യേശുദാസിന്റെ സ്വരമാധുര്യത്തെ അനുസ്മരിപ്പിക്കുന്ന അപൂർവ സ്വര സൗകുമാര്യം

0
162

Rithin Calicut

മുൻപ് ബസിൽ യാത്ര ചെയ്യുന്ന സമയത്തു പലപ്പോഴും കേട്ടിരുന്ന മലയാളം എവേർഗ്രീൻ ഗാനങ്ങളിൽ സംശയമുളവാക്കിയ ഒരു ഘടകം ഉണ്ടായിരുന്നു. സ്പീക്കറിൽ നിന്നു മിഴിയോരം നനഞ്ഞൊഴുകും.., ഇലകൊഴിയും ശിശിരവും എല്ലാം കേട്ടു കൊണ്ടിരിക്കുമ്പോൾ ഇടക്കെപ്പോഴോ തോന്നിയിട്ടുള്ളത് “ഇത് ഒറിജിനൽ വേർഷൻ അല്ലെ….? ” എന്നു ചോദിച്ചിട്ടുണ്ട്. അല്ല ഇത് ഒറിജിനൽ തന്നെ ആണ് എന്നു മനസ് ആവർത്തിച്ചു പറഞ്ഞിട്ടും സംശയത്തിന്റെ ഒരു നേരിയ അംശം ബാക്കി വച്ചിട്ടായിരുന്നു ബസ്സിറങ്ങാറുള്ളത്. പിന്നീട് പഴയ പാട്ടുകൾ കോഴിക്കോട് സതീഷ് ബാബു വേർഷൻസ് ഒരുപാട് നല്ല ക്വാളിറ്റിയിൽ റെക്കോര്ഡ് ചെയ്ത് ഇറങ്ങിയിട്ടുണ്ട് എന്ന വൈകി വന്ന അറിവാണ് പണ്ട് ബാക്കി വെച്ച സംശയത്തെ പൂർണമായും ഇല്ലാതാക്കിയത്.

May be an image of 2 people and people standingഇന്ന് വീണ്ടും പഴയ പാട്ടുകളിൽ കമ്പം കയറി പാട്ടുകൾ ഡൗണ്ലോഡ് ചെയ്യാം എന്ന് കരുതി ഗൂഗിളിൽ കയറി തപ്പിയപ്പോൾ കിട്ടിയത് ശ്രീ സതീഷ് ബാബു ആലപിച്ച ഗാനം ആയിരുന്നു. കേട്ടപ്പോൾ പഴയ യേശുദാസ് സ്വരമാധുര്യത്തെ അനുസ്മരിപ്പിക്കുന്ന അപൂർവ സ്വര സൗകുമാര്യം വീണ്ടും എന്നെ അത്ഭുതപ്പെടുത്തി. തുടർന്നുള്ള തിരച്ചിലിൽ അദ്ദേഹം ഏറ്റവും പുതുതായി പാടിയ ഗാനങ്ങൾ അറിയാനുള്ള കൗതുകം എന്നെ കൊണ്ടെത്തിച്ചത് അദ്ദേഹം വീട്ടിൽ തന്നെ ഇരുന്നു പാടി റെക്കോർഡ് ചെയ്ത ഒരു സ്മ്യൂൾ വീഡിയോയിലേക്കാണ്‌. ആ വീഡിയോ ക്വാളിറ്റിയിൽ പിറകിൽ ആയിരുന്നെങ്കിലും അദ്ദേഹത്തിന്റെ ശബ്ദവും ആലാപനവും വല്ലാതെ ആകർഷിച്ചു.

വീഡിയോ

പഴയ പാട്ടുകളിൽ നിന്നു യേശുദാസിന്റെ ശബ്ദം വർഷം തോറും ഗാഭീര്യം നേടിയെങ്കിലും ഇദ്ദേഹത്തിന്റെ ആ പഴയ യേശുദാസ് ശബ്ദത്തെ അനുസ്മരിപ്പിക്കുന്ന സ്വര മാധുര്യം ഇപ്പോഴും മാറാതെ മങ്ങലേക്കാതെ നിൽക്കുന്നു എന്നത് തീർത്തും അത്ഭുതകരമാണ്. വർഷങ്ങൾക്ക് മുൻപ് 20 ഓളം സിനിമകളിൽ തന്റെ സ്വര സാനിധ്യമറിയിച്ച പാട്ടുകാരൻ അവസാനം ആയി പുറത്തിറങ്ങിയ സിനിമ ഗാനം 2008ൽ പുറത്തിറങ്ങിയ ചെമ്പട എന്ന ചിത്രത്തിൽ ആണ്. തുടക്കകാലത്തു അദ്ധേഹം സിനിമയിൽ പാടിയ ഗാനങ്ങൾ കേട്ടാൽ യേശുദാസ് പാടിയതല്ല എന്നാരും പറയില്ല. അത്രയ്ക്ക് സാദൃശ്യം ഉണ്ടായിരുന്നു ആ ശബദത്തിനു. 1982 ൽ പുറത്തിറങ്ങിയ ധീര എന്ന ചിത്രത്തിൽ s ജനാകിയോടപ്പം അദ്ദേഹം പാടിയ മെല്ലെ മെല്ലെ നീ വരൂ എന്ന ഗാനം ഇതിനുദാഹരണമാണ്.

വീഡിയോ

ഇന്നും അദ്ദേഹം ഗാനമേള പ്രേമികളുടെ സൂപ്പർസ്റ്റാർ ആണ്.. അദ്ദേഹത്തിനോടുള്ള സ്നേഹവും ആദരവും നല്ല പാട്ടുകളെ സ്നേഹിക്കുന്ന മനുഷ്യരാൽ അദ്ദേഹത്തിന്റെ പാട്ടുകളുടെ യൂറ്റൂബ് കമന്റ് ബോക്‌സ് നിറയ്ക്കുന്നുണ്ട്. തുടർന്നും അദ്ദേഹത്തെ ഞാൻ കൂടുതൽ കേട്ടു കൊണ്ടിരുന്നു. നഷ്ടബോധമോ നിരാശയോ എന്താണ് എന്നറിയില്ല… പക്ഷേ ഒന്നറിയാം മലയാളം സംഗീതലോകം ഒട്ടും ഉപയോഗിക്കാതെ പോയ, അർഹമായ അംഗീകാരം ലഭിക്കാതെ പോയ കലാകാരൻ.
അതേ സതീഷ് ബാബു പാടുകയാണ്…