എപ്പിസോഡുകൾ ഇങ്ങനെ അടുപ്പിച്ചു കാണുന്നതു വൈശാലി ഋഷ്യശൃംഖനെ പൊക്കാൻ പോയതിനെക്കാൾ വലിയ ടാസ്‌ക്

62

Rithin Calicut

സാന്ത്വനത്തിന്റെ പ്രൊമോ കണ്ട അന്നൊരുനാൾ നന്ദനത്തിലെ ബാലാമണി മനുവേട്ടനെ ആദ്യമായിട്ടു കണ്ടപ്പോ ഒന്നു ഷോക്കായില്ലേ…അതുപോലെ അഞ്ജലിയെ കണ്ടപ്പോ, ഞാൻ വണ്ടറടിച്ചു വീണില്ല എന്നേ ഉള്ളൂ.. കറക്റ്റ് ഞാൻ സ്വപ്നത്തിൽ കല്യാണം കഴിക്കുന്ന K K അഞ്ജലിയുടെ അതേ ഫേസ് കട്ട്.. ഹാ അത് പോട്ട്.. അപ്പൊ കാര്യത്തിലേക്ക് വരാം.ശിവേട്ടന്റെ ആക്രോശവും അഞ്ചലി മോളുടെ കലപിലയും കേട്ടാണ് വീട്ടിൽ വന്നു കയറൽ. വൈകീട്ട് ഓഫീസിൽ നിന്നു വീട്ടിലെത്തിയാൽ ഉമ്മറപടിയിൽ കയറാൻ പോലും സമ്മതിക്കാതെ ” കടക്കു പുറത്തു ” എന്നു പറയുന്ന വീട്ടിലെ ആരോഗ്യ മന്ത്രി, എന്റെ ടീച്ചറമ്മ നടപടിയെടുക്കുമെന്നു എനിക്ക് നന്നായി അറിയാം. അതു കൊണ്ട് ഞാൻ പള്ളിനീരാട്ടും പള്ളിയലക്കലും കഴിഞ്ഞു നട തുറന്നു അന്തപുരത്തിലേക്ക് കടക്കുമ്പോൾ ഏഷ്യാനെറ്റിന്റെ സീരിയൽ ട്രംപ് കാർഡായ മാതാപിതാക്കളും മക്കളും പരസ്പരം അറിയാതെയുള്ള കണ്ണു പൊത്തി കളി പ്ലോട്ട് പിടിച്ചിറങ്ങുന്ന 132മത്തെ സീരിയലിന്റെ ടൈറ്റിൽ കാർഡ് തുടങ്ങി കാണും.

ഇപ്പൊ ആ അവതാരത്തിന്റെ പേര് അമ്മ അറിയാതെ എന്നാ….. അതു കൊണ്ടു സ്വാന്തനത്തിന്റെ വല്ലപ്പോഴും കാണുന്ന ശിവേട്ടന്റെ ആക്രോശവും അഞ്ജലി മോളുടെ കുസൃതികളുമായി റൊമാൻസ് കവിഞ്ഞു ഒഴുകുന്ന പ്രൊമോ വീഡിയോസ് മാത്രമായിരുന്നു എനിക്ക് സാന്ത്വനമായിട്ടുള്ള ബന്ധം. എങ്കിലും സുഹൃത്തുക്കളുടെ വിലയേറിയ അഭിപ്രായത്തെ മാനിച്ചു ഞാൻ ആ സാഹസത്തിനു മുതിർന്നു. Tv യിൽ കാണാൻ സാധിക്കാത്തത് കൊണ്ടു ഹോട്സ്റ്റാറിൽ ആയിരുന്നു അങ്കം. ശബ്ദം പുറത്തു കേൾക്കുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്തു ഹെഡ് സെറ്റും കുത്തി വീടിന്റെ ഒരു മൂലയ്ക്കിരുന്നാണ് കാണുന്നത്. വേറൊന്നും കൊണ്ടല്ല ദിവസവും സീരിയലിനെ കുറ്റം പറയുന്ന ചെക്കന് ഇതെന്ത് പറ്റി എന്നു മാതാശ്രീക്ക് തോന്നാതിരിക്കാനാണ്..(തെറ്റിദ്ധരിക്കരുത് പ്ലീസ്).ക്ഷമയിൽ എനിക്ക് തെക്കേടത്തമ്മ അവാർഡ് ജസ്റ്റ് മിസ് ആയത് എന്തു കൊണ്ടാണ് എന്നെനിക്ക് സ്വാന്തനം എപ്പിസോഡ് കണ്ടപ്പോഴാണ് മനസിലായത്. അതേ സുഹൃത്തുക്കളെ.. സ്വാന്തനം എപ്പിസോഡുകൾ ഇങ്ങനെ അടുപ്പിച്ചു കാണുന്നതു വൈശാലി ഋഷ്യശൃംഖനെ പൊക്കാൻ പോയതിനെക്കാൾ വലിയ ടാസ്‌ക് ആണെന്ന് മനസിലാക്കിയ ഞാൻ നേരെ നമ്മുടെ യൂറ്റൂബിലേക്ക് വച്ചു പിടിച്ചു.. ദാ കിടക്കുന്നു നിര നിരയായി പ്രൊമോ വീഡിയോകൾ..

Image result for santhwanam serialഈ പ്രൊമോ വീഡിയോസ് മാത്രം കണ്ടാൽ എങ്ങനെ കഥ മനസിലാവും എന്നായിരിക്കും നിങ്ങടെ ഡൗട്ട്… but guys, it is too easy to understand. അതെനിക്ക് മനസിലായത് ഈ ഹോട്സ്റ്റാർ എപ്പിസോഡും പ്രൊമോ വീഡിയോസും തമ്മിൽ ഹരിച്ചും ഗുണിച്ചും നോക്കിയപ്പോഴാണ്. ചുരുക്കത്തിൽ സീരിയലിന്റെ കഥയും കഥാപശ്ചാത്തലവും അറിയാൻ എന്നും ഇതിന്റെ മുന്നിൽ കുത്തിയിരിക്കണമെന്നില്ല. ആഴ്ചയിൽ ഒന്നോ രണ്ടോ എപ്പിസോഡോ അതോ പ്രൊമോ വീഡിയോസോ മാത്രം കണ്ടാൽ മതി. ഒരു മുണ്ട് മാറ്റി പാന്റ് ഉടുക്കുന്നത് ആലോചിക്കാൻ പഞ്ചായത്തിൽ കരമടച്ച രസീതും ആപ്ലിക്കേഷനും സബ്മിറ്റ് ചെയ്തു പ്രേക്ഷകനെ ഒരു ആഴ്ച ടിവിയ്ക്ക് മുന്നിൽ കുത്തിയിരിപ്പിച്ചു ആലോചിച്ചു വാട്ടാക്കി, ശിവേട്ടൻ മുണ്ട് ഉടുക്കുമോ..? അതോ പാന്റിടുമോ..? എന്നു പ്രൊഫസർ അലിയാരെ കൊണ്ടു പറയിപ്പിച്ചു എപ്പിസോഡ് വലിപ്പിക്കുന്ന ടീമാണ്..

Image result for santhwanam serialഇനി സീരിയലിലേക്ക് വരാം . ഒരു സന്തുഷ്ട കുടുമ്പം. അതിൽ വല്യേട്ടനാണ് മെയിൻ. ഒരു ഉറുമ്പ് കടിച്ചാൽ വല്ല്യേട്ടാ… എന്നു വിളിക്കുന്ന അനിയൻമാരുള്ള അല്ലങ്കിൽ ഇടയ്ക്കിടെ അനിയന്മാരെ കൊലകളത്തിലേക്ക് പറഞ്ഞു വിടുന്ന കൈരളി tvയുടെ ആ വല്യേട്ടനല്ല ഗയ്‌സ് ഇത്. ഇത് ആണുങ്ങളില്‍ ആണായ കുടുംബത്തെ പൊന്നു പോലെ നോക്കുന്ന അനിയന്മാർക്ക് വേണ്ടി തന്റെ ലൗകിക ജീവിതം വെടിഞ്ഞു ജീവിയ്ക്കുന്ന ബാലൻ.. ചുരുക്കി പറഞ്ഞാൽ ഒരു മേലേടത്തു രാഘവൻ നായർ ലൈറ്റ് വേർഷൻ. രണ്ടാമത്തെ അനിയൻ, രണ്ടു പെണ്ണുങ്ങൾ ഒരേ സമയത്തു പ്രേമിക്കുന്ന എന്നാൽ അത് തുറന്നു പറയാത്ത പേടിതൊണ്ടൻ ചിന്നതമ്പി ഹരി. മൂന്നാമത് പലചരക്ക്കച്ചവടക്കാര്‍ക്കിടയിലെ catastrophic don, the most dreaded self styled warlord ചട്ടമ്പി ശിവൻ.

Image result for santhwanam serial4 – അപ്പ് കമിങ് ടെറർ the milk bottle കണ്ണൻ.
പിന്നെ ബാലേട്ടന്റെ ഭാര്യയും a.k.a ഏറ്റത്തിയമ്മ. അനിയൻമാരിൽ ആരെങ്കിലും ഓരോ പ്രശനം ഉണ്ടാക്കുകയും അത് പരിഹരിക്കലുമാണ് ഈ സീരിയലിന്റെ മെയിൻ കഥാതന്തു. അനിയന്മാരുടെ വള്ളി പിടിക്കൽ ഒരു ചാക്രിക പ്രവർത്തനം പോലെ തുടർന്നു കൊണ്ടിരിക്കും. അത് പരിഹരിക്കലും… അതു കൊണ്ടു അത് വിട്… നമ്മുടെ ഗഡികൾ ഇവരൊന്നുമല്ല. അത്..ശിവനും അഞ്ജലിയുമാണ്.
അതേ ശിവനും അഞ്ജലിയും.. ഏഷ്യാനെറ്റിന്റെ ഒഫീഷ്യൽ കലിപ്പന്റെ കാന്താരി..ഇവർ ഒന്നിച്ചു സ്ക്രീനിൽ വരുമ്പോൾ tv യുടെ സ്പീക്കർ ഗ്രില്ലിനുള്ളിലൂടെ റൊമാൻസ് കവിഞ്ഞൊഴുകുന്നത് വരെ കാണാം. സീരിയൽ അടിക്ട്സിന്റെ യൂറ്റൂബ് പ്രൊമോ വീഡിയോസിന്റെ കമന്റ് ബോക്‌സ് കണ്ടപ്പോഴാണ് ഇവർക്ക് അപാര ഫാൻബേസും ഉണ്ടന്ന് എനിക്ക് മനസ്സിലായത്.. അഞ്ജലി നോക്കിയപ്പോ ശിവേട്ടന്റെ മുഖത്തു വന്ന ചിരി ശ്രദ്ധിച്ചോ.? , അഞ്ജലിയും ശിവേട്ടനും നിന്നാൽ തന്നെ ഒരു ഐശ്വര്യമാണ്.. അഞ്ജലി കരഞ്ഞപ്പോൾ ശിവേട്ടന്റെ മനസ് തേങ്ങിയത് മനസിലായവർ ലൈക് അടി.., എന്നിങ്ങനെ വളരെ എന്റർടെയിനിംഗ് ആയ കമന്റുകളിടെ ഒരു ഘോഷയാത്ര തന്നെ ഉണ്ട് യൂടൂബിൽ. :D

Image result for santhwanam serialനിങ്ങൾക്കൊരു രഹസ്യമറിയോ ഫാൻസിനിടയിൽ ഇവർക്കൊരു പേരുണ്ട്..ശിവാഞ്ജലി ( അടി മോനെ പൂക്കുറ്റി ) അങ്ങനെ ടെലിവിഷൻ സീരിയൽ രംഗത്തു ഒരു താരഗമായി മാറി കൊണ്ടിരിക്കുകയാണ് ശിവാഞ്ജലി. ശിവേട്ടനെ പറ്റി പറഞ്ഞാൽ തീരൂല…. മനസു നിറയെ സ്നേഹമുള്ള കഠിന ജോലിയെടുക്കയുന്ന..വിവേകവും അതിബുദ്ധിമാനായ, കൈ കഴുകാതെ ഭക്ഷണം കഴിക്കുന്ന, പാന്റടുത്താൽ ഹൃത്തിക് റോഷൻ ആവുന്ന ഒരു കില്ലാടിയാണ് നമ്മുടെ ശിവേട്ടൻ. പുള്ളി വളരെ ആകസ്മികമായി ചെറുതായി ഒന്നു കല്ല്യാണം കഴിച്ചു.. ഭാര്യെടെ പേരാണ് അഞ്ജലി. ഇവർ മുട്ടൻ വഴക്കാണ്.. ചേട്ടനെ പ്രേമിച്ച പെണ്ണിനു പുള്ളീടെ അനിയനെ കഴിക്കേണ്ട അവസ്‌ഥ വന്ന പെണ്ണിന് അങ്ങനെ അല്ലെ പെരുമാറാൻ പറ്റുള്ളു. തെറ്റ് പറയാൻ പറ്റൂല.. ശിവേട്ടനാണെങ്കിൽ പുള്ളികാരിയെ കണ്ണ് എടുത്താൽ കണ്ടുകൂടാ.. പക്ഷെ ഇവർ തമ്മിലുള്ള അന്തർധാരയുടെ ഒഴുക്ക് കൂടി കൂടി വരുന്നതായാണ് പിന്നീട് കാണാൻ സാധിക്കുന്നത്.

Image result for santhwanam serialചിത്രം സിനിമയിൽ രഞ്ജിനി നെടുമുടിയോട് ലാലേട്ടനെ വിളിക്കുന്ന സീനില്ലേ..? കാലക്രമേണ വിളിയിൽ വരുന്ന സ്നേഹത്തിന്റെ ലാഞ്ചന കാണിക്കുന്ന സീൻ.. അതു പോലെ ഇവർ തമ്മിൽ അടുക്കുന്നതാണ് ഇപ്പൊ ഈ സീരിയലിന്റെ മെയിൽ ഹൈലൈറ്റ്. ചിത്രം സിനിമയിൽ ഈ സംഭവം ഒരു മിനിറ്റ് കൊണ്ട് കാണിക്കുന്നുണ്ടങ്കിലും ഇവരുടെ മാറ്റത്തിന്റെ ഓരോ ഘട്ടം ഏതാണ്ട് രണ്ടാഴ്ച ഇന്റർവെൽ വച്ചു വളരെ റിയലിസ്റ്റിക് ആയാണ് കാണിക്കുന്നത്.. അതുകൊണ്ടു ഈ ഉദ്യമം തീർക്കാൻ എന്നെ കൊണ്ട് കഴിയില്ല ഷാജിയേട്ടാ എന്നു എന്റെ ഉള്ളീന്നു ആരോ വിളിച്ചു പറയുന്ന പോലെ തോന്നി. എങ്കിലും ഞാൻ വിട്ടു കൊടുത്തില്ല.. മനസിനെ മയപ്പെടുത്തി ഗുരുക്കന്മാരെ മനസിൽ ധ്യാനിച്ചു തുടർന്നു.

പക്ഷെ ക്ഷമയുടെ നെല്ലി പടി കിടന്ന് വിറ തുടങ്ങിയപ്പോൾ എനിക്ക് മനസിലായി.. ഇതിലും നല്ലത് വീട്ടീന്നു രാവിലെ രണ്ടു വടിയെടുത്തു തെക്കേ പാടത്തു പോയി, വടി വച്ചു പാണൻപള്ളതിയെ പിടിച്ചു കോങ്ങ പൊട്ടിച്ചു വെയിലത്തിട്ടു ഉണക്കി, ചെട്ടിവാകത്ത് മാർക്കറ്റിൽ കൊടുത്തു 350 രൂഫാ വാങ്ങിക്കുന്നതാണെന്നു… അതു കൊണ്ട് ചെയ്ത പാപങ്ങളെ ഗംഗയിലൊഴുക്കി കഞ്ഞിയും കുടിച്ചു ഉറങ്ങാൻ പോയി.. നേരത്തെ കിടന്നാൽ രാവിലെ എഴുനേറ്റ് തെക്കേ പാടത്ത് ആദ്യം എത്താം..