Riyas Kmr
തുടക്കക്കാരനെ പോലും ചേർത്തു നിർത്തിയ മമ്മൂക്ക😘😘❤️.
ഒരു നടൻ തന്റെ കർമ്മ രംഗത്ത് തലയെടുപ്പോടെ അമ്പതാണ്ടുകൾ പൂർത്തിയാക്കുക… അങ്ങനൊരു മഹാ നടനാണ്… താര രാജാവാണ് പത്മശ്രീ ഭരത് മമ്മൂട്ടി എന്ന ഞങ്ങളുടെ മമ്മൂക്ക.എന്റെ ജീവിതത്തിൽ ദൈവം തന്ന വലിയൊരു ഭാഗ്യങ്ങളിലൊന്നാണ് ആ മഹാനടനൊപ്പം അദ്ദേഹത്തോട് ഡയലോഗ് പറഞ്ഞ് ഒരൊറ്റ രംഗത്തിലായിരുന്നെങ്കിൽ കൂടിയും അഭിനയിക്കാൻ കഴിഞ്ഞു എന്നത്.
അന്ന് ടൈമിംഗ് തെറ്റിയ എന്നെ മമ്മൂക്ക സ്നേഹവാക്കു കൊണ്ട് ചേർത്ത് നിർത്തിയ അനുഭവം എന്റെ അവസാന ശ്വാസം വരെ ഹൃദയത്തിൽ മായാതെ കിടക്കും.എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠ തുല്യനായ സുഹൃത്ത് അജയേട്ടൻ സംവിധാനം ചെയ്ത ‘ഷൈലോക്ക്’ ലായിരുന്നു അത്.
ഇനി കലയുടെ ലോകത്ത് എന്റെ സ്വപ്നം പോലെ ഏത് വലിയ ഉയരങ്ങളിലെത്തിയാലും എനിക്കെന്നല്ല, ഇവിടെയുള്ള ഏത് കലാകാരനും മാതൃകയാക്കാവുന്ന നന്മയുടെ വലിയ ഒരു അനുഭവ പാഠം അന്ന് മമ്മൂക്ക പ്രവർത്തി കൊണ്ട് പഠിപ്പിച്ചു തന്നിട്ടുണ്ടായിരുന്നു. ആ അനുഭവ കഥ ഇവിടെ പറയാം…
അതിന് മുമ്പ് എന്റെ ഹൃദയത്തിലെ മമ്മൂക്കയെന്ന വികാരത്തെയും ഇവിടെ അടയാളപ്പെടുത്തട്ടെ.എൽ.പി.സ്കൂൾ കാലഘട്ടത്തിൽ കണ്ട ‘ന്യൂഡൽഹി’ സിനിമയിലെ ജി.കെ എന്ന ആ പത്രപ്രവർത്തകനോട് തോന്നിയ അടങ്ങാത്ത ഇഷ്ടമാണ് എന്നെ പിന്നീട് കടുത്ത മമ്മൂക്ക ഫാൻ ആക്കി മാറ്റിയത്. വടക്കൻ വീരഗാഥയിലെ ചന്തുവും അമരത്തിലെ അച്ചൂട്ടിയും വിധേയനിലെ ഭാസ്കരപട്ടേലരും ആ ആരാധനയുടെ ആഴം കൂട്ടിക്കൊണ്ടേയിരുന്നു. പലരും പറഞ്ഞു കേട്ടിട്ടുള്ള ‘ജാഡയുള്ള… അഹങ്കാരിയായ’ ആ നടൻ ഹൃദയത്തിലേക്ക് വല്ലാതെ കുടിയേറി.
മിമിക്രി ചെയ്തിരുന്ന കാലത്ത് അയാളുടെ നടത്തം എന്റെ നടത്തമായി… അയാളുടെ സംഭാഷണത്തിലെ സൂക്ഷ്മത എന്റെതുമായി.. ഒരു മാത്രയെങ്കിലും അതിവിദൂരെ നിന്നെങ്കിലും മമ്മൂക്ക എന്ന നടനെ കാണണമെന്ന് അതിയായി ആഗ്രഹിക്കാൻ തുടങ്ങി. അങ്ങനെ മമ്മൂക്കയെ കാണാൻ മാത്രമായിട്ടാണ് വർഷങ്ങൾക്ക് മുമ്പ് ‘യുഗപുരുഷൻ’ സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി പോയത്. അന്നാ ആഗ്രഹം സാധിച്ചില്ല.
പക്ഷേ, ഞാൻ ആദ്യമായി ‘മകൾ’ എന്ന പേരിൽ ഹ്രസ്വചിത്രം സംവിധാനം ചെയ്തപ്പോൾ തളിപ്പറമ്പ് ആലിങ്കീൽ തീയേറ്ററിന് മുമ്പിൽ എന്റെ വലിയ ഫ്ലക്സ് വെച്ചത് മമ്മൂക്ക ഫാൻസായിരുന്നു.സിനിമയെന്ന സ്വപ്നത്തിലേക്കുള്ള നിരന്തരമായ പരിശ്രമത്തിനിടയിൽ ചിലരുടെ പുച്ഛിക്കലുകളും പരിഹാസവും കേൾക്കുമ്പോൾ കണ്ണുനിറയും. നിരാശയുടെ പടുകുഴിയിലാണ്ട് തകർന്നിരിക്കുന്ന ആ സന്ദർഭങ്ങളിൽ ബെസ്റ്റ് ആക്ടറിൽ രഞ്ജിത് സാർ മമ്മൂക്കയോട് പറയുന്ന ആ ഡയലോഗ് സീൻ എടുത്ത് കാണും. വാതിലടച്ച് കരയും.
എം.മോഹനേട്ടൻ സംവിധാനം ചെയ്ത ‘കഥ പറയുമ്പോൾ’ സിനിമയുടെ ക്ലൈമാക്സ് രംഗം കാണും. അതിലെ അശോക് രാജിൽ ഞാനെന്നെ തന്നെ സങ്കൽപ്പിക്കും. ഒരു വല്ലാത്ത എനർജിയാണ് ഉള്ളിലേക്ക് പ്രവഹിക്കുക.മമ്മൂക്കയെ കാണാനുള്ള അതിയായ ആഗ്രഹം മൂത്ത് പരിചയക്കാരായ പല സംവിധായകരോടും കൊതി പറഞ്ഞു തുടങ്ങി. അങ്ങനെയാണ് അജയേട്ടൻ സംവിധാനം ചെയ്യുന്ന ‘മാസ്റ്റർ പീസ്’ ന്റെ ലൊക്കേഷനിൽ ചെല്ലാൻ പറഞ്ഞത്. പക്ഷേ, അന്ന് കൊല്ലം ഫാത്തിമ മാതാ കോളേജിൽ മമ്മൂക്കയുടെ ഭാഗങ്ങൾ ഷൂട്ട് ചെയ്തു തുടങ്ങിയിട്ടുണ്ടായിരുന്നില്ല. കൂടുതൽ ദിവസം അവിടെ തങ്ങാൻ പണമില്ലാതിരുന്നതിനാൽ അന്ന് നിരാശയോടെ മടങ്ങി.
പിന്നീടാണ് ‘അബ്രഹാമിന്റെ സന്തതികൾ’ ടെ പ്രമോഷനായിട്ട് കോഴിക്കോട് ഹൈലൈറ്റ് മാളിൽ മമ്മൂക്ക വരുന്ന വിവരം അറിഞ്ഞ് അങ്ങോട്ട് ട്രെയിൻ കയറിയത്. എന്റെ ഭാഗ്യത്തിന് ആ പരിപാടിയുടെ സുരക്ഷാ ചുമതല അന്നത്തെ നല്ലളം എസ്ഐ സനീഷ് സാറിനായിരുന്നു. നേരത്തെ തളിപ്പറമ്പിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തോട് റിപ്പോർട്ടിംഗിന് വന്നതാണെന്ന് കള്ളം പറഞ്ഞ് അവർക്കൊപ്പം നിന്നു. മമ്മൂക്ക അവിടെ എത്തിയപ്പോൾ പോലീസിനും ബൗൺസേർസിനും ഒപ്പം അവരിലൊരാളായി ഞാനും.
ദാ എന്റെ കൈയ്യെത്തും ദൂരെ എന്റെ മമ്മൂക്ക. ഉള്ളം സന്തോഷം കൊണ്ട് തുടിച്ചെങ്കിലും അത് പുറത്ത് പ്രകടിപ്പിച്ചില്ല. മമ്മൂക്കയുടെ പിന്നിൽ നടക്കുന്ന ഞാനുൾപ്പെട്ട ചിത്രം എനിക്ക് ലഭിച്ചു. ഞാൻ ഉടനെ അത് അജയേട്ടന് അയച്ചു കൊടുത്തു.
‘ഏട്ടാ ഇത് പോലൊരു രംഗം ബിഗ് സ്ക്രീനിൽ എന്റെ സ്വപ്നമാണ്’ എന്നായിരുന്നു എന്റെ മെസേജ്.
‘എല്ലാം നടക്കും.’ – എന്നായിരുന്നു അജയേട്ടന്റെ മറുപടി.
2019 ആഗസ്ത് ഒന്നിനാണ് അജയേട്ടന്റെ എന്നെ ഏറെ സന്തോഷിപ്പിച്ച മറ്റൊരു മെസേജ് എന്റെ വാട്സ് ആപ്പിലേക്ക് വരുന്നത്.
‘നിനക്ക് 9 ന് ഷൂട്ടുണ്ട്.’
ആ മെസേജ് വായിച്ച് എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുമ്പി. 9 നാണ് ഷൈലോക്കിന്റെ ഷൂട്ടിങ് തുടങ്ങിയത്.
അന്ന് ചിത്രീകരിച്ച സീനിൽ മമ്മൂക്ക ഉണ്ടായിരുന്നില്ല. കലാഭവൻ ഷാജോണിനോടുള്ള സംഭാഷണമായിരുന്നു എന്റെ സീൻ.
അന്നവിടെ നിന്നിറങ്ങുമ്പോ ഞാൻ അജയേട്ടനോട് രണ്ടും കൽപ്പിച്ച് ആ മോഹം പറഞ്ഞു. ‘അജയേട്ടാ മമ്മൂക്ക ഉള്ള ദിവസം ഞാൻ ഷൂട്ട് കാണാൻ വന്നോട്ടെ’.
‘അതിന് നമുക്ക് വഴിയാക്കാട’ – എന്നായിരുന്നു മറുപടി.
പിന്നീട് എന്നെ വിളിച്ചത് അസോസിയേറ്റ് ഡയറക്ടറായ മനേഷേട്ടനാണ്.
‘എടാ മമ്മൂക്കയുടെ കൂടെ ഒരു സീനുണ്ട് ട്ടാ…’ – മനേഷേട്ടന്റെ ആ വാക്കുകൾ കേട്ടപ്പോൾ ഒരു തരം മരവിപ്പായിരുന്നു ശരീരം നിറയെ.
എന്തോ അത് വിശ്വസിക്കാനാവാത്ത അവസ്ഥ. ബംബർ ലോട്ടറിയടിച്ച ഫീല്.
അങ്ങനെ ആ രംഗം ഷൂട്ട് ചെയ്യുന്ന ദിനമെത്തി. മമ്മൂക്ക വന്നത് മുതൽ അവിടെ ഒരു സൈഡിൽ മാറി നിന്ന് പുള്ളിയെ തന്നെ നോക്കും. മമ്മൂക്കയുടെ നോട്ടം ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് വരുമ്പോ എന്റെ നോട്ടം മാറ്റും. ഹരീഷ് കണാരനും ബൈജുവും സിദ്ദിഖും പോലുള്ള വലിയ നടന്മാർ മമ്മൂക്കയോട് ചിരിച്ച് വർത്തമാനം പറയുന്നത് കണ്ടപ്പോൾ ശരിക്കും അവരോട് കുശുമ്പ് തോന്നിയിട്ടുണ്ട്. അതുപോലെ എനിക്കും ഒന്ന് മിണ്ടാൻ പറ്റിയിരുന്നെങ്കിൽ എന്ന കൊതിയായിരുന്നു മനസ് നിറയെ.
അങ്ങനെ മമ്മൂക്കയോട് ഞാൻ ഡയലോഗ് പറയുന്നതടക്കമുള്ള സീൻ ഷൂട്ട് ചെയ്യാൻ തുടങ്ങി. നമുക്ക് അത്രയധികം ആരാധനയുള്ള ഒരു മഹാനടനോട് ഒരൊറ്റ ഡയലോഗാണെങ്കിൽ കൂടി അത് പറയുന്നതിന്റെ ബഹുമാനം നിറഞ്ഞ വിറയൽ നന്നായി ഉള്ളിലുണ്ടായിരുന്നു. ബിബിയേട്ടനോട് പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു. ‘സാരില്ലെടാ… നീ തകർക്ക്’ എന്ന സ്വതസിദ്ധമായ മറുപടി.ഞാൻ ഒരു ദീർഘശ്വാസമെടുത്തു. അജയേട്ടൻ ആക്ഷൻ പറഞ്ഞു.
എന്നിട്ടും ഉള്ളിലെ പരിഭ്രമം കാരണം ആദ്യ ടേക്കിൽ മമ്മൂക്ക ഡയലോഗും പറഞ്ഞ് കഴിയും മുമ്പേ എന്റെ ഞാനറിയാതെ ഡയലോഗ് പറഞ്ഞു പോയി.
സത്യം പറഞ്ഞാൽ മഹാനടൻ മുമ്പിൽ നിൽക്കുന്നതിന്റെ ആദരം കലർന്ന ഭയം ഉള്ളിലുണ്ടായിരുന്നു.ഞാൻ കാരണം, റീടേക്ക് വേണ്ടി വന്നതോടെ ചീത്ത കിട്ടുമെന്ന് ശരിക്കും ഞാൻ പേടിച്ചു. കാരണം ഞാൻ കേട്ടറിഞ്ഞ മമ്മൂക്ക വല്യ കാർക്കശ്യക്കാരനും ദേഷ്യക്കാരനുമാണ്. എന്റെ കണ്ണ് ചെറുതായി നനഞ്ഞു.. തൊണ്ട വരണ്ടു.. ഞാൻ പറഞ്ഞ സോറി പുറത്ത് വന്നില്ല എന്നതാ സത്യം..
പക്ഷേ, അവിടെയാണ് മമ്മൂക്ക എന്ന മനുഷ്യത്വം മാത്രമുള്ള കലാകാരൻ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയത്.
‘മോനെ ടെൻഷൻ വേണ്ട കേട്ടോ… എന്റെ ഡയലോഗ് കഴിഞ്ഞതിന് ശേഷം മോൻ പറഞ്ഞാ മതി കേട്ടോ’… എന്നിട്ട് മമ്മൂക്ക അവിടെ നിന്നിരുന്ന ചീഫ് അസോസിയേറ്റ് ഡയരക്ടർ രാജാജി ചേട്ടനെ നോക്കി പറഞ്ഞു… ‘മോൻ നന്നായി പറയും… അല്യോടാ മോനെ’… – മമ്മൂക്കയുടെ വാക്കുകൾ കേട്ട് ഞാൻ ആ എന്ന് തലയാട്ടി…
മമ്മൂക്കയുടെ ആ വാക്കുകൾ ഞാനെന്ന വെറുമൊരു വളരെ ചെറിയ നടനായ തുടക്കക്കാരന് തന്ന ഊർജ്ജം വാക്കുകൾക്കും അതീതമാണ്. അന്ന് ഞാനവിടെ കണ്ടത് മെഗാ സ്റ്റാർ മമ്മൂക്കയെ ആയിരുന്നില്ല… തളർന്നു പോകുമായിരുന്ന തന്റെ വളരെ ചെറിയ ഒരു സഹപ്രവർത്തകനെ വാക്കിന്റെ പോസിറ്റീവ് എനർജി കൊണ്ട് ഉയർത്തി കൊണ്ട് വന്ന വലിയ മനുഷ്യ സ്നേഹിയെ ആയിരുന്നു.
അതോടെ അടുത്ത ടേക്കിൽ ഞാനെന്റെ ടൈമിംഗും സംഭാഷണവും കൃത്യമാക്കി.
അന്ന് മുതൽ മമ്മൂക്കയോട് മനസിലുള്ളത് ആരാധന മാത്രമല്ല. വല്ലാത്തൊരു ആത്മബന്ധം കൂടിയാണ്.
പിന്നീട് മമ്മൂക്കക്കൊപ്പം ഫോട്ടോയെടുക്കണമെന്ന ആഗ്രഹവും അജയേട്ടൻ സാധിപ്പിച്ചു തന്നു. അന്നാ ഫോട്ടോ എടുക്കാൻ വേണ്ടി കോയമ്പത്തൂരിലേക്ക് പോകാനും എനിക്ക് മടിയില്ലായിരുന്നു. കാരണം, എനിക്ക് അതാണെന്റെ മമ്മൂക്ക.
എന്റെ പ്രചോദനം… അഭിനയത്തിന്റെ ടൈമിംഗ് എന്തെന്ന് എന്നെ പഠിപ്പിച്ച ഗുരുനാഥൻ… എന്റെ പാഠപുസ്തകം… അതിലുപരി ഒരു കലാകാരൻ പച്ച മനുഷ്യനായിരിക്കണമെന്ന് പഠിപ്പിച്ച നന്മയുടെ മുഖം… ആ മമ്മൂക്കയാണ് ഇന്ന് അഭിനയത്തിന്റെ അരനൂറ്റാണ്ട് പൂർത്തിയാക്കുന്നത്.
ഇനിയും ഒരു വലിയ അത്യാഗ്രഹം ബാക്കിയാണ്… മമ്മൂക്ക എന്ന മഹാ പ്രതിഭക്കൊപ്പം മികച്ച കഥാപാത്രങ്ങൾ ചെയ്യണമെന്ന അത്യാഗ്രഹം…
സ്വപ്നങ്ങൾ കാണാൻ മാത്രമുള്ളതല്ല, നേടാനും കൂടിയുള്ളതാണ് എന്ന് ജീവിതം കൊണ്ട് പഠിപ്പിച്ചു തന്ന മമ്മൂക്ക തന്നെയാണ് അതിനായുള്ള പരിശ്രമത്തിന്റെ എന്റെ വലിയ മാതൃകയും…
ആ സ്വപ്നവും ഞാൻ നേടും…
Love U Dear and Dearest Mammookka 😘😘❤️❤️
-ഏറെ സ്നേഹത്തോടെ സ്വന്തം റിയാസ് കെ.എം.ആർ-