വംശീയതും വർണ്ണ വിവേചനവും ലോകമുണ്ടായ കാലം പോലെ തന്നെ മാറ്റമില്ലാതെ തുടരുന്നു

24

Riyas Pulikkal

അമേരിക്കയിലെ മിനസോട്ടയിൽ ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്ത വർഗ്ഗക്കാരൻ ‘I can’t breathe’ എന്ന് അവസാനമായി കെഞ്ചി വെളുത്ത വർഗ്ഗക്കാരൻ പോലീസ് ഉദ്യോഗസ്ഥന്റെ മുട്ടുകാലിന് അടിയിൽ കിടന്നു ഞെരിഞ്ഞമർന്ന് ശ്വാസം മുട്ടി കൊല്ലപ്പെട്ടതിന് ഇന്നിപ്പോൾ അമേരിക്ക നിന്ന് കത്തുകയാണ്. ഫ്ലോയിഡിന്റെ ദാരുണാന്ത്യത്തിന്റെ വാർത്ത കണ്ടപ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് അമേരിക്കൻ ഹിസ്റ്ററി X എന്ന ഹോളിവുഡ് ചിത്രത്തിൽ എഡ്‌വേഡ്‌ നോർട്ടൻ അനശ്വരമാക്കിയ ഡെറിക് വിൻയാർഡ് എന്ന കഥാപാത്രത്തെയായിരുന്നു.

വർണ്ണ വിവേചനം പ്രമേയമാക്കി ഗ്രീൻ ബുക്ക്, 12 ഇയേഴ്സ് ഏ സ്ലേവ്, ജാങ്കോ അൺചെയിൻഡ്, ബ്ലാക്ക്ക്ലാൻസ്മാൻ, മാൽക്കം, ഗ്രാൻ ടോറിനോ തുടങ്ങി ഒട്ടനവധി സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും അമേരിക്കൻ ഹിസ്റ്ററി X ഓർമ്മ വരാൻ കാരണം ഫ്ലോയിഡിന് സംഭവിച്ചതും പ്രസ്തുത സിനിമയിലെ ആ രംഗവും തമ്മിലുള്ള സാമ്യതയായിരുന്നു. ഫ്ലോയിഡിനെ മിനസോട്ട പോലീസ് ആള് മാറി അറസ്റ്റ് ചെയ്തതാണെങ്കിലും അമേരിക്കൻ ഹിസ്റ്ററി Xലെ കറുത്ത വർഗ്ഗക്കാരനെ ഡെറിക് പിടികൂടിയത് തന്റെ കാർ മോഷ്ടിക്കാൻ ശ്രമിച്ചതിനായിരുന്നു. സ്ലാഷറുകളും ഹൊററുകളുമായി അതിഭീകര വയലൻസുള്ള ഒരുപാട് സിനിമകൾ പുല്ല് പോലെ കണ്ടിട്ടുള്ള എന്റെയുള്ളിൽ ഒരു കൊള്ളിയാൻ മിന്നിച്ച രംഗമായിരുന്നു ഡെറിക് വിൻയാർഡ് ആ കറുത്ത വർഗ്ഗക്കാരന്റെ ശിരസ്സ് തറയിലെ വരമ്പിൽ ചേർത്തു വെച്ച് ഒറ്റച്ചവിട്ടിന് തകർത്തു കൊന്ന ആ രംഗം. ഈയൊരു കാരണം കൊണ്ട് തന്നെയായിരിക്കണം ഡെറിക് വിൻയാർഡിന്റെ ഫ്ലാഷ് ബാക്ക് ചിത്രത്തിൽ ബ്ലാക്ക് & വൈറ്റിൽ കാണിച്ചത്.

ഡെറിക് വിൻയാർഡ് എന്ന കടുത്ത വെളുത്ത വർഗ്ഗ വാദക്കാരനായ കഥാപാത്രം ശരിക്കും ഫ്രാങ്ക് മിൻക് എന്ന യഥാർത്ഥ വ്യക്തിയുടെ ജീവിതത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ടതായിരുന്നു. തന്റെ പതിനേഴാമത്തെ വയസ്സിലൽ ഒരാളെ വധിക്കാൻ ശ്രമിച്ച കേസിലും മറ്റൊരാളെ തട്ടിക്കൊണ്ടു പോവാൻ ശ്രമിച്ച കേസിലും ശിക്ഷിക്കപ്പെട്ടു മൂന്ന് വർഷം തടവിന് വിധിക്കപ്പെട്ടയാളായിരുന്നു ഫ്രാങ്ക് മിൻക്. ജയിലിലെ കറുത്ത വർഗ്ഗക്കാരുമായുള്ള സഹവാസം അയാളുടെ വർണ്ണ വെറി നിറഞ്ഞ ദുഷിച്ച മനസ്സിനെ തന്നെ മാറ്റിയെടുത്തു. അയാളുടെ കൂടെ ജയിലിലുണ്ടായിരുന്ന കറുത്ത വർഗ്ഗക്കാരിൽ പലരും നിരപരാധികളായിരുന്നു എന്ന് മാത്രമല്ല, വർണ്ണ വിവേചനത്തിന് ഇരയായി ജയിലിൽ കിടക്കേണ്ടി വന്നവരായിരുന്നു. മൂന്ന് വർഷത്തെ തടവിന് ശേഷം ഫ്രാങ്ക് മിൻക് പുറത്തിറങ്ങിയത് പുതിയൊരു മനുഷ്യനായിട്ടായിരുന്നു. ഇന്ന് അയാൾ വർണ്ണ വിവേചനത്തിനെതിരെയുള്ള പോരാട്ടം നയിക്കാൻ മുന്നിൽ നിൽക്കുന്നു. ഒരു കറുത്ത വർഗ്ഗക്കാരനെ വെടിവെച്ചും മറ്റൊരാളെ ക്രൂരമായി ചവിട്ടിയും കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ പോവുന്നതായിട്ടാണ് ഡെറിക് വിൻയാർഡ് എന്ന കഥാപാത്രത്തെ ചിത്രീകരിച്ചിരിക്കുന്നത്.

മൂന്ന് വർഷത്തെ തടവിനിടയിൽ കറുത്ത വർഗ്ഗക്കാരായ തടവുകാരുമായുള്ള സമ്പർക്കം ഡെറിക്കിനെയും മാറ്റുന്നു. പക്ഷേ, പുതിയൊരു മനുഷ്യനായി പുറത്തിറങ്ങിയ ഡെറിക്ക് കാണുന്നത് തന്റെ അതേ പാതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അനിയനെയായിരുന്നു. അനിയനെ തന്റെ അതേ തെറ്റിലേക്ക് പോവുന്നതിൽ നിന്നും തടയുക എന്ന ലക്ഷ്യവുമായാണ് പിന്നീട് ഡെറിക്കിന്റെ ജീവിതം. ഡെറിക് എന്ന കഥാപാത്രത്തിന് വേണ്ടി ലോകത്തിലെ ഏറ്റവും മികച്ച യുദ്ധ സിനിമകളിൽ ഒന്നായി പരിഗണിക്കപ്പെടുന്ന സേവിങ് പ്രൈവറ്റ് റയാനിലെ വേഷം പോലും എഡ്വേഡ് നോർട്ടൻ ത്യജിച്ചിരുന്നു. അതിനദ്ദേഹത്തിനു ലഭിച്ചത് ആ വർഷത്തെ മികച്ച നടനുള്ള ഓസ്കാർ നോമിനേഷനും. അമേരിക്കൻ ഹിസ്റ്ററി X എന്ന ഈ ചിത്രം ഇപ്പോൾ അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമൊക്കെ പാഠ്യ വിഷയമാണ്.

പക്ഷേ, വംശീയതയ്‌ക്കെതിരെ ഇത്രയധികം സിനിമകളിലൂടെ ജനങ്ങളെ ഉത്‌ബോധിപ്പിച്ചിട്ടും വംശീയതും വർണ്ണ വിവേചനവും ലോകമുണ്ടായ കാലം പോലെ തന്നെ മാറ്റമില്ലാതെ തുടരുന്നു. കടുത്ത വർണ്ണ വിവേചനത്തിന്റെ തീ ആളിക്കത്തിച്ചുകൊണ്ട് അധികാരത്തിലെത്തിയ ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് പടത്തിലിരിക്കുന്ന അമേരിക്കയിൽ ഇതൊന്നും വലിയ അത്ഭുതമല്ല. പക്ഷേ, ഒരു മനുഷ്യജീവൻ തന്റെ സഹപ്രവർത്തകന്റെ കാൽക്കീഴിൽ കിടന്നു പിടയുമ്പോഴും നിസ്സംഗനായി നോക്കി നിന്ന ഏഷ്യൻ വംശജനായ ആ പോലീസുകാരനെയോർത്ത് എനിക്ക് പുച്ഛം തോന്നുന്നു. വർണ്ണ വിവേചനമെന്ന അഗ്നിയെ പുൽകുന്നവർക്ക് എപ്പോഴും വെറുപ്പായിരുന്നു ഏഷ്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും വന്ന കുടിയേറ്റക്കാർ. യൂറോപ്പിൽ നിന്നും വലിഞ്ഞുകേറി വന്നവരാണ് തങ്ങൾ എന്നത് ഓർക്കാതെ വംശീയതയും ദേശീയതയും വർണ്ണ വിവേചനവും പറയുന്നവർ എന്നും അവരെ അപമാനിച്ചിട്ടേയുള്ളൂ. അതേ ജനുസ്സും പേറി നടക്കുന്ന പൊലീസുകാരനാണ് ‘ഭീകരമായ മൗനവുമായി’ ആ ക്രൂരന് കൂട്ടുനിന്നത്. ജാങ്കോ അൺചെയിൻഡിൽ മുഖ്യ വില്ലനായ, ലിയനാർഡോ ഡികാപ്രിയോ അവതരിപ്പിച്ച കാൽവിൻ ക്യാൻഡിയെക്കാൾ വെറുക്കപ്പെട്ട ഒരു കഥാപാത്രം ഒരു പക്ഷേ, സാമുവൽ എൽ. ജാക്സൺ അവതരിപ്പിച്ച സ്റ്റീഫനായിരിക്കും. സ്വന്തം വർഗ്ഗക്കാർ കാൽവിൻ ക്യാൻഡിയുടെ ക്രൂരതകൾക്ക് മുൻപിൽ എരിഞ്ഞമർന്നപ്പോഴും സ്റ്റീഫൻ എതിർപ്പിന്റെ സ്വരം ഉയർത്തിയില്ല എന്ന് മാത്രമല്ല, അതിന് വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുകയും ചെയ്തു. അതേ സ്റ്റീഫന്റെ മുഖം തന്നെയായിരുന്നു ആ നിസ്സംഗനായി നിന്ന ഏഷ്യൻ വംശജനായ പോലീസുകാരനിലും ഞാൻ കണ്ടത്. ഫ്ലോയിഡിന് വേണ്ടി ശബ്ദിച്ചവരിൽ കൂടുതലും വെളുത്ത വർഗ്ഗക്കാരായിരുന്നു എന്നത് തന്നെയാണ് പ്രതീക്ഷയുടെ പൊൻകിരണം. തന്റെ ഏഷ്യൻ വംശജനായ കൗമാരക്കാരൻ അയൽവാസി താവോയ്ക്കും കുടുംബത്തിനും വേണ്ടി സ്വന്തം ജീവൻ തന്നെ ബലി നൽകിയ ഗ്രാൻ ടൊറീനോയിലെ വാൾട്ട് കൊവാൾസ്‌കി തന്നെയാണ് നിങ്ങളോരോരുത്തരും.

സിനിമയിലും സ്പോർട്സിലും തുടങ്ങി എന്ത് കാര്യത്തിലും കറുത്ത വർഗ്ഗക്കാരായ സൂപ്പർ താരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അവർക്കെല്ലാം പറയാനുണ്ടാവും ജീവിതത്തിൽ ഒരിക്കലെങ്കിലും അവർക്ക് അനുഭവിക്കേണ്ടി വന്ന വർണ്ണ വിവേചനത്തിന്റെ നൊമ്പരപ്പെടുത്തുന്ന കഥകൾ. സ്ഥാനമാനങ്ങൾക്കോ പ്രശസ്തിക്കോ പണത്തിനോ പോലും വർണ്ണ വിവേചനമെന്ന ശത്രുവിനെ തടുത്തു നിർത്താൻ കഴിയില്ല എന്നതിന് ഒരുപാട് അനുഭവ സാക്ഷ്യങ്ങളുണ്ട്. 1950കളിലും 60കളിലും തന്റെ വശ്യമാർന്ന പിയാനോ വാദനത്തിലൂടെ പ്രശസ്തിയുടെ കൊടുമുടിയിൽ കയറി നിൽക്കുമ്പോൾ പോലും വർണ്ണ വിവേചനത്തിനിരയായി മാറ്റി നിർത്തപ്പെട്ടവനായിരുന്ന ഡൊണാൾഡ് ഷിർലിയുടെ കഥയായിരുന്നു 2018ലെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ഓസ്കാർ കരസ്ഥമാക്കിയ ഗ്രീൻ ബുക്കിൽ പറഞ്ഞത്. കടുത്ത വംശീയതയുടെ വിഷം പേറി നടന്നിരുന്ന ടോണി ലിപ്പ് പോലും മാറിയത് ഷിർലിയെ അടുത്ത് നിന്ന് അറിഞ്ഞപ്പോഴാണ്. ടോണിയുടെ വംശീയതയുടെ ആഴം രണ്ട് കറുത്ത വർഗ്ഗക്കാർ കുടിച്ചു വെച്ച ഗ്ലാസ്‌ അയാൾ കുപ്പത്തൊട്ടിയിലേക്ക് നിക്ഷേപിക്കുന്ന സീനിലൂടെ അതി മനോഹരമായാണ് സംവിധായകൻ പ്രേക്ഷകർക്ക് പകർന്നു നൽകിയത്. ഷിർലിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോഴല്ല, ഷിർലിയായി തന്നെ ചിന്തിച്ചപ്പോഴാണ് തന്നിലെ വംശീയത തൂത്തെറിഞ്ഞു കളയാൻ ടോണിക്ക് സാധിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബോക്‌സർ കാഷ്യസ് ക്ലേ, മുഹമ്മദലി ദി ഗ്രെയ്റ്റസ്റ്റ് ആയതിന് പിന്നിലും ഒരു മഹത്തായ കഥയുണ്ട്. വർണ്ണ വിവേചനങ്ങളുടെ മുൾവേലികൾ ചാടിക്കടന്നു ഐയാം ദി ഗ്രേയ്റ്റസ്റ്റ് എന്ന് അഹങ്കാരത്തോടെ ലോകത്തോട് വിളിച്ചു പറഞ്ഞു ബോക്സിങ് സിംഹാസനത്തിൽ രാജാവായി വാഴുമ്പോൾ അയാൾ ചിന്തിച്ചു, തനിക്ക് ഇനിയൊരിക്കലും വർണ്ണ വിവേചനമെന്ന ശത്രുവിനെ നേരിടേണ്ടി വരില്ലെന്ന്. പക്ഷേ, വർണ്ണ വിവേചനമെന്ന വൈറസ് പണത്തിനും പ്രശസ്തിക്കും മീതെ പറക്കുന്ന ഒരു വ്യാളിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.

Advertisements