ബോഡി ഷേയ്‌മിങ് നടത്തി മറ്റുള്ളവരുടെ വേദന കണ്ട് ആനന്ദിക്കാതെ ഇവർക്ക് കയ്യടി നേടാനാകില്ല

0
66

Riyas Pulikkal

വെറും 13 മിനിറ്റുള്ള സ്കിറ്റ്. വിഷയം, കുടുംബ ശ്രീയിലെ പെണ്ണുങ്ങൾ ഒരു ബസ്സ്‌ വാങ്ങുന്നു. കൃത്യം ആറാമത്തെ മിനിറ്റിൽ സാജു നവോദയ അവതരിപ്പിക്കുന്ന ഡ്രൈവർ സുരേഷ് വരുന്നു. കൈ തെളിയിക്കാനായി സുരേഷിന് നേരെ കൈ നീട്ടുന്ന പെണ്ണുങ്ങൾ. കൊല്ലം സുധി അവതരിപ്പിക്കുന്ന കാർത്യായനി എന്ന സ്ത്രീയും കൈ നീട്ടുന്നു.

സുരേഷിന്റെ ഫസ്റ്റ് കമന്റ് : “ഇതുവല്ല തിളച്ച എണ്ണയിലും മുക്കണം തെളിയണമെങ്കിൽ.. അതൊന്ന് എടുത്ത് മാറ്റിക്കേ.. ഒരു നല്ല വഴിക്ക് പോവുമ്പോൾ മുമ്പിൽ..”
(ജഡ്ജിങ് സീറ്റിൽ ഇരുന്ന് ഗിന്നസ് പക്രുച്ചേട്ടൻ ചിരിക്കുന്നു)
സുരേഷ് : “എന്താ പേര്?”
കാർത്യായനി : “കാർത്യായനി.”
സുരേഷ് : “കാർത്യായനിയല്ല. കറുത്ത ലായനി. അതാ ഇടേണ്ടത് കറക്റ്റായിട്ട്..”
(ജഡ്ജിങ് സീറ്റിൽ ഇരിക്കുന്ന സംവിധായകൻ സിദ്ധീഖ് കുലുങ്ങിച്ചിരുന്നു)
സുരേഷ് : “പിന്നെ ഇവര് കുളിക്കുന്ന വെള്ളം കളയരുത് ട്ടാ..”
സെക്രട്ടറി : അതെന്തിനാടാ..?
സുരേഷ് : “നമ്മുടെ വണ്ടിക്ക് ഗ്രീസ്, ഓയിൽ.. ഇതെല്ലാം തന്നെ നമുക്ക് ഇവിടന്ന് സംഘടിപ്പിക്കാവുന്നതേയുള്ളൂ..”
സുരേഷ് : “അപ്പൊ പിന്നെ ഇവിടെ എങ്ങനെ..?”
കാർത്യായനി : “ഞാൻ റെഡിയാ..”
സുരേഷ് : “അതിന് സന്ധ്യയായാൽ പിന്നെ കാണൂല്ലല്ലോ നിങ്ങളെ.. കണ്ടാലല്ലേ പഠിപ്പിക്കാൻ പറ്റുള്ളൂ..”
(ബാക്ക്ഗ്രൗണ്ടിൽ ചിരിയും കൈയ്യടിയും)
സുരേഷ് : “കിഴക്കേതാ?”
(കിഴക്കറിയാതെ സ്ത്രീകൾ അങ്കലാപ്പിൽ)
സുരേഷ് : “ഒരു കാര്യം ചെയ്യാം. ഞാൻ കണ്ടുപിടിച്ചോളാം..”
(തന്റെ ഇടത്തോട്ട് ചൂണ്ടി)
സുരേഷ് : “ഇതാണ് കിഴക്ക്..”
സെക്രട്ടറി : “ഇത്ര പെട്ടെന്ന് എങ്ങനെ മനസ്സിലായി..?”
(കാർത്യായനിയെ ചൂണ്ടിക്കാണിച്ച്)
സുരേഷ് : “നിഴല് നിൽക്കുന്നത് കണ്ടില്ലേ..? ഈ സമയത്ത് ഇവിടെയേ നിഴല് വരുള്ളൂ..”

(ബാക്ക്ഗ്രൗണ്ടിൽ വീണ്ടും ചിരിയും കൈയ്യടിയും)

2013-ലാണെന്ന് തോന്നുന്നു മഴവിൽ മനോരമയിൽ മികച്ച കൊമേഡിയൻമാരെ തിരഞ്ഞെടുക്കാനായി കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ഷോ ആരംഭിക്കുന്നത്. ആദ്യ സീസണിലെ ടൈറ്റിൽ ജേതാക്കളായിരുന്ന ടീം സ്റ്റാർസ് ഓഫ് കൊച്ചിന്റെ ഒരു സ്കിറ്റിനെക്കുറിച്ചാണ് ഞാൻ മുകളിൽ പ്രതിപാദിച്ചത്. പതിമൂന്ന് മിനിറ്റിൽ താഴെയുള്ള ഒരു സ്കിറ്റിൽ മാത്രം കോമഡി വരാൻ, അല്ലെങ്കിൽ നാട്ടുകാരെ ചിരിപ്പിക്കാനായി കറുത്തവരെ കുത്തിനോവിക്കുന്ന, അല്ലെങ്കിൽ അപമാനിക്കുന്ന നെറികെട്ട തമാശകൾ പറയുന്ന കൊമേഡിയൻ, അതുകേട്ടു ചിരിക്കുന്ന മലയാള സിനിമയിലെ പ്രഗത്ഭരായ സംവിധായകനും നടനും നടിയുമൊക്കെ. അതിന് കൈയ്യടിക്കുന്ന പ്രേക്ഷകർ. ഇത് പറഞ്ഞ സാജു നവോദയയാകട്ടെ, പിൽക്കാലത്ത് പാഷാണം ഷാജി എന്ന പേരിൽ സിനിമയിലും താരമായി. കോമഡി സ്കിറ്റുകളിലൂടെ ജനകീയ വൽക്കരിക്കപ്പെട്ട വർണ്ണ വിവേചനത്തേക്കുറിച്ച് ആലോചിക്കുമ്പോൾ നെഞ്ചിലൊരു കുത്തലാണ് ഇപ്പോൾ. മറ്റൊരാളുടെ വേദന നോക്കി എങ്ങനെ സന്തോഷിക്കാൻ, ചിരിക്കാൻ കഴിയുന്നു?

ഇതൊരു സ്കിറ്റിന്റെ മാത്രം കാര്യമല്ല, ഫ്‌ളവേഴ്‌സ് ടിവിയിലെ കോമഡി സൂപ്പർനൈറ്റ് എന്ന പരിപാടിയിൽ ഇതേ സാജു അവതരിപ്പിച്ച കഥാപാത്രത്തിന്റെ കൈക്കുഞ്ഞിനെ നോക്കി “കറുത്ത് വടുവപ്പുളി പോലിരിക്കുന്നു” എന്ന് സുരാജ് വെഞ്ഞാറമൂട് എന്ന നടൻ പറഞ്ഞപ്പോൾ തലതല്ലി ചിരിച്ചവരാണ് നമ്മൾ മലയാളികൾ. ഫ്‌ളവേഴ്‌സിലെ തന്നെ സ്റ്റാർ മാജിക് എന്ന പരിപാടിയിൽ കറുത്ത നിറമുള്ളവരായത് കൊണ്ട് സ്ഥിരമായി അപമാനിതാരാവേണ്ടി വന്നവരായിരുന്നു കൊല്ലം സുധിയും തങ്കച്ചൻ വിതുരയുമൊക്കെ. ഇവരെ നിറത്തിന്റെ പേരിൽ കളിയാക്കി ചിരിക്കുന്നതോ, അതേ നിറമുള്ള സാജു നവോദയയും നെൽസണും നോബിയുമൊക്കെയാവുന്നതാണ് ഏറ്റവും വലിയ ഐറണി.

കോമഡി ഉണ്ടാക്കണമെങ്കിൽ ഇതിന്റെയൊന്നും ആവശ്യമില്ല എന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ തെളിയിച്ചു കൊടുത്ത, ഇത്തരം കോമഡികൾക്ക് തന്നേക്കിട്ടില്ല എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ ശ്രീകാന്ത് വെട്ടിയാറിനോടൊക്കെ വലിയ ബഹുമാനം തോന്നുന്നതും ഇതൊക്കെ കൊണ്ട് തന്നെയാണ്. കോമഡിയെ ബേസ് ചെയ്തു ഇനിയും റിയാലിറ്റി ഷോകളും വെബ് സീരീസുകളുമൊക്കെ വരും. ഇതിനൊക്കെ തിരക്കഥ എഴുതുന്നവർ “അപമാനിക്കപ്പെടുന്നവർക്കും ഒരു ഹൃദയമുണ്ട്. മറ്റുള്ളവനെ, അവന്റെ അല്ലെങ്കിൽ അവളുടെ.. നിറത്തിന്റെ പേരിൽ, ഉയരത്തിന്റെ പേരിൽ, തടിയുടെ പേരിൽ ഒക്കെ അപമാനിതനാക്കി പൊട്ടിച്ചിരിക്കുമ്പോൾ.. അവർക്ക് വല്ലാതെ വേദനിക്കും, നിങ്ങളെ ഭസ്മമാക്കാൻ അവരുടെ കണ്ണിൽ നിന്നും ഉതിരുന്ന ഒരിറ്റ് കണ്ണീർ മാത്രം മതി..” എന്ന് ഓർക്കുക. കഴിഞ്ഞു പോയതിനെയോർത്ത് ഖേദിക്കുക. ഇനി വരാനുള്ളതിൽ തെറ്റ് തിരുത്തുക.

പ്രസ്തുത സ്കിറ്റിന്റെ ലിങ്ക് 👉 https://youtu.be/JSSWLdQIwNw