Riyas Pulikkal
അനിയത്തിപ്രാവിലൂടെ ഒരു ഇൻഡസ്ട്രി ഹിറ്റും കൊണ്ട് മലയാള സിനിമയിൽ കാല് കുത്തിയ മൊതല്. പിന്നെ തുടർച്ചയായി ഹിറ്റടിച്ചുകൊണ്ട്, ദിവസവും നൂറ് കണക്കിന് പ്രണയലേഖനങ്ങൾ മെയിൽബോക്സിൽ ലഭിച്ചുകൊണ്ടിരുന്ന റൊമാന്റിക് ഹീറോ പരിവേഷം. മലയാള സിനിമ കണ്ട അതിഗംഭീര ഡാൻസർ. അങ്ങനെ മലയാളി യൂത്ത് ഓഡിയൻസിനെ കുഞ്ചാക്കോ ബോബൻ ഒറ്റയ്ക്ക് ഭരിച്ചിരുന്ന കാലം. കുഞ്ചാക്കോ ബോബന്റെ സ്റ്റാർഡത്തെ അസൂയയോടെയും ആരാധനയോടെയും നോക്കിക്കണ്ടിരുന്ന സമകാലീനരും അദ്ദേഹത്തിന് ശേഷം വന്നവരുമായ നടന്മാരിൽ പലരും സൂപ്പർതാരങ്ങളായി മാറിയപ്പോഴും അദ്ദേഹം തന്റെ ചോക്ലേറ്റ് ബോയ് ഇമേജിൽ നിന്നും പുറത്തുകടക്കാൻ കഴിയാതെ വിഷമിക്കുന്നതായിരുന്നു പിന്നീട് കണ്ടത്. അങ്ങനെ പതുക്കെ ബോബൻ സിനിമയിൽ നിന്നിറങ്ങി ബിസിനസ്സിൽ ശ്രദ്ധകേന്ദ്രീകരിച്ചു.
കാറ് കച്ചവടക്കാരുടെ ഇന്നും തുടരുന്ന ബിസിനസ്സ് ട്രിക്കാണ് “ഡോക്ടർ ഉപയോഗിച്ച കാറാണ്” എന്നപോലെ തന്നെ 2005-2010 കാലത്ത് റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരുടെ സ്ഥിരം നമ്പറായിരുന്നു “കുഞ്ചാക്കോ ബോബന്റെ കൈയിലിരുന്ന പ്രോപ്പർട്ടിയായിരുന്നു” എന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ആ മേഖലയിൽ അദ്ദേഹമൊരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞിരുന്നു എന്നതിന് ഉദാഹരണമായിരുന്നു അത്. വളരെ ചെറിയൊരു ഇടവേളക്ക് ശേഷം തന്റെ ഇമേജുകളെ അപ്പാടെ പൊളിച്ചെഴുതിക്കൊണ്ട്, പുതിയൊരു നടനായിക്കൊണ്ട് ചാക്കോച്ചൻ മലയാള സിനിമയിലേക്ക് അതിശക്തമായി തിരിച്ചുവന്നു. അവിടുന്നിങ്ങോട്ടുള്ള അഭിനയകാലമാണ് ചാക്കോച്ചന്റെ കരിയറിലെ ദി ബെസ്റ്റ് എന്ന് ഞാൻ പറയും. ചാക്കോച്ചനിലെ യഥാർത്ഥ നടനെ വാർത്തെടുത്തത് ആ ഇടവേളകൾ ആയിരുന്നിരിക്കും.
എൽസമ്മ എന്ന ആൺകുട്ടിയിൽ പാൽക്കാരൻ പാലുണ്ണിയായി വന്നു ചാക്കോച്ചൻ വലിയൊരു സൂചനയായിരുന്നു പ്രേക്ഷകർക്ക് നൽകിയത്. ട്രാഫിക്കിലെ ഡോ. ആബേൽ തര്യനിലൂടെ ചാക്കോച്ചനിലെ അസാമാന്യ പ്രതിഭയുടെ മിന്നലാട്ടം പ്രേക്ഷകർ കണ്ടു. സീനിയേഴ്സിലെ റെക്സ് ഇമ്മാനുവൽ അതുവരെ മലയാള സിനിമ കണ്ട ചാക്കോച്ചനേയല്ലായിരുന്നു. വേട്ടയിലെ മെൽവിൻ ഫിലിപ്പിന്റെ ഗൂഡസ്മിതം കണ്ടു പ്രേക്ഷകർ അക്ഷരാർത്ഥത്തിൽ അന്ധാളിച്ചു. ഓർഡിനറിയിലെ കെഎസ്ആർടിസി കണ്ടക്ടർ ഇരവിക്കുട്ടൻ പിള്ള, മല്ലൂ സിങ്ങിലെ അനി, റോമൻസിലെ ഫാദർ പോൾ aka ആകാശ്, ഗോഡ് ഫോർ സെയ്ലിലെ പൂർണ്ണനന്ദ സ്വാമി, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയുമിലെ ചക്ക ഗോപൻ, വിശുദ്ധനിലെ ഫാദർ സണ്ണി, ചിറകൊടിഞ്ഞ കിനാവുകളിലെ തയ്യൽക്കാരൻ, ജമ്നാപ്യാരിയിലെ ഓട്ടോക്കാരൻ വാസൂട്ടൻ, കൊച്ചവ്വ പൗലോ അയ്യപ്പ കൗലോയിലെ കൊച്ചവ്വ, ടേക്ക്ഓഫിലെ ഷഹീദ്, വർണ്യത്തിൽ ആശങ്കയിലെ കൗട്ട ശിവൻ, അള്ള് രാമേന്ദ്രൻ, വൈറസിലെ ഡോ. രാജൻ, അഞ്ചാംപാതിരയിലെ അൻവർ ഹുസൈൻ, നായാട്ടിലെ പ്രവീൺ മൈക്കൽ, പടയിലെ രാകേഷ് കാഞ്ഞങ്ങാട്, ന്നാ താൻ കേസ് കൊടുവിലെ രാജീവൻ, ഭീമന്റെ വഴിയിലെ ഭീമൻ aka സഞ്ജു എന്നിങ്ങനെ ഒരുപിടി മികച്ചതും വേഴ്സറ്റൈലുമായ കഥാപാത്രങ്ങൾ.
തന്റെ 38-മത്തെ വയസ്സിൽ ഏഷ്യാനെറ്റിന്റെ യൂത്ത് ഐക്കൺ ഓഫ് ദി ഇയർ അവാർഡ് സ്വീകരിക്കുമ്പോൾ ചാക്കോച്ചന്റെ മുഖത്ത് വന്ന ആ പുഞ്ചിരി എനിക്കിപ്പോഴും ഓർമ്മയുണ്ട്. ആ മന്ദസ്മിതത്തിൽ എല്ലാമടങ്ങിയിട്ടുണ്ടായിരുന്നു. യൂത്ത് ഓഡിയൻസിന്റെ ഇടയിൽ തനിക്കുള്ള സ്വാധീനം നഷ്ടപ്പെട്ടിട്ടില്ല എന്ന് മാത്രമല്ലായിരുന്നു ആ ചിരിയിൽ, കുടുംബ പ്രേക്ഷകരുടെ ശക്തമായ പിന്തുണ കൂടി തനിക്കുണ്ടായിരിക്കുന്നു എന്നുകൂടി അതിൽ ഉണ്ടായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിന്റെ തന്നെ ഭാഗമായ, മലയാള സിനിമയെ മദ്രാസിൽ നിന്നും കേരളത്തിലേക്ക് പറിച്ചു നട്ട, കേരളത്തിലെ ഏറ്റവും ആദ്യത്തെ ഫിലിം സ്റ്റുഡിയോ ആയ ഉദയ സ്റ്റുഡിയോസിനെ 30 വർഷങ്ങൾക്കിപ്പുറം തിരിച്ചു കൊണ്ടുവരാനായതും ചാക്കോച്ചന്റെ വലിയൊരു നേട്ടമാണ്. മലയാള സിനിമയുടെ നിത്യഹരിത യൂത്ത് ഐക്കണ്, മലയാളികളുടെ സ്വന്തം ചാക്കോച്ചന്റെ ജന്മദിനമായിരുന്നു നവംബർ 2 ന് .