കുമാരി (2022) OTT Review
Riyas Pulikkal
ഇന്ത്യൻ മിത്തുകൾ കൊണ്ട് പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ വിസ്മയിപ്പിക്കാനാകും എന്ന് തെളിയിച്ചൊരു സിനിമയായിരുന്നു റാഹി അനിൽ ബർവേയുടെ തുമ്പാട്. നിർമൽ സഹദേവ് സംവിധാനം നിർവഹിച്ച കുമാരിയെ ഞാൻ വിശേഷിപ്പിക്കാനാഗ്രഹിക്കുന്നത് “മലയാള സിനിമയുടെ തുമ്പാട്” എന്നാണ്. ചാത്തൻ – ദേവി സങ്കല്പത്തിൽ നിന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് കുമാരി. തുമ്പാടിനെക്കുറിച്ച് ഞാനൊരിക്കൽ പറഞ്ഞത് “വെറും 5 കോടി കൊണ്ട് രചിക്കപ്പെട്ട മഹാത്ഭുതം” എന്നായിരുന്നു. തുമ്പാടിന്റെ ബഡ്ജറ്റിനെക്കുറിച്ച് പല അഭിപ്രായവ്യത്യാസങ്ങളുമുണ്ടെങ്കിലും നമ്മുടെ സ്വന്തം കുമാരി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് വെറും 5 കോടിക്കും പത്ത് കോടിക്കും നടുവിൽ നിന്നുകൊണ്ടാണ് എന്നറിയുമ്പോൾ നാമെന്തിന് അഭിമാനിക്കാതിരിക്കണം. വിഎഫ്എക്സിനേക്കാൾ കൂടുതൽ മേക്കപ്പ് ഡിപ്പാർട്മെന്റിനെയാണ് ആശ്രയിച്ചിരിക്കുന്നത് എന്നുതോന്നി. പക്ഷേ, അതാണ് സിനിമയുടെ പ്രധാന പോസിറ്റീവ്. കാരി ദേവന് ലോർഡ് ഓഫ് ദി റിങ്സിലെ ഓർക്കുകളുടെ ഒരു ഛായ ആദ്യം തോന്നിയെങ്കിലും ബാലരമയിലെ ലുട്ടാപ്പിയുടെ അമ്മാവൻ പുട്ടാലുവിന് അതിനൊക്കെ വർഷങ്ങൾക്ക് മുൻപേ തന്നെ അതേ ഛായയായിരുന്നു എന്നതുവെച്ച് ആശ്വസിച്ചു. എങ്കിലും ചാത്തൻ വെറൈറ്റി ഉണ്ടായിരുന്നു. വളരെ വിശ്വനീയമായ തരത്തിൽ തന്നെ അവരെ അവതരിപ്പിക്കുന്നതിൽ കുമാരി വിജയിച്ചിട്ടുണ്ട്. കുമാരിയെക്കുറിച്ച് പറയുമ്പോൾ ആദ്യം എടുത്ത് പറയേണ്ടത് അതിലെ കാസ്റ്റിംഗിനെക്കുറിച്ചാണ്.
കുമാരിയായി ഐശ്വര്യ ലക്ഷ്മി വളരെ മികച്ച പ്രകടനം തന്നെ പുറത്തെടുത്തപ്പോൾ ശരിക്കും ഞെട്ടിച്ചു കളഞ്ഞത് സുരഭി ലക്ഷ്മിയായിരുന്നു. മുത്തമ്മയായുള്ള സുരഭി യുടെ പകർന്നാട്ടത്തെ “വേൾഡ് ക്ലാസ്സ്” എന്നതിൽ കുറഞ്ഞതൊന്നും വിശേഷിപ്പിക്കാനില്ല. സുരഭിയെ മലയാള സിനിമ കൂടുതൽ ഉപയോഗിക്കേണ്ടിയിരിക്കുന്നു. She’s a Gem. തുപ്പൻ തമ്പുരാനായി വേഷമിട്ട ശിവജിത് പത്മനാഭനും മനോഹരമായി അഭിനയിച്ചിട്ടുണ്ട്. നങ്ങകുട്ടിയായി എത്തിയ തൻവി റാമും വല്യച്ചനെ അവതരിപ്പിച്ച സ്ഫടികം ജോർജ്ജുമെല്ലാം നല്ല അഭിനയപ്രകടനങ്ങളായിരുന്നു കാഴ്ച്ച വെച്ചത്. കുമാരിയിലെ മികച്ച കാസ്റ്റിംഗുകളെക്കുറിച്ച് പറഞ്ഞിട്ട് അതിലെ പ്രധാന മിസ്കാസ്റ്റിനെക്കുറിച്ച് മിണ്ടാതിരിക്കുന്നത് ശരിയല്ലല്ലോ?! ഒരു കുട്ടൻ തമ്പുരാൻ ലെവലിൽ എത്തേണ്ട കഥാപാത്രമായിരുന്ന ധ്രുവൻ തമ്പുരാനെ ഒരു കോമഡിപീസ് നിലവാരത്തിലേക്ക് എത്തിക്കുന്നതിൽ ഷൈൻ ടോം ചാക്കോ നടത്തിയ “മനോഹരമായ” അഭിനയപ്രകടനത്തിന്റെ പങ്ക് വിസ്മരിക്കാവുന്നതല്ല. പലപ്പോഴും അതിനാടകീയതയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന ധ്രുവൻ തമ്പുരാന്റെ സംഭാഷണങ്ങൾ ചിലപ്പോഴൊക്കെ സബ്ടൈറ്റിൽ ഇട്ട് മനസ്സിലാക്കേണ്ട ഗതികേടും പ്രേക്ഷകർക്ക് ഉണ്ടായി. കുമാരിയിലെ പ്രധാന പോരായ്മ ധ്രുവൻ തമ്പുരാൻ തന്നെയായിരുന്നു.
മുഴുനീളം ഒരു ഭയം മൈന്റൈൻ ചെയ്യുന്ന ഒരു സിനിമയാണ് കുമാരി എന്ന് പറയുന്നില്ലെങ്കിലും ഭയത്തിന്റെ എലമെന്റ് വേണ്ടിടത്തൊക്കെ വളരെ നന്നായിത്തന്നെ ഉപയോഗപ്പെടുത്താനും സ്പാർക്ക് ചെയ്യാനും കുമാരിക്ക് കഴിഞ്ഞിട്ടുണ്ട്. അതിന് അബ്രഹാം ജോസെഫിന്റെ സിനിമാട്ടോഗ്രാഫിയും ജെയ്ക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതവും വഹിച്ച പങ്ക് ചെറുതല്ല. ഒരു മിത്തിനെ വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിക്കുന്നതിൽ കുമാരി വിജയിച്ചിട്ടുണ്ട്. വളരെ നല്ലൊരു പ്രമേയം കിട്ടിയിട്ട് പടിക്കൽ കലമുടച്ച പല “പ്രമുഖ” സിനിമകൾക്കും ഒരു പാഠപുസ്തകം കൂടിയാണ് ഈ ‘കുമാരി’.