എന്തായിരുന്നു മാമാങ്കം ?

0
624

Riyaz C Mohammad

മലയാളത്തിലെ ചരിത്ര സിനിമകളുടെ പട്ടികയിലെ ഏറ്റവും പുതിയ പേരായ “മാമാങ്കം” ഡിസംബർ 12ന് തിയ്യേറ്ററുകളില്‍ എത്തുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി എം. പദ്മകുമാര്‍ അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍, പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ വള്ളുവനാട്ടില്‍ അരങ്ങേറിയിരുന്ന ചരിത്ര പ്രസിദ്ധമായ മാമാങ്കത്തിന്റെയും ദേശാഭിമാനത്തിനു വേണ്ടി ജീവൻ വെടിഞ്ഞ ധീര ചാവേറുകളുടെയും കഥയാണ് പറയുന്നത്. ചരിത്ര പുരുഷന്മാരുടെ വേഷങ്ങളില്‍ മമ്മൂട്ടി പൗരുഷത്തിന്റെ പ്രതീകമാകുന്നതാണ് പഴശ്ശിരാജയും വടക്കന്‍ വീരഗാഥയിലെ ചന്തുവുമൊക്കെ നമ്മെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. കൊച്ചി, കണ്ണൂർ, ഒറ്റപ്പാലം, എറണാകുളം, വാഗമൺ തുടങ്ങിയ സ്ഥലങ്ങളില്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ച് വമ്പന്‍ സെറ്റുകളിട്ടാണ് യഥാർത്ഥ മാമാങ്കകാലം പുന:സൃഷ്ട്ടിക്കുന്നത്. കൊച്ചി നഗര മധ്യത്തിലെ നെട്ടൂരില്‍ 20 ഏക്കര്‍ സ്ഥലത്തായാണ് പ്രധാന സെറ്റ് ഒരുക്കി യുദ്ധ രംഗങ്ങള്‍ ചിത്രീകരിച്ചത്. 350 കടകളുള്ള വ്യപാര കേന്ദ്രം, അവിടത്തെ സാധനസാമഗ്രികൾ, മാമാങ്കത്തിലെ വേദിയായ നിലപാടുതറ, 500റോളം വാളുകളും പരിചയും 200റോളം കുന്തങ്ങൾ, അമ്പും വില്ലും, ആവനാഴികള്‍, ഉരുമികള്‍, എണ്ണയൊഴിച്ച്‌ കത്തിക്കുന്ന ആയിരത്തോളം വിളക്കുകൾ, വലിയ ക്ഷേത്രം, ഭക്ഷണശാലകള്‍… അങ്ങനെ മാമാങ്ക വേദിയിൽ എന്തെല്ലാമൊക്കെയുണ്ടോ അതെല്ലാം ഈ സെറ്റിലൊരുക്കിയിട്ടുണ്ട്. കേട്ടുകേള്‍വി മാത്രമുള്ള ഒരു കാലഘട്ടത്തെ അതിന്‍റെ തനിമ ചോരാതെ, ഗരിമ നിലനിർത്തി വെള്ളിത്തിരയിലെത്തിക്കാൻ ശ്രമിക്കുന്ന മുഴുവന്‍ ടീമംഗങ്ങൾക്കും ആദ്യമേ തന്നെ ആശംസകള്‍ അർപ്പിക്കുന്നു…

എന്തായിരുന്നു മാമാങ്കം ?

പ്രാചീന തമിഴകത്തിലെ ചേരരാജാക്കന്മാരുടെ കാലത്താണ് മാമാങ്കത്തിന് തുടക്കം കുറിക്കുന്നത്. ദക്ഷിണ ഗംഗ എന്നറിയപ്പെട്ടിരുന്ന ഭാരതപ്പുഴയുടെ തീരത്ത്, ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരുന്നാവായയില്‍ 12 വര്‍ഷം തികയുമ്പോഴാണ് ഈ മഹോല്‍സവം അരങ്ങേറിയിരുന്നത്. ഏതാണ്ട് ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ആഘോഷമായാണ്‌ മാമാങ്കം സംഘടിപ്പിച്ചിരുന്നത്. ഭാരതത്തിന്റെ ഇതര പ്രദേശങ്ങളിൽ നിന്നുമെല്ലാമായി നിരവധി ജനങ്ങൾ ഇവിടെ നല്ലൊരു വിപണി കണ്ടെത്തിയിരുന്നു. ഇതിനോടനുബന്ധിച്ച് വ്യാപാരമേളകൾ, കാർഷികമേളകൾ, സാഹിത്യ സംഗീത സദസ്സുകൾ, നൃത്തങ്ങളുടെയും നാടകങ്ങളുടെയും മറ്റു കലാരൂപങ്ങളുടെയും കരകൗശല വിദ്യകളുടെയും പ്രകടനങ്ങൾ എന്നിവയും അരങ്ങേറിയിരുന്നു. കൂടാതെ കളരിയും വാൾപ്പയറ്റും മല്ലയുദ്ധങ്ങളും സൗഹാർദ്ദപരമായി നടത്തിപ്പോന്നു. സ്വന്തം കഴിവുകളിൽ മികവു പ്രകടിപ്പിക്കുന്നവർക്ക് സമ്മാനങ്ങളും നൽകിയിരുന്നു. അങ്ങിനെ വളരെ നല്ല രീതിയിൽ സംഘടിപ്പിച്ചിരുന്നു ഒരു വാണിജ്യ ഉത്സവമായിരുന്നു മാമാങ്കം ആദ്യകാലത്ത്.

Image may contain: grass, outdoor and natureചേരരാജവംശത്തിനു ശേഷം പെരുമ്പടപ്പ് മൂപ്പീന്നും, പിന്നീട് വള്ളുവനാട് രാജാക്കന്മാർക്കും അവസാനമായി 400ലധികം വർഷങ്ങളോളം സാമൂതിരി രാജാവുമാണ് മാമാങ്കത്തിന് നേതൃത്വം വഹിച്ചിരുന്നത്. നടത്തിപ്പവകാശമുള്ളവർക്കാണ് അധ്യക്ഷം വഹിക്കാനുള്ള അവകാശമുണ്ടായിരുന്നത്. അതിന് നിലപാട് നിൽക്കുക എന്നാണ് പറഞ്ഞിരുന്നത്. 13-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ സാമൂതിരി രാജാവ് തിരുന്നാവായ ആക്രമിച്ച്‌ വള്ളുവക്കോനാതിരിയിൽ നിന്നും മാമാങ്കത്തിന്റെ നടത്തിപ്പവകാശം പിടിച്ചുവാങ്ങി. അധികാരം തിരിച്ചു പിടിക്കാൻ വള്ളുവക്കോനാതിരിയും ശ്രമിച്ചു. എന്നാൽ സാമൂതിരിയോട് യുദ്ധം ചെയ്യാൻ മാത്രം വള്ളുവക്കോനാതിരി ശക്തനായിരുന്നില്ല. എന്തുചെയ്യണമെന്നറിയാതെ വള്ളുവക്കോനാതിരി തിരുമാന്ധാംകുന്ന് ദേവിയോട് പ്രാർത്ഥിച്ചപ്പോൾ ചാവേറുകളായി മാമാങ്കത്തിന് പോയി വെട്ടിമരിക്കാനായിരുന്നത്രെ അരുളപ്പാട്. തുടർന്നങ്ങോട്ട് മാമാങ്കം നടക്കുമ്പോഴെല്ലാം സാമൂതിരിയെ വകവരുത്താൻ വള്ളുവക്കോനാതിരി ചാവേറുകളെ അയച്ചുകൊണ്ടിരുന്നു. സാമൂതിരിയുമായുള്ള യുദ്ധത്തിൽ മരണപ്പെട്ടവരുടെ പിന്മുറക്കാരാണ് ചാവേറുകളായിരുന്നത്. സാമൂതിരിയെ വെട്ടിവീഴ്ത്തി വള്ളുവക്കോനാതിരിക്കു അധികാരം തിരിച്ചുപിടിച്ചു കൊടുക്കുക എന്നതായിരുന്നു ചാവേറുകളുടെ ലക്ഷ്യം.

Image may contain: plant, grass, tree, outdoor and natureഎന്നാൽ അസംഖ്യം നായർ പടയാളികളാലും മാപ്പിള പടയാളികളാലും ശക്തനായിരുന്ന സാമൂതിരിയെ തോൽപ്പിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ചാവേറുകൾ അവസാന ശ്വാസം വരെ പോരാടി നിൽക്കുകയും സാമൂതിരിയുടെ പടയാളികളാൽ വീരചരമം പ്രാപിക്കുകയും ചെയ്യുമായിരുന്നു. സാമൂതിരി നിലപാടുതറയിൽ വന്നു വാളേന്തി നിൽക്കുകയും, അദ്ദേഹത്തിന്റെ പതിനായിരക്കണക്കിന് വരുന്ന സൈന്യത്തോട് നൂറിൽ താഴെ മാത്രം വരുന്ന ചാവേറുകൾ 12 വർഷത്തിലൊരിക്കൽ ഏറ്റുമുട്ടി മരണം വരിച്ചുകൊണ്ടിരിക്കുകയും ചെയ്തുപോന്നു. അങ്ങിനെ സാമൂതിരി രാജാക്കന്മാർ നിലപാടുനിന്ന 400 വർഷത്തിനിടയിൽ, 1695 ൽ നടന്ന മാമാങ്കത്തിൽ ആദ്യമായി, ചന്ദ്രോത്തിൽ ചന്തുണ്ണി എന്ന പതിനാറു വയസ്സുകാരനായ ചാവേർ നൂറിലധികം നായർ പടയാളികളുടെ തലകൾ കൊയ്ത ശേഷം സാമൂതിരി രാജാവ് നിൽക്കുന്ന നിലപാടുതറയിൽ എത്തി എന്നും സാമൂതിരി ഒഴിഞ്ഞു മാറിയതിനാൽ വെട്ട് കൊള്ളാതെ കഷ്ടിച്ച്‌ രക്ഷപ്പെട്ടു എന്നും ചരിത്രം. അവസാനത്തെ മാമാങ്കം 1755 ലേതാണെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. മൈസൂർ സുൽത്താനായിരുന്ന ഹൈദർ അലി മലബാർ ആക്രമിച്ചു കീഴടക്കിയതോടെ, സാമൂതിരിക്കും വള്ളുവക്കോനാതിരിക്കും ഒരുപോലെ അധികാരം നഷ്ട്ടപ്പെട്ടു. അതോടെ മാമാങ്കവും അവസാനിച്ചു.

Image may contain: plant and outdoorചരിത്രവും ഐതിഹ്യങ്ങളും കെട്ടുകഥകളും നിറഞ്ഞതായിരുന്നു മാമാങ്കം.
അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ധാരാളം കഥകളാൽ സമ്പന്നവുമായിരുന്നു മാമാങ്കം.

ഇന്നും മാമാങ്കത്തിന്റെ ശേഷിപ്പുകൾ തിരുന്നാവായയിലും പരിസരങ്ങളിലുമായി കാണാം. മാമാങ്കത്തിന്റെ രക്ഷാപുരുഷനായ രാജാവ് എഴുന്നള്ളി വാളും പിടിച്ചു നിന്നിരുന്ന ‘നിലപാട് തറ’ ഇപ്പോഴുമുണ്ടിവിടെ. കൊടക്കൽ എന്ന സ്ഥലത്തുള്ള പഴയ ഒരു ഓട്ടുകമ്പനിക്കുള്ളിലായാണ് ഇന്നിതിന്റെ സ്ഥാനം. ഇപ്പോഴിതൊരു സംരക്ഷിത സ്മാരകമാണ്. 200 മീറ്റർ പടിഞ്ഞാറോട്ടു മാറിയാണ് മറ്റൊരു ചരിത്ര ശേഷിപ്പായ ‘മണിക്കിണർ’ ഉള്ളത്. മാമാങ്കത്തിന് വീരചരമമടയുന്ന വള്ളുവനാട്ടിലെ ചാവേറുകളെ കൂട്ടത്തോടെ സംസ്ക്കരിച്ചിരുന്ന കിണറാണിതെന്ന് പറയപ്പെടുന്നു. മൃദദേഹങ്ങൾ കൂട്ടത്തോടെ മണിക്കിണറിലിട്ട് ആനകളെക്കൊണ്ട് ചവിട്ടി നിറക്കുകയായിരുന്നു എന്നാണ് ഐതിഹ്യം.

മറ്റൊരു സ്മാരകമായ ‘മരുന്നറ’, നിലപാട് തറക്കു 400 മീറ്റർ കിഴക്കുമാറിയാനുള്ളത്. മരുന്നറ എന്നത് വെടിമരുന്നു സൂക്ഷിച്ചിരുന്ന അറയാണെന്നും, മാമാങ്കത്തിൽ പരിക്കേൽക്കുന്നവരുടെ ചികിത്സക്ക് മരുന്നുകൾ സൂക്ഷിച്ചിരുന്നതാണെന്നും, രാജാവുമായി ബന്ധപ്പെട്ട അപൂർവ്വ വസ്തുക്കൾ സൂക്ഷിക്കാൻ നിർമ്മിച്ചതാണെന്നും അഭിപ്രായമുണ്ട്. അതല്ല, മഹാശിലാ സംസ്‌കാരവുമായി ബന്ധപ്പെട്ട അറയുമാകാം എന്നും പറയപ്പെടുന്നു. മാമാങ്കവുമായി ബന്ധപ്പെട്ട ‘പഴുക്കാമണ്ഡപ’മുള്ളത് തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രത്തിനോടടുത്തായാണ്. സാമൂതിരി രാജാക്കന്മാർ ചാവേർ പടയുടെ പോരാട്ടങ്ങൾ ഇരുന്ന് കണ്ടിരുന്ന മണ്ഡപമാണിതെന്ന് പറയപ്പെടുന്നു. മറ്റൊന്ന് ‘ചങ്ങമ്പള്ളി കളരി’യാണ്. പടയാളികൾക്ക് ആയുധാഭ്യാസങ്ങൾക്ക് വേണ്ടിയും മാമാങ്കത്തിൽ പരിക്കേൽക്കുന്ന സാമൂതിരിയുടെ അംഗരക്ഷകരെ പരിചരിക്കുന്നതിനു വേണ്ടിയും സ്ഥാപിച്ചതാകാം ചങ്ങമ്പള്ളി കളരി എന്ന് കരുതപ്പെടുന്നു. ഈ അഞ്ചു സ്മാരകങ്ങളും ഇന്ന് നല്ല രീതിയിൽ സംരക്ഷിച്ചു പോരുന്നു. മലപ്പുറം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ കീഴിലാണ് ഇവയെല്ലാം ഇന്ന്.

Image may contain: outdoorവള്ളുവനാടിന്റെ അഭിമാന സംരക്ഷണത്തിനായി നൂറുകണക്കിന് ചാവേർ പോരാളികൾ മാമാങ്ക വേദികളിൽ പിടഞ്ഞുവീണ് വീരസ്വർഗ്ഗം പ്രാപിച്ചു. കേരള ചരിത്രത്തിലെത്തന്നെ ആദ്യ ചാവേറുകൾ വള്ളുവനാട്ടിൽ നിന്നുള്ള ദേശാഭിമാനികളായിരുന്നു എന്നത് ചരിത്ര സത്യം. ഇവർ രചിച്ച വീര ചരിതങ്ങളുടെ മനോഹര ദൃശ്യാവിഷ്ക്കാരങ്ങളാകും മമ്മൂക്കയുടെ മാമാങ്കം സിനിമ എന്ന് പ്രതീക്ഷിക്കുന്നു ….
അതിനായി കാത്തിരിക്കുന്നു…