ഒരൊറ്റ വ്യാധി മതി കാപിറ്റലിസം പത്തി മടക്കാൻ എന്ന് നമ്മൾ കാണുന്നുണ്ട്

170
RJ Salim
എത്രയോ കൂട്ടുകാരോട് അവർ ജോലി ചെയ്യുന്ന വൻകിട കമ്പനികൾ നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ പറഞ്ഞു കഴിഞ്ഞു. കൊറോണയും, കൊറോണ കാരണം നിലച്ച മാർക്കറ്റുമാണ് കാരണമായി പറയുന്നത്. രണ്ടു മാസമൊക്കെയാണ് ചിലരോട് വീട്ടിലിരിക്കാൻ പറഞ്ഞിരിക്കുന്നത്. ഓക്കേ, നല്ല കാര്യം. പക്ഷെ ഒരു പ്രശ്നമുണ്ട്. ശമ്പളം തരില്ല. കഴിഞ്ഞ ക്വാർട്ടറിൽ നഷ്ടമായിരുന്നത്രെ. അപ്പോൾ ലാഭത്തിലായിരുന്ന അതിനു മുൻപത്തെ അനേകം ക്വാർട്ടറുകളോ ? അങ്ങനെയൊരു ചോദ്യം പോലും നമ്മൾ ചോദിക്കാൻ പാടില്ലത്രേ. സ്വന്തം ജീവനക്കാരെ ഒരു മാസം പോലുമൊന്നു സപ്പോർട്ട് ചെയ്യേണ്ട ആവശ്യമില്ലാത്ത ഈ സിസ്റ്റത്തിനെക്കൂടി പേരാണ് ക്യാപ്പിറ്റലിസം. ചുരുക്കം ചില കമ്പനികൾ ശമ്പളം കൊടുക്കുന്നുണ്ട്; പക്ഷെ അവിടെപ്പോലും തൊഴിലാളിക്ക് എന്തോ ഓശാരം പറ്റുന്ന വികാരമാണ്. അത്ര പരിതാപകരമാണ് തൊഴിൽ അവകാശങ്ങളെപ്പറ്റിയുള്ള നമ്മുടെ ബോധം.
ലോകം കമ്മ്യൂണിസ്റ്റ് ചൈനയെ കണ്ടു പഠിക്കണമെന്നും അവർ കൊറോണയെ വരുതിയിലാക്കിയെന്നും ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇതിൽ കമ്മ്യൂണിസം / സോഷ്യലിസം എന്ത് ചെയ്തടെ എന്നായിരുന്നു അവന്റെ ചോദ്യം. അവനോടു ലേശം ചരിത്രം പറയേണ്ടി വന്നു –
മോൻ ക്യൂബൻ ഇന്റർനാഷണലിസം എന്ന് കേട്ടിട്ടുണ്ടോ ? ക്യൂബയുടെ ഫോറിൻ പോളിസിയാണ് അത്. ലോകമൊട്ടുക്ക് കോളനിവൽക്കരണത്തിനെതിരും വിപ്ലവ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഫോറിൻ പോളിസി. അപ്രകാരം ക്യൂബ അന്യ രാജ്യത്തേക്ക് അയച്ച ഡോക്റ്റർമാർക്ക് കണക്കില്ല. ഡോക്റ്റർമാർ മാത്രമല്ല, നേഴ്‌സസ്, ഹെൽത് കെയർ പ്രൊഫഷണൽസ്, അക്കാദമിക്സ്, ടീച്ചേഴ്സ്, എഞ്ചിനിയേഴ്‌സ് അങ്ങനെ വിദഗ്ദ്ധരെ അവർ ലോകമൊട്ടുക്ക് അയച്ചിട്ടുണ്ട്. പാക്കിസ്ഥാനിലേക്കും ഹെയ്തിയിലേക്കും ഉൾപ്പടെ. അതുപോലെയൊരു ഫോറിൻ പോളിസി നീ ലോകത്തു മറ്റൊരു രാജ്യത്തു കാണിച്ചു തരാമോ ? പോട്ടെ ഇതുവരെയുള്ള മനുഷ്യ ചരിത്രത്തിൽ തന്നെ അങ്ങനെയൊന്നു കാണിച്ചു തരാമോ ?
നീ കണ്ടിയിടും കണ്ടി.
മെഡിക്കൽ വിദ്യാഭ്യാസം ഫ്രീയാണ് ക്യൂബയിൽ. ആളൊന്നിനുള്ള ഡോക്റ്റർ അനുപാതത്തിൽ ക്യൂബയാണ് ലോകത്തു തന്നെ ഒന്നാം സ്ഥാനത്തു. അവരുടെ ഹെൽത് ഇൻഡക്സുകൾ, ലിറ്ററസി ഇൻഡക്‌സ് ഒക്കെ യൂറോപ്പിനും അമേരിക്കയ്ക്കും ഒപ്പമോ അതിനും മുകളിലോ ഉണ്ട് എന്നറിയാമോ ? സമ്പത്തിന്റെ വ്യത്യാസം കൂടി പരിഗണിച്ചു നോക്കുമ്പോൾ ക്യൂബ ചെയ്തത് ഒരു മിറക്കിൾ തന്നെയാണ്. ഒരു കമ്മ്യൂണിസ്റ്റ് മിറക്കിൾ. ഇതെല്ലാം ഒരു രാഷ്ട്രീയ നിലപാടിന്റെ തുടർച്ചയാണ് – ഹെൽത് കെയറും വിദ്യഭ്യാസവും ഒരു ഫണ്ടമെന്റൽ റൈറ്റാണ് എന്ന കമ്മ്യൂണിസ്റ്റ് നിലപാടിന്റെ. ഇങ്ങു കേരളത്തിൽപ്പോലും അതിന്റെ തുടർച്ച കാണാം.
ആഫ്രിക്കയുടെ മോചനത്തിനും അപാർതീഡ് നിർത്തലാക്കുന്നതിനും ഫിദൽ കാസ്ട്രോ, ഇന്റർനാഷണലിസം വഴി നൽകിയ സംഭാവന അറിയണമെങ്കിൽ നെൽസൺ മണ്ടേലയുടെ എഴുത്തുകൾ വായിച്ചാൽ മതി. ഏറക്കുറെ ഒറ്റയ്ക്കാണ് ക്യൂബ അത് നേടിയെടുത്തത്.
അതുകൊണ്ടാണ് ജയിലിൽ നിന്നിറങ്ങിയ പാടെ നെൽസൺ മണ്ടേല ഹവാനയിൽ ഫിദലിനെക്കാണാൻ എത്തിയത്. തന്റെ ജനതയ്ക്കു വേണ്ടി സഖാവ് ഫിഡലിനു ഹൃദയത്തിൽ നിന്ന് നന്ദി പറയാൻ. ഫിദലിനെപ്പറ്റി നല്ലതു പറഞ്ഞത് പിടിക്കാത്ത അമേരിക്ക മണ്ടേലയെ താക്കീത് ചെയ്തു. നാൽപതു വർഷമായി ആഫ്രിക്കയിലെ അപാർതീഡ് ഭരണത്തെ പിന്തുണച്ചവന്മാരുടെ വാക്ക് കേൾക്കാൻ തനിക്ക് സൗകര്യമില്ലെന്ന് മണ്ടേല പറഞ്ഞു.
ക്യൂബ കൊറോണക്കാലത്തും ലോകം മുഴുവൻ വിദഗ്ധ സംഘങ്ങളെ അയക്കുന്നുണ്ട്. ചൈനയും അവരുടെ കൊറോണ സ്‌പ്രെഡ്‌ വരുതിയിലാക്കി ഇറ്റലിയിലേക്കും സ്പെയിനിലേക്കും ജർമനിയിലേക്കും ഇറാഖിലേക്കും എന്നുവേണ്ട ലോകത്തിന്റെ എല്ലാ അറ്റങ്ങളിലേക്കും മനുഷ്യരെയും സാധനങ്ങളെയും മരുന്നുകളും എത്തിക്കുന്നുണ്ട്.
സോഷ്യലിസം ഒരു മൂല്യ വ്യവസ്ഥയുടെ കൂടെപ്പേരാണ്. നമ്മൾ മറന്നുപോയതും അതാണ്. നമ്മൾ ഒരേ കടലിലെ തിരകളും, ഒരേ മരത്തിലെ ഇലകളും, ഒരേ പൂന്തോട്ടത്തിലെ പൂവുകളുമാണ് എന്നായിരുന്നു ഇറ്റലിയിലേക്ക് ചൈന അയച്ച ബോക്സുകളിൽ എഴുതിയിരുന്നത്.
ഓരോ പത്തുവർഷത്തിലും ഒരു ഡിപ്രഷനോ റിസഷനോ ഉണ്ടാകുന്ന ഒരു വ്യവസ്ഥയാണ് ക്യാപ്പിറ്റലിസം. അവിടെയാണ് നാൽപതു വർഷമായി ശരാശരി പത്തു ശതമാനത്തിൽ വളരുന്ന കമ്മ്യൂണിസ്റ്റ് ചൈന നമ്മളെ നോക്കി ചിരിക്കുന്നത്. മുപ്പതുവർഷം മുൻപ് 750 മില്യൺ ദരിദ്രർ ഉണ്ടായിരുന്ന ചൈനയിൽ ഇന്ന് ദരിദ്രരുടെ എണ്ണം വെറും 10 മില്യണാണ്. റിപ്പോർട്ട് ചെയ്തത് ചൈനീസ് മീഡിയ അല്ല, അമേരിക്കയുടെ ഇക്കണോമിസ്റ്റാണ്.
ഒരൊറ്റ വ്യാധി മതി ക്യാപ്പിറ്റലിസം പത്തി മടക്കാൻ എന്ന് നമ്മൾ കാണുന്നുണ്ട്. പക്ഷെ ചിലർക്ക് ഇപ്പോഴും തിരിഞ്ഞിട്ടില്ല. വാക്സിൻ കണ്ടുപിടിക്കാനും ക്യാപ്പിറ്റലിസം തന്നെ വരണമെന്ന കോമഡിയും കണ്ടു ഇതിനിടയ്ക്ക്. എന്തോരം നിഷ്കളങ്കരാണ് ചുറ്റിനും. സോഷ്യലിസം സമം ദാരിദ്ര്യം എന്ന് പഠിച്ചു വെച്ചതിന്റെ പ്രശ്‌നമാണത്.
മുതലാളിത്തത്തിൽ കൊറോണോയ്ക്ക് വാക്സിൻ കണ്ടെത്താൻ അതിനു പുറകിലൊരു ലാഭക്കൊതി വേണം. സോഷ്യലിസത്തിൽ ആദ്യത്തെ മനുഷ്യന് അത് ബാധിക്കുമ്പോഴേക്കും അതിന്റെ പ്രവർത്തനം തുടങ്ങിയിരിക്കും. അതാണ് വ്യത്യാസം. കാരണം അതിന്റെ സന്നാഹങ്ങൾ, കുറച്ചു വ്യക്തികളുടെ കൈയ്യിൽ പണയത്തിനു നൽകി കാഴ്ച കണ്ടു നിൽക്കുന്ന അമേരിക്കയെപ്പോലെ മുതലാളിത്ത സർക്കാരല്ല അവിടെ ഭരിക്കുന്നത്. ഒരൊറ്റ തീരുമാനത്തിൽ അതിനു വേണ്ടി സജ്ജമാകുന്ന കമ്യൂണിസ്റ്റ് / സോഷ്യലിസ്റ്റ് ഭരണമാണ്.
****
ചൈനയിലെ കൊറോണ തടയാനുള്ള മണിക്കൂറുകളും ദിവസങ്ങളും നീണ്ട പരിശ്രമത്തിന്റെ ബാക്കി പത്രമാണ് ഈ മുഖങ്ങൾ. ഈ മുഖങ്ങൾ ഒരു വലിയ മൂല്യത്തിന്റെ കൂടി പ്രതീകങ്ങളാണ്. അവ നിങ്ങളോടു ഒരുപാടു കാര്യങ്ങൾ പറയുന്നുണ്ട്. കേൾക്കാൻ മനസ്സുണ്ടാകണമെന്നു മാത്രം.