രാജ്യം നീങ്ങുന്നത് വെറുപ്പിന്റെയും വയലൻസിന്റെയും ഈ ചെയിൻ റിയാക്ഷനിലേക്കാണ്, എത്ര കാലമാണ് നമ്മൾ ഒരു കൂട്ടരോട് മാത്രം ശാന്തരായി ഇരിക്കാൻ ആവശ്യപ്പെടുന്നത്

0
124
RJ Salim
ഹേ റാം സിനിമയിൽ കമൽ ഹാസൻ അവതരിപ്പിച്ച സാകേത് റാമിന്റെ ഭാര്യയെ വർഗീയവാദികൾ ഒരു രാത്രി വാതിൽ ചവിട്ടി തുറന്നു മൃഗീയമായി റേപ് ചെയ്ത ശേഷം കഴുത്തറുത്തു കൊല്ലുന്നുണ്ട്. വർഷം 1946 ആണ്. തൊട്ടടുത്ത മുറിയിൽ ഒരു പിയാനോയിൽ കൈയും കാലും അടിച്ചൊടിച്ചു കെട്ടിയിട്ടിരിക്കുകയാണ് സാകേത് റാമിനെ. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട വർഗീയവാദികളെ കമൽ തന്റെ തല്ലി ഒടിക്കപ്പെട്ട ശരീരവുമായി ഒരു കാലിഴച്ചുകൊണ്ടു പോയി കൈയിൽ കിട്ടിയ തോക്ക് കൊണ്ട് കൊല്ലുന്നുണ്ട്.
അന്ന് നിറഞ്ഞതാണ് അയാളുടെ മനസ്സിൽ വെറുപ്പും വിഷവും. ഇതിനെല്ലാം ഉത്തരവാദി ഗാന്ധിയാണ് എന്ന ഹിന്ദു വർഗീയ സംഘടനയുടെ നേതാവിന്റെ വാക്ക് വിശ്വസിച്ചുപോകുന്ന സാകേത് റാം പിന്നീട് ഗാന്ധിയെ കൊല്ലുന്ന നില വരെയെത്തുന്നു.
പക്ഷെ സിനിമയുടെ അവസാനം താൻ കൊല്ലാൻ ഉദ്ദേശിക്കുന്നവർ തന്റെ സഹോദരങ്ങൾ തന്നെയാണ് എന്ന തിരിച്ചറിവിൽ സാകേത് റാം ഗാന്ധിയുടെ മുൻപിൽ തന്റെ തോക്കു വെച്ച് കീഴടങ്ങി കുമ്പസരിക്കാൻ ശ്രമിക്കുന്നുണ്ട്. യോഗം തുടങ്ങാൻ വൈകിയ ഗാന്ധി, നമുക്ക് പിന്നീട് സംസാരിക്കാമെന്നു പറഞ്ഞു നടന്നു നീങ്ങുമ്പോഴാണ് നാഥുറാം ഗോഡ്‌സെ ഗാന്ധിയെ കൊല്ലുന്നത്. ഗാന്ധിയുടെ പാദങ്ങളിൽ വെച്ച് മടങ്ങാൻ വന്ന തോക്കുമായി സാകേത് റാം ആദ്യം ഗോഡ്സെയ്ക്ക് നേരെ നിറയൊഴിക്കാൻ ഓടുന്നുണ്ട്. തൊട്ടടുത്ത നിമിഷം പക്ഷെ അയാൾ നിന്ന് പോകുന്നു, ഗാന്ധി അതായിരിക്കില്ല ആഗ്രഹിച്ചിട്ടുണ്ടാവുക എന്ന തിരിച്ചറിവിൽ.
വയലൻസ് ഒരു ചെയിൻ റിയാക്ഷനാണ്. നിങ്ങളത് തുടങ്ങി വെയ്ക്കുമ്പോൾ അത് ഏതു വഴിയൊക്കെ കത്തിപ്പടരും എന്ന് അത് തുടങ്ങിയ ആൾക്ക് പോലും നിശ്ചയമുണ്ടാവില്ല. ഇന്ന് ഡൽഹിയിൽ വീണ ഓരോ മുസ്‌ലിമിന്റെ ചോരയിൽപ്പെട്ടവരിലേക്കും ആ വയലൻസ് കുത്തിവെച്ചു കഴിഞ്ഞു. അതിന് വേണ്ടുന്ന സഹായം സർക്കാരും പോലീസും കൂടി ഹിന്ദുത്വവാദികൾക്ക് ചെയ്തു കൊടുത്തു.
അരക്ഷിതസ്ഥയിലാവുന്ന മുസ്ലിം സ്വത്വം ആയുധമെടുത്തേക്കാം. അതിനെയും അടിച്ചമർത്തിയേക്കാം. അങ്ങനെ അടിച്ചമർത്തി അടിച്ചമർത്തി ഒരു ഘട്ടത്തിൽ വേട്ടയാടപ്പെടുന്നവർക്ക് രാജ്യത്തോടോ ദേശത്തോടോ ഒരു കൂറുമില്ലാത്ത അവസ്ഥയിൽ ഹിന്ദുത്വം എത്തിക്കും. അത് തന്നെയാണ് അവർക്ക് വേണ്ടതും. മുസ്ലിങ്ങൾ തടുക്കുന്ന ഓരോ അടിയും ദേശ വിരുദ്ധ പ്രവർത്തനങ്ങളായി അവരും അവരുടെ വീട്ടുപട്ടിയായ മീഡിയയും പ്രചരിപ്പിക്കും.
ആ വ്യാജത്തിൽ അവർ ഹിന്ദുത്വത്തെ കൂടുതൽ പേരിലേക്ക് പടർത്തും. ഈ ഭയപ്പാടിൽ അവസാനത്തെ മുസ്ലിമും പ്രതിരോധത്തിന്റെ എല്ലാ മാർഗവും തേടും. രാജ്യം നീങ്ങുന്നത് വെറുപ്പിന്റെയും വയലൻസിന്റെയും ഈ ചെയിൻ റിയാക്ഷനിലേക്കാണ്. എത്ര കാലമാണ് നമ്മൾ ഒരു കൂട്ടരോട് മാത്രം ശാന്തരായി ഇരിക്കാൻ ആവശ്യപ്പെടുന്നത്. നിങ്ങളുടെ അനേകം സ്വത്വങ്ങളിൽ ഒന്ന് മാത്രമാണ് മതം. ഒരു ഇന്ത്യൻ മുസ്ലിം മെഡിസിന് റാങ്ക് മേടിച്ചാലോ, ക്രിക്കറ്റ് ടീമിൽ എത്തിയാലോ, മന്ത്രിയായാലോ, ഇനി മതം തന്നെ ഉപേക്ഷിച്ചാലും ഇവർ അവന്റെ മത സ്വത്വത്തിലേക് മാത്രമായേ അവനെ / അവളെ ചുരുക്കൂ. ആ സ്വത്വത്തിൽ നിന്ന് സ്വയം എത്ര അകന്നു നിൽക്കാൻ നോക്കിയാലും നിങ്ങൾ അതിൽ നിന്ന് തന്നെ മറുപടി പറയേണ്ട അവസ്ഥയിൽ ഹിന്ദുത്വം നിങ്ങളെ എത്തിക്കും.
സാകേത് റാമിന്റെ വയലൻസ് ചെയിൻ മുറിക്കാൻ ഒരു ഗാന്ധിയുണ്ടായിരുന്നു. ഇന്ന് ഗാന്ധിയില്ല. ഗാന്ധിയോട് വിദൂരത്തിൽപ്പോലും സാദൃശ്യമുള്ളത് ഒന്നുമില്ല ഇന്ന് ഈ രാജ്യത്ത്. തിരഞ്ഞെടുത്ത സർക്കാർ തന്നെ നമ്മളൊന്നും അറിഞ്ഞില്ലേ എന്ന് പറഞ്ഞു കൈ കഴുകി ഇരിക്കുന്നു.
സ്‌കൂളും മെട്രോയും ഉണ്ടാക്കൽ മാത്രമല്ല രാഷ്ട്രീയമെന്നു അന്ന് പറഞ്ഞപ്പോൾ കിട്ടിയ മറുപടി ജനങ്ങൾക്ക് ഇതൊക്കെ മതി എന്നായിരുന്നു. ഒരുപക്ഷെ വെട്ടു കൊണ്ടവർക്ക് മൊഹല്ല ക്ളീനുകൾ വഴി സൗജന്യ മരുന്ന് വിതരണം നടത്താമെന്നായിരിക്കും കെജ്‌രിവാൾ വിചാരിക്കുന്നത്. ഡൽഹി നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനമാണ്. അവിടെ ഇതാണ് അവസ്ഥ. അപ്പോൾ ഇരുനൂറു ദിവസമായി കശ്മീരിന്റെ അവസ്ഥ എന്തായിരിക്കും !
സിനിമയുടെ അവസാനം, ബാബരി മസ്ജിദ് വിഷയത്തിലെ ആക്രമണം കണ്ടു ഏറക്കുറെ മരണാസന്നനായ സാകേത് റാം ചോദിക്കുന്നുണ്ട് ഇത് ഇതുവരെ കഴിഞ്ഞില്ലേ എന്ന്. ഹേ റാം ഇറങ്ങിയിട്ട് ഇരുപതാമത്തെ വർഷമാണ്. നമ്മുടെ അടുത്ത തലമുറയും ചോദിക്കേണ്ടി വരും, ഇത് ഇതുവരെ കഴിഞ്ഞില്ലേ എന്ന്.