RJ Salim
ഒരു നായക നടൻ അഥവാ താരത്തിന് അഭിനയ സിദ്ധിയുടെ കൂടെയോ അതിനേക്കാളോ വേണ്ട കാര്യങ്ങളിൽ ഒന്നാണ് ഒരു ഷാർപ് സെൻസിബിലിറ്റി എന്നത്. അയാളുടെ ടേസ്റ്റ്, സെൻസ് ഓഫ് ജഡ്ജ്മെന്റ്, ലോക സിനിമയെപ്പറ്റിയും സമൂഹത്തെപ്പറ്റിയും ഇന്നത്തെ കാലത്തെപ്പറ്റിയും അയാൾ ബോധവാനാകേണ്ടത് ഏറ്റവും അത്യാവശ്യമുള്ള കാര്യമാണ്. ഇതൊക്കെ കുറച്ചു കൂടുതലല്ലേ, നടനോ താരമോ ആരായാലും നന്നായി അഭിനയിക്കാനറിഞ്ഞാൽ പോരെ എന്ന് ചിലപ്പോ തോന്നിയേക്കാം. അല്ലേയല്ല. അഭിനയമെന്നത് അയാൾ ഏറ്റവും അവസാനം ചെയ്യുന്ന കാര്യമാണ്. അത് നന്നായി ചെയ്തു ഫലിപ്പിച്ചു, അതിനെ വിജയിപ്പിച്ചു, നിലവാരമുള്ള സൃഷ്ടികളിൽ ഭാഗമായി, തന്റെ തന്നെ ഒരു ലൈൻ ഓഫ് വർക്ക് വികസിപ്പിച്ചു, അങ്ങനെയൊരു യൂണീക് കരിയർ ഡിവലപ് ചെയ്യണമെങ്കിൽ നേരത്തെ പറഞ്ഞ എല്ലാ കാര്യങ്ങളും കൃത്യമായി തികച്ചും വേണ്ടിവരും.
കമൽ ഹാസനെ തന്നെയെടുക്കാം. കമൽഹാസൻ ജീനിയസ് ആണ്, താരതമ്യങ്ങൾക്ക് അതീതനാണ് എന്നൊക്കെ പറയുന്നത് വെറുതെയാണ്. കമൽ തന്നെ ഗാന്ധിജിയെപ്പറ്റി പറയുന്നത് കമലിനെപ്പറ്റിയും പറയാം. ഞാൻ അദ്ദേഹത്തെ കയ്യെത്തിപ്പിടിച്ചു അദ്ദേഹത്തിന്റെ ഹാലോ എടുത്തു കളഞ്ഞാണ് അദ്ദേഹത്തെ മനസ്സിലാക്കിയത് എന്നാണ് ഗാന്ധിജിയെപ്പറ്റി കമൽ ഒരിക്കൽ പറഞ്ഞത്.കമൽഹാസൻ എട്ടാം ക്ലാസിൽ സ്കൂൾ പഠനം നിർത്തിയ ആളാണ്. പക്ഷെ സ്കൂൾ പഠനം മാത്രമാണ് നിർത്തിയത്, ജീവിതത്തിലും സിനിമയിലും അദ്ദേഹത്തെപ്പോലെ വിദ്യാർത്ഥിയായി തുടരുന്നവർ തന്നെ കുറവാണു.
മേക് അപ്പും പ്രോസ്തെറ്റിക്സ്ഉം പഠിക്കാൻ റാംബോയിൽ വരെ അദ്ദേഹം അസിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. നിരന്തരമായ വായന, സാഹിത്യകാരന്മാരുമായുള്ള സഹവാസം, അവനവനെത്തന്നെ പുതുക്കുകയും പൊളിക്കുകയും പിന്നെയും പുതുക്കുകയും ചെയ്യുന്നതിന്റെ പേരാണ് കമൽ ഹാസൻ. തെറ്റുകൾ പറ്റിയിട്ടുണ്ട്, അതേപോലെ ചരിത്ര വിജയവും നേടിയിട്ടുണ്ട്. കൃത്യമായ ചരിത്രബോധമില്ലാത്ത ഒരാൾക്ക് ഹേ റാം പോലൊരു സിനിമ ചിന്തിക്കാനാവില്ല. അതിനെയൊക്കെ വെറും കഴിവ് മാത്രമായി കാണുന്നത് ക്രൂരതയാണ്. കൃത്യമായ ഡിസിപ്ലിനും ഹാർഡ് വർക്കും പാഷനും അതിനു പുറകിലുണ്ട്. ഇത് മൂന്നിനേയും അളവിൽ കുറയാതെ ആറ് പതിറ്റാണ്ട് കീപ് ചെയ്യുക എന്നതാണ് ജീനിയസ്.
നേരത്തെ പറഞ്ഞ ഒരു ഷാർപ് സെൻസിബിലിറ്റിയും, ഗുഡ് ടേസ്റ്റും, കൃത്യമായ സെൻസ് ഓഫ് ജഡ്ജ്മെന്റും, സിനിമയെപ്പറ്റിയും ലോകത്തെപ്പറ്റിയുമുള്ള ധാരണയുമൊക്കെ ഇല്ലാതിരിക്കുന്നതിന്റെ ദുരന്തം അറിയണമെങ്കിൽ നടൻ വിക്രമിനെ നോക്കിയാൽ മതി. വിജയ്ക്കും അജിത്തിനും മുൻപേ കേരളാ മാർക്കറ്റിലും തമിഴിന് പുറത്തും ഓളം സൃഷ്ടിച്ച ആളാണ് വിക്രം. ഒരുപക്ഷെ അടുത്ത കമൽ എന്നുവരെ പലരെയും കൊണ്ട് പറയിപ്പിച്ച നടനും താരവും. അഭിനയത്തിന്റെ കാര്യത്തിൽ രജനിയെക്കാളും വിജയേക്കാളും അജിത്തിനേക്കാളും ഒരുപക്ഷെ സൂര്യയേക്കാളും മിടുക്കൻ. പക്ഷെ അതുവെച്ചു എന്ത് ചെയ്യണമെന്ന് മാത്രമറിയില്ല. തിരഞ്ഞെടുത്തതൊക്കെ ഭൂലോക ഗുണ്ടുകൾ.
പക്ഷെ വിജയിയെ നോക്കൂ. തന്റെ എല്ലാ പരിധികളും മനസ്സിലാക്കിക്കൊണ്ട് കരിയർ ചോയിസുകൾ എടുക്കുകയും തന്റെ സ്റ്റാർ വാല്യൂവിനെ പടി പടിയായി ഉയർത്തിയതും കാണാം. വിക്രം ഒരു വർഷവും ഒന്നരവർഷവും എടുത്തു ശരീരത്തിൽ പല വ്യത്യാസങ്ങളും വരുത്തി ഗുണ്ട് പടങ്ങളിൽ പതിനഞ്ചു വേഷങ്ങളിൽ അഭിനയിച്ചു തന്റെ സിദ്ധി നശിപ്പിക്കുമ്പോൾ അപ്പുറത്തു അതിന്റെ പാതിയില്ലാത്ത വിജയ് ഉള്ളതുവെച്ചു തന്നെ വളരുന്നത് കാണാം. തന്റെ മുന്നിൽ വരുന്ന പ്രൊജക്റ്റുകളെ കൃത്യമായി മനസിലാക്കാൻ, തനിക്ക് വേണ്ടവയെ റ്റെയിലർ മെയിഡ് ചെയ്തെടുക്കാൻ, തന്റെ കഴിവും പരാധീനതകളും മനസ്സിലാക്കാൻ, സമൂഹം ഇപ്പോളെത്തി നിൽക്കുന്ന അവസ്ഥയിൽ തന്റെ പ്രസക്തിയെന്ത് എന്ന് തിരിച്ചറിയാൻ സാധിക്കാത്ത എത്ര വലിയ അഭിനയ സിദ്ധിയുള്ള ആളും സിനിമയിൽ അപ്രസക്തനാണ്.