ആനിയും സരയൂവും പറഞ്ഞതിലെ അബദ്ധം

54

RJ Salim

ആനിയും സരയൂവും പറഞ്ഞതിലെ അബദ്ധം വോക് ആയ എല്ലാവർക്കും പിടികിട്ടിയതാണ്. ഫെമിനിസം വേണ്ട ഇക്വാലിറ്റി മതിയെന്ന് പറയുമ്പോൾ ഫെമിനിസം തന്നെയാണ് ഇക്വാലിറ്റി എന്ന് മനസ്സിലാക്കാതെയാണ് അവർ സംസാരിച്ചത്. പക്ഷെ അതിലെ പ്രശ്നം, രണ്ടുവർഷം മുൻപത്തെ ഒരു വീഡിയോ വെച്ച് അതിലെ രണ്ടു പേരുടെയും നിലപാടുകൾ നോക്കി ഇന്നത്തെ അവരെ അളക്കാനും കളിയാക്കാനുമാണ് ശ്രമിക്കുന്നത്. ഇതിനിടയ്ക്ക് അവർക്ക് യാതൊരു മാറ്റവുമുണ്ടായിട്ടില്ല എന്ന് എന്താണിത്ര ഉറപ്പ് ? ഉണ്ടാവാം ഉണ്ടാവാതിരിക്കാം.ആനിയുടെ കാര്യത്തിൽ അത് ഹൈലി അൺലൈക്ലി ആണെങ്കിൽക്കൂടി.

അതുകൊണ്ടു തന്നെ നേരിട്ട് ആനിയോടും സരയുവിനോടും സംസാരിക്കുന്നതിൽ എന്തെങ്കിലും കാര്യമുണ്ടെന്നു തോന്നുന്നില്ല. മറിച്ച് ഇന്നും ആ നിലപാടുകൾ വെച്ച് പുലർത്തുന്ന, അത് ശരിയെന്നു കരുതുന്ന ബാക്കിയുള്ള ആയിരക്കണക്കിന് ആനിമാരോടും സരയുമാരോടും സംസാരിക്കേണ്ടത്. കാരണം ഇന്നും ഭൂരിഭാഗം മനുഷ്യരും കരുതുന്നത് ഫെമിനിസം ആന്റി മെൻ ആണ് എന്നാണ്. അത് സ്ത്രീകളുടെ ആധിപത്യത്തിനു വേണ്ടിയാണു സംസാരിക്കുന്നത് എന്നാണ്. ഒരു വാക്കിന്റെ ശരിക്കുള്ള അർത്ഥമെന്തായാലും അതിന്റെ സോഷ്യൽ മീനിംഗാണ്‌ അതിന്റെ ഫലം നിശ്ചയിക്കുന്നത്. ഫെമിനിസത്തിന്റെ സോഷ്യൽ മീനിങ് വളരെ അഴുക്കും ചെളിയും പിടിച്ച ഒന്നാണ്. അതിനെ കഴുകി വൃത്തിയാക്കേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് ഇത്തരം സന്ദർഭങ്ങൾ നമുക്കുണ്ടാക്കേണ്ടത്.
ഈ സന്ദർഭത്തെ ഒരു പഠനാവസരമായും അല്ലെങ്കിൽ ട്രോളാവസരമായും ഉപയോഗിക്കാം. അതിലേത് നമ്മൾ സ്വീകരിക്കുന്നു എന്നതനുസരിച്ചു അതിന്റെ ഫലവും മാറും.

ഈ woke ആയവർ എന്ന് നമ്മൾ സ്വയം പറയുമ്പോൾ കുറെ അടയാളങ്ങൾ നമ്മളിലേക്കും അതുവഴി അതല്ലാത്തവരിലേക്കും ചേർക്കുന്നുണ്ട്. ഉണർന്നവർ (woke) എന്ന് നമ്മൾ സ്വയം ഐഡന്റിഫൈ ചെയ്യുമ്പോൾ അതിനർത്ഥം ഇതിനു മുൻപ് നമ്മൾ ചുറ്റിനുമുള്ള റിയാലിറ്റി അറിയാത്ത ഉറക്കത്തിലായിരുന്നു എന്നും, എന്നാൽ ഇപ്പോൾ ഉണർന്നു എന്നുമാണ്. അതിനർത്ഥം വോക് അല്ലാത്തവർ ഇപ്പോഴും ഇവിടെയുണ്ട് എന്നും അവരാണ് ഭൂരിപക്ഷമെന്നും കൂടിയാണ്.അപ്പോൾ വോക് ആയവർ ആരോടാണ് പ്രധാനമായും സംസാരിക്കേണ്ടത് ? വോക് ആയവർ പരസ്‌പരം സംസാരിക്കുന്നതാണോ അതോ വോക് അല്ലാത്തവരോട് സംവദിക്കുമ്പോഴാണോ ശരിക്കും ഫെമിനിസം എന്ന ആശയത്തിന് കൂടുതൽ ഫുട്ഹോൾഡ് കിട്ടുന്നത് ? ഉറപ്പായും വോക് അല്ലാത്തവരെ എൻഗേജ് ചെയ്യുമ്പോൾ തന്നെ.

അല്ലെങ്കിൽപിന്നെ യുക്തിവാദികളെപ്പോലെ സെമിനാർ ഹോളിലിരുന്നു പരസ്പരം വെടിവട്ടം പറഞ്ഞാൽ മതിയല്ലോ. വിശ്വാസികളെ ക്രിയേറ്റിവായി എൻഗേജ് ചെയ്യിക്കാൻ സാധിക്കാതെ, അവരെ അപഹസിച്ചുകൊണ്ടു മാത്രം എൻഗേജ് ചെയ്യുന്നവർ ആകെ ചെയ്യുന്നത് അവരുടെ വിശ്വാസങ്ങളെ ഒന്നുകൂടി മുറുകെ പിടിക്കാനുള്ള അവസരമൊരുക്കുകയാണ്. എക്‌സപ്ക്ഷൻസ് ഉണ്ടാവാം.
അതുകൊണ്ടു, പരിഹാസം ഒരു കമ്യൂണിക്കേറ്റിവ് ടൂൾ അല്ല. പരിഹാസം കൊണ്ട് കൺവേർഷൻ സാധ്യമാവില്ല.

എല്ലാവർക്കും ജീവിതത്തിൽ ഒരു മൊമന്റ് ഉണ്ടാവും. അതുവരെയുള്ള ശരികളായിരുന്നില്ല യഥാർത്ഥത്തിൽ ശരികളെന്നു മനസ്സിലാവുന്ന നിമിഷം. കണ്ണിലെ മറ നീങ്ങുന്ന നിമിഷം. പിന്നീടൊരു തിരിച്ചു പോക്ക് സാധ്യമല്ല. ഥപ്പട് എന്ന സിനിമയിൽ അമൃതയ്ക്ക് കിട്ടിയ ഒരടിയാണ് അതുവരെയും അവൾ കാണാതിരുന്ന സകല അസമത്വങ്ങളെയും ദൃശ്യപ്പെടുത്തിയത്, അവളെ ഉണർത്തിയത്.
ആ അടി ചിലർക്ക് ഒരു ലേഖനമായിരിക്കും. ചിലർക്ക് ഒരു ചെറിയ അനുഭവമായിരിക്കും. അങ്ങനെ പലരുടെയും കൺവെർഷൻ പോയിന്റ് പലതായിരിക്കും. ഫേസ്ബുക് വായന നല്ലൊരു പരിധിവരെ സമത്വത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനെ നവീകരിച്ചിട്ടുണ്ട്. അതിന് മുൻപ് ഇതിനേക്കാൾ വലിയ വൃത്തികേട് ഞാൻ പറഞ്ഞിട്ടുണ്ട്. അന്ന് എന്നെ കളിയാക്കി മാറ്റാൻ നോക്കിയാൽ ഞാൻ ഒന്നുകൂടി വാശിക്ക് നിന്ന് ആർഗ്യു ചെയ്യും. ഭാഗ്യവശാൽ അങ്ങനെയൊരു എൻകൗണ്ടർ ഉണ്ടായിട്ടില്ല.

പറഞ്ഞു വന്നത്, വോക് ആയ, ഫെമിനിസ്റ്റ് ആയ, തുല്യതയെപ്പറ്റി തെളിഞ്ഞ കാഴ്ചയുള്ളവർ അതില്ലാത്തവരെ കളിയാക്കുന്നത് കൊണ്ട് നമ്മൾ പിന്നെയും ചെറിയ ചെറിയ വട്ടങ്ങളിലേക്ക് ചുരുങ്ങുകയാണ്. മറിച്ച്, ചെയ്യേണ്ടത്, ജീവിത സാഹചര്യങ്ങൾ കൊണ്ടും അനുഭവങ്ങളുടെ പരിമിതി കൊണ്ടും പേട്രിയാർക്കിയുടെ കണ്ടീഷനിംഗ് കൊണ്ടും തങ്ങളുടെ അസമത്വത്തോട് അന്ധതയുള്ള മനുഷ്യരോടാണ് നമുക്ക് സംസാരിക്കേണ്ടത് എന്ന ബോധ്യം ആദ്യം വോക് ആയവർക്ക് വേണം. അതിന് അല്ലെങ്കിൽ തന്നെ നൂറു തടസ്സങ്ങൾ ഉണ്ടായിരിക്കെ നമ്മൾ തന്നെ വീണ്ടും പുതിയത് ഉണ്ടാക്കരുത്. കുല സ്ത്രീ എന്ന പരിഹാസവിളി അതുപോലൊരു തടസ്സമാണ്. അതൊരു വിക്ടിം പൊസിഷനാണ് എന്ന് നമുക്കിപ്പോഴും നേരെ ചൊവ്വേ മനസ്സിലായിട്ടില്ല. ആ വാക്കുപയോഗിക്കുമ്പോൾ തന്നെ അപ്പുറത്തു നിൽക്കുന്നയാൾ ഡിഫൻസീവ് പൊസിഷൻ എടുത്തു കഴിഞ്ഞു. ഇനി അവരുമായി ഡയലോഗ് തന്നെ സാധ്യമല്ല. പിന്നെ നടക്കുന്നത് അടിയാണ്. അതുകൊണ്ടു സൗണ്ട് പൊല്യൂഷൻ ഉണ്ടാക്കാമെന്നേയുള്ളൂ. വേറെ മെച്ചമൊന്നുമില്ല.

എന്നുകരുതി അറ്റാക് ചെയ്യാൻ വരുന്ന എല്ലാ മുള്ളുമുരിക്ക് മൂർഖൻ പാമ്പിനെയും എടുത്തു കൊഞ്ചിക്കണം എന്നല്ല. സന്ദർഭം നോക്കി വേണം പ്രവർത്തി തീരുമാനിക്കാൻ. ഇതെന്തായാലും ഒരു അറ്റാക്കല്ല. സൊ റെസ്പോൺസബിൾ റെസ്പോൺസ് ആയിരിക്കണം.
ഇങ്ങനെയുള്ള മനുഷ്യർ ചുറ്റിനുമുണ്ട് എന്ന സത്യം നമ്മൾ അംഗീകരിക്കണം. അവരാണ് ഭൂരിപക്ഷമെന്നും മനസ്സിലാക്കണം. അല്ലാതെ നമ്മുടെ ഇത്തിരി വട്ടങ്ങളിൽ നിന്നുകൊണ്ട് എല്ലാം ശരിയായിക്കഴിഞ്ഞു എന്ന് വിചാരിച്ചു ടേക്കൺ ഫോർ ഗ്രാന്റഡ് ആയി ഇരിക്കരുത്. ശതമാനക്കണക്കിൽ പൂജ്യത്തിന്റെ അടുത്ത് വരും വോക് ആയവരുടെ സംഖ്യ. അതുകൊണ്ട് ദയവു ചെയ്തത് ഇതിനെയൊരു എലീറ്റിസ്റ്റ് ഏർപ്പാടാക്കി, വോക് അല്ലാത്തവരെ തരംതാഴ്ത്തിയുള്ള ആശയ പ്രചാരണത്തിന് നിൽക്കരുത്. അതുകൊണ്ടു നിങ്ങളുടെ ഈഗോ ബൂസ്റ്റ് ആവുമെന്നേയുള്ളൂ. വേറെ കാര്യമൊന്നുമില്ല.