പാപ്പൻ ഒരു അച്ഛൻ്റെ മാത്രം കഥയല്ല…ഒരു കൂട്ടം അമ്മമാരുടെ കഥയാണ്.
RJ Ramesh
പുരുഷ കേന്ദ്രീകൃതമായ സിനിമകളുടെ ഒഴുക്കിനിടയിലും മാറി സഞ്ചരിക്കുന്ന ചില സിനിമകളും ഉണ്ടാകുന്നു എന്നത് പുതിയ കാലത്ത് ആശ്വാസം തരുന്നുണ്ട്. .സുരേഷ് ഗോപിയുടെ ഗംഭീരമായ തിരിച്ച് വരവിന് കാരണമായ.. തിരക്കഥാകൃത്ത് ഷാൻ എഴുതി ജോഷി സവിധാനം ചെയ്ത പാപ്പനിലും കാണാൻ കഴിയുക ഒരു പറ്റം സ്ത്രീ കഥാപാത്രങ്ങളുടെ സാന്നിധ്യമാണ്.അമ്മ എന്ന വെറുമൊരു നിഴലല്ല ശക്തരായ അമ്മമാരിലൂടെയാണ് കഥ മുന്നേറുന്നത് തന്നെ. മറ്റേതൊരു സീരിയൽ കില്ലർ കുറ്റാന്വേഷണ ചിത്രങ്ങളിൽ നിന്നും പാപ്പനെ മാറ്റി നിർത്തുന്നതും ഈ വൈകാരിക തലമാണ്.എൻ്റെ മകൻ/മകൾ നല്ലവരായി ജീവിക്കണം എന്ന so called ചിന്താഗതിയുള്ള അമ്മമാരെ നിങ്ങൾക്ക് ഇതിൽ കാണാൻ കഴിയില്ല.കത്തി താഴെ ഇടെടാ എന്ന് മകനോട് വേദനയോടെ അപേക്ഷിക്കുന്ന അച്യുതൻ നായർ എന്ന അച്ഛനെ കണ്ട് പരിചയിച്ച.. ആ അച്ഛൻ്റെ പിന്നിലെ നിസ്സഹായായ അമ്മയെ കണ്ട് സ്നേഹിച്ച മലയാളിക്ക് മുന്നിൽ പാപ്പൻ പരിചയപ്പെടുത്തുന്നത് മകനെ കൊണ്ട് കത്തി എടുപ്പിക്കുന്ന അമ്മയെയാണ്.സമാധാനം നിറഞ്ഞ ജീവിതത്തിന് സ്വന്തം ഭർത്താവിനെ/ അച്ഛനെ കൊല്ലാൻ പറയുന്ന കുഞ്ഞമ്മ എന്ന അമ്മ. ചാക്കോ എന്ന മകൻ അന്ന് കയ്യിലെടുത്ത കത്തി താഴെ ഇടാൻ ആ അമ്മ പറയുന്നില്ല.അത് ഇരട്ടത്തല കത്തിയായി മാറുകയും ചാക്കോയെ ഒരു സീരിയൽ കില്ലർ ആക്കി മാറ്റുകയാണ്.
സ്വന്തം അമ്മയെ സംരക്ഷിക്കാൻ കത്തിയെടുത്ത ചാക്കോ പിന്നീട് പല അമ്മമാരുടെയും രക്ഷകനായി മാറുന്നു.കൊലപാതകങ്ങൾ തുടരെ നടത്തുമ്പോഴും അതെല്ലാം പല അമ്മമാരെ.. ഉപദ്രവിക്കപ്പെടുന്ന അമ്മമാരെ രക്ഷിക്കാനാണ് എന്നതാണ് ചാക്കോയുടെ ന്യായീകരണം.സ്വന്തം മകനെ ക്രിമിനൽ ആക്കി മാറ്റിയ കുഞ്ഞമ്മയ്ക്ക് പക്ഷെ മകൻ കുറ്റവാളി ആണെന്ന ഓർമ്മ പോലുമില്ല.അവർ മകൻ്റെ സ്നേഹം നിറഞ്ഞ ” കുഞ്ഞമ്മെ ” എന്ന വിളിക്കായി കാത്തിരിക്കുകയും മകൻ സ്നേഹത്തോടെ പാടിക്കൊടുക്കുന്ന ഇളയരാജ ഗാനങ്ങൾ കേട്ട് സന്തോഷിക്കുകയും ചെയ്യുന്നു.കുറ്റവാളിക്കും ഒരു കഥയുണ്ട്..സ്നേഹമുണ്ട്..ജീവിതമുണ്ട് എന്ന് ഈ ജനുസ്സിൽ പെട്ട ഒരു ചിത്രവും നമ്മളോട് ഇത്രയും വൈകാരികമായി പറഞ്ഞിട്ടില്ല.
അമ്മ എന്ന ആ വികാരം വച്ച് ഭീഷണിപ്പെടുത്തിയാണ് പോലീസ് ചാക്കോയെ കീഴ്പ്പെടുത്തുന്നത് പോലും.കുഞ്ഞമ്മ എന്ന അമ്മയുടെ തെറ്റായ parenting ൻ്റെ ഇരയാണ് ചാക്കോ. ദുരഭിമാനത്തിൻ്റെ പേരിൽ ഒരു കൊലപാതകം നടത്താൻ ആജ്‌ഞാപിക്കുന്ന കത്രീന പുത്തൻ പുരയ്ക്കൽ എന്ന അമ്മ മലയാളിയുടെ മനസ്സിലെ അമ്മ മാതൃകകൾ പൊളിക്കുന്ന കഥാപാത്രമാണ്. ബെനീറ്റാ എന്ന മകളോട് സ്നേഹത്തിൻ്റെ തരിപോലും അവർക്കില്ല. ഉണ്ടായിരുന്നെങ്കിൽ മകളെ ചേർത്ത് നിർത്താനും ഒരു പക്ഷെ സ്നേഹത്തോടെ പ്രണയത്തിൽ നിന്ന് പിന്തിരിപ്പിക്കാനും അവർ ശ്രമിച്ചേനെ. മകളെ പ്രണയിച്ചു എന്ന കുറ്റത്തിന് ഒരു പാവം ചെറുപ്പക്കാരന് കത്രീന വിധിക്കുന്നത് വധ ശിക്ഷയാണ്. അവനെ കൊല്ലാൻ തീരുമാനിച്ച ശേഷം മാതൃവാത്സല്യത്തോടെ ചോറു വാരി കൊടുക്കുമ്പോഴും കത്രീന പറയുന്നത് അവൻ്റെ അമ്മയെ ചോറിൽ വിഷം കൊടുത്ത് കൊന്നതിൻ്റെ കഥയാണ്.കൺമുന്നിൽ എന്ത് സംഭവിക്കുമ്പോഴും ഉലയാത്ത അത്രയും കരുത്തയായ ആ അമ്മയുടെ തെറ്റായ parenting ൻ്റെ ഇരയാണ് ഷേർളി എന്ന ക്രിമിനൽ. ഡ്യൂട്ടി ഓർ ഫാമിലി എന്ന ചോദ്യമാണ് പടത്തിൻ്റെ കാതൽ എങ്കിലും അങ്ങനൊരു കോൺഫ്ലിക്റ്റിലേക്ക് എബ്രഹാം മാത്യു മാത്തൻ എന്ന പോലീസുകാരനെ കൊണ്ട് ചെന്നെത്തിക്കുന്നത് മറ്റൊരു അമ്മയാണ്. അദ്ദേഹത്തിൻ്റെ ഭാര്യ നാൻസി. ഡ്യൂട്ടി സ്ഥലത്തേക്ക് കയറി വരരുത് എന്ന നിർദേശം അവഗണിക്കാൻ നാൻസി എന്ന അമ്മയ്ക്ക് തോന്നിയത് സ്വന്തം മകളെ കുറിച്ച് ഒരു തവണ എങ്കിലും ചിന്തിക്കാത്തത് കൊണ്ടാണ്.
സിനിമയിലെ ഏറ്റവും പോസിറ്റീവ് കഥാപാത്രം എന്ന് പറയാവുന്ന മൈക്കിൾ എന്ന ചെറുപ്പക്കാരൻ ആണ് സത്യത്തിൽ ഒരു കുറ്റവാളി ആകാൻ സാധ്യതയുണ്ടായിരുന്ന ഒരാൾ. അദ്ദേഹത്തിൻറെ അച്ഛൻ ഒരു കുറ്റവാളിയായിരുന്നു. അച്ഛൻറെ മരണത്തിൻറെ ദുരൂഹതകൾ തൻ്റെ വളർത്തച്ഛനായ പാപ്പനിലേക്ക് നീങ്ങുന്നതും.. സ്വന്തം അമ്മയും പാപ്പനും തമ്മിലുള്ള ബന്ധം ഏതുതരത്തിലുള്ളതാണ് എന്ന് വ്യാഖ്യാനിക്കാൻ കഴിയാത്ത കൺഫ്യൂഷനും മൈക്കിളിന് ഒരു കുറ്റവാളിയായി മാറാനുള്ള സാഹചര്യം തന്നെയാണ്. അവിടെയാണ് സൂസൻ എന്ന അമ്മയുടെ പ്രസക്തി. ആ അമ്മയുടെ നല്ല രീതിയിലുള്ള parenting തന്നെയാവാം മൈക്കിളിനെ അത്രത്തോളം പോസിറ്റീവ് ആക്കി മാറ്റുന്നതും. ഇതിനിടയിൽ അമ്മയായി മാറിയ ഒരാളെക്കുറിച്ചു കൂടി പറയാതിരുന്നുകൂട.
അമ്മയുടെ സ്നേഹം കിട്ടാതെ വളരുന്ന… ജീവിതത്തിലെ പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടാത്തതിനാൽ സ്വന്തം അച്ഛനിൽ നിന്നും അകലുന്ന വിൻസി എന്ന ഐപിഎസുകാരി കഥയുടെ ഒരു ഘട്ടത്തിൽ ഗർഭിണിയാകുന്നതും ഈ മാതൃത്വത്തിന്റെ തുടർച്ചയായി തന്നെയാണ്.ഫാമിലി or ഡ്യൂട്ടി എന്ന conflict ൽ സ്വന്തം അമ്മയെ നഷ്ടപ്പെടുത്തിയതിന്റെ പേരിൽ അച്ഛനെ പ്രത്യക്ഷത്തിലെങ്കിലും വെറുക്കുന്ന വിൻസി ഒരു ഗർഭിണിയായി മാറുമ്പോഴും ഡ്യൂട്ടിക്കിടയിൽ മറന്നു പോകുന്നതും ഉള്ളിലുള്ള ജീവനെ തന്നെയാണ്. ഒടുവിൽ അച്ഛനെ മനസ്സിലാക്കുകയും ഒരു കുഞ്ഞിന് ജന്മം നൽകുകയും ചെയ്യുന്ന വിൻസി സൂസനെ പോലെ ഒരു നല്ല അമ്മയായിത്തീരും എന്ന് പ്രതീക്ഷിക്കാം.അല്ലെങ്കിൽ മാത്തന്റെ സ്വഭാവവും തനി പകർപ്പുമായ കുട്ടിമാത്തനും സാഹചര്യങ്ങൾ പ്രതികൂലം ആകുമ്പോൾ ഒരു വേട്ടക്കാരന്റെ കത്തിയെടുക്കാൻ സാധ്യതയുണ്ട്. Ultimately man is a born animal. അവന്റെ മൃഗീയ ചോദനകളെ ഉണർത്തുന്നതും ഇല്ലാതാക്കുന്നതും അമ്മ എന്ന ഒരൊറ്റ വികാരം തന്നെയാണ് …