ഡെന്നിസ് ജോസഫും കോട്ടയംകുഞ്ഞച്ചനിലെ കോട്ടയം സ്ലാങ്ങുകളും

  0
  84

  Rithin Chilambuttusseril

  ഇന്നലെ പകൽ ശ്രീ. ഡെന്നിസ് ജോസഫിനെ പറ്റി ചിന്തിച്ചതേ ഉള്ളൂ. അതു സിനിമകളിലെ കോട്ടയത്തെ സംസാര രീതിയെ കുറിച്ച് ആലോചിച്ചപ്പോൾ ആണ്. ഇദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞത് പോലെ “‘കോട്ടയം കുഞ്ഞച്ചൻ ‘ സിനിമക്ക് തയാറാക്കിയ സംഭാഷണങ്ങൾ കോട്ടയം നഗരത്തിനു ഒരു നിശ്ചിത ദൂരം ചുറ്റളവിന് ഉള്ളിൽ ഉള്ള സംസാര രീതികൾ എല്ലാം കോർത്തിണക്കി” ഉള്ളത് ആണ് എന്ന്. മലയാളത്തിലെ കോട്ടയം കഥാപാത്രങ്ങളുടെ ഒരു template ആണ്‌ കോട്ടയം കുഞ്ഞച്ചൻ എന്ന് പറയാം.
  കോട്ടയത്തെ ഭാഷകൾ പ്രധാനമായും മൂന്ന് നദീംതടങ്ങളുടെ ശൈലികൾ ആണെന്ന് ഞാൻ കരുതുന്നു. 1. മീനച്ചിൽ, 2. മണിമല, 3. മൂവാറ്റുപുഴ.

  Mammootty-starrer 'Kottayam Kunjachan' was actually shot in Thiruvananthapuram | Kottayam Kunjachan | Mammootty | Aadu 2 | Mithun Manuel Thomas | KB Ganesh Kumar | Malayalam cinema | film | movie | Entertainment News | Movie News | Film Newsമീനച്ചിൽ നദീതടത്തിലെ ഭാഷ ആണ്‌ കോട്ടയം കുഞ്ഞച്ചനിൽ ഉൾപ്പെടെ ഉള്ളത്. പടിഞ്ഞാറ് തിരുവാർപ്പ് മുതൽ കിഴക്ക് ഏറ്റുമാനൂർ, അയർക്കുന്നം, പാലാ ഭാഗങ്ങൾ വരെയുള്ള ശൈലികളുടെ ഒരു സമന്വയം ഇതിൽ കാണാം. ‘എന്നാ’ ആണ്‌ marker. Expressions ഉം നീട്ടലുകളും താരതമ്യേന കുറവാണ്. കേരളത്തിൽ അപൂർവമായി മാത്രമുള്ള Basal voice ലുള്ള സംസാരങ്ങൾ കൂടുതലായി ഈ പ്രദേശങ്ങളിൽ കാണാം.

  മണിമലയാർ നദീതടത്തിലെ ഭാഷ ആണ്‌ കൂടുതലും കോട്ടയം ഭാഷ എന്ന പേരിൽ സിനിമകളിൽ കണ്ടിട്ടുള്ളത്. കോട്ടയത്തു നിന്നു KK (കോട്ടയം – കുമളി ) റോഡ് വഴി കിഴക്കോട്ടു പോകുന്തോറും എക്സ്പ്രഷൻസും നീട്ടങ്ങളും കൂടി വരുന്നതായും കാണുന്നു. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം വഴി ഹൈറേഞ്ച് കയറുമ്പോൾ അതു വ്യക്തമായി അറിയാൻ സാധിക്കും. കുന്നു – മലമ്പ്രദേശങ്ങളിൽ ജനസാന്ദ്രത കുറയും തോറും ഭാഷയുടെ pitch കൂടേണ്ടി വരികയും ജീവിതത്തിലെ കഷ്ടപ്പാടുകൾ expressions കൂട്ടുകയും ചെയ്യുന്നതാവാം ഈ വ്യത്യാസങ്ങൾക്ക് കാരണം. (“-ആന്നേ ‘ കൂട്ടി സംസാരിക്കുക highrange ശൈലി ആണ്‌ ). ‘എന്നാ’ യ്ക്കൊപ്പം ‘എന്നതാ’ കൂടെ കൂടുതലായി സംസാരത്തിൽ വരുന്നു.

  ഇനി ഏറ്റുമാനൂർ നിന്നു MC road വഴി വടക്കോട്ടു പോകുമ്പോൾ എറണാകുളം ശൈലി (eg. വന്നം, തന്നം = വരണം, തരണം ) നിഴലിച്ചു വരുന്നതും കാണാം. ഇത് പൊതുവെ മൂവാറ്റുപുഴ തടത്തിലെ ശൈലിയോട് അടുത്തു നിൽക്കുന്നു. ഇതൊന്നുമല്ലാതെ പൊതുവെ സിനിമകളിൽ കോട്ടയം ഭാഷ എന്ന് പറഞ്ഞ് കൂടുതലായി തിരുവല്ല- ചെങ്ങന്നൂർ – പത്തനംതിട്ട side ലെ ശൈലികളും കാണിക്കാറുണ്ട് (eg. ‘ആന്നോ എന്നൊക്കെ പറയുന്നത്’ )

  ഇന്നേ വരെ കോട്ടയത്തു ‘ഇച്ചായാ ‘ ‘അച്ചായാ ‘ എന്നൊക്കെ വിളിക്കുന്ന സ്ഥലങ്ങൾ കാണാൻ സാധിച്ചിട്ടില്ല. ‘-ച്ചായൻ ‘ എന്ന് പേരിനോട് ചേർത്തു വിളിക്കുമെങ്കിലും അതു സ്വതന്ത്യമായി ഉപയോഗിക്കുന്നത് കണ്ടിട്ടില്ല. ചേട്ടാ, ചേട്ടായി, അച്ചാച്ചാ (ചങ്ങനാശ്ശേരി ഭാഗം ) എന്നൊക്കെയാണ് പൊതുവെ വിളിച്ചു കണ്ടിട്ടുള്ളത്. കിഴക്കൻ പ്രദേശങ്ങളിൽ പെങ്ങന്മാർ മൂത്ത ആങ്ങളമാരെ ‘ആഞ്ഞ’ ചേർത്തു വിളിക്കുന്നതും കണ്ടിട്ടുണ്ട് (eg. കുഞ്ഞാഞ്ഞ ). ശ്രീ. ഡെന്നിസ് ജോസഫിനു ആദരാഞ്ജലികൾ….