പഴയ ആരാധനാ കേന്ദ്രങ്ങളിലെ ശിൽപ്പങ്ങൾക്ക് പേടിപ്പിക്കുന്ന രൂപങ്ങളും ഭാവങ്ങളും, അവയുടെ ഉദ്ദേശം എന്തായിരിക്കും ?

0
65


Rithin Chilambuttusseril

5 വർഷം മുൻപുള്ള കടുവേനലിന്റെ ഒരു പുഴുങ്ങുന്ന രാത്രി. സൈറ്റിലെ ഡ്രൈവർ ചോദിച്ചു ‘കേട്ടുറങ്ങാൻ വെറൈറ്റി പാട്ടുകൾ എന്തെങ്കിലും ഉണ്ടോ?’. ഞാൻ ‘പൂതപ്പാട്ടി’ന്റെ ഒരു കവിതാ ആലാപനം കേൾക്കാൻ കൊടുത്തു. അദ്ദേഹം കാറുമായി അടുത്തുള്ള ഒരു കാവിനടുത്തു പോയി . വണ്ടിയിൽ പാട്ടിട്ടു കാറ്റുകൊണ്ട് ഉറങ്ങാൻ. 15 minute കഴിഞ്ഞില്ല-ആള് ദേ വണ്ടിയുമായി തിരിച്ചെത്തി. പാതി മയക്കത്തിൽ പാട്ടിനു ഇടയ്ക്കുള്ള ‘പൂതംകളിവാദ്യ’വും പിന്നെ രാത്രി കാറ്റത്തു ഇളകുന്ന മരങ്ങളും കണ്ടു ആളുടെ ഉള്ളിൽ പേടി കയറിയിട്ട് !

ഏറിയും കുറഞ്ഞും നമ്മുടെ മിനുത്ത തൊലി മൂടിയിരിക്കുന്ന ഗോത്രീയതയുടെ ബാക്കി പത്രമാണ് നമ്മുടെ പേടി എന്ന് തോന്നുന്നു. പഴയ ആരാധനാ കേന്ദ്രങ്ങളിലെയും മറ്റും ശിൽപ്പങ്ങളിലെ പേടിപ്പിക്കുന്ന രൂപങ്ങളും ഭാവങ്ങളും – അവയുടെ ഉദ്ദേശം എന്തായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? പേടിക്കു വന്യതയിൽ വലിയ സ്ഥാനം ഉണ്ട്. കാടിന്റെ ഭാവം ആണ്‌ പേടി. Civilized ആയ മനുഷ്യനിൽ ആ ഗോത്രീയതയെ ഓർമിപ്പിക്കുന്നതിനാണോ ഈ ചിത്രീകരണങ്ങൾ എന്ന് തോന്നാറുണ്ട്. (Mythical animals ഒരു fossil പോലെ പഴയ എഴുത്തുകളിൽ ഉണ്ട്. ആനയും പുലിയും ചേർന്ന ‘യാളി ‘ സംഘ കൃതികളിലുണ്ട്. അതുപോലെ Dragon തുടങ്ങിയ ഉരഗങ്ങൾ പഴയ പല ചിത്രീകരണങ്ങളിലും. ജീവിതത്തിൽ ഒരിക്കൽ മാത്രം ഞാൻ ‘പെരുന്തൻ അട്ടയെ’ കണ്ടിട്ടുണ്ട് : രണ്ടടിയോളം നീളവും ഒത്ത വണ്ണവും ഉള്ള തേരട്ട. മറ്റുള്ളവർ വിശ്വസിക്കുന്നില്ല. അവർക്കു അതു പഴങ്കഥകളിൽ ഉള്ള ഒരു പുരാണ ജീവി ആകും!)

പലപ്പോഴും സിനിമകളിൽ ആണെങ്കിലും Anthromorph കൾ അതായത് മനുഷ്യ രൂപങ്ങളെ ആണ്‌ ‘കോക്കാച്ചി’ (Cockatrix) കളെക്കൾ നാം പേടിക്കാറുള്ളത് . ആ പഴയ ഗോത്ര സ്‌മൃതികൾ നമ്മുടെ ഉള്ളിൽ ഉള്ളത് കൊണ്ടാണ് നാം Horror Movies ആസ്വദിക്കുന്നതും (ഞാൻ കാണാറില്ല. പേടിയാണ് ). നോക്കിനിൽക്കേ സുഭദ്ര ഉടൽനിറയെ കയ്യുള്ള ഭീകരസത്വം (In Harihar Nagar) ആകുന്നതാണ് അങ്ങനെ ഒരെണ്ണം നേരെ മുൻപിൽ വന്നു നിൽക്കുന്നതിനേക്കാൾ നമ്മെ പേടിപ്പിക്കുക. പണ്ടത്തെ ‘കോക്കനക്കാ’ മിഠായി തിന്നുമ്പോൾ അണ്ണാക്കിലെ തൊലി പോയി അല്പം ചോര ഉപ്പ് രുചിക്കവേ നമ്മുക്കുണ്ടാകുന്ന അതേ വികാരമല്ലേ പ്രേതപടങ്ങൾ കാണുമ്പോൾ നമ്മുക്ക് ഉടാവുക! കലർപ്പുകൾ ഏറെ വന്നെങ്കിലും നമ്മുക്ക് ഏറ്റവും അടുപ്പമുള്ള ഒരു ഗോത്ര മനസ്സിനെ നാം താലോലിക്കുന്നുണ്ട്.

ആദ്യം പറഞ്ഞ കഥയിലേക്ക് വന്നാൽ, ആ ഒരു വാദ്യം ഇത്ര ഭയം ചേർക്കാൻ കാരണം എന്താവും? നമ്മുടെ ഗോത്ര മനസ്സിനോട് ചേർന്നു നിൽക്കുന്ന, നമ്മുടെ പരിസരത്തിന്റെ അല്പം ദുരൂഹമായ കാഴ്ച/കേൾവി / മണം ആണ്‌ നമ്മുക്ക് ഏറ്റവും പേടി ഉണ്ടാക്കുക. കാർപ്പത്തിയായിലെ ഡ്രാക്കുളയോ, മറ്റെവിടെങ്കിലും ഉള്ള കഥകളോ നമ്മുക്ക് അവിടത്തെ കഥകളായി ആസ്വദിച്ചു ‘പേടിക്കാൻ ‘ സാധിക്കും. എന്നാൽ പ്രേതത്തിന്റെ ത്രിലക്ഷണങ്ങൾ ആയ “വെള്ള സാരി, പുക, പാട്ട് ” (ജഗതി, film : കിലുകിൽ പമ്പരം ) ഉള്ള പടങ്ങൾ പഴങ്കഥകളോട് ചേർന്നു നിന്നിരുന്ന ഒരു കാലത്ത് മനസ്സിൽ പേടി നിറച്ചിരുന്ന ഒന്നു തന്നെ ആയിരുന്നു. ‘ആകാശഗംഗ’ കണ്ടിട്ട് ഉറക്കമില്ലാതെ കട്ടിലിൽ തിരിഞ്ഞു മറിഞ്ഞു കിടന്ന 6 ആം ക്ലാസ്സിലെ നെഞ്ചിടിപ്പിക്കുന്ന ഓർമ്മകൾ. ഇന്ന് ഇത്തരം പടങ്ങളെ ട്രോള്ളുന്ന പലർക്കും ഇങ്ങനെ ഒരു ഭൂതകാലം ഉണ്ടാകും.

മണിച്ചിത്രത്താഴിൽ നമ്മുക്ക് പേടി തോന്നാൻ കാര്യം അതിലെ പ്രേത സാന്നിധ്യം അല്ല. ഒരു തരം പ്രേതാന്ധകാരം ആണ്‌. നമ്മുക്ക് പരിചയമുള്ള അഥവാ പരിസരത്തു എളുപ്പം relate ചെയ്യാൻ പറ്റുന്ന ഒരു അന്തരീക്ഷത്തിന്റെ അല്പം ദുരൂഹമായ കാഴ്ചയാണ്. കൂടെ ആ സംഗീതവും- നമ്മുക്ക് ചിര പരിചയമുള്ള വീണയുടെ ദുരൂഹമായ ഒരു ശബ്ദം. എന്നും നിങ്ങൾ നടക്കാറുള്ള, കുറ്റാക്കുറ്റിരുട്ടുള്ള റബ്ബർ തോട്ടത്തിലൂടെയുള്ള ഒരു വഴി സങ്കൽപ്പിക്കുക. നിങ്ങൾക്ക് പേടി വരില്ല. എന്നാൽ തോട്ടം മുഴുവൻ വെട്ടി വെളുപ്പിച്ചു കഴിഞ്ഞു അതിലേ ആദ്യമായി വഴി നടക്കുമ്പോൾ 10 പ്രാവശ്യമെങ്കിലും പുറകോട്ട് നോക്കിയിരിക്കും. അതായത് അരക്ഷിതമായ അപരിചിതമായ ഇരുട്ട് നിങ്ങളിലെ ഗോത്ര മനുഷ്യനെ പുറത്തു കൊണ്ടുവരും.

6000 ഓളം വർഷം വരെ പഴക്കം ചെന്നെത്തുന്ന ഇടയ്ക്കൽ ഗുഹാ ചിത്രങ്ങളിൽ നാം കാണുക ഇരു കൈയും അൽപ്പം ഉയർത്തി നിൽക്കുന്ന ഒരു മനുഷ്യ രൂപം ആണ്‌. ഇത് തന്നെയാണ് പണ്ട് മറ്റുള്ളവരെ പേടിപ്പിക്കാൻ നമ്മൾ ചെറുപ്പത്തിൽ കാണിച്ചു കൊണ്ടിരുന്നതും! കൈപ്പത്തികൾ രണ്ടും വിരിച്ചു നിൽക്കുന്നത് സ്വന്തം ഉടലിന്റെ പരമാവധി വലിപ്പം പ്രദർശിപ്പിച്ചു എതിരാളികളെ ഭയപ്പെടുത്തുക എന്ന ഗോത്ര മനസ്സ് ചില ഭൂത കഥകളായി നമ്മുടെ കൂടെ നടക്കുന്നുണ്ട് എന്നല്ലേ ഇതിനർത്ഥം! കൂടെ നടക്കുന്നതും എപ്പോൾ വേണമെങ്കിലും നമ്മിൽ ആവേശിക്കാവുന്നതുമാണ് നമ്മുടെ യഥാർത്ഥ പ്രകൃതി ആയ വന്യത.

No photo description available.ജെല്ലിക്കട്ട് പടത്തിൽ ചർച്ച ചെയ്യുന്നത് ഈ ആശയത്തിന്റെ മറ്റൊരു വശമാണ്. ആൾക്കൂട്ടത്തിന്റെ ആരവാരം നിമിഷങ്ങൾക്കുള്ളിൽ ആയിരക്കണക്കിന് വർഷങ്ങൾ കൊണ്ട് സമ്പാദിച്ച civilization ഉരിഞ്ഞു കളയാൻ സഹായകമാവുന്നു. പുരാതനമായ ഏതോ കാട്ടിൽ തീയിൽ ചുട്ട ഇറച്ചിയുടെ ബാക്കി തിന്നു ശീലിച്ചു നമ്മുടെ കൂടെ കൂടിയ നായ , പിന്നെ ചെറുമൃഗങ്ങളെ പിടിക്കാൻ (നായാട്ട്) നമ്മുടെ ഗുണ്ടകൾ ആയി. ഇന്നും നമ്മുടെ നാടൻ പട്ടികൾ എന്നാൽ മുൻപിൽ ഒരു കാട്ടുമുയൽ പെട്ടാൽ കൂട്ടം കൂടി തങ്ങളുടെ സഹജ വന്യ വാസനയിൽ നായാട്ട് ആരംഭിക്കും. വന്യത നമ്മുടെയും കയ്യെത്തും ദൂരത്തുതന്നെയുണ്ട്.