തിന്നിട്ടു എല്ലിന്റിടയിൽ കേറുമ്പോൾ, എന്നാലിനി കുറച്ചു നാട് നന്നാക്കി കളയാം എന്ന് കരുതുന്ന പ്രവിലേജ്ഡ് അമ്മാവന്മാരുടെ പ്രതിനിധി

187

RJ Salim

ദേവൻ ഒരു പ്രതിനിധിയാണ്

തിന്നിട്ടു എല്ലിന്റിടയിൽ കേറുമ്പോൾ, എന്നാലിനി കുറച്ചു നാട് നന്നാക്കി കളയാം എന്ന് കരുതുന്ന പ്രവിലേജ്ഡ് അമ്മാവന്മാരുടെ പ്രതിനിധി. നേടാവുന്നതെല്ലാം നേടിക്കഴിഞ്ഞ്, ഒരു മധ്യവയസ്സൊക്കെ പിന്നിട്ട്, ജീവിതത്തിൽ ഒരു ഹോബി വേണമല്ലോ എന്നോർത്ത് നാടിനെ “രക്ഷിക്കാൻ” ഇറങ്ങുന്നവരുടെ പ്രതിനിധി.രാഷ്ട്രീയം ഇവർക്ക് ഒരു വിജയ് സിനിമയാണ്. നായകൻ ഒറ്റയ്ക്ക് വന്നു മല മറിക്കുന്ന ഏർപ്പാട് ! മഹാത്മാവും പരമാത്മാവുമായ ഞാൻ ഈ നാട് ഒറ്റയ്ക്ക് നന്നാക്കി തരുന്നതായിരിക്കും. അതാണ് ലൈൻ. എന്നാൽ നാടിനെപ്പറ്റിയോ അതിന്റെ ചരിത്രത്തെപ്പറ്റിയോ നാട്ടുകാരെപ്പറ്റിയോ രാഷ്ട്രീയത്തെപ്പറ്റിയോ ഒരു മാങ്ങയും അറിയില്ല എന്ന് മാത്രമല്ല ഒരുമാതിരി മറ്റേടത്തെ അതോറിറ്റിയും ഈ എല്ലാ കാര്യങ്ങളിലും കളിക്കുകയും ചെയ്യും.

രാഷ്ട്രീയാധികാരം എന്ന ബാക്കി നിൽക്കുന്ന ഒരാഗ്രഹത്തിനായി ചങ്കും മത്തങ്ങയും തിരിയാത്ത കുറച്ചു ചെറിയ പിള്ളേരെ തപ്പിയെടുക്കും. ഓരോരുത്തർക്കും ഓരോ ടീ ഷർട്ടും കൊടുത്തു, ശേഷം തംബ്രാനെപ്പോലെ കേറി മുന്നിലിരിക്കും. ഇങ്ങനെ നിൽക്കാനോക്കെ ആൾക്കാരെ കിട്ടുന്നത് തന്നെ നാട്ടിലെ തൊഴിലില്ലായ്മയുടെ സൂചനയാണ്.നല്ലൊരു മഴ പെയ്താൽ പൊന്തി വരുന്ന പായലിനു ദേവന്റെ പാർട്ടിയേക്കാൾ ആയുസ്സുണ്ടാവും. ഒരു രണ്ടു മൂന്നു വെയിലൊക്കെ ആ പായൽ വരെ ഈസിയായി താങ്ങും. ഇത് അതുപോലെ തന്നെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പൊന്തി വരുന്നൊരു ബലഹീന രാഷ്ട്രീയ പായലാണ്. കഴിഞ്ഞ തവണയും പൊന്തി വന്നായിരുന്നു. തോൽവിയുടെ കനത്ത വെയിൽ അടിച്ചപ്പോൾ കരിഞ്ഞുണങ്ങിപ്പോയി.

അത് പിന്നെ പഠന കാലത്തു കട്ട KSU ആയിരുന്ന ഒരാൾക്ക് തിരഞ്ഞെടുപ്പ് അടുക്കുമ്പോ മാത്രം പെട്ടെന്ന് രാഷ്ട്രീയം വരുന്നത് ഒരു പുതിയ പ്രതിഭാസമൊന്നുമല്ലല്ലോ.ഇനിയത്തെ തോൽവിക്ക് ശേഷം ഒരു വൈകുന്നേരം തലയിൽ തോർത്തുമുണ്ടുമിട്ടു മോദിജിയെപോയി കണ്ടു ബിജെപിയിൽ ലയിക്കും. അതിനാണ് ഈ തെളപ്പ്. അന്ന് നല്ല വില കിട്ടണമെങ്കിൽ ഇന്ന് ഇച്ചിരി ഓളമുണ്ടാക്കണം.പിന്നെ അടുത്ത തിരഞ്ഞെടുപ്പ് വരണം വീണ്ടും മുളച്ചു വരാൻ.ദേവന്റെ പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് തന്നെ സ്‌കൂൾ മുതൽ യൂണിവേഴ്‌സിറ്റി വരെ സമ്പൂർണ്ണ രാഷ്ട്രീയ നിരോധനമാണ്. അടിപൊളിയല്ലേ ? അത്രയും വലതുപക്ഷ ദുരന്തമായ ഒരാൾ മോഡി ഫാനാവുക എന്നത് അഴുക്ക് ചാൽ ഓടയിലെത്തുന്നതുപോലെ സ്വാഭാവികമാണ്.

മോദിയുടെ പോളിസി… ഹൌ…!! ഏത് പോളിസി ? അത് ഇന്ന പോളിസി എന്നില്ല, എല്ലാ പോളിസിയും.മോദിയുടെ ചിന്ത… ഹൌ…!! എന്ത് ചിന്ത ? അതുപിന്നെ ചിന്തയെ കാണാൻ പറ്റില്ലല്ലോ.എന്റമ്മേ.. ഇത് ദേ വാ അല്ല ദേ പോയി ആണ് !ഇങ്ങനത്തെ രണ്ടു ഇന്റർവ്യൂ കൂടി കൊടുത്താൽ ആ ടീ ഷർട്ടിട്ട പിള്ളേര് തന്നെ ദേവണ്ണനെ വല്ല കോമഡി സർക്കസിലും കൊണ്ടാക്കിക്കോളും.