നമ്മളിൽ നിന്നും നമ്മുടെ ചുറ്റുപാടിൽ നിന്നും മാറ്റങ്ങൾ ഉണ്ടാകാതെ മറ്റൊരുത്തനെ നോക്കി അവനാണ് ഉത്തരവാദിയെന്ന് പറയാനാകുമോ ?

135

ആർ.ജെ സലിം

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിലേക്കും ഏറ്റവും പുറകിലെ രാജ്യങ്ങളിൽ ഒന്നാകുന്നത് ഇവിടത്തെ ശിക്ഷ കഠിനമല്ലാത്തതു കൊണ്ടോ, നിലവിലുള്ള നിയമങ്ങൾ കൃത്യമായി നടപ്പിലാക്കാത്തത് കൊണ്ടോ അല്ല. ഉറപ്പായും അതൊക്കെയും മാറ്റം കൊണ്ട് വരും എന്നതിൽ തർക്കമൊന്നുമില്ല. പക്ഷെ പ്രശ്നത്തിന്റെ റൂട്ട് കോസിലേക്ക് ഒന്നെത്തിപോലും നോക്കാതെ കൊല്ലടാ അവനെ, കത്തിക്കടാ അവനെ, മുറിച്ചു കളയടാ അവന്റെ സാധനം എന്നൊക്കെ അലറിയിട്ട് ഒരു കാര്യവുമില്ല.

എംപിമാരുടെ കൂട്ടത്തിൽ നിന്ന് പോലും അത്തരം ആക്രോശങ്ങൾ ഉണ്ടാകുന്നത് ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ ഗോത്രീയത മാത്രമാണ് കാണിക്കുന്നത്. ഒരു എംപിയുടെ അധികാരത്തിൽ നിന്ന് തന്നെ സോഷ്യൽ റീസ്ട്രക്ച്ചറിംഗിൽ പലതും ചെയ്യാൻ സാധിക്കും എന്നിരിക്കെ അതൊന്നും ചെയ്യാതെ ഈ ഡ്രാമ ഒക്കെ കാണിക്കുന്നത് ആത്മാർത്ഥതയില്ലായ്മയാണ്.

വയലൻസിനെ അതിലും കൂടിയ വയലൻസ് കൊണ്ട്, തൽക്കാലത്തേക്ക് തടയിടാം എന്നേയുള്ളൂ. പക്ഷെ ഒരവസരം കിട്ടുന്ന പക്ഷം അത് പുറത്തു ചാടും. ഗാർഹിക പീഡനം ചെറുക്കാനുള്ള നിയമം ഉണ്ടാക്കിയിട്ട് കാര്യമില്ല, അത് പാലിച്ചിട്ടും അത് പൂർണ്ണമായി ഇല്ലാതാവില്ല. എന്തുകൊണ്ടാണ് ഗാർഹിക പീഡനം ഉണ്ടാകുന്നത്, അതെങ്ങനെ മനുഷ്യരിൽ ഉണ്ടാകാതെ നോക്കാം എന്നൊക്കെയുള്ള ചർച്ചകളും മാറ്റങ്ങളുമാണ് വേണ്ടത്. റേപ്പിലും അതുപോലെ തന്നെ. പെപ്പർ സ്പ്രേ കൈയ്യിൽ കരുതേണ്ടി വരുന്നത് ഒരു സ്ത്രീയുടെ ഗതികേടാണ്. എങ്കിലും അത് രക്ഷയ്ക്ക് എത്തിയേക്കാം. പക്ഷെ എന്നും പേപ്പർ സ്പ്രേ കൈയ്യിൽ കരുതേണ്ട ഗതികേടാണോ ഈ സമൂഹം സ്ത്രീകൾക്ക് നൽകുന്നത് എന്നുകൂടി ചോദിക്കണ്ടേ ?

നഴ്‌സറികൾ മുതൽ ആണിനേയും പെണ്ണിനേയും വെവ്വേറെയായാണ് നമ്മളിരുത്താറു. വളരെ അടിസ്ഥാനപരമായ കാര്യമാണ്. സൗഹൃദക്കൂട്ടങ്ങൾ മിക്കതും സിംഗിൾ ജെൻഡറാണ്. അതുകൊണ്ടു തന്നെ ബയോളജിക്കലായ ചില ക്യൂരിയോസിറ്റികൾ, ഡ്രൈവുകൾ സോഷ്യലി ബൂസ്റ്റ് ചെയ്യപ്പെടും, വൾഗറൈസ് ചെയ്യപ്പെടും. നമ്മുടെ സമൂഹം ആണധികാര കേന്ദ്രീകൃതമായതുകൊണ്ടു തന്നെ ആണ് അതിനെയൊക്കെ അവന്റെ പ്രിവിലേജ്ഉം പവറും ഫിസിക്കൽ സ്ട്രെങ്തും ഉപയോഗിച്ച് ആവിഷ്കരിക്കാൻ നോക്കും. സെക്സ് എന്ന് വീട്ടിനുള്ളിൽ ഒന്നുറക്കെ പറഞ്ഞുപോയാൽ മച്ചിടിഞ്ഞു വീഴുന്ന കുടുംബങ്ങളാണ് നമ്മുടേത്. ഇത്രയും റിപ്രഷൻ അങ്ങ് ചുമ്മാ പോകും എന്നാണോ കരുതുന്നത് ? ഉറപ്പായും അത് പരസ്യമായല്ലെങ്കിൽ രഹസ്യമായി പുറത്തുവരും. ഒരു സംശയവും വേണ്ട.

വിവിധ തോതിലുള്ള കടന്നു കയറ്റങ്ങൾ അങ്ങനെയാണ് ഉണ്ടാകുന്നത്. അതിന്റെ അങ്ങേ പരിധിയാണ് റേപ്. അല്ലാതെ റേപ്പ് ഒരു സ്റ്റാൻഡ് അലോൺ പ്രശ്നമല്ല. എക്സ്ട്രീം വയലൻസ് ആയതുകൊണ്ട് തന്നെ റേപ് ഒരു സെക്ഷ്വൽ ഇൻസിഡന്റിനേക്കാൾ അതൊരു ഹണ്ടാണ് , വേട്ടയാണ്. കീഴടക്കുകയാണ് ഉദ്ദേശ്യം. റേപ്പിനു കൂടുതൽ കൂടുതൽ കർശനമായ ശിക്ഷ നൽകൽ ഒരിക്കലുമൊരു പെർമനന്റ് സൊല്യൂഷൻ അല്ല. ഇതൊരു നിയമപ്രശ്നമല്ല, സോഷ്യൽ പ്രോബ്ളമാണ്. അതുകൊണ്ടു തന്നെ ലീഗൽ സൊല്യൂഷൻ അല്ല സോഷ്യൽ സൊല്യൂഷൻ ആണ് തേടേണ്ടത്.

നമ്മുടെ എല്ലാ സാമൂഹിക ഇടങ്ങളിലും ഈ വേർതിരിവ് കാണാം. ബസ്സിലും ക്ലാസ്സിലും, എന്തിന് ഒരു കല്യാണത്തിന് പോയാൽ പോലും ആരും വേലി കെട്ടി തിരിക്കാതെ തന്നെ നമ്മൾ സ്വാഭാവികമായി തന്നെ വേർതിരിഞ്ഞിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇതൊരു വെറും ഉദാഹരണമാണ്. അത്രയ്ക്കു റിജിഡാണ് നമ്മുടെ സാമൂഹിക ബോധം. അതുകൊണ്ടു തന്നെയാണ് ആണിനും പെണ്ണിനും അപ്പുറമുള്ള ജെൻഡർ വ്യക്തികളെ നമുക്ക് അംഗീകരിക്കാൻ തന്നെ സാധിക്കാത്തത്. അത്രയധികം സ്‌ട്രോങ്‌ലി കണ്ടീഷൻഡ് ആണ് ഒരു സമൂഹം എന്ന നിലയിലും മനുഷ്യർ എന്ന നിലയിലും നമ്മൾ. മനസ്സിലാണ് പ്രശ്നം കിടക്കുന്നത്. അപ്പോൾ പരിഹാരം തേടി പോകേണ്ടതും അങ്ങോട്ട് തന്നെയാണ്.

ഫ്ലൂയിഡ് ആയൊരു മാനസിക ഘടനയ്ക്ക് എന്തൊക്കെയാണ് വേണ്ടതെന്ന് എവിടെയും ചർച്ചകൾ ഉണ്ടാകണം. പരസ്പരമുള്ള ക്യൂരിയോസിറ്റികളെ ഫലപ്രദമായി അപ്പ്രോച് ചെയ്യണം. ആധുനിക വിദ്യാഭ്യാസം തന്നെയാണ് അതിന്റെ ഏറ്റവും വലിയ ടൂൾ. മത്സരാധിഷ്ഠിതമല്ല, മൂല്യാധിഷ്ടിതം. ക്ലാസ്‌മുറി വിദ്യാഭ്യാസം മാത്രമല്ല ഉദ്ദേശിക്കുന്നത്. അതിനു പുറത്തെയും. ക്ലാസിൽ ഇതൊക്കെ തിയറി പഠിച്ചിട്ട് ലോകത്തിലേക്ക് ഇറങ്ങുമ്പോൾ ലോകത്തിന്റെ പോക്ക് മറ്റൊരു വഴിക്കായിട്ടു കാര്യമില്ലല്ലോ.

നമ്മളിൽ നിന്നും നമ്മുടെ ചുറ്റുപാട് നിന്നും മാറ്റങ്ങൾ ഉണ്ടാകാതെ, നമുക്കിതിലൊന്നും ഒരു പങ്കുമില്ലാത്തതുപോലെ നടിച്ച്, മറ്റൊരുത്തനെ നോക്കി അവനാണ് ഉത്തരവാദി, അവനെക്കൊല്ലു എന്നൊക്കെ ആക്രോശിച്ചു സമാധാനിക്കാൻ ആണെങ്കിൽ നടക്കട്ടെ. ഒരു ജസ്റ്റിസ് ഫോർ ഹാഷ് ടാഗും കൂടി ഇടാം. ഇതുവരെയുള്ളവർക്കൊക്കെ നമ്മൾ ജസ്റ്റിസ് മേടിച്ചു കൊടുത്തല്ലോ.

പെൺകുട്ടികളെ കരാട്ടെ പഠിപ്പിക്കുന്നതൊക്കെ നല്ലതാണു. പക്ഷെ അത് ഈ സാമൂഹിക അവസ്ഥ നിലനിർത്താൻ വേണ്ടിയാകരുത്. കാരണം എവിടെയോ നമ്മൾ തന്നെ അപ്പോൾ അതിനുവേണ്ടി പണിയെടുക്കുന്നത് നിർത്തുന്നുണ്ട്.