സർക്കസാണ് ഓർമ്മ വരുന്നത്, എല്ലാറ്റിനും ആ പാവം മനുഷ്യൻ നിന്ന് കൊടുക്കുകയും ചെയ്യും

58

RJ Salim

പണ്ടൊക്കെ സർക്കസുകാർക്കൊരു പരിപാടിയുണ്ട്. എന്തെങ്കിലും വ്യത്യാസമുള്ളൊരു ജീവിയെ എവിടുന്നെങ്കിലും സംഘടിപ്പിക്കും. വല്ല നീല ആനയോ, കണക്കു കൂട്ടുന്ന കഴുതയോ അങ്ങനെ എന്തെങ്കിലും. പിന്നെ നാടൊട്ടുക്ക് പ്രചരണമാണ്. ആളുകൾ ഇരമ്പിക്കേറും സർക്കസ് കാണാൻ. അപ്പോളതാ കഴുത കണക്ക് കൂട്ടുന്നു, ആന മലർന്ന് കിടക്കുന്നു. പിന്നെ ഈ ജീവി ആളുകളുടെ കൂടെ നിന്ന് ഫോട്ടോ എടുക്കലായി, ഷേക്ക് ഹാൻഡ് കൊടുക്കലായി എന്നുവേണ്ട ഒരേ പുകില് തന്നെ. രാഹുൽ ഗാന്ധിയെ കോൺഗ്രസുകാര് എന്തോ അന്യഗ്രഹ ജീവിയെപ്പോലെ കൊണ്ട് നടന്നു ഇതേപോലെ മീൻ പിടിപ്പിക്കുകയും, ചായ കുടിപ്പിക്കുകയും, കടലിൽ ചാടിക്കുകയും, തൈരുപ്പ് വെങ്കായം പരിപാടി അവതരിപ്പിക്കുകയും ചെയ്യുമ്പോൾ സത്യം പറഞ്ഞാൽ ഈ സർക്കസാണ് ഓർമ്മ വരുന്നത്.

എല്ലാറ്റിനും ആ പാവം മനുഷ്യൻ നിന്ന് കൊടുക്കുകയും ചെയ്യും. അത് കാണുമ്പോഴാണ് ശരിക്കും സങ്കടം. മുൻപ് ആ സർക്കസ് ജീവിയോട് തോന്നിയ അതേ സിമ്പതി.കോളേജിൽ പഠിക്കുമ്പോഴാണ് ആദ്യമായി രാഹുലിനെ നേരിട്ട് കാണുന്നത്. അന്ന് പുള്ളി “പപ്പു”വായിട്ടില്ല. സ്റ്റാറാണ്. ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ദേ ആയിപ്പോയി എന്ന ലൈനിലാണ് വാർത്ത മുഴുവനും. അതിലൊക്കെ അന്ന് ഭയങ്കരമായി വിശ്വസിച്ചിരുന്നു. ആദ്യമായി ആ വിശ്വാസം ഇളകുന്നത് പ്രൊഫസർ ക്ലാസിൽ പറഞ്ഞൊരു കാര്യം കേട്ടാണ്.

“നിങ്ങൾ രാഹുൽ ഗാന്ധിയാണ് ഇന്ത്യയുടെ ഒരേയൊരു പ്രതീക്ഷയെന്നു കരുതുന്നു. അടുത്ത പ്രധാനമന്ത്രി ആവാൻ വേറെയാരുമില്ല എന്ന് വിശ്വസിക്കുന്നു. ഞാൻ എതിർത്തൊന്നും പറയുന്നില്ല. നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ..”
സത്യത്തിൽ അന്നാദ്യമായാണ് രാഹുലിന്റെ മേലുള്ള വിശ്വാസം ഇളകുന്നത്. “വൈ രാഹുൽ ?” എന്ന ചോദ്യം അന്നാദ്യമായി സ്വയം ചോദിച്ചു. അതിന് അന്നും ഉത്തരമില്ല, ഇന്നും ഉത്തരമില്ല. രാഹുൽ ഗാന്ധിയെ പപ്പുവാക്കുന്ന ഇന്റർവ്യൂ, അർണബ് നടത്തുന്നത് 2013 ലാണ് എന്നാണ് ഓർമ്മ. അന്ന് കോൺഗ്രസ് ഭരണമാണ്. ഇന്റർവ്യൂവിന്റെ ഫൂട്ടേജ് അവർ കോൺഗ്രസിന് അയച്ചും കൊടുത്തതാണ്. എന്നിട്ടും ഏതോ മഹാപാപി അത് എയർ ചെയ്തോളൂ എന്ന് പറഞ്ഞു.

രാഹുൽ ഗാന്ധിയെ പപ്പു എന്ന് വിളിച്ചു അപമാനിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. ബുദ്ധിശൂന്യതയും നിരന്തരമായ അബദ്ധങ്ങളും പറ്റുന്ന ഒരാളാണ് എന്നതൊന്നും ഒരാളെ കളിയാക്കാനായി ഉപയോഗിച്ചുകൂടാ എന്നാണ് അഭിപ്രായം. പക്ഷെ ഒന്നാലോചിച്ചു നോക്കൂ, ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയായിരുന്ന കോൺഗ്രസിന്റെ ഇന്നത്തെ ഏറ്റവും വലിയ നേതാവായി ഇരുന്നുകൊണ്ട് ഒരാൾ അതൊക്കെ ചെയ്യുമ്പോൾ അത് എന്നെയും നിങ്ങളെയും ബാധിക്കുന്ന കാര്യമാണ്. ഇവിടെ കഴിവ് തെളിയിച്ചാൽ പോലും ചെത്തുകാരന്റെ മോനല്ലേ എന്ന് അധിക്ഷേപിക്കുന്ന നാട്ടിലാണ് ഒരു കഴിവും ഇതുവരെ തെളിയിക്കാത്ത ഒരാളെ സവർണ്ണതയുടെ പേരിൽ മാത്രം അവരോധിക്കുന്നത്.
നിങ്ങൾ വയനാട്ടിൽ വന്നു ട്രാക്റ്റർ റാലി നടത്തിക്കോളൂ. പക്ഷെ ഡെൽഹിയിൽക്കൂടി ഒന്ന് പോയി ഒരു രണ്ടു ദിവസം അവിടിരുന്നൂടെ ? പുതുച്ചേരിയിൽ കോൺഗ്രസ് അടപടലം ബിജെപിക്ക് വിറ്റൊഴിയുന്നു. അതിനെതിരെ കൂടി എന്തെങ്കിലും ചെയ്യൂ. സൗത്ത് ഇന്ത്യയിൽ ബിജെപിക്ക് മറ്റൊരു ഭരണം കൂടി ലഭിക്കുന്നു.

ഇതൊക്കെ കോൺഗ്രസുകാരെ മാത്രമല്ല, ബാക്കി ഇന്ത്യക്കാരെക്കൂടി ബാധിക്കുന്ന പ്രശ്നമാണ്. ഇങ്ങനെ നാടകം കളിച്ചു ബാക്കി മനുഷ്യരെല്ലാം പൊട്ടന്മാരാണ് എന്ന് കരുതല്ലേ ദയവായി.വിജയിച്ചു കഴിഞ്ഞ കോൺഗ്രസ് എമ്മെല്ലെമാരെ ബീജേപി കൊണ്ട് പോകാതിരിക്കാൻ റിസോർട്ടിൽ പൂട്ടിയിടേണ്ടി വരുമ്പോൾ രാഹുൽ അപ്പുറത്തു പോയി ഫുഡ് വ്ലോഗ് ചെയ്യുകയാണ്. പൗരത്വ സമരം നടക്കുമ്പോൾ ഇറ്റലിക്ക്, കർഷക സമരം നടക്കുമ്പോ കൊറിയക്ക്, ബാക്കി സമയങ്ങളിൽ പട്ടായ ആണെന്നും കേൾക്കുന്നു.
അതായത് ഉത്തരവാദിത്തവുമില്ല, ഇതൊക്കെ ജനമറിഞ്ഞാലും ഒരു ഒരു മാങ്ങയുമില്ല എന്ന അഹങ്കാരവും. അമേഠി അത് തിരിച്ചറിഞ്ഞു.
രാഹുൽ ഗാന്ധിയോടുള്ള ഈ വിധേയത്വത്തിന്റെ കാരണം കൃത്യമായും ജാതിപരവുമാണ്. സവർണ്ണനായ ജന്മി ,പണ്ട് കുടിയാന് ചില്ലറ എറിഞ്ഞു കൊടുക്കുമ്പോൾ കുടിയാന് തോന്നുന്ന അതേ സ്‌പെഷ്യൽ പരിഗണനാ ബോധം ഒരുപക്ഷെ കേരളീയർക്കുമുണ്ട് എന്ന് തോന്നുന്നു. “അതാ രാഹുൽ തമ്പ്രാൻ വന്നിരിക്കുന്നു..”

ആ ജന്മി കുടിയാൻ ബന്ധം ഊട്ടിയുറപ്പിച്ചു വിധേയത്വം ഉറപ്പ് വരുത്തേണ്ട ചുമതലയാണ് മനോരമയ്ക്ക്. അതിനാണ് രാഹുൽ ശ്വാസം വിട്ടാലും, “ശ്വാസം വിട്ട് രാഹുൽ” എന്നൊക്കെ തലക്കെട്ട് വരുന്നത്.ഒരു ജനത എന്ന നിലയ്ക്ക് നമ്മൾ ഇതിലും മെച്ചപ്പെട്ട പ്രതിനിധികളെ അർഹിക്കുന്നില്ലേ ? രാഷ്ട്രീയത്തിൽ കഴിവും താൽപ്പര്യവുമില്ലാത്ത, കുടുംബ പാരമ്പര്യം ഒന്ന് കൊണ്ട് മാത്രം കടിച്ചു തൂങ്ങിക്കിടക്കുന്ന ഇതേപോലുള്ള നിർഗുണങ്ങളെ ചുമക്കേണ്ട എന്ത് ഗതികേടാണ് ഇവിടത്തെ മനുഷ്യർക്കുള്ളത് ? ടി സിദ്ദിക്ക് പോലും രാഹുലിനേക്കാളും മികച്ച രാഷ്ട്രീയക്കാരനാണ്.അതല്ല സർക്കസിലെ ജീവിയെ കാണുന്ന കൗതുകം തീർക്കുക മാത്രമാണുദ്ദേശ്യമെങ്കിൽ രാഹുൽ ഗാന്ധിയെക്കാൾ മികച്ച ചോയിസില്ല