങളിലും യുദ്ധങ്ങളിലുമായി സാരമായ കേടുപാടുകൾ സംഭവിച്ചിരിക്കുന്നു.

കുന്നിൻ മുകളിലായതു കൊണ്ട് താഴെയുള്ള നഗരത്തിന്റെ കാഴ്ചയും നൽകുന്നുണ്ട്. കച്ഛപഘട്ട രാജവംശത്തിലെ മഹിപാല രാജാവാണ് ഇത് പണി കഴിപ്പിച്ചിരിക്കുന്നത്.
രാവിലെ മുതൽ പലതരത്തിലുള്ള കാഴ്ചകളിലും ചരിത്രത്തിലും മുങ്ങിപ്പൊങ്ങിയ ദിവസമെന്നു പറയാം. അപ്പോഴാണ് ടിക്കറ്റ് കൗണ്ടറിനടുത്തുള്ള ഹാൻഡിക്രാഫ്റ്റ് കട കണ്ടത്. എന്നാൽ പിന്നെ….
കരകൗശല വസ്തുക്കൾ, തുകൽ ഉത്പന്നങ്ങൾ, ആഭരണങ്ങൾ, പാവകൾ, …… ഏതൊരു ടൂറിസ്റ്റ് സ്ഥലത്ത് കാണുന്നവയാണ് അവയിൽ പലതും. കൊറോണക്കാലം കഴിഞ്ഞു ഉഷാറായി വരുന്നതു കൊണ്ടാകാം ഞങ്ങളെ കൊണ്ട് എന്തെങ്കിലും വാങ്ങിപ്പിക്കണം എന്ന് ശപഥം എടുത്തതു പോലെയുണ്ട് കടക്കാർ. കോട്ടണിലും സിൽക്കിലും നെയ്തെടുത്ത മഹേശ്വരി സാരികളും ചന്ദേരി സിൽക്ക് സാരികളുമാണ് മധ്യപ്രദേശിന്റെ സ്വന്തം. മഹേശ്വരി കേട്ടിട്ടില്ലെങ്കിലും ചന്ദേരി സിൽക്ക് കേട്ടിട്ടില്ലെ എന്ന് സംശയം. അവിടെയും കണ്ണുടക്കാത്തതു കൊണ്ട് uv protection നും eco friendly ആയിട്ടുമുള്ള ഷീറ്റുകൾ, പുതപ്പ്, ട്ടവ്വൽസ് ജുബ്ബ & കുർത്തികൾ അത്തരം ശേഖരങ്ങളുടെ വരവായി അടുത്തത്. ബാംബു കോട്ടണനാണത്. മുളയുടെ നാരുകൾ കൊണ്ട് ഉണ്ടാക്കിയിട്ടുള്ളത്. ആന്റി ബാക്ടീരിയൽ, ശക്തമായ ഇൻസുലേറ്റിംഗ് ഉള്ളത് , അലർജി ഉണ്ടാവില്ല …… എന്തിന് പറയുന്നു ആ വാചകമടിയിൽ ഞങ്ങൾ വീണു. ഷീറ്റും കുർത്തിയുമായി അവിടെ നിന്നിറങ്ങുമ്പോൾ കടക്കാരന് വളരെ സന്തോഷം. ആദ്യമായിട്ടാണ് ഇത്തരം തുണിത്തരങ്ങളെ പറ്റി കേൾക്കുന്നത് എന്നാൽ ഒന്നു പരീക്ഷിച്ചു കളയാം എന്ന സന്തോഷത്തിൽ ഞങ്ങളും.
കണ്ടാൽ നമ്മുടെ ഖദർ തുണിത്തരം പോലെയുണ്ട്.

ഗ്വാളിയാർ കോട്ട
ഗുരുദ്വാര ഡാറ്റ ബന്ദി ചോർ സാഹിബ്’

” अपने मोज़े उतारो “, मोज़े അത് എന്താണെന്ന് മനസ്സിലാവത്തതു കൊണ്ട് ഞാൻ ആദ്യം കേൾക്കാത്ത മട്ടിലിരുന്നു . എന്നിൽ നിന്നും പ്രത്യേക ഭാവമാറ്റം ഇല്ലാത്തതുകൊണ്ടും മുന്നോട്ട് വെച്ച കാൽ മുന്നോട്ട് തന്നെ എന്ന മട്ടിലുള്ള എന്റെ നടപ്പും കണ്ടതോടെ , ആ ഏഴ് – എട്ട് വയസ്സ് പ്രായം വരുന്ന കുട്ടി ” अपने मोज़े उतारो “, എന്നു പറഞ്ഞു കൊണ്ട് ആക്രോശിക്കാൻ തുടങ്ങി. ‘SORRY’ പറഞ്ഞു കൊണ്ട് കൂടെയുള്ളയാൾ സോക്സുകൾ ഊരി ഷൂസ്സിനകത്ത് വെച്ചു. ഇത്രയേയുള്ളോ എന്ന മട്ടിൽ ഞാനും . ലോകമെമ്പാടുമുള്ള ഗുരുദ്വാരകൾ എന്നും അറിയപ്പെടുന്ന സിഖ് ക്ഷേത്രങ്ങളിൽ സൗജന്യ ഭക്ഷണം നൽകാറുണ്ട്. സൗജന്യമായതുകൊണ്ടു തന്നെ അത് വാങ്ങിച്ചു കഴിക്കാനുള്ള മടി കാരണം പല പ്രാവശ്യം പല സ്ഥലത്തെ ഇത്തരം ക്ഷേത്രങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും കാഴ്ചകൾക്കാണ് പ്രാധാന്യം കൊടുത്തിട്ടുള്ളത്. ഗ്വാളിയർ കോട്ടയിലെ ‘ ഗുരുദ്വാര ഡാറ്റ ബന്ദി ചോർ സാഹിബ്’-യിൽ , ആദ്യം ചായ പിന്നീട് ക്ഷേത്ര ദർശനം എന്ന രീതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ് ഞങ്ങൾ. ആ ചായ സംഘടിപ്പിക്കുന്നതിനിടയിലെ ചില നടപടികളിൽ വന്ന ചെറിയ പാകപ്പിഴയ്ക്കാണ് ഈ ബഹളം!

‘ ലംഗർ’ , ഗുരുദ്വാരയുടെ ഒരു കമ്മ്യൂണിറ്റി അടുക്കളയാണ്. മതം, ജാതി, ലിംഗഭേദം, സാമ്പത്തിക നില, വംശം എന്നിവയുടെ വ്യത്യാസമില്ലാതെ, എല്ലാ സന്ദർശകർക്കും സൗജന്യമായി ഭക്ഷണം നൽകന്നു. ഇത് അവരുടെ വിശ്വാസത്തിന്റെ ഒരു തത്വവും മതത്തിന്റെ ഒരു പ്രധാന ഭാഗവുമാണ്. സമൂഹത്തിന് നിസ്വാർത്ഥമായ സേവനം എന്ന ആശയത്തിന് ഊന്നൽ നൽകുന്നു. ഞങ്ങളുടെ ലംഗർ തപ്പിയുള്ള നടപ്പ് കണ്ടപ്പോഴെ മുതിർന്ന ഒരു സർദാർജി ഞങ്ങളുടെ അടുത്ത് വന്നിട്ട്,അവിടവിടെ വച്ചിരിക്കുന്ന
ബാസ്ക്കറ്റിൽ നിന്ന് തുണിയെടുത്ത് തല മൂടണം.. ഷൂസ്സും ഊരി പുറത്ത് വയ്ക്കണം.ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ പാത്രം കഴുകി വയ്ക്കണം. തിരിച്ചു പോകുമ്പോൾ തലയിലെ തുണി തിരിച്ച് ബാസ്ക്കറ്റിൽ നിക്ഷേപിക്കണം —. എന്നൊക്കെയുള്ള നിർദ്ദേശങ്ങൾ തന്നിരുന്നു. അതുകൊണ്ടാണ് मोज़े പറഞ്ഞപ്പോൾ ഞാൻ ശ്രദ്ധിക്കാഞ്ഞത്. എന്തായാലും ആ കുട്ടിയുടെ ആജ്ഞാപനം ഞങ്ങളെ അവിടെയുള്ളവരുടെയിടയിലെ നോട്ടപ്പുളികളാക്കി. ഭക്ഷണം കഴിക്കുക എന്നതിനേക്കാളും അത് എന്താണെന്നറിയാനുള്ള ആകാംക്ഷയായിരുന്നു എനിക്ക് .

ഭക്ഷണം കഴിക്കുന്ന ഹാൾ വൃത്തിയായും വെടിപ്പായിട്ടും വെച്ചിരിക്കുന്നു.. കഴിക്കാനുള്ള പാത്രങ്ങളായ പ്ലേറ്റ്, ചെറിയ കിണ്ണം (കട്ടോരി ) ഗ്ലാസ്സ് എല്ലാം ഓരോ സെക്ഷനായി അടുക്കി വെച്ചിട്ടുണ്ട്. രാത്രിയിലേക്കുള്ള ചപ്പാത്തിക്കുള്ള കറികൾ റെഡിയായിട്ടുണ്ട്. ചപ്പാത്തി ഒരു കൂട്ടം സ്ത്രീകൾ ഇരുന്ന് പരത്തുന്നുണ്ട്. മറ്റൊരു കൂട്ടം സ്ത്രീകൾ 2 വലിയ അടുപ്പിൽ വലിയ ചീനച്ചട്ടികൾ കമഴ്ത്തി ഇട്ടാണ് ചപ്പാത്തി ചുട്ടെടുക്കുന്നത്. ചായ കുടിച്ച്‌ കഴുകാനായി പാത്രവുമായി പുറത്തോട്ട് വന്നപ്പോഴാണ് ‘anticlimax’ – അടുപ്പിച്ച് അഞ്ചാറു സിങ്കും പൈപ്പും ഉണ്ട്. ആദ്യത്തെ സിങ്കിൽ പാത്രം വെറുതെ വെള്ളം കൊണ്ട് ചുറ്റിച്ച് കഴുകി ഞാൻ എന്റെ പാത്രം കഴുകൽ തീർത്തു. പാത്രം സോപ്പിട്ട് കഴുകണമെന്ന് കൂടെയുള്ളയാൾക്ക് നിർബന്ധം. സോപ്പ് അന്വേഷിച്ചു അടുത്ത സിങ്കിലെല്ലാം നോക്കി നടന്നപ്പോഴാണ്, അതിനും ഒരു നടപടി ക്രമം ഉണ്ടെന്നറിയുന്നത്. ഓരോ സിങ്കിലും എന്താണ് ചെയ്യേണ്ടെതെന്ന് എഴുതി വെച്ചിട്ടുണ്ട്. പക്ഷെ അതെല്ലാം ഹിന്ദിയിലാണ്. പഠിക്കാൻ ഞാനൊരു മിടുക്കി ആയതു കൊണ്ട് ഹിന്ദി അക്ഷരമാല ഇപ്പോഴും എനിക്ക് മന:പാഠം. പക്ഷെ വായിച്ചാൽ പോരല്ലോ അതിന്റെ അർത്ഥം മനസ്സിലാകാത്തതു കൊണ്ട് എല്ലാം തഥൈവ ! ഇതെല്ലാം കണ്ട് ക്ഷമകെട്ട് അരയിൽ കത്തിയൊക്കെ തൂക്കിയിട്ടിരിക്കുന്ന വയസ്സനായ ഒരു ആജാനബാഹു സർദാർജി എന്റെയടുത്തേക്ക്. “വായിച്ചാൽ എന്താണ് മനസ്സിലാകാത്തത്? ” – സർദാർജി. അതാണ് എന്റെ കുഴപ്പം from Kerala, ഹേ, ഹി , ഹും…. പറഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു.

ഗുരുദ്വാര കാണണോ എന്ന ചിന്തയായി അടുത്തത്. എന്നാൽ ചരിത്രം കേട്ടപ്പോൾ …… : ഹർ ഗോവിന്ദ് സാഹിബിന്റെ ജയിൽവാസവും തുടർന്നുള്ള മോചനവുമായി ബന്ധപ്പെട്ട ഒരു സിഖ് സ്മാരകമാണ്. പതിനൊന്നാമത്തെ വയസ്സിൽ ഗുരുവായ അദ്ദേഹം, സിഖ് സമുദായത്തെ മുഗളന്മാരിൽ നിന്ന് സംരക്ഷിക്കുന്നതിന് സൈനികവൽക്കരണം അവതരിപ്പിച്ചു. ജഹാംഗീർ രാജാവ്, ഗുരു ഹർഗോവിന്ദിന്റെ 14-ാം വയസ്സിൽ അദ്ദേഹത്തെ ഗ്വാളിയോർ കോട്ടയിൽ തടവിലാക്കി. ഗുരുവിന്റെ മോചന സമയത്ത് കൂടെയുള്ള രാജാക്കന്മാരേയും മോചിപ്പിക്കാൻ ജഹാംഗീറിനോട് അഭ്യർത്ഥിച്ചു. അഭ്യർത്ഥന അംഗീകരിച്ച രാജാവ്, പുറത്തിറങ്ങുമ്പോൾ മേലങ്കിയുടെ അരികിൽ പിടിക്കാൻ കഴിയുന്നവരെ മാത്രം വിട്ടയക്കാൻ ഉത്തരവിട്ടു. അതുകൊണ്ട് ഗുരു ഒരു പ്രത്യേക വലിയ മേലങ്കി ഉണ്ടാക്കി. മോചിതനായ ദിവസം ബന്ദികളാക്കിയ മറ്റ് 52 രാജാക്കന്മാർ ഈ മേലങ്കിയുടെ അറ്റം പിടിച്ചിരുന്നതിൽ അദ്ദേഹത്തോടൊപ്പം മോചിപ്പിക്കപ്പെട്ടു. ഈ പ്രവൃത്തി , ‘ ഡാറ്റാ ബന്ദി ചോർ (മുനിഫിഷ്യന്റ് വിമോചകൻ) എന്ന പദവി നേടി കൊടുത്തു. ഇവിടെ അദ്ദേഹത്തിന് ഒരു ചെറിയ ആരാധനാലയം നിർമ്മിച്ചു. പിന്നീട് 1970-ൽ ആണ് ഗുരുദ്വാര നിർമ്മിച്ചത്.

ഇവിടെ ഗുരുദ്വാരയിൽ കയറുന്നതിനുമുൻപായി വെള്ളം ഒഴുകുന്ന ഒരു കൃത്രിമ അരുവി കടന്നാണ് പ്രധാന സ്ഥലത്ത് എത്തുന്നത്. അതുകൊണ്ടു തന്നെ സോക്സിന്റെ പ്രശ്നമുണ്ടായില്ല. തല തുണി വെച്ച് മൂടിയിരിക്കണം. മാർബിളും വർണ്ണാഭമായ സ്റ്റെയിൻ ഗ്ലാസ്സു കൊണ്ടു നിർമ്മിച്ച 6 നിലകളിലായി ഉയരം കൂടിയ മനോഹരമായ തീർത്ഥാടന കേന്ദ്രങ്ങളിലൊന്ന്. മനോഹരമായ ആ വെളുത്ത കെട്ടിടവും അവിടുത്തെ പ്രശാന്ത സുന്ദരമായ അന്തരീക്ഷവും സന്ദർശകർക്ക് ആത്മീയമായി അടുപ്പം തോന്നും.
വയറും മനസ്സും നിറഞ്ഞ ഒരു ഗുരുദ്വാര സന്ദർശനമായിരുന്നു ഞങ്ങൾക്ക് ????

Leave a Reply
You May Also Like

റായൽസീമയിലെ സൂര്യകിരണങ്ങൾ…

റായൽസീമയിലെ സൂര്യകിരണങ്ങൾ നിഖിൽ വേണുഗോപാൽ എഴുതിയ യാത്രാവിവരണം * നിങ്ങൾ എന്നാണ് ആദ്യമായി കേരളത്തിനു പുറത്തേക്ക്…

ഒരു ‘ഓര്‍ഡിനറി’ വെക്കേഷന് പറ്റിയ സ്ഥലം, ഗവി !

മലയാളികള്‍ ഗവിയെ അറിഞ്ഞത് ‘ഓര്‍ഡിനറി’ എന്നാ സൂപ്പര്‍ ഹിറ്റ്‌ മലയാളം ചിത്രത്തിലൂടെയാണ്.

[ലോകജാലകം] ശ്രീലങ്ക : ഇന്ത്യന്‍ മഹാസമുദ്രത്തിലെ പവിഴം

ശ്രീലങ്ക എന്ന അയല്‍ക്കാരനെക്കുറിച്ച് അറിയാന്‍ രസകരമായ 10 കാര്യങ്ങള്‍

ഇങ്ങനെയുമുണ്ടോ കളികള്‍?

ചില വിചിത്രമായ കായിക വിനോദങ്ങളെക്കുറിച്ച് ഇത്തിരിക്കാര്യം!