ജർമനി ഒരു വല്ലാത്ത നാടാണെന്ന് തോന്നുന്നു. ലോക ഗതിയെയും മനുഷ്യ ചരിത്രത്തെയും ഏറ്റവുമധികം സ്വാധീനിച്ച പലരും ജർമൻകാരാണ് എന്നതൊരു അതിശയകരമായ വസ്തുതയാണ്. അങ്ങനെ വേറെയും നാടുകളുണ്ട് എങ്കിലും ഒന്നിലധികം പ്രധാന മേഖലകളിലെ ഏറ്റവും ഉന്നതർ എന്ന അവകാശവാദം ജർമനിയെപ്പോലെ എത്ര രാജ്യങ്ങൾക്ക് ഉന്നയിക്കാമെന്ന കാര്യത്തിലെനിക്ക് സംശയമുണ്ട്. ലോക ചരിത്രം മൈനസ് ജർമനി എന്നൊരു സംഗതി ഉണ്ടാക്കിയാൽ നമ്മളിന്ന് കാണുന്നതുപോലെയൊരു ലോകമേ ആയിരിക്കില്ല അത്.
ചില പ്രധാനപ്പെട്ട മേഖലകളിലെ ജർമ്മൻ വ്യക്തിത്വങ്ങൾ, സംഭാവനകൾ ആരൊക്കെ എന്തൊക്കെയെന്ന് നോക്കുന്നത് രസമാണ്.
ഫിലോസഫി – ഇമ്മാനുവേൽ കാന്റ്, ഹെഗൽ, നീഷേ, ഗെഥെ പൊളിറ്റിക്കൽ ഫിലോസഫേഴ്സ് – കാൾ മാർക്സ്, ഫ്രെഡ്രിക് ഏംഗൽസ് പൊളിറ്റിക്കൽ ഐഡിയോളജി – മാർക്സിസം ഇക്‌ണോമിസ്റ്റ്സ് – കാൾ മാർക്സ്, ഫ്രെഡ്രിക് ഏംഗൽസ്
സംഗീതം – ബീഥോവൻ റൂളർ, റൂളിംഗ് ഐഡിയോളജി – ഹിറ്റ്‌ലർ, നാസിസം ,ശാസ്ത്രം – ആൽബർട്ട് ഐൻസ്റ്റയിൻ
മുകളിൽപ്പറഞ്ഞവരിൽ ആരെ അവരുടെ മേഖലകളിൽ നിന്ന് മാറ്റി ആലോചിച്ചാലും ആ മേഖല തന്നെ മാറിപ്പോകും. ഈ പറഞ്ഞിരിക്കുന്നവരിൽ തന്നെ ഏറ്റവും പ്രധാനി, ലോക ചരിത്രത്തെ തനിക്ക് മുൻപും തനിക്ക് ശേഷവുമെന്നപോലെ വെട്ടിമാറ്റിയ ഒരാളേയുള്ളൂ. അത് കാൾ മാർക്‌സാണ്.
ലോക ചരിത്രത്തെ മർദ്ദിതന്റെ കണ്ണുകളിൽക്കൂടി കാണാൻ ലോകത്തൊരു മാർക്സ് വരേണ്ടി വന്നു. അവർക്കൊരു വിമോചന പ്രത്യയശാസ്ത്രം ഉണ്ടാക്കാൻ ലോകത്തൊരു മാർക്സ് വേണ്ടി വന്നു. ബൂർഷ്വാസി എങ്ങനെ ലോകം തന്റേതാക്കിയെന്നു ലോകത്തോട് വിളിച്ചു പറയാനും നമുക്കൊരു മാർക്‌സേ ഉണ്ടായിരുന്നുള്ളൂ. തൊഴിലാളിക്ക് നഷ്ടപ്പെടാൻ കൈ വിലങ്ങുകളേ ഉള്ളുവെന്നതും നേടാനുള്ളതൊരു പുതിയ ലോകമാണെന്നും അവരോടു പറയാൻ മാർക്‌സിനെ സാധിച്ചിട്ടുള്ളൂ. അതുകൊണ്ട് തന്നെയാവണം മരിച്ചു ഒന്നര നൂറ്റാണ്ടായിട്ടും മാർക്സിന്റെ കല്ലറ ഇന്നും മുതലാളിത്ത ഗുണ്ടകളാൽ ആക്രമിക്കപ്പെടുന്നത്.
ഇപ്പോഴും ഏതൊരു മുതലാളിത്ത പ്രതിസന്ധിയും വന്നു മറിയുമ്പോൾ ലോകം ആദ്യം തിരിയുന്നത് മാർക്സിലേക്കാണ്. അതൊരു ആകസ്മികതയല്ല. അത്രയ്ക്കും ആഴത്തിലുള്ള, ബൃഹത്തായ, ഒരായുസ്സിൽ പഠിച്ചാലും അവസാനിക്കാത്ത, ഉറവ വറ്റാത്ത കടലായി മാർക്സിസം ഇന്നും നിൽക്കുന്നതുകൊണ്ടാണ്. ഒരു ജീവിതം മുഴുവൻ തൊഴിലാളിവർഗ്ഗ വിമോചനത്തിന് നീക്കി വെച്ച, കടവും കടക്കാരും കൊടിയ ദാരിദ്ര്യവും കൊണ്ട് മുടിഞ്ഞിട്ടും, ഏഴു മക്കളിൽ നാല് പേരെയും ബാല്യത്തിലെ വിശപ്പിനു വിട്ടുകൊടുത്തിട്ടും അയാളിലെ വിപ്ലവ വീര്യം അണഞ്ഞുപോയിട്ടില്ല. നമ്മളിന്ന് കാണുന്ന ക്യാപ്പിറ്റലിസ്റ്റിക് സിസ്റ്റത്തെ അതിന്റെ ശൈശവ ദശയിലേ അളന്നു മുറിച്ച, വരാനിരിക്കുന്ന ഭീഷണിയെ കൃത്യമായി പഠിച്ചു ലോകത്തോട് വിളിച്ചു പറഞ്ഞ കാൾ മാർക്സിനോളം ലോക ചരിത്രത്തെ ഒറ്റയ്ക്ക് മാറ്റിമറിച്ച ഒരൊറ്റയാളെ അതിനുമുൻപ് ഉണ്ടായിട്ടുള്ളൂ. അതൊരു ജെറുസലേംകാരനായിരുന്നു.
മാർക്‌സിൽ നിന്ന് ലെനിനിലേയ്ക്ക്, ലെനിനിൽ നിന്ന് റഷ്യയിലേക്ക്, റഷ്യയിൽ നിന്ന് ലോകത്തിലേക്ക്. അങ്ങനെ ഒരു ജനതയുടെ മനസ്സിലേക്ക് കടത്തിവിട്ട തത്വം, ഒരു ഭൗതിക ശക്തിയായി മാറുമെന്ന തന്റെ തന്നെ വാചകത്തിനെ അന്വർത്ഥമാക്കുന്നപോലെ ലോകം മുഴുവൻ മാർക്സിസ്റ്റ് ചിന്താ പദ്ധതി പടർന്നു, തെറ്റായിട്ടും ശരിയായിട്ടും. ഓരോ നാട്ടിലും അവിടത്തെ സവിശേഷ സാഹചര്യങ്ങളിൽക്കൂടി അത് വളർന്നു, അവിടത്തെ സാഹചര്യങ്ങളോട് സംസാരിച്ചു. ഇതേ സമയത്തു തന്നെ ഇന്ത്യയിലും അത് വേരുപിടിച്ചു. നമ്മുടെ കൊച്ചു കേരളവും മാർക്സിസ്റ്റ് ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിൽ ഒന്നായി മാറി. ആ കേരളം ഇന്നും ചുവന്നു തന്നെ ഇരിക്കുന്നു. ആ മാർക്സിനിന്ന് ഇരുനൂറ്റി രണ്ട് വയസ്സായെന്ന്. ജനിച്ചതിനു നന്ദി കോമ്രേഡ്. അത് മാത്രമേ പറയാനുള്ളൂ. നന്ദി.