“ബാൾക്കനുകളുടെ ക്രൈഫ്” പടിയിറങ്ങുന്നു..!!
Riyas Pulikkal
റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡ് ജനറലും ക്രൊയേഷ്യയുടെ ക്യാപ്റ്റനും ഇതിഹാസ താരവുമായ ലൂക്കാ മോഡ്രിച്ചിന്റെ അവസാനത്തെ വേൾഡ്കപ്പ് മത്സരമായിരിക്കും മൊറോക്കോക്കെതിരെ നാളെ നടക്കുന്ന ലൂസേഴ്സ് ഫൈനൽ പോരാട്ടം. ആകാരത്തിലും കേളീശൈലിയിലും ഡച്ച് ഇതിഹാസം, സാക്ഷാൽ യോഹാൻ ക്രൈഫിനെ അനുസ്മരിപ്പിക്കുന്ന ലൂക്കയെ ഫുട്ബോൾ ലോകം സ്നേഹത്തോടെ വിശേഷിപ്പിച്ചത് ബാൾക്കനുകളുടെ ക്രൈഫ് എന്നും ക്രൊയേഷ്യൻ ക്രൈഫ് എന്നുമൊക്കെയായിരുന്നു.
ഒരു ദശാബ്ദക്കാലം സാക്ഷാൽ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാറിമാറി കൈവശം വെച്ചിരുന്ന ബാലൻ ഡി ഓർ എന്ന വിശ്വപുരസ്കാരം 2018-ൽ ഒരു ക്രൊയേഷ്യക്കാരൻ വായുവിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് പുഞ്ചിരിച്ചു. ആ പുഞ്ചിരിയുടെ പേരാണ്, ലൂക്കാ മോഡ്രിച്ച്. പ്രായത്തിന്റെ അതിർവരമ്പ് കടന്നു എന്ന് തോന്നിയാൽ സാക്ഷാൽ ബെക്കാമായാലും ക്രിസ്റ്റ്യാനോ റൊണാൾഡോ ആയാലും പുറത്തുനിർത്തുമെന്ന നിലപാടുള്ള സാക്ഷാൽ റയൽ മാഡ്രിഡിന്റെ മധ്യനിര 2012 തൊട്ട് ഈ മുപ്പത്തിയേഴാം വയസ്സിലും അയാൾ അടക്കിഭരിക്കുന്നുണ്ടെങ്കിൽ ആ തളരാത്ത പോരാളിയുടെ പേരാണ് ലൂക്കാ മോഡ്രിച്ച്.
2006 ജർമ്മൻ വേൾഡ്കപ്പിൽ തന്റെ 21-മത്തെ വയസ്സിൽ ജപ്പാനെതിരെ നടന്ന മത്സരത്തിന്റെ എഴുപത്തിയെട്ടാം മിനിറ്റിൽ ഒരു പകരക്കാരനായാണ് ലൂക്ക ലോകകപ്പിൽ അരങ്ങേറ്റം കുറിക്കുന്നത്. 2010 സൗത്ത് ആഫ്രിക്കൻ വേൾഡ്കപ്പിലേക്ക് യോഗ്യത നേടാൻ കഴിയാതിരുന്ന ക്രൊയേഷ്യ 2014-ലെ ബ്രസീൽ ലോകകപ്പിന് എത്തിയത് ലൂക്കയുടെ നായകത്വത്തിൽ ആയിരുന്നെങ്കിലും മെക്സിക്കോയോടും ബ്രസീലിനോടും പരാജയപ്പെട്ടു ഗ്രൂപ്പ് സ്റ്റേജിൽ തന്നെ വീഴാനായിരുന്നു അവരുടെ വിധി. പക്ഷേ, 2018 റഷ്യൻ വേൾഡ്കപ്പിൽ വാത്രനികൾ മോഡ്രിച്ചിന്റെ ചിലറകിലേറി ഫൈനൽ വരെ പറന്നു. 98 ലോകകപ്പിൽ ഡാവോർ സുക്കറിന്റെ സുവർണ്ണ തലമുറ കറുത്ത കുതിരകളായി വീരേതിഹാസം രചിച്ചു ലോകകപ്പിലെ മൂന്നാം സ്ഥാനം പോരാടി ജയിച്ചതിന് ശേഷം മോഡ്രിച്ചിന്റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യയുടെ രണ്ടാം തലമുറ ഓടിക്കയറിയത് അതിനേക്കാൾ ഉയരത്തിലേക്കായിരുന്നു. പക്ഷേ, മോഡ്രിച്ചിനു, യോഹാൻ ക്രൈഫിന്റെ അതേ വിധിയായിരുന്നു ചരിത്രം കാത്തുവെച്ചത്.
റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരവും നേടിയിട്ടായിരുന്നു ലൂക്ക അന്ന് മടങ്ങിയത്. 2022 ഖത്തർ ലോകകപ്പിലേക്ക് അയാൾ എത്തിയത് നാല് വർഷങ്ങൾക്ക് മുൻപ് അയാൾക്ക് കണ്മുന്നിൽ നഷ്ടപ്പെട്ടുപോയ ലോകകിരീടം നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു. പക്ഷേ, അപരാജിതരായി സെമി ഫൈനലിൽ എത്തിയ ലൂക്കയുടെ പോരാളികൾക്ക് മുൻപിൽ വിലങ്ങുതടിയായി സാക്ഷാൽ ലയണൽ മെസ്സി തന്നെ വന്നുനിന്നപ്പോൾ അയാളുടെ മോഹങ്ങൾക്ക് അപൂർണ്ണമായി അവസാനിക്കുക എന്നത് മാത്രമായിരുന്നു ചരിത്രനിയോഗം.വിശ്വകിരീടം ചൂടാൻ നിനക്കായില്ലെങ്കിലും, പ്രിയ ലൂക്കാ.നീയെന്നും ഞങ്ങളുടെ ഹൃദയത്തിൽ തന്നെ ഉണ്ടായിരിക്കും. വീ വിൽ മിസ്സ് യൂ, ലൂക്കാ..!!