‘എസ്ര’ പടത്തിനു നന്ദി : കറുത്ത യഹൂദന്മാരെ ഓർമ്മിക്കാൻ എങ്കിലും ഒരു താൾ മാറ്റി വെച്ചതിന്

47

Rithin Chilambuttusseril

‘തമ്പിരാൻ നോയമ്പ് തൊണ ആയിരിക്കേണം “( film :എസ്ര ).

2 വർഷം മുൻപ് സുഹൃത്തുമൊത്തു ചേന്നമംഗലം ഒപ്പം പറവൂർ സിനഗോഗുകൾ സന്ദർശിക്കാൻ പോയി. പാലിയം ക്ഷേത്രത്തിന്റെ , പെരിയാറ്റിലേക്കുള്ള കുന്നിൻ ചെരുവിൽ (!) ചിതറികിടക്കുന്ന യഹൂദക്കല്ലറകൾ. കാട് കേറി, വലിയ എട്ടുകാലി വലകൾ നിറഞ്ഞു വല്ലാതായ അവിടെ നടക്കുമ്പോൾ മനസിലേക്ക് വന്നുകൊണ്ടിരുന്നത് ഈ പാട്ടും 2000 വർഷത്തിലേറെക്കാലം ഈ മണ്ണിൽ അലിഞ്ഞു ജീവിച്ച കറുത്ത യഹൂദരുമാണ്. സോളമൻ രാജാവ് ഇന്ത്യയിൽ നിന്നു കൊണ്ടുപോയതായി ഹീബ്രു ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നത് ‘കപി’ (കുരങ്ങ് ) യും ‘തുകി ‘ (തോകൈ – മയിൽ ) യും ആണ്. (ബിസി 10 th century ). ഒരു പക്ഷേ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ദ്രാവിഡ പദങ്ങൾ! അന്നു മുതലേ യഹൂദർ കേരള മണ്ണുമായി കുഴഞ്ഞു കിടക്കുന്നു. ശിങ്കിലി നദിയുടെ (ചങ്ങല നദിയുടെ ഹീബ്രു രൂപം – കൂടിയും പിരിഞ്ഞും സമതലത്തു ചങ്ങല പോലെ ഒഴുകുന്ന പെരിയാർ നദി ) തീരത്തു അവർ കച്ചവടവുമായി ജീവിച്ചു. കാലക്രമേണ അവരിൽ പലരും ഹിന്ദു – നസ്രാണി – ഇസ്ലാം മതങ്ങളുടെ ഭാഗമായി. ബാക്കി ഉള്ളവർ 20 ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഇസ്രായേൽ ചെന്നെത്തി. ഒരു കുടുംബം മാത്രം ഇന്നുമുണ്ട് – മാഞ്ഞാലിയിൽ.

‘എസ്ര’ പടത്തിനു നന്ദി : കറുത്ത യഹൂദന്മാരെ പറ്റി അല്ലെങ്കിലും ആ ഒരു സംസ്കാരം നമ്മുടെ നാട്ടിൽ നിലനിന്നിരുന്നു എന്നു വരും തലമുറകൾക്ക് ഓർമ്മിക്കാൻ എങ്കിലും ഒരു താൾ മാറ്റി വെച്ചതിന്. യഹൂദ മലയാള കല്യാണപ്പാട്ടുകളുടെ സമാഹരമായ ‘കാർകുഴലി ‘ (compiled by Prof. Scariah Zakariya) പൊതു മലയാളിക്ക് അന്യമെങ്കിലും യഹൂദ സംസ്കാരം തുളുമ്പി നിൽക്കുന്ന ‘തമ്പിരാൻ’ പാട്ടു മലയാളിക്ക് നൽകിയ അൻവർ അലിക്കും സുഷിൻ ശ്യാമിനും നന്ദി . ഗ്രാമഫോൺ Sephadic Jews( വെളുത്ത യഹൂദർ – സ്പെയിൻ& പോർട്ടുഗലിലെ മത മർദ്ദന കാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയവർ ) നെ ആണ് കാഴ്ചപെടുത്തുന്നത്. സലിം കുമാറിന്റെ ‘കറുത്തജൂതൻ ‘ കാണാൻ സാധിച്ചിട്ടുമില്ല. തീർന്നു പല്ലാണ്ട് കാലം ഈ മണ്ണിൽ വാഴ്ന്ന ഇവരെ പറ്റി സിനിമയിൽ ഉള്ള ഓർമ്മകൾ!
ഇത് പോലെ ആധുനികമലയാളി മറവിയിലേക്ക് തള്ളിയ ചില സമൂഹങ്ങളുടെ ഓർമ്മകൾ ‘ഫോസ്സിലാ’യി മലയാള സിനിമയിൽ ഇന്നുമുണ്ടോ?

മലയാള സിനിമയിലെ ‘യക്ഷി’ ചിത്രീകരങ്ങളോട് ചേർന്ന് വരുന്ന വെള്ളവസ്ത്രത്തിനു പുറകിൽ ഒരു ജൈനപ്പഴമയുടെ ഓർമ ഉണ്ടോ എന്നു ഗവേഷണ വിഷയമാക്കേണ്ടതാണ് . (ജൈനരിൽ ശ്വേതാംബരരും ദിഗംബരരും ഉണ്ട് ). യക്ഷിസങ്കല്പം , അതുപോലെ, കാവ് എന്ന ദ്രാവിഡപ്പതിവ് ഇവയ്ക്കു പിന്നിൽ ജൈന സ്വാധീനം കേട്ടിട്ടുണ്ട്. കേരള പൊതു സമൂഹത്തിലെ ജൈന സ്വാധീനം ഇല്ലാതാക്കാൻ അവരെ കാവുകളിൽ ജീവിക്കുന്ന ശക്തികളാക്കി ‘വരേണ്യവർഗം’ ചിത്രീകരിച്ചതാവുമോ? മതം ആയിരുന്നല്ലോ പാവങ്ങളിൽ അപകർഷത പരത്താൻ എന്നും ആയുധമായി നിന്നത്! തങ്ങളുടെ വിശ്വാസങ്ങളെ അവർക്ക് ചെന്നെത്താൻ പ്രയാസമുള്ള ഒരു പറുദീസ ആയി വയ്ക്കുക, മറ്റു വിശ്വാസങ്ങളിൽ നിന്നും അവരെ അകറ്റി തങ്ങളുടെ കീഴിൽ വയ്ക്കുക എന്നതു എന്നും വിജയിക്കുന്ന രീതി ആണ് ! (ഭൂതർ എന്നത് ജൈനന്മാർ ആണെന്നും അവർ ദുഷ്ടകഥാപാത്രങ്ങളായി ഭക്തിപ്രസ്ഥാന അന്തര കേരളീയരാൽ ചിത്രീകരിക്കപ്പെടുകയായിരുന്നു എന്നും വായിച്ചിട്ടുണ്ട്. ‘ഭൂതത്താൻകെട്ട് ‘ അണ ഇതുമായി ചേർത്തു പറയുന്നതും കേട്ടിട്ടുണ്ട്).

‘യോദ്ധ’യിലെ ഉണ്ണിക്കുട്ടൻ ആയും കുട്ടിസ്രാങ്കിലെ കഥാപാത്രവുമായും ഒക്കെ അന്യവത്കരിക്കപ്പെട്ട ബുദ്ധസംസ്കാരം പക്ഷേ “മുത്തപ്പാ’ വിളിയുടെ മധുരം പോലെ നമ്മുടെ ഗൃഹാതുര സ്മരണയിൽ നിൽക്കുന്നത് നാം അറിയാറില്ല. നമ്മുടെ ജീനുകളിൽ ഉള്ള ഈ പഴമ ഇപ്പോൾ നമ്മെ സംബന്ധിച്ചു ഹിമാലയത്തിൽ ജപമാല ഉരുട്ടിയും ചക്രം കറക്കിയും ധ്യാനിക്കുന്ന Mangaloid face ഉള്ള ഏതോ സന്യാസിമാർ മാത്രമാണ്. ഓണാഘോഷങ്ങൾ പടങ്ങളിൽ കാഴ്ചപ്പെടുത്തുമ്പോൾ കാണിക്കുന്ന മഞ്ഞ ഓണപ്പുടവ ഇവരുടെ ഓർമ നമ്മിൽ ഉണർത്തട്ടെ!
ബുദ്ധമത പശ്ചാത്തലമുള്ള ചിത്തല ചാത്തനാർ എഴുതിയ ‘മണിമേഖലയും ‘ ജൈനമത പശ്ചാത്തലമുള്ള മലയാളി (ഇരിങ്ങാലക്കുട കൂടൽമാണിക്യം സ്വദേശി ) ഇളങ്കോ അടികൾ എഴുതിയ ‘ചിലപ്പതികാരവും ‘ പിറവി കൊണ്ടതു
ഈ മണ്ണിൽ. ഒരേ കഥാ പശ്ചാത്തലം ഇരു മതങ്ങളുടെയും മഹത്വം വിളിച്ചോതുന്നതായി രണ്ടു കൃതികളായി എഴുതപ്പെട്ടിരിക്കുന്നു.’മതുറയ്ക്കാഞ്ചി’ വായിക്കുമ്പോൾ മതുറ പട്ടണത്തിൽ ഒന്നിച്ചു വാഴുന്ന ബുദ്ധപ്പള്ളികളും ജൈന അമ്പലങ്ങളും അന്തണരുടെ (വൈദികധർമ ) കേന്ദ്രങ്ങളും കാണുന്നു. അന്തണൻ (ബ്രാഹ്മണൻ ) ആയ കപിലരും പാണൻ ആയ പരണരും ഒരേ സംഘപ്പലകയിൽ ബഹുമാനിക്കപ്പെട്ടു. തേഞ്ഞു പോയ സംസ്കാരങ്ങൾ Fossil കളായി മലയാളത്തലച്ചോറിലും കലാ രൂപങ്ങളിലും നിലനിൽക്കുന്നു എന്നു തോന്നുന്നു.