ലോകത്തു ഈ “അന്യ ബന്ധം” കൂടുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്തെന്നറിയാമോ ?

0
295

RJ Salim

ചിലർക്കെങ്കിലും ഒരു കമ്മിറ്റഡ് റിലേഷൻഷിപ്പിൽ ആയിരിക്കുമ്പോൾ തന്നെ മറ്റൊരാളോട് ഒരു സെക്ഷ്വൽ ഡിസൈർ, പ്രണയം അല്ലെങ്കിൽ ഒരു തവണ എങ്കിലും സെക്‌സ് ചെയ്യണമെന്ന ആഗ്രഹവുമുണ്ടായിരിക്കാം. റിലേഷൻഷിപ്പിൽ നിന്ന് വിട്ടുപോവാതെ ഇങ്ങനെ ചെയ്യുന്നതിനോടുള്ള അഭിപ്രായം എന്താണ് ?അതിനോട് പങ്കാളിക്ക് എതിർപ്പ് ഉണ്ടെങ്കിൽ അത് ശരിയാണോ തെറ്റാണോ ?
കഴിഞ്ഞ മാസം അറ്റൻഡ് ചെയ്‌ത ഒരു വെബിനാറിൽ ചോദിക്കപ്പെട്ട ഒരു ചോദ്യമായിരുന്നു ഇത്. ഇപ്പോഴത്തെ ഒരു ട്രെൻഡ് ഓഫ് ഡിസ്കഷനിൽ ഈ ചോദ്യം പ്രസക്തമാണെന്നു തോന്നുന്നു. അന്ന് പറഞ്ഞ അഭിപ്രായം ഇവിടെയും പറയാം.
ഇതിന്റെ ചിലരുടെ ബയോളജിക്കൽ ന്യായീകരണം മനുഷ്യൻ പോളിഗമസ് ആണെന്നും ഒരു പങ്കാളിയിൽ മാത്രം തളച്ചിടപ്പെടാൻ മനുഷ്യന് സാധിക്കില്ല എന്നുമാണ്. അതുകൊണ്ടു ഇങ്ങനെ സംഭവിക്കാമെന്നും സംഭവിച്ചാൽ തന്നെ അതിൽ കുറ്റപ്പെടുത്താൻ ഒന്നുമില്ല എന്നുമാണ് ഇവരുടെ വാദത്തിന്റെ ബോട്ടം ലൈൻ.

അതായത് ഇവർ മനുഷ്യന്റെ ഏജൻസി അദൃശ്യ പ്രകൃതിക്ക് നൽകി അതിന്റെ മറവിൽ ചുളുവിൽ ഇത് മനുഷ്യന്റെ നിസ്സഹായതയാണെന്നു വരുത്തിത്തീർത്തു സ്വയം കൈകഴുകി നിഷ്കളങ്കത നടിക്കുകയാണ്. അൾട്രാ “പുരോഗമന”ക്കാർ പറയുന്നത് ബന്ധങ്ങൾ, വിശ്വാസം, ലൈംഗികത, എന്നിവയിലൊക്കെ പഴേ മൂല്യങ്ങൾ വെച്ച് പുലർത്തുന്നതിന്റെ പ്രശ്നം കൊണ്ടാണ് ഇതൊരു കുഴപ്പമായി തോന്നുന്നതെന്നാണ്.
അവസാനം “എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം” എന്ന പഞ്ചും കൂടി അടിക്കും. ഇവിടെയും സ്വന്തം ചെയ്‌തികളുടെ തനി നിറം മറയ്ക്കാനും, ചെയ്ത കാര്യം എന്തോ മേന്മയുള്ളതാണ് എന്ന് കാണിച്ചു മിടുക്കരാവാനുള്ള ശ്രമാണ്.ഈ രണ്ടു ന്യായീകരണവും, ഇത് ചെയ്യുന്ന ആളിനെ മാത്രമാണ് ഫോക്കസ് ചെയ്യുന്നത്. അപ്പുറത്ത് ഇതിനാൽ ആഴത്തിൽ ബാധിക്കപ്പെടുന്നൊരാൾ നിൽപ്പുണ്ട് എന്നാരും ഓർക്കാറില്ല. അയാൾക്ക് നീതി വേണ്ടേ ?

എന്നോട് ചോദിച്ചാൽ പങ്കാളിയുടെ അനിഷ്‌ടം ആദ്യമേ അറിഞ്ഞിട്ടും ഇത് ചെയ്യുന്ന പ്രവർത്തിക്കു മറ്റൊരു ഡെക്കറേഷനുമില്ലാതെ ഒരൊറ്റ വാക്കേയുള്ളൂ മലയാളത്തിൽ – ചതി. കുറേക്കൂടി കണിശമായി പറയാണെങ്കിൽ – വഞ്ചന ! അതിനപ്പുറം ഒരു വിശേഷണവും ഈ പ്രവർത്തിക്കില്ല. നിങ്ങൾ ഒരാളുമായി കമ്മിറ്റഡ് റിലേഷൻഷിപ്പിൽ ഇരിക്കുമ്പോൾ മറ്റൊരാളോട് പ്രണയവും ഫിസിക്കൽ അട്ട്രാക്ഷനും തോന്നാം. സ്വാഭാവികമാണ്. അതുവരെ മാത്രമാണ് നമുക്ക് കൺട്രോളില്ലാത്തത്. പക്ഷെ ആ ഡ്രൈവിനെ നിങ്ങൾ ഫോളോ അപ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദി ബയോളജിയും പുരോഗമനവും ഒന്നുമല്ല. നിങ്ങൾ മാത്രമാണ്. അത് നിങ്ങളുടെ കോൺഷ്യസ് തീരുമാനത്തിന്റെ ഫലമാണ്.

നിങ്ങൾ രഹസ്യമായി അല്ലെങ്കിൽ പങ്കാളിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടു മറ്റൊരാളെ തേടുമ്പോൾ അത് നല്ല പച്ച വിശ്വാസ വഞ്ചനയാണ്. ബാക്കിയുള്ള നിങ്ങളുടെ എല്ലാ ബയോളജിക്കൽ ഡ്രൈവുകളും നിങ്ങൾ അതേപോലെ ആവിഷ്കരിക്കാറില്ലല്ലോ.
ലോകത്തു പല തരം റിലേഷൻഷിപ് അറേഞ്ച്മെന്റുകളുണ്ട്. നിങ്ങൾക്ക് കമ്മിറ്റ്മെന്റ് ഇഷ്യൂസ് ഉണ്ടെങ്കിൽ, ഒരാളിലേക്ക് ചുരുങ്ങാൻ പറ്റില്ല എങ്കിൽ അത് തിരിച്ചറിഞ്ഞു അത്തരം റിലേഷൻഷിപ്പുകളിൽ മാത്രം ഇൻവോൾവ്ഡ് ആവുക. കമ്മിറ്റ്മെന്റ് ആവശ്യമില്ലാത്ത തരം കാഷ്വൽ ബന്ധങ്ങളെ തിരഞ്ഞെടുക്കുക.

അല്ലാതെ കമ്മിറ്റ്മെന്റിന്റെ പേരും പറഞ്ഞു മറ്റേപ്പരിപാടി കാണിക്കരുത്. ആ വാക്കിനൊരു അർത്ഥമുണ്ട് !
കാരണം നിങ്ങളുടെ ഇത്തരമൊരു ചതി നിങ്ങളെ വിശ്വസിച്ചിരിക്കുന്ന ഒരു മനുഷ്യ ജീവിയെ മരണം വരെ തകർത്തു കളഞ്ഞേക്കാവുന്ന ഡാമേജ് ഉണ്ടാക്കിയേക്കും. അയാളുടെ ജീവിത ബോധം തന്നെ ചിതറിപ്പോയേക്കും. മനുഷ്യരിലുള്ള ആകെ പ്രതീക്ഷ തന്നെ ഇല്ലാതായി ജീവിച്ചിരിക്കെ തന്നെ ശവമായിപ്പോയെക്കും. അതിന്റെ ചോരയൊലിപ്പിക്കുന്ന മുറിവും കൊണ്ടാവും പിന്നീടയാൾ ജീവിക്കേണ്ടി വരിക.
നിങ്ങൾക്ക് ഒരു ബന്ധത്തിൽ നിൽക്കെ മറ്റൊരു ബന്ധത്തിലേക്ക് പോകാതെ പറ്റില്ല എങ്കിൽ അത് തുറന്ന് പറയുക.
ശരിയാണ്, ഇതൊന്നും തുറന്ന് പറയാൻ ഒട്ടും എളുപ്പമല്ല. പക്ഷെ അത് മറ്റൊരാളെ മാനസികമായി ഇല്ലാതാക്കുന്നതിൽ നിന്നും എത്ര ഭേദമാണ്. അത്രയും പരിഗണന നമ്മളെ വിശ്വസിച്ചൊരാൾ അർഹിക്കുന്നുണ്ട്. പിന്നെയും അയാളെ ഇതിന്റെ പേരിൽ അയ്യേ നിനക്ക് പുരോഗമനം ഇല്ല എന്നും മനുഷ്യനെപ്പറ്റി നിനക്കെന്തറിയാം എന്നും ചോദിച്ചു പുലഭ്യം പറയരുത്.

ലോകത്തു ഈ “അന്യ ബന്ധം” കൂടുന്നതിന്റെ പ്രധാനപ്പെട്ട കാരണം, നമ്മുടെ നാട്ടിൽ മനുഷ്യർ അവരവരുടെ ചോയിസിലല്ല ഒരു റിലേഷൻഷിപ്പിലേക്ക് കടക്കുന്നത്. നൂറായിരം പ്രെഷറുകളുടെ ഫലമായാണ്. റിലേഷൻഷിപ്പുകളെ സ്ഥാപനവൽക്കരിച്ചു, മതിലുകൾ ആകാശം മുട്ടെ കെട്ടി പൊക്കി ജയിലുകൾ പോലെ ആക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മനുഷ്യർക്ക് ഒരു മൂവ്മെന്റ് സാധ്യമല്ല. അവർക്ക് അകത്തു നിൽക്കുന്നതിലും ആഗ്രഹം പുറത്തു കടക്കാനാണ്. എൺപത് വർഷം ജീവിച്ചിരിക്കുന്ന ഒരു മനുഷ്യന് ആകെ ഒരൊറ്റ തവണ മാത്രമെടുക്കാവുന്ന തീരുമാനമായി നമ്മളിതിനെ മാറ്റിയിട്ടുണ്ട്.അതുകൊണ്ടു തന്നെ ഏറ്റവുമധികം ഇരയാക്കപ്പെടുന്നത് സ്ത്രീകളാണ്. അവരെയാണ് ഒരു ബന്ധത്തിലേക്ക് ഏറ്റവും കൂടുതൽ ഫോഴ്‌സ് ചെയ്യപ്പെടുന്നതും, അതിനുള്ളിൽ കെട്ടിയിടപ്പെടുന്നതും.
പുരുഷനും ഇര തന്നെയാണ്. ഡിവോഴ്‌സ് പാപമായ, ബ്രേക്ക് അപ്പുകൾ നിഷിദ്ധമായ, സെക്കൻഡ് മാരേജുകൾ ചീപ്പായ, ആഫ്റ്റർ ഫിഫ്റ്റി റിലേഷൻഷിപ്പുകൾ വൃത്തികേടായ ഒരു സമൂഹത്തിൽ എല്ലാ മനുഷ്യരും ഇരകൾ തന്നെയാണ്.

മനുഷ്യരെ എത്രത്തോളം ഫോഴ്‌സ് ചെയ്യുന്നുവോ അത്രത്തോളം അവർ റെസിസ്റ്റും ചെയ്യും.ഹ്യൂമൻ ഇൻസ്റ്റിറ്റിയൂഷനുകളെ ഫ്ലെക്സിബിൾ ആക്കി നിലനിർത്തുക. മനുഷ്യർക്ക് പരസ്‌പരം ഓപ്പണായി കമ്മ്യുണിക്കേറ്റ് ചെയ്യാൻ പറ്റുന്ന വിധത്തിലുള്ള റിലേഷൻഷിപ് അറേഞ്ച്മെന്റുകൾ ഉണ്ടാവുക എന്നതൊക്കെയാണൊരു പോം വഴി. So that people dont have to hurt someone to do what they want to do. എല്ലാ മാനുഷിക കാര്യങ്ങളിലെയും പോലെ ഇവിടെയും ഗ്രേ ഏരിയകളുണ്ട് എന്ന് സമ്മതിക്കുന്നു. പക്ഷെ ഇങ്ങനെയൊരു പ്രശ്‌നമുണ്ട് എന്നതൊന്നും ഒരാളുടെയും ചതിക്കും വഞ്ചനയ്ക്കും ഒരു ന്യായീകരണമേയല്ല. ദയവായി അതിന് പുരോഗമനത്തിന്റെ പെയിന്റടിക്കരുത്.