ഗാന്ധിവിരുദ്ധത, ഇസ്ലാമോഫോബിയ, സംവരണ വിരുദ്ധത, ദളിത് വിരുദ്ധത…ഇവയിൽ യുക്തിവാദികൾക്കും സംഘ്പരിവാറിനും ഒരേ സ്വരമോ ?

178
ഗാന്ധിജി ഹിന്ദുത്വവാദിയായിരുന്നു, സവർണ്ണ ചിന്താഗതിക്കാരനായിരുന്നു ..ഇങ്ങനെ പോകുന്ന അഭിപ്രായങ്ങൾ പല പുരോഗമന-ദളിത് പ്രവർത്തകരും കാലാകാലങ്ങളായി പറഞ്ഞുപോന്നിട്ടുണ്ട്. പലരും അക്കാര്യം ബൂലോകത്തിൽ എഴുതുകയും ചെയ്തിട്ടുണ്ട്. ബൂലോകം ഫാസിസ്റ്റ് വിരുദ്ധ-പുരോഗമന ആശയക്കാർക്കുള്ള വേദിയാണ്. അത്തരം പുരോഗമന ആശയക്കാർക്കിടയിലെ വൈരുധ്യങ്ങൾ ഞങ്ങൾ ഒരുപോലെ പ്രസിദ്ധീകരിക്കാറുണ്ട്. രവിചന്ദ്രനും ജബ്ബാറും സുനിൽ പി ഇളയിടവും കാശ്ശേരി മാഷും …. അങ്ങനെ പുരോഗമനപക്ഷത്തു നിൽക്കുന്നവർ പലരും ചിലകാര്യങ്ങളിൽ കൊടും വൈരുധ്യം ഉള്ളതാണ്. ഇവയുടെയെല്ലാം ലേഖനങ്ങൾ ഞങ്ങൾ ഒരുപോലെ പ്രസിദ്ധീകരിക്കാറുണ്ട്. ഇനി കാര്യത്തിലേക്കു വരാം, ഗാന്ധിജി ആരാണ് എന്നതല്ല വിഷയം, സാമ്രാജ്യത്വശക്തികൾക്കെതിരെ പോരാടാൻ ഇന്ത്യക്കാർക്ക് ഊർജ്ജവും ആവേശവും നൽകിയ ആളാണ് അദ്ദേഹം. ഹിന്ദുത്വവാദികളുടെ അജണ്ടകൾ നടക്കാത്തതുകൊണ്ടാണ് അവർ അദ്ദേഹത്തെ വകവരുത്തിയതും. ഒരാളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്നതിലും വലുതായി ഒന്നുമില്ല എന്നിരിക്കെ അക്കാര്യത്തിൽ എങ്കിലും യോജിച്ച അഭിപ്രായം ഉണ്ടാകുന്നതിനു പകരം പരസ്പരം ചെളിവാരി എറിയുന്നത് ശരിയായ കീഴ് വഴക്കമല്ല. എസൻസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന ഒന്നാമത് ലിറ്റ്മസ് സമ്മേളനത്തിൽ ഹിന്ദുത്വ ഭീകരവാദത്തെ കുറിച്ച് ഒരൊറ്റ സെമിനാർ പോലും ഇല്ലായിരുന്നു എന്നത് ചർച്ചാവിഷയം ആയിരുന്നു. യുക്തിബോധത്തിൽ അധിഷ്ഠിതമായ കുറെ ആധികാരികമായ അറിവുകൾ നല്കുന്നതുമാത്രമല്ല, രാജ്യം വർത്തമാനകാലത്തിൽ അഭിമുഖീകരിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്യേണ്ടിയിരുന്നു. ആർക്കും എറിയാവുന്ന മാവാണ് ഹിന്ദുത്വതീവ്രവാദം, അതിപ്പോൾ തന്നെ പലരും ചെയ്യുന്നുണ്ട്, ലിറ്റ് മസ് അതിനുള്ള വേദിയല്ല എന്നൊക്കെ പറഞ്ഞു പലരും ന്യായീകരണം ചമച്ചു. റോം കത്തിയെരിയുമ്പോൾ വീണവായിക്കുന്ന കുറേ നീറോമാരും കൂടി ഉള്ളതാണ് നമ്മുടെ യുക്തിവാദ മഹാമേഖല. ഇവരിൽ നിന്നും നല്ലതെടുക്കുക എന്നതിൽ കവിഞ്ഞു വലിയ വിവാദത്തിനൊന്നും സ്കോപ്പില്ല.
RJ Salim എഴുതുന്നു 
“നിങ്ങളുടെ വീടിനു സ്ഥലത്തെ ക്രിമിനലുകൾ തീയിട്ടു എന്ന് കരുതുക. നിങ്ങളും നിങ്ങളുടെ വീട്ടുകാരും സഹായിക്കാൻ മനസ്സുള്ള നാട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ചത്ത് ശ്രമിക്കുകയാണ്. ക്രിമിനലുകൾ ഇതോടുകൂടി നിർത്താൻ പോകുന്നില്ല എന്നും, അവരുടെ ഭീഷണി ഇപ്പോഴും നിലവിലുണ്ട് എന്നും നിങ്ങൾക്കറിയാം.
അപ്പോഴാണ് തീ പിടിക്കുന്നത് കണ്ടു രസിക്കാൻ വന്ന കൂട്ടത്തിലെ ഒരു പ്രമുഖൻ അവിടെ കൂടി നിൽക്കുന്നവരോട് ഈ വീട്ടുകാരും വലിയ മഹാത്മാക്കളൊന്നുമല്ല എന്നും അവര് ഇന്നാള് സിനിമയ്ക്ക് ടിക്കറ്റെടുക്കാൻ നിന്നപ്പോ ക്യൂ തെറ്റിച്ച കാര്യവും, ഇവർ ഒരിക്കൽ ഇടത് വശത്തെ ഇൻഡീകേട്ടറിട്ടു വലതു വശത്തോട്ടു തിരിച്ച കാര്യവും ഇവർ അന്ധവിശ്വാസികളെന്നുമൊക്കെ വലിയ വായിൽ വിളിച്ചു കൂവിയത്.
തീയണയ്ക്കാൻ കൂടിയവരിൽ ഒരാൾ ഇയാളോട് ചോദിച്ചു, ഹേ മനുഷ്യാ നിങ്ങൾക്കിത് ഇപ്പൊ തന്നെ പറയണോ? ഇവിടെ അതിനെന്തു കാര്യം ? ഈ വാത്താളം വിടുന്ന നേരത്ത് ബാക്കി മനുഷ്യരുടെ കൂടെ തീയണയ്ക്കാൻ ശ്രമിക്കരുതോ ? വാ കൊണ്ട് അധ്വാനിക്കാതെ ഒരു ബക്കറ്റ് വെള്ളം കൊണ്ട് വാ.
അപ്പോൾ പ്രമുഖൻ ഉവാച
” ഞാൻ പറഞ്ഞതിൽ വസ്തുതാവിരുദ്ധമായതു വല്ലതുമുണ്ടെങ്കിൽ കണ്ണിച്ചു കാണിക്കൂ. ക്യൂ തെറ്റിച്ചതിന്റെയും ഇൻഡിക്കേറ്റർ തെറ്റിച്ചിട്ടതിന്റെയും തെളിവ് വേണമെങ്കിൽ ഞാൻ തരാം.. ഞാൻ ആരുടേയും പക്ഷം ചേർന്നല്ല പറയുന്നത്. പക്ഷെ ഞാൻ പറയാനുള്ളത് എവിടെ വെച്ചും പറയും.”
“എഡോ മനുഷ്യാ സന്ദർഭം എന്നൊന്നില്ലേ ? നിങ്ങൾ പറയുന്നത് ശരിയാണെന്ന് നോക്കുന്നത് പോയിട്ട് നിങ്ങൾ പറയുന്നത് കേൾക്കാൻ തന്നെ ഇവിടെ സൗകര്യമില്ല. ആ ക്രിമിനലുകൾ ഇവിടത്തെയെല്ലാ വീടുകൾക്കും ഭീഷണിയാണെന്നും നിങ്ങളുടെ വീടും ഇക്കൂട്ടത്തിലുണ്ട് എന്നും നിങ്ങൾക്കറിയാമല്ലോ അല്ലേ ?”
“അത് സ്ട്രോ മാൻ ഫാലസിയാണ്. എന്റെ കിറുകൃത്യമായി വാദങ്ങൾ കണ്ണിക്കാൻ പറ്റാത്തതുകൊണ്ട് നിങ്ങളെന്നെ ഭീഷണിപ്പെടുത്തുകയാണ്.”
“എന്റെ പൊന്നോ, തീയണയ്ക്കാൻ നോക്കുന്നവരെ ശല്യം ചെയ്യുന്നതുകൊണ്ടു പറഞ്ഞതാണ്; എന്തെങ്കിലും കാണിക്ക്. പിന്നേ, കുറച്ചങ്ങോട്ട് മാറിയിരുന്നു പുലമ്പ്.. അല്ലെങ്കി നിക്കറിന് തീ പിടിക്കും. “
കുറച്ചു നേരത്തിനു ശേഷം നേരുള്ള മനുഷ്യരെല്ലാം കൂടി ആ വീടിന്റെ തീയണച്ചു. പക്ഷെ അപ്പോഴേക്കും ക്രിമിനലുകൾ ബാക്കി വീടുകൾക്കും തീയിട്ടിരുന്നു. കൂട്ടത്തിൽ ഈ പ്രമുഖന്റെ വീടും കത്തിച്ചാമ്പലായി. ടിയാൻ അന്നേരം അവിടെ വന്നു ചാമ്പലിന്റെ ശാസ്ത്രീയത എന്ന വിഷയത്തിൽ സെമിനാറെടുത്തു.
**********
യുക്തിവാദികളുടെ ഗാന്ധി ഫെറ്റിഷ് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അവർക്ക് ഗാന്ധിയോട് സംഘിന് ഉള്ളതുപോലൊരു അറപ്പും വെറുപ്പുമാണ്. സംഘിയത് കുരുട്ടുബുദ്ധിയിൽ വർഗീയത നിറച്ചു പറഞ്ഞു തീർക്കും, യുക്തിവാദി ആ വിഷയത്തിലൊരു സെമിനാറെടുക്കും എന്നേ വ്യത്യാസമുള്ളൂ.
സംഘികൾക്കും യുക്തിവാദികൾക്കുമിടയിലുള്ള ഒരുപാടു പാലങ്ങൾക്കിടയിലെ ഏറ്റവും ശക്തമായ പാലമാണ് ഈ ഗാന്ധി വിരോധം. ഇസ്ലാമോഫോബിയയാണ് അടുത്ത പാലം.
സുനിൽ മാഷ് പങ്കെടുത്ത ഒരു വേദിയിൽ മാഷിന്റെ രണ്ടു മണിക്കൂർ നീണ്ട ഫാഷിസത്തിനെതിരെയുള്ള വിശദമായ പ്രഭാഷണത്തിൽ നിന്ന് ഗാന്ധിയെ മാത്രം അടർത്തിയെടുത്തു ഗാന്ധിയെ എങ്ങനെ എഴുതിത്തള്ളാം എന്ന നിലയ്ക്ക് മാത്രം യുക്തിവാദികൾക്കിടയിൽ നിന്ന് ചോദ്യങ്ങൾ വന്നപ്പോൾ അന്ന് മാഷ് ഇവരെ ഇരുത്തിക്കൊണ്ടുതന്നെ പറഞ്ഞതാണ്, നിന്നെയൊക്കെ വെടിവട്ടത്തിനേ കൊള്ളുവെന്നു. (അന്ന് അതിനെപ്പറ്റിയിട്ട പോസ്റ്റ് ഏറ്റവും താഴെ വീഡീയോ സഹിതം )
രാജ്യം RSS തീവ്രവാദികളുടെ ഭീഷണിയിൽ പെട്ട് ഫാഷിസത്തിലേക്ക് നാൾക്കുനാൾ നീങ്ങിക്കൊണ്ടിരിക്കുന്നു. അപ്പോഴാണ് ഗാന്ധിയെ വധിച്ചത് എന്തിനു എന്ന പേരിൽ ചന്ദ്രൻ പിള്ള സെമിനാർ സംഘടിപ്പിക്കുന്നത്. ചന്ദ്രൻ പിള്ള അതിനുവേണ്ടി വിക്കിപീഡിയ ഒക്കെ നോക്കി പഠിച്ചാണ് വരവ്.
ഹേബർമാസ് അറിവിനെ മൂന്നായി തിരിക്കുന്നതിനെപ്പറ്റി സുനിൽ മാഷ് പ്രഭാഷണങ്ങളിൽ പറഞ്ഞിട്ടുള്ളത് ചിലരെങ്കിലും കേട്ട് കാണും.
1. ഇൻഫർമേഷൻ അഥവാ വിവരം
2. ഇന്റെർപ്രെട്ടേഷൻ അഥവാ വ്യാഖ്യാനം
3. ക്രിട്ടീക്ക്‌ അഥവാ വിമർശം
വിവരം എന്ന് വെച്ചാൽ വസ്തുതകളുടെ ഒരു സ്റ്റോക് രജിസ്റ്ററാണ്. വലിയ കാര്യമൊന്നുമില്ലാത്ത സാധനമാണ് ഇത്. പ്രത്യേകിച്ച് ഗൂഗിളിന്റെ ഈ കാലത്ത്. വിവേചന ബുദ്ധി ഉണ്ടായാൽ വിവരം സംഘടിപ്പിക്കാൻ വിഷമമില്ല.
വ്യാഖ്യാനം എന്ന് പറയുമ്പോൾ അറിവിനെ വ്യാഖ്യാനിക്കണം. അതിന് നിങ്ങൾക്ക് ആദ്യമേ ഒരു നിലപാടുണ്ടായിരിക്കണം. ഇവിടെ ഗോഡ്‌സെ ഗാന്ധിയെ കൊന്നു എന്നതാണ് അറിവ്. ഇനി അതിനെ ഒരു യുക്തിവാദി എങ്ങനെയായിരിക്കും വ്യഖ്യാനിക്കുക ? ഉറപ്പായും ഗാന്ധി വിരോധം എന്ന നിലപാടിൽ നിന്ന്. അതാണ് രവി ചന്ദ്രൻ രണ്ടു മണിക്കൂർ കൊണ്ട് നടത്തുന്നത്.
ഗോഡ്സെയ്ക്ക് ഗാന്ധിയോട് വ്യക്തിപരമായി പ്രശ്നമൊന്നുമില്ലായിരുന്നു എന്നും ഗാന്ധിയുടെ നിലപാടുകളോടായിരുന്നു എതിർപ്പെന്നുമൊക്കെ ചന്ദ്രൻ പിള്ള വ്യാഖ്യാനിക്കുന്നു. നേരത്തെ വീട് കത്തുമ്പോൾ വാ കൊണ്ട് പണിയെടുത്തുപോയ ചേട്ടൻ ചെയ്ത അതെ കാര്യം.
ഗാന്ധിയെപ്പറ്റി പറയുമ്പോൾ ഈശ്വരാ ഭഗവാനെ ഗാന്ധിക്ക് നല്ലത് മാത്രം വരുത്തണേ, എന്നാലുമാ അന്ധ വിശ്വാസി, മതവാദി, ജാതി വാദി എന്നിങ്ങനെ നീണ്ടു നീണ്ടു പോകും.
(ഇതൊക്കെ എന്തിനടെ ഇപ്പൊ പറയുന്നത് ? അത് എനിക്ക് ആരെയും പേടിയില്ല. ഞാൻ വലിയ മറ്റവനാണ്)
ഇതുകൊണ്ട് ആർക്കാണ് നേട്ടമെന്നതിൽ തർക്കമൊന്നുമില്ല. സംഘിന് തന്നെ. ഒരേയൊരു കാര്യത്തിലെ സംശയമുള്ളൂ – ചന്ദ്രൻ പിള്ള ഇത് സ്വയം അവർക്കു വേണ്ടി ചെയ്യുന്നതാണോ അതോ അവർ ഏൽപ്പിച്ചതോ എന്നതിൽ. ഏൽപ്പിച്ചിട്ടില്ല, ഫ്രീലാൻസ് ആണ് എങ്കിൽ ഉടനടി അയാൾ പോയി സെമിനാറിന്റെ യൂട്യൂബ് ലിങ്ക് അയച്ചുകൊടുത്തു കിട്ടാനുള്ളത് വാങ്ങിച്ചെടുക്കേണ്ടതാണ്. സെൻ കുമാറിനോട് ചോദിച്ചാൽ ഇപ്പോഴത്തെ മാർക്കറ്റു റേറ്റ് അറിയാം.
നേരത്തെ പറഞ്ഞ സംഘ് യുക്തിവാദ പാലങ്ങളിൽ അടുത്തതാണ് ഇസ്ലാമോഫോബിയ, സംവരണ വിരുദ്ധത, ദളിത് വിരുദ്ധത എന്നതൊക്കെ. പൗരത്വ നിയമ പിന്തുണയാണ് ലേറ്റസ്റ്റ് പാലം.
രവി ചന്ദ്രൻ ഒരു കടുകട്ടി ഇസ്ലാമോഫോബാണ്. ഈ ഗാന്ധി വധ സെമിനാറിൽ തന്നെ ഗാന്ധിയുടെ മുസ്ലിം പ്രീണനത്തെയൊക്കെ അയാൾ എടുത്തെടുത്തു പറഞ്ഞു ഗോഡ്‌സെയ്ക്ക് ഏതൊക്കെ വിധത്തിൽ ന്യായമായും ഗാന്ധിയെ കൊല്ലാൻ തോന്നിയിരിക്കാം എന്നൊക്കെ സ്ഥാപിക്കുന്നുണ്ട്. ഈ വിഷയം തിരഞ്ഞെടുത്തത് മുതലിങ്ങോട്ട് എല്ലാറ്റിലും അയാളുടെ വലതുപക്ഷ സ്വഭാവം തെളിഞ്ഞു കാണാം.
സന്ദർഭ ബോധം എന്നത് ഒരു അടിസ്ഥാന മനുഷ്യ ഗുണമാണ്. യുക്തിവാദികളിൽ ആ സാധനം ഇന്നുവരെ ഡിറ്റക്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ഗാന്ധിയുടെ കൊലപാതകത്തിന്റെ വാർഷികമാണ്. കൊന്നവരുടെ സംഘമാണിന്നു രാജ്യം തന്നെ ഭരിക്കുന്നത്. തീയണയ്ക്കാൻ, ബോധമുള്ള മനുഷ്യർ ഒന്നടങ്കം ശ്രമിക്കുമ്പോഴാണ് ഇമ്മാതിരി കസർത്തുകളൊക്കെ കാണേണ്ടി വരുന്നത്. ഉറപ്പായും ചരിത്രം ഇവരെ ഒറ്റുകാരെന്ന് തന്നെ വിളിക്കും. അല്ലെങ്കിലും യുക്തിവാദിക്ക് നീതിബോധവുമായി എന്ത് ബന്ധം.”
***********
ഫ്രീതിങ്കേഴ്‌സ് മീറ്റിൽ സുനിൽ പി ഇളയിടം ഉന്നയിച്ചത്, മുഴുവൻ യുക്തിവാദികളെയും സംബന്ധിച്ചുള്ള ഏറ്റവും കിറുകൃത്യമായി വിമർശനമാണ്. ഫ്രീതിങ്കേഴ്‌സ് മീറ്റിൽ സുനിൽ മാഷ് ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രം എന്ന വിഷയത്തിൽ വളരെ ആഴത്തിൽ സംഘപരിവാർ ഹിന്ദുത്വയുടെ ചരിത്രത്തെയും അവർ ചരിത്രത്തെ വളച്ചൊടിച്ചതിന്റെയും ഇന്ത്യൻ സ്വാതന്ത്ര്യ സമരം മുതലുള്ള വിവിധങ്ങളായ വസ്തുതകൾ, സംഭവങ്ങൾ എന്നിവ വിശകലനം ചെയ്തു അവതരിപ്പിക്കുന്നു.
അവസാന ഭാഗത്തു കുറച്ചു നേരം പ്രഭാഷണത്തിനിടെ ഗാന്ധിയിലേക്ക് വരുന്നു. ഗാന്ധിയുടെ പ്രാധാന്യമെന്തെന്നും ഗാന്ധിയുടെ രാഷ്ട്രീയം എന്തായിരുന്നെന്നും പറയുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഗാന്ധിക്ക് വലിയ റോളുണ്ടെന്നും ഇന്നും അതുണ്ട് എന്നു താൻ കരുതുന്നതായും അതിന്റെ കാരണങ്ങളും മാഷ് പറയുന്നു. സദസ്സിനെ നോക്കി അദ്ദേഹം കൂട്ടിച്ചേർക്കുന്നു, നിങ്ങൾക്ക് ചിലപ്പോൾ ഇത് കേട്ട് ചിരിക്കാൻ തോന്നുന്നുണ്ടാവുമെന്നും പറയുന്നു. യുക്തിവാദികളുടെ ഇടയിലെ ഒറ്റബുദ്ധി തർക്കങ്ങൾ മാഷും കേട്ടിരിക്കണം.
പ്രഭാഷണം കഴിഞ്ഞു. ചോദ്യങ്ങളുടെ സമയമായി. ഏറക്കുറെ എല്ലാ ചോദ്യങ്ങളും ഗാന്ധിജിയെന്ന ഒറ്റ വിഷയത്തിൽ മാത്രം കേന്ദ്രീകരിച്ച് വരുന്നു. ഗാന്ധി സംഘപരിവാറിന്റെ മുൻഗാമിയല്ലേ എന്ന ധ്വനിയിലെ ചോദ്യത്തിന് മാഷ് പറഞ്ഞ മറുപടി, ഒരിക്കലും അതിനോട് യോജിപ്പില്ല എന്നും, ഗാന്ധിജിയുടെ രാമൻ തന്റെ ഉള്ളിലെ സത്യബോധത്തിന്റെ പേരാണ് എന്നും, സംഘപരിവാറിന്റെ രാമനു അതുമായി യാതൊരു ബന്ധവുമില്ല എന്നും മാഷ് അസന്നിഗ്ധമായി പറഞ്ഞു വെയ്ക്കുന്നു.
ഗാന്ധിയിൽ ഒരുപാടു അധോഗമന ചിന്താഗതികൾ ഉള്ളപ്പോഴും ഗാന്ധി ഒരിക്കലും സംഘപരിവാറിന്റെ മുൻഗാമിയല്ല എന്നും മാഷ് കൂട്ടിച്ചേർക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ് അവർ ഗാന്ധിയെ കൊന്നു കളഞ്ഞതെന്നും.
ഗാന്ധിയെപ്പറ്റി തന്നെ ചോദ്യങ്ങൾ ഒരുപാടു ആവർത്തിച്ചപ്പോൾ മാഷ് പറയുന്നു,
<<ശ്രദ്ധിച്ചു കേൾക്കുക >>
“ഞാൻ വാസ്തവത്തിൽ ഒന്നേകാൽ മണിക്കൂറോളം പറഞ്ഞതിൽ അവസാനത്തെ അഞ്ചു മിനിറ്റായിരുന്നു ഗാന്ധിജി. അതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന ധാരണ വാസ്തവത്തിൽ നമ്മളെ ചരിത്ര യാഥാർഥ്യങ്ങളെ നോക്കിക്കാണുന്നതിൽ നിന്ന് താർക്കികതയിൽ രസിക്കുന്നവരാക്കിമാറ്റുന്നുണ്ട് എന്ന വിമർശനം ഞാൻ മുമ്പോട്ട് വെയ്ക്കുന്നു.
നോക്കൂ നിങ്ങളുടെ മുൻപിലുള്ള പ്രശ്നം ഗാന്ധിയൊന്നുമല്ല. നിങ്ങളുടെ മുൻപിലുള്ള പ്രശ്നത്തെക്കുറിച്ചാ ഞാൻ ഒന്നേകാൽ മണിക്കൂർ പറഞ്ഞത്. അത് ചരിത്രമെങ്ങനെയാണ് ഇന്ത്യൻ ഭൂതകാലത്തെ മതവൽക്കരിച്ചത്, അത് വർഗ്ഗീയത എങ്ങനെയാണു അതിന്റെ ശ്രോതസ്സാക്കി മാറ്റിയത് എന്നാണ്. അതിനെക്കുറിച്ചു യാതൊരു കൺസേണും ഇല്ലാതെ ഗാന്ധി ശരിയോ തെറ്റോ എന്ന തർക്കത്തിൽ രസിക്കുന്നുണ്ടല്ലോ ആ തർക്കം പഴയ അന്യോന്യത്തിന്റെ തർക്കമാണ്. അതിന്റെ നാട്ടുപേര് വെടിവട്ടം എന്നാണ്. “
******************
സുനിൽ മാഷ്, അത്, അവരുടെ വേദിയിൽ തന്നെ ഉന്നയിച്ചു കൈയ്യടി വാങ്ങുന്നത് യുക്തിവാദികളുടെ അസ്തിത്വത്തെ ആകെ റദ്ദ് ചെയ്തു കളയുന്ന അസ്തിത്വ പ്രശ്നമാണ്.
അത് ചർച്ചയിൽക്കൂടിയോ സമവായതിൽക്കൂടിയോ പരിഹരിച്ചാൽ യുക്തിവാദത്തിന്റെ പ്രസക്തി ചെറുതാണെങ്കിലും നിങ്ങൾക്ക് കാത്തുസൂക്ഷിക്കാം. അല്ലാത്തപക്ഷം മാഷ് പറഞ്ഞതുപോലെ ഒരു വെറും വെടിവട്ടക്കൂട്ടമായി നിങ്ങൾ അധഃപതിക്കും.
video