സ്ഫടികം മികച്ച സിനിമയാണോ ? വാ നോക്കാം –
RJ Salim ന്റെ കുറിപ്പ്
.
മാസ് പടങ്ങൾ രണ്ടു വിധമുണ്ട്. ഒന്ന് ഒറ്റയ്ക്ക് നിൽക്കുന്ന മാസ് പടങ്ങളാണ്. അതിലെ നായകന് പ്രേക്ഷരുമായി മുൻകാല ബന്ധത്തിന്റെ ആവശ്യമൊന്നുമില്ല. ഉദാഹരണത്തിന് ബാഹുബലി. പ്രഭാസിന്റെ മുൻ മാസ് പടങ്ങൾ കണ്ടവരായിരുന്നില്ല ബാഹുബലിയുടെ മാസ് സീനുകൾ കണ്ടു കൈയ്യടിച്ചത്. അത് ബാഹുബലി സിനിമയുടെ ബിൽഡപ്പിന്റെ സാഹചര്യത്തിലാണ് ആസ്വദിക്കപ്പെടുന്നത്. ഇതിനു കുറച്ചു അധികം പണിയുണ്ട്. സിനിമയുടെ ഡ്രാമ, ബിൽഡ് അപ്, പ്ലോട്ടൊക്കെ നമ്മൾ തന്നെയുണ്ടാക്കണം.
.
രണ്ടാമത്തെ വിധം, നായകന്റെ മുൻകാല താര ചരിത്രം ഉപയോഗിച്ചെടുക്കുന്ന മാസ് സിനിമകളാണ്. രജനി കാന്ത് സിനിമകളെല്ലാം ഈ ഗണത്തിലുള്ളതാണ്. കാരണം ഏതൊരു സിനിമയെയും വിഴുങ്ങി നിൽക്കാനുള്ള സ്റ്റാർ പവർ പുള്ളിക്കുണ്ട്. താരങ്ങൾ പൊതുവെ ഉന്നം വെയ്ക്കുന്ന മാസ് സിനിമകളെല്ലാം ഈ ടൈപ്പ് പടങ്ങളാണ്. എന്നാലാണ് അവരുടെ ഇമേജ് വളർന്നു വളർന്നു വരുന്നത്. കഥാപാത്രത്തെക്കാളും, അതിലെ ഹീറോയിസം മുഴുവൻ അത് ചെയ്യുന്ന താരത്തിന് അവകാശപ്പെട്ടതാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ സ്റ്റാർ വെഹിക്കിളുകളാണ് ഇത്തരം സിനിമകൾ.
.
പക്ഷെ ഒരു കുഴപ്പമുണ്ട്. ആദ്യം പറഞ്ഞ തരം മാസ് പടങ്ങൾ മാത്രമേ കാലത്തിനൊത്തു ആസ്വദിക്കപ്പെടുള്ളൂ. രണ്ടാമത്തെ ടൈപ്പ് മാസ് പടങ്ങൾ, ഇരുപതു വർഷം കഴിഞ്ഞു ഈ നായകൻ ഒന്നുമല്ലാത്ത അവസ്ഥയിൽ ഈ സിനിമകൾ കാണപ്പെടുമ്പോൾ ഒരു തേങ്ങയും തോന്നില്ല. എന്ന് മാത്രമല്ല കട്ട കോമഡിയായിത്തീരുകയും ചെയ്യും. താണ്ഡവം ഒരു ഇരുപതു വർഷം കഴിഞ്ഞു കാണുമ്പോ (അങ്ങനെ കാണാതിരിക്കട്ടെ. ബാല ശാപം കിട്ടും ഷാജി കൈലാസിന് ) അന്നത്തെ പിള്ളേർ മോഹൻലാലിനെയും ഷാജി കൈലാസിനേയും വലിച്ചു കീറി ഒട്ടിച്ചുകളയും എന്നതിലൊരു തർക്കവും വേണ്ട.
.
സ്ഫടികം ആദ്യ കാറ്റഗറിയിൽ വരുന്ന തരം മാസ് സിനിമയാണ്. സ്ഫടികം എപ്പോ കണ്ടാലും അതിലെ ആട് തോമ ആസ്വദിക്കപ്പെടും. അതിനു മോഹൻലാലിന്റെ സ്റ്റാർ പവറിന്റെ ആവശ്യം ഏതാണ്ട് ഇല്ല. കാരണം ആട് തോമയിൽ ഇൻഹെറന്റായി തന്നെ ലാർജർ ദാൻ ലൈഫ് എലെമെൻസുണ്ട്. മോഹൻലാലിന് പെർഫോം ചെയ്യേണ്ട കാര്യം മാത്രമേയുള്ളൂ. അദ്ദേഹത്തിലെ നടന്റെ മാത്രം സഹായം മതിയാകും ആട് തോമയെ പുൾ ഓഫ് ചെയ്യാൻ. താരത്തിന് കാരവാനിൽ റെസ്റ്റെടുക്കാം. അതിനു ഭദ്രനോട് പെരുത്ത് നന്ദി.
.
ആദ്യമേ തന്നെ മികച്ചതായ ഒരു കഥാപാത്ര നിർമ്മിതിയിലേക്കു മോഹൻലാൽ അയാളുടെ സമ്പുഷ്ടമായ അഭിനയ സിദ്ധി ഇഴചേർക്കുക കൂടിചെയ്യുമ്പോൾ ആട് തോമയുടെ ഹൃദയം പെല്ലെ മിടിച്ചു തുടങ്ങുന്നു. സ്വതവേ മനോഹരമായ സ്ഫടികപ്പാത്രത്തിൽ മധുരമുള്ള വീഞ്ഞ് വിളമ്പിയത് പോലെ. ബാല്യം മുതൽ തന്റെ സന്തോഷങ്ങളും കൗതുകങ്ങളും കഴിവുകളും നിഷേധിക്കപ്പെട്ട ആഴത്തിൽ മുറിവേറ്റൊരു മനസ്സാണ് ആട് തോമയെന്ന കഥാപാത്രത്തിന്റെ ഏറ്റവും വലിയ ട്രിഗറിങ് ഫോഴ്സ്. തല്ലിപ്പറിച്ചു കളഞ്ഞവൻ പിന്നെ എങ്ങനെയാകുമെന്നു കരുതി ? എന്ന് രാവുണ്ണി മാഷ് ചോദിക്കുന്നുണ്ട് സിനിമയിൽ. നന്നാവുന്നവരുമുണ്ടെന്നു ചാക്കോ മാഷിന്റെ മറുപടി. ആന ചവിട്ടിയാൽ ചാവാത്തവരുമുണ്ടെന്നു രാവുണ്ണി മാഷ് തിരിച്ചും. ആന ചവിട്ടിയിട്ടും ചാവാത്തവനാണ്, പക്ഷെ പറ്റിയ മുറിവുകളൊന്നും നിസ്സാരമല്ല.
.
ആ ബാല്യ ഓർമ്മകളാണ് അയാളിലെ വയലന്സിന്റെ കേന്ദ്രം. ആ കൃത്യം മുറിവിലാണ് തുളസി മരുന്ന് വെയ്ക്കുന്നത്. അവിടം സുഖപ്പെടാതെ ആട് തോമയ്ക്കൊരു മാറ്റം സാധ്യമല്ല. തുളസിയെ ചീത്ത വിളിച്ചു വീട്ടിലിറക്കി തിരികെപ്പോകുന്ന ആട് തോമ തന്റെ പഴയ യന്ത്രമണിയുടെ ഒച്ച കേട്ട് തിരികെ ഓടി വരുന്ന ഷോട്ട് ആരും മറന്നു കാണാനിടയില്ല. (അതിൽ തോമസ് ചാക്കോ അൾത്താര ബാലനായ ഒരു പടവും കാണാം. മികച്ച ഡീറ്റെയിലിങ്ങാണ് ) ആ സ്ലോ മോഷൻ, സിനിമയിലെ തിളക്കമുള്ളൊരു കാഴ്ചയാണ്.
തുടർന്ന് തുളസിയോട് അതേപ്പറ്റി ചോദിക്കുമ്പോൾ ഒരു തകർച്ച എന്നാണ് ആട് തോമ ഈ യന്ത്രമണിയെയും അതിന്റെ ഓർമ്മകളെയും സൂചിപ്പിക്കുന്നത്. ഈ മുറിവ് സുഖപ്പെടുന്നതോടു കൂടിയാണ് ആട് തോമയുടെ റിക്കവറി ആരംഭിക്കുന്നത്. അങ്ങനെയാണ് തോമയ്ക്ക് തുളസി വീണ്ടും പ്രിയപ്പെട്ടവളാകുന്നത്.
.
ഒരുപക്ഷെ ഇന്നത്തെ മാസ് സിനിമകളിലാണെങ്കിൽ ചുമ്മാ വയലൻസ് കാണിക്കുന്ന നായക കഥാപാത്രം. അയാൾക്ക് തന്നെ വാവും വെള്ളിയാഴ്ചയുമില്ല. ബോധം പണ്ടേയില്ല . എവിടന്നോ ഒരു പ്ലാസ്റ്റിക് നായിക വരുന്നു. ഒടുവിൽ പ്രേമം. ഖലാസ്. ആട് തോമയ്ക്ക് പക്ഷെ കൃത്യം കാരണങ്ങളുണ്ട് അയാളുടെ സ്വഭാവം അങ്ങനെയായതിൽ. തേർഡ് ആക്റ്റിൽ തോമ ഏതെങ്കിലും പെണ്ണിനെ കണ്ടു മയങ്ങിയല്ല സ്വയം മാറുന്നത്. അയാളിലെ ചൈൽഡ്‌ഹുഡ് പ്രശ്നത്തെ തുളസി സുഖപ്പെടുത്തിയതുകൊണ്ടാണ്. തുളസിക്ക് കൃത്യമായൊരു പർപ്പസുണ്ട്. നിർദ്ധരിക്കാനാകാതെ കിടന്നൊരു മാത്‍സ് പ്രോബ്ളമാണ് തോമ. തുളസിയത് അനായാസം സോൾവ് ചെയ്യുന്നു. അത് മികച്ച തിരക്കഥയുടെ ലക്ഷണം തന്നെയാണ്.
.
നായകൻറെ ഷോ ഓഫായി ചുരുങ്ങുന്ന മാസ് കൊമേർഷ്യൽ സിനിമകളിൽ നിന്നൊക്കെ വ്യത്യസ്തമാണ് സ്ഫടികവും ആട് തോമയും. അയാൾക്ക് കൃത്യമായ ക്യാരക്റ്റർ ആർക്കുണ്ട്. തോമയ്ക്ക് ജീവിതത്തിനേക്കാൾ മരണത്തിനോടാണ് താല്പര്യം. ചുണ്ടിൽ ബീഡി വെച്ച് ബോംബ് കത്തിക്കുന്ന, രണ്ടാം നിലയിൽ നിന്ന് ഒരു രണ്ടാം ചിന്തയുമില്ലാതെ താഴേക്ക് ചാടുന്ന, തന്നെക്കാൾ ഇരട്ടി വലിപ്പമുള്ളവനെ നേരിടുന്ന, പോലീസ് എസ്ഐ യെ യൂണിഫോമിൽ തല്ലുന്ന ഒരുത്തനെന്തായാലും ജീവിക്കാൻ നടക്കുന്നവനല്ല. എന്റെ ശവം നിന്റെ തട്ടുമ്പുറത്തു വെച്ചാ മതിയെന്ന് തോമ കൂടെ നിൽക്കുന്നവനോട് പറയുന്നുണ്ട്. ഒരുപക്ഷെ തോമയ്ക്ക് കാണാം, ആ തെരുവിൽ അയാൾ ചത്തുമലച്ചു കിടക്കുന്നത്.
.
സ്ഫടികം ഇന്നും അതേപോലെ നിലനിൽക്കുന്നത് അത് പ്രധാന കഥാപാത്രത്തെയും അയാളുടെ സാഹചര്യത്തെയും ചുറ്റുമുള്ളവരെയും ശ്വാസമെടുക്കുന്ന മനുഷ്യരായി ട്രീറ്റ് ചെയ്തതുകൊണ്ടാണ്. അവരുടെ ഇമോഷൻസിനോട് നീതിപുലർത്തും വിധം അവരോടു സ്‌ക്രീനിൽ ആദരവ് കാണിച്ചതുകൊണ്ടാണ്. ശ്യാം പുഷ്ക്കരൻ ശരിയാണ്. സ്ഫടികം ഒരു മികച്ച സിനിമ തന്നെയാണ്.
(റീ റിലീസ് ചെയ്തതുകൊണ്ട് പോസ്റ്റും റീ പോസ്റ്റ് ചെയ്യുന്നു )