തമ്മിൽ തല്ലുന്ന ധോണിയുടെയും ഗാംഗുലിയുടെയും ഫാൻസ്‌ വായിച്ചിരിക്കാൻ

0
33

RJ Salim

ഗാംഗുലിയും ധോണിയും

ഗാംഗുലിയാണോ ധോണിയാണോ മികച്ച ക്യാപ്റ്റൻ എന്ന ചോദ്യത്തിന്റെ ഉത്തരം കൂടി കണ്ടു പിടിച്ചാൽ മോക്ഷം ലഭിക്കും എന്ന മട്ടിലാണ് സ്പോർട്സ് ഫാൻസിന്റെ തമ്മിലടി. ശരിക്ക് പറഞ്ഞാൽ രണ്ടു കൂട്ടരും വളരെ ആഴത്തിൽ ഇമോഷണലി ഇൻവോൾവ്‌ഡ്‌ ആയൊരു വിഷയത്തിൽ രണ്ടിലൊരാൾക്ക് കാര്യം തിരിച്ചറിയാനുള്ള സാധ്യത വളരെ കുറവായിരിക്കും എന്ന് തോന്നുന്നു.
അതിനേക്കാളും വലിയ പ്രശ്നമാണ്, വിഷയത്തിന്റെ വാസ്തവത്തിലേക്കു കടക്കുന്നതിൽ നിന്ന് നമ്മളെ തടയുന്ന കേവല യുക്തി പ്രയോഗം (കേവല യുക്തിവാദമല്ല). നമ്മൾ എത്രത്തോളം കേവല യുക്തി ഉപയോഗിച്ച് കാര്യങ്ങളെ കാണുന്നു എന്നതിന്റെ തെളിവാണ് ഈ തമ്മിലടി.

ചരിത്രത്തിൽ ഒന്നും ഒറ്റപ്പെട്ടു നിൽക്കുന്നില്ല. ഒരു സച്ചിനോ ധോണിയോ ഗാംഗുലിയോ ദ്രാവിഡോ പരസ്പരം തൊടാതെ നിൽക്കുന്ന ഒറ്റ മരങ്ങളല്ല. മറിച്ചു പരസ്പരം സഹായിച്ചും, എടുത്തും, കൊടുത്തും വളർന്നവരാണ്. ഇന്ത്യൻ ക്രിക്കറ്റ് ഏറക്കുറെ അസ്തമിച്ചേക്കും എന്ന അവസ്ഥയിൽ നിന്നാണ് ഗാംഗുലി ഒരു ടീമിനെ കെട്ടിപ്പടുത്തതും അതുവരെയില്ലാതിരുന്ന വിന്നിങ് സ്പിരിറ്റ് കാണിക്കാനും, മെച്ചപ്പെട്ട രീതിയിൽ ടീം പെർഫോം ചെയ്യാനും തുടങ്ങിയത്. അത് ധോണി ഫാൻസ്‌ നിഷേധിച്ചിട്ടു കാര്യമില്ല. ഇന്ത്യൻ ക്രിക്കറ്റിന് ചരിത്രത്തിലെ അത്തരമൊരു ഘട്ടത്തിൽ ഒരു ഗാംഗുലി അനിവാര്യമായിരുന്നു. ഗാംഗുലി ഒരു ബോൺ ലീഡറാണ്. അതിനു അയാളുടെ അതിഭയങ്കര പ്രിവിലേജിനു വലിയ പങ്കുണ്ട് എങ്കിലും. കൽക്കത്തയിലെ ഏറ്റവും ധനിക കുടുംബത്തിൽ ഒന്നിൽ ജനിച്ചതിന്റെ എന്റൈറ്റിൽമെൻറ്, ആറ്റിറ്റ്യൂഡ് എന്നിവ ദാദ കരിയറിൽ ഉടനീളം കാണിച്ചിട്ടുണ്ട്.

പക്ഷെ അതെല്ലാം ടീം ഇന്ത്യയ്ക്ക് അക്കാലത്തു ഗുണകരമായ, ആവശ്യമായ കാര്യമായിരുന്നു. സച്ചിന്റെ എളിമയേക്കാൾ ഗാംഗുലിയുടെ കർക്കശ്യമായിരുന്നു അന്ന് ടീം ബിൽഡ് ചെയ്യാൻ വേണ്ട ഏറ്റവും ബേസിക് കാര്യം. അതുകൊണ്ടു തന്നെ ഗാംഗുലിയുടെ പ്രാധാന്യം കണക്ക് നോക്കി മനസ്സിലാക്കുന്നത് എത്രത്തോളം ശരിയാണ് എന്നതിൽ എനിക്ക് സംശയമുണ്ട്.

ഗാംഗുലി ബിൽഡ് ചെയ്ത ടീമിനെയാണ് ധോണിക്ക് കിട്ടുന്നത്. ഒരു ഗാംഗുലി വന്നു പോയതുകൊണ്ടാണ് ധോണി ഉണ്ടാവുന്നത്. ധോണി ബാറ്റിംഗ് ഓർഡറിൽ ചെയ്യുന്ന അതേ കാര്യം. തനിക്ക് മുൻപേ വന്നു പോയവർ ചെയ്തു വെച്ചതിനെ ഏറ്റവും നല്ല അന്ത്യത്തിലേക്ക്‌ എത്തിക്കുക എന്നത്. ഇത് ഒരു തരത്തിലും ധോണിയെ കുറച്ചു കാണുന്നൊരു സ്റ്റേറ്റ്മെന്റല്ല. ഉറപ്പായും നമുക്ക് മുന്നേ പോയവരുടെ ഇടപെടലിന്റെ ബാക്കി ലോകമാണ് നമുക്ക് കിട്ടുന്നത്. പക്ഷെ ധോണി അങ്ങനെ ലഭിച്ചതിനെ എവിടെ എത്തിച്ചു എന്ന് കാണുമ്പോഴാണ് ധോണിയുടെ വലിപ്പം മനസ്സിലാവുന്നത്. ഒരു സ്‌മോൾ ടൌൺ ബോയ് എങ്ങനെ ഗാംഗുലിയുടെ ലെഗസിയുടെ തുടർച്ചക്കാരനാവാതെ തന്റേതായ ലെജൻഡ് ബിൽഡ് ചെയ്തു എന്നതാണ് ധോണിയുടെ കഥ.

ഗാംഗുലിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികൾ അല്ല ഒരു ക്യാപ്റ്റൻ എന്ന നിലയ്ക്ക് ധോണിക്ക് നേരിടേണ്ടി വന്നത്. ധോണിക്ക് കൂടുതലും ടീമിനകത്തെ കാര്യങ്ങളാണ് മാനേജ് ചെയ്യേണ്ടി വന്നത്; ഗാംഗുലിക്ക് ടീമിന് പുറത്തെ, ഇന്ത്യൻ ക്രിക്കറ്റ് എന്ന വലിയ സ്പെക്ട്രത്തിലെ പ്രശ്നം കൂടി നേരിടേണ്ടി വന്നിരുന്നു. മാത്രമല്ല രണ്ടു പേരും താരതമ്യങ്ങൾ അർഹിക്കാത്ത വിധത്തില് രണ്ടു വേറിട്ട ശൈലിയിലെ ക്യാപ്റ്റന്മാരായിരുന്നു. ഗാംഗുലി കളിയിലെ സന്നിഗ്ദ്ധ ഘട്ടങ്ങളിൽ വികാരങ്ങൾക്ക് അടിപ്പെടുമായിരുന്നു. വാശി എന്നത് ദാദയിലെ ഒരു പ്രധാന മോട്ടിവേഷണൽ എലെമെന്റായിരുന്നു.

ധോണി ഓബ്ജെക്റ്റിവിറ്റിയുടെ ദൈവവും. വികാരങ്ങൾക്ക് ഏറക്കുറെ അപ്രാപ്യനായ ഒരു നായകൻ. എത്ര വലിയ പ്രശ്നത്തിലും കല്ല് പോലെ നിൽക്കുന്നവൻ. ചില കളിയൊക്കെ ജയിച്ചു കഴിഞ്ഞു നടന്നു പോവുന്നത് കണ്ടാൽ പുള്ളി ടൈം മെഷീനിൽ വന്നു ഈ കളി നേരത്തെ ജയിച്ചിട്ടു പോയതാണ് എന്ന് തോന്നും. അതുകൊണ്ടു തന്നെ ധോണിയുടേതായിരുന്നു ബെറ്റർ ജഡ്ജ്‌മെന്റ് കപ്പാസിറ്റി. അത് വികാരങ്ങൾക്ക് അടിപ്പെട്ട് എടുക്കുന്നതല്ല, കൃത്യമായ ഗെയിം സ്ട്രാറ്റജി, ടാക്ടിക് ആയിരിക്കും. ക്രിക്കറ്റർ ആയിരുന്നില്ല എങ്കിൽ ധോണി ഒരു സൈനിക മേധാവി ആയേനെ എന്ന് തോന്നും.ഒരു ലീഡർ എന്നത് പല വിധ ഘടകങ്ങൾ ചേരുന്ന, പല വിധ സാഹചര്യങ്ങളോടുള്ള പ്രതികരണങ്ങൾ തീരുമാനിക്കുന്ന ഒരു ബൃഹത് സംഗതിയാണ്.

അതിനകത്തു എത്രയോ ക്രൈട്ടീരിയകളുണ്ട് – ടീം ബിൽഡിങ്, പ്ലെയർ മോട്ടിവേഷൻ, സ്ട്രറ്റീജിക് സ്‌കിൽസ്, ടാക്റ്റിക്കൽ കപ്പാസിറ്റി, ക്രൈസിസ് മാനേജ്‌മന്റ്, അങ്ങനെ എത്രയോ എത്രയോ. അതിൽ ചിലതിൽ ഗാംഗുലി സ്‌കോർ ചെയ്യും, ചിലതിൽ ധോണിക്കായിരിക്കും ലീഡ്. എന്റെ വ്യക്തിപരമായ നിരീക്ഷണത്തിൽ ധോണിയുടെ അത്ര ലീഡർഷിപ് സ്‌കിൽ ഉള്ളവർ ക്രിക്കറ്റിൽ എന്നല്ല, ഏതൊരു മേഖലയിലും വളരെ കുറവാണു. അത്രയ്ക്ക് എക്സപ്ഷണലി സ്കിൽഫുൾ. അതനുസരിച്ചുള്ള വിശാലമായ ചിന്തയും, സഹ കളിക്കാരോടുള്ള മനോഭാവവും. പക്ഷെ ഹാവിങ് സെഡ് ദാറ്റ്, ധോണിയുടെ മഹത്വം കൃത്യമായി അടയാളപ്പെടുത്തുക എന്നതിനർത്ഥം ഗാംഗുലിയെ താറടിക്കുക എന്നതല്ല. മാത്രമല്ല രമേശ് പവാറാണോ കുംബ്ളെയാണോ നല്ല ബൗളർ എന്ന് ചോദിക്കുന്നതുപോലെ ഒബ്‌വ്യസ് അല്ല ഇരുവരും തമ്മിലെ താരതമ്യം.

രണ്ടു പേരും ചരിത്രത്തിൽ ഒരു പ്രത്യേക ഘട്ടത്തിൽ അവസരത്തിനൊത്തുയർന്നു, അവരവരിൽ നിക്ഷിപ്തമായ കടമകളെ തങ്ങളുടെ സമകാലികരെക്കാൾ ഏറ്റവും നന്നായി നിർവഹിച്ചവരാണ്. ആ രണ്ടു കാലങ്ങളെയും അതിന്റെ പ്രത്യേകതകളെയും അവഗണിച്ചുകൊണ്ട് നിങ്ങൾക്ക് ആ രണ്ടു മനുഷ്യരെ മാത്രമെടുത്തു വെച്ച് അളക്കാനാവില്ല. അളന്നാൽ തന്നെ അതിലെന്തെങ്കിലും കാര്യമുണ്ടെന്നും തോന്നുന്നില്ല. ഇതൊരു ബൈനറിയല്ല. ചരിത്രം അങ്ങനെ ക്യൂ നിന്ന് സംഭവിക്കുന്ന കുറെ ഡിസ്കണക്റ്റഡ് സംഭവങ്ങൾ അല്ല. ധോണി വന്നു പോയതിൽ ഏറ്റവുമധികം ബെനിഫിഷ്യറി ആയത് വിരാട് കോഹ്ലി ആവും. അത്രയ്ക്ക് മികച്ച ഒരു ടീമിനെയാണ് ധോണി വിരാടിനെ ഏൽപ്പിച്ചത്. അതുകൊണ്ടു തന്നെ വിരാടിന്റെ ചില ലീഡർഷിപ് സ്‌കിൽസ് കൂടിയാവുമ്പോൾ, എസ്പെഷ്യലി ക്രൈസിസ് മാനേജ്‌മന്റ് സ്‌കിൽസ്, ഒരുപക്ഷെ വിരാടിന്റെ ക്യാപ്റ്റൻസി ട്രാക് റെക്കോർഡ് ധോണിയേക്കാൾ ഭേദമാവാൻ ചാൻസുണ്ട്. അതിനർത്ഥം നേരെ വിരാടിനെ ധോണിക്ക് മുകളിൽ വെയ്ക്കണം എന്നല്ലല്ലോ.