അങ്ങനെയുള്ളവർക്ക് പ്രൈം ടൈമിൽ ഇടം കിട്ടിയില്ല എങ്കിലാണ് അൽഭുതം

333

RJ Salim

ജനം ടീവിയിലെ ഏതോ ഒരു വിഷ ചർച്ചയ്ക്കിടെ വിഷ മേധാവി അനിൽ നമ്പ്യാർ കാണിപ്പയ്യൂരിനോട് ഫോണിൽ സംസാരിക്കുന്നു.
കാണിപ്പയ്യൂർ, നമ്പ്യാരോട് നിങ്ങൾക്ക് അറിയേണ്ടത് ഇതല്ലേ ഇതല്ലേ എന്ന് നമ്പ്യാർ ചോദിക്കുന്നതിനു മുൻപേ അങ്ങോട്ട് ചോദിക്കുന്നു, നമ്പ്യാർ അതേ അതെ എന്നുത്തരം പറയുന്നു. എന്നിട്ട് ഇന്നാ പിടിച്ചോ അതിന്റെ ഉത്തരമെന്നു പറഞ്ഞൊരു പ്രവചനം അങ്ങോട്ട് കൊടുക്കുന്നു.

അതായത് ഞാൻ ഇപ്പോഴും പഴയ കിടിലം തന്നടെ എന്ന് ആളുകളെ വീണ്ടും പൊട്ടനാക്കാനാണ് ഈ ആദ്യമേ കയറിയുള്ള ചോദ്യ പ്രവചനം. ഇങ്ങേര് പ്രവചിക്കുന്ന ചോദ്യമെന്തായാലും അതേയെന്നു തലയാട്ടാൻ നമ്പ്യാർജി റെഡിമണിയായിട്ട് ഇരുപ്പുണ്ട്. ഇന്ത്യയുടെ കാര്യം എന്താവും എന്നാണ് നമ്പ്യാർക്ക് അറിയേണ്ടതായി കാണിപ്പയ്യൂർ ആദ്യം പ്രവചിക്കുന്നത്, എന്നിട്ട് അതിന്റെ ഉത്തരമായി അടുത്ത പ്രവചനം പറയും – മെയ് നാലിന് ശേഷം എല്ലാം പൂർവ്വ സ്ഥിതിയിലാവുമെന്നു. പക്ഷെ മണിക്കൂറുകൾക്കകം വാർത്ത വരുന്നു, ലോക് ഡൌൺ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയെന്ന്.

കാണിപ്പയ്യൂർ വീണ്ടും ത്രീജിയെന്നു പറഞ്ഞാൽ ആഗോള ത്രീജി. ഇതേപോലെ പ്രളയത്തിന് മുൻപ് സംസ്ഥാനത്തിന് ഇത്തവണ മഴ കുറവായിരിക്കും എന്ന് പറഞ്ഞും കാണിപ്പയ്യൂർ തേഞ്ഞു കീറിയിരുന്നു. അങ്ങനെയെത്രയോ കേസുകൾ.എങ്ങനെയാണു നിങ്ങൾക്ക് ഒരു കാര്യം പ്രവചിക്കാൻ സാധിക്കുക ?

പ്രവചനം എന്നത് എസ്‌റ്റിമേഷൻ ആണെങ്കിൽ അതിനു വകുപ്പുണ്ട്. വേണ്ട ഡാറ്റ ഇട്ടുകൊടുത്താൽ റിസൾട്ട് കിട്ടും. അപ്പോഴും ഒരു പെർഫെക്ട് അബ്സോലൂട്ട് എസ്‌റ്റിമേഷൻ സാധ്യമല്ല. കാരണം ജീവിതത്തെ സംബന്ധിച്ച് ഒരു ഫുൾ ഡാറ്റയൊന്നും ആരുടെ കൈയിലുമില്ല. ഇതുവരെ ഒരോവറിൽ പത്തു റൺസ് വീതം ഇരുപത് ഓവർ ബാറ്റ് ചെയ്‌ത്‌ ഒരു ടീം ഇരുനൂറ് റൺസ് അടിച്ചിട്ടുണ്ട് എങ്കിൽ മുപ്പതോവറിന്റെ ഒരു കളിക്ക് ആ ബാറ്റ് ചെയ്യുന്ന ടീം ഒരു മുന്നൂറിനടുത്തു സ്‌കോർ ചെയ്യും എന്ന് പറയാം. അത് എസ്റ്റിമേഷനാണ്. ഇതുവരെ ചെയ്തത് വെച്ച് ചെയ്യുന്ന ഒരു കാൽകുലേറ്റഡ് ഗെസ്.

പക്ഷെ അപ്പോഴും അവിടെ എന്ത് വേണമെങ്കിലും സംഭവിക്കാം. തൊട്ടടുത്ത ഓവറിൽ ഒരു ഡബിൾ ഹാട്രിക് കിട്ടി അടുത്ത പത്തു റൺസിനിടെ ബാറ്റിംഗ് ടീം ഓൾ ഔട്ടുമാകാം. ഈ അൺപ്രെഡിക്റ്റബിലിറ്റി ജീവിതത്തിന്റെ തന്നെ അടിസ്ഥാന സ്വഭാവമാണ്.
ഭാവി പ്രവചിക്കാൻ സാധിക്കുന്നത് എപ്പോഴാണ് ?

ഭാവി പ്രവചിക്കാൻ വളരെ എളുപ്പമാണ്. ഏത് കാര്യത്തിലാണോ ഭാവി പ്രവചിക്കേണ്ടത് അക്കാര്യത്തിലെ ഘടകങ്ങളുടെയെല്ലാം കാര്യത്തിലൊരു തീർച്ച / കൺട്രോൾ / ഷുവർറ്റി ഉണ്ടായാൽ മതി. പക്ഷെ അതുണ്ടാവുക എളുപ്പമല്ലല്ലോ. ഇന്ന് ഞായറാഴ്ചയാണ് എന്ന ഒരൊറ്റ ഡേറ്റ മതി എനിക്ക് നാളെ തിങ്കളാഴ്ചയാണ് എന്ന് “പ്രവചിക്കാൻ”. ആ ഒരൊറ്റ ഡാറ്റ ശരിയായാൽ എന്റെ പ്രെഡിക്ഷനും ശരിയാകും. പക്ഷെ ഇത് ഒരു റിയൽ ലൈഫ് സാഹചര്യത്തിൽ നടപ്പില്ല. കാരണം നമുക്കറിയുന്നതും അറിയാത്തതുമായ ആയിരക്കണക്കിന് കാര്യങ്ങളുടെ ഒറ്റയ്ക്കൊള്ളതും കൂട്ട് ചേർന്നതുമായ പ്രവർത്തനങ്ങളുടെ ആകെ തുകയാണ് നമ്മൾ ഭാവി എന്ന് വിളിക്കുന്നത്.

അത് കൃത്യമായി തിട്ടപ്പെടുത്താൻ ലോകത്തിലെ എത്ര വലിയ സങ്കീർണ്ണ മാത്തമാറ്റിക്കൽ ഫോർമുല കൊണ്ടും സാധ്യമല്ല. അപ്പോഴാണ് ഏതോ ഒരു വിഡ്ഢി നമ്പൂതിരി വന്നിരുന്നു ഇന്നാ പിടിച്ചോ എന്ന് പറഞ്ഞു ഭാവി പ്രവചിക്കുന്നത്. ഈ ഘടകങ്ങളിലെ ഓരോ വ്യത്യാസവും ഭാവി എന്ന റിസൾട്ടിനെ മാറ്റും. അതായത് വിധി എന്നൊന്നില്ല എന്ന്. അങ്ങനെ ശരിക്കും സംഭവിക്കേണ്ടതായി ഒന്നുമില്ല. സംഭവങ്ങളുടെ, തീരുമാനങ്ങളുടെ ഓരോ അടുക്ക് കൊണ്ടും അവസാന റിസൾട്ടിന് മാറ്റം വരാം. കൂടുതൽ പ്രോബബിൾ ആയതു സംഭവിക്കും എന്നേയുള്ളൂ.

ഇനി ജ്യോതിഷത്തിലേക്ക് വന്നാൽ, ഇത് ഒരിക്കലുമൊരു പ്രവചന ശാസ്ത്രമേ അല്ല. പക്ഷെ ഇന്ന് അത് കല്യാണം കഴിക്കാമോ, ജാതക ദോഷമുണ്ടോ, രാജയോഗമുണ്ടോ, മൂലക്കുരു വരുമോ എന്ന് തുടങ്ങി ഒരു പ്രവചന ശാസ്ത്രമായി രൂപം മാറി തട്ടിപ്പിന്റെ കേന്ദ്രമായി മാറിയിരിക്കുന്നു. അതിന്റെ മുൻപന്തിയിൽ നിൽക്കുന്ന ഗജ ഫ്രോഡാണ് കാണിപ്പയൂർ ഒക്കെ. അങ്ങനെ ഒരു സവിശേഷ കഴിവും അയാൾക്കെന്നല്ല ഒരാൾക്കുമില്ല. ഒരു കൺട്രോൾഡ് അറ്റ്‌മോസ്ഫിയറിൽ ഒരു റിസൾട്ട് പ്രെഡിക്റ്റ് ചെയ്യുന്ന പോലെയല്ല ഒരാളുടെ ജീവിതത്തിലെ കാര്യങ്ങൾ കൃത്യതയോടെ പ്രവചിക്കുക എന്നത്. അത് വെറും ഊഹമാണ്. അത് കൊണ്ട് ജീവിക്കുന്നവൻ ഫ്രോഡാണ്. നല്ല ഗജ ഫ്രോഡ്.

വാൾനറബിൾ ആയ മനുഷ്യരുടെ ബലഹീനതയെ മുതലെടുത്തു തടിച്ചു കൊഴുക്കുന്ന കുളയട്ടകളാണ് ഇതൊക്കെ. അങ്ങനെയുള്ളവർക്ക് ജനം ടീവിയുടെ പ്രൈം ടൈമിൽ ഇടം കിട്ടിയില്ല എങ്കിലാണ് അൽഭുതം. ഭാവിയെപ്പറ്റിയുള്ള ഉൽകണ്ഠ മനുഷ്യ സഹജമാണ്. പ്രത്യേകിച്ച്, നിങ്ങളുടെ വർത്തമാനത്തിൽ ആശ്വസിക്കാൻ തക്ക കാര്യമായി ഒന്നുമില്ല എങ്കിൽ നല്ലൊരു ഭാവിയെങ്കിലും നിങ്ങൾക്കുണ്ടോ എന്ന് നിങ്ങൾ അന്വേഷിച്ചുകൊണ്ടേയിരിക്കും. അതിനെ ചൂഷണം ചെയ്യലാണ് ഇവന്റെയൊക്കെ ബിസിനസ് മോഡൽ. നിയമം കൊണ്ടൊക്കെ ഇവന്മാർക്ക് കൂച്ചുവിലങ്ങിടേണ്ട സമയമൊക്കെ എന്നേ കഴിഞ്ഞുപോയി.