Featured
“മോഹൻലാൽ ഇല്ലെങ്കിൽ “സ്പിരിറ്റ്” എന്ന സിനിമ ഇല്ല”
സ്പിരിറ്റ് ഒരു സിനിമ എന്ന നിലയിൽ തരക്കേടില്ലാതെ തുടങ്ങി, രഞ്ജിത്തിന്റെ സ്ഥിരം എക്സ്ട്രാ ഇന്റലിജന്റ്, എക്സ്ട്രാ മാസ്ക്കുലിൻ, എക്സ്ട്രാ
134 total views

RJ Salim
സ്പിരിറ്റ് ഒരു സിനിമ എന്ന നിലയിൽ തരക്കേടില്ലാതെ തുടങ്ങി, രഞ്ജിത്തിന്റെ സ്ഥിരം എക്സ്ട്രാ ഇന്റലിജന്റ്, എക്സ്ട്രാ മാസ്ക്കുലിൻ, എക്സ്ട്രാ എവെരിതിങ് നായകനെന്ന സ്ഥിരം ട്രാക്കിൽ തുടങ്ങുമെങ്കിലും ആദ്യമായി ആൽക്കഹോൾ അഡിക്ഷൻ എന്ന ഒരു കുറവ് പ്രത്യക്ഷത്തിൽ സമ്മതിക്കുന്ന സിനിമയാണ്. സാധാരണ രഞ്ജിത്ത് സിനിമകളിലെ നായകന് അങ്ങനെയൊരു കുറവുണ്ടാകാറില്ല. എല്ലാം കൂടുതലാണ്.
സിനിമയുടെ ആദ്യ ഭാഗങ്ങളിൽ രഘുനന്ദന്റെ അഡിക്ഷൻ കൺട്രോളാബിൾ ലിമിറ്റ്സ് കടന്ന്, അപകടത്തിലേക്ക് പോകും വരെയുള്ള ഭാഗങ്ങളിൽ ആ പഴയ മികച്ച നടനെ കാണാം. മനസ്സ് കൊണ്ട് കുടിക്കണമെന്നും എന്നാൽ ശരീരം അതിനു വഴങ്ങുന്നുമില്ലാത്ത അവസ്ഥ. ശരീരം അതിന്റെ ബലഹീനതകൾ മുഖത്ത് പ്രദർശിപ്പിച്ചു തുടങ്ങിയിരിക്കുന്നു. മദ്യത്തിന്റെ മണവും രുചിയും അരോചകമാകുമ്പോഴും അത് വേണ്ടെന്ന് വെയ്ക്കാൻ സാധിക്കാതിരിക്കുക.
ഓരോ പെഗ്ഗിന് ശേഷവും അയാളിലെ ബോധം പടിപടിയായി താഴുന്നത് വളരെ സറ്റിലായി, ശ്രദ്ധിച്ചാൽ മാത്രം നമുക്ക് കാണാം. തലേന്ന് കുടിച്ചതിന്റെ ഓരോ തുള്ളിയും അരിച്ചരിച്ചു ഇറങ്ങുന്നതിന്റെ ഹാങ്ങോവറും അതിന്റെ ഈർഷ്യയും അയാളിൽ വളരെ ദൃശ്യമാണ്. മോഹൻലാൽ ഈ ഭാഗങ്ങളെ അതിന്റെ ശരിയായ അർത്ഥത്തിൽ തന്നെ പോർട്രേ ചെയ്യുന്നുണ്ട്. അസാമാന്യ വൈഭവത്തോടെ. അലെക്സിയുടെ രോഗം മീരയോട് റിവീൽ ചെയ്യുന്ന രംഗത്തിൽ അയാൾ ഏറക്കുറെ നാശത്തിലെത്തിക്കഴിഞ്ഞു നിന്നാണ് സംസാരിക്കുന്നത്. അതേപോലെ അലെക്സിയോട് സംസാരിക്കുമ്പോഴുള്ള തളർച്ചയും പിന്നീട് സമീർ സ്വന്തം കൈക്കുള്ളിൽ കിടന്ന് മരിക്കുമ്പോൾ അത് അയാളുടെ തന്നെ അടുത്ത ഘട്ടമാണെന്ന തിരിച്ചറിവും ഒക്കെ ശരിക്കും മോഹൻലാൽ ഏറ്റവും നന്നായി ഇന്റെർപ്രെറ്റ് ചെയ്തിട്ടുണ്ട്. മോഹൻലാലിന്റെ ആൽക്കഹോളിക് വേഷങ്ങൾ ഓരോന്നും ഓരോ ഷെയ്ഡാണ്. കമലദളത്തിലെ നന്ദഗോപനല്ല പകൽനക്ഷത്രങ്ങളിലെ സിദ്ധൻ, അതല്ല രഘുനന്ദൻ.
സ്പിരിറ്റിലെ രഘുനന്ദൻ മോഹൻലാലിന്റെ കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച പെർഫോമൻസ് ആണ്, വ്യക്തിപരമായി. ഒരുപക്ഷെ തീരെ ഗൗനിക്കപ്പെട്ടിട്ടില്ലാത്തതും. അമൃത ടീവിയിലെ ലാൽ സലാം പ്രോഗ്രാമിൽ വന്ന രഞ്ജിത്തിനോട് ചോദിക്കുന്നുണ്ട്
“മോഹൻലാൽ ഇല്ലെങ്കിൽ ആര്??”
രഞ്ജിത്ത് : മോഹൻലാൽ ഇല്ലെങ്കിൽ “സ്പിരിറ്റ്” എന്ന സിനിമ ഇല്ല.
സംഭവം കാണുമ്പോൾ വളരെ സിംപിളാണ്. ഇതൊക്കെ ഒരു പെർഫോമൻസാണോ എന്നൊക്കെ തോന്നാം. പക്ഷേ ഇങ്ങേർക്ക് പകരം ഒരാളെ ചിന്തിക്കുന്നിടത്താണ് കളി മാറുന്നത്. മോഹന്‍ലാല്‍ എന്ന താരത്തിന് കരിയറിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് മൂല്ല്യം ഉള്ള ഈ സമയത്ത് മലയാളികള്‍ക്ക് അദ്ദേഹത്തിന്റെ ഇത്തരം ഫിനോമിനല്‍ പ്രകടനങ്ങള്‍ ഒരു നഷ്ടബോധത്തോടെയാണ് കാണാന്‍ സാധിക്കുക. മോഹന്‍ലാല്‍ എന്ന നടനുമായോ അദ്ദേഹത്തിന്റെ ടാലന്റുമായോ അതിന് ബന്ധമൊന്നുമില്ല.
അദ്ദേഹത്തിന്റെ അസാമാന്യ പ്രതിഭയെ ആഘോഷിക്കുന്ന സിനിമകളേയും കഥാപാത്രങ്ങളെയും നമ്മള് മിസ്സ് ചെയ്യുന്നെന്ന് മാത്രം. ഒരേ രൂപത്തിൽ ഒരുപാട് മദ്യപാനികളെ അവതരിപ്പിച്ച അതേ മനുഷ്യൻ അതുമായ് ഒരു ബന്ധവുമില്ലാതെ ചെയ്ത ആൽക്കഹോളിക് രഘുനന്ദൻ.
135 total views, 1 views today