ബിജെപിയോട് ഹിന്ദുത്വയിൽ മത്സരിക്കാൻ നിങ്ങളെക്കൊണ്ട് പറ്റില്ല, അതവരുടെ ഹോം ഗ്രൗണ്ടാണ്, പകരം എന്തുകൊണ്ട് നിങ്ങൾക്ക് ഇന്ത്യയുടെ സെക്കുലർ പ്രതീക്ഷകൾക്ക് വേണ്ടി ശബ്ദിച്ചുകൂടാ ?

95

RJ Salim

പാവപ്പെട്ട പിള്ളേർക്ക് ഫ്രീയായി IIT കോച്ചിങ് കൊടുക്കുന്ന മാത്തമറ്റിക്കൽ ജീനിയസ് ആനന്ദ് കുമാറിനെ സ്ഥലത്തെ വലിയ കോച്ചിങ് അക്കാദമി മേധാവി ഭീഷണിപ്പെടുത്തുന്നു. “കൂടിപ്പോയാൽ ഒന്നോ രണ്ടോ പേർക്ക് ചിലപ്പോൾ സെലെക്ഷൻ കിട്ടിയേക്കും, പക്ഷെ ബാക്കിയുള്ള ഇരുപത്തെട്ട് പേര് അവരുടെ പഴയ ജീവിതത്തിന്റെ ചെളിക്കുണ്ടിലേക്കും, ഓടക്കുഴിയിലേക്കും, ബിൽഡിങ് പണിയിലേക്കും പോകേണ്ടി വരും. അപ്പോൾ നീയൊക്കെ എന്ത് ചെയ്യുമെന്നും അയാൾ ചോദിക്കുന്നു. അത് കേട്ട് പേടിച്ചു, നിരാശരായി ഇരിക്കുന്ന പിള്ളേരോട് ആനന്ദ് കുമാർ അലറിക്കൊണ്ട് പറയുന്നത് ഇങ്ങനെയാണ്. (ഓർമയിൽ നിന്ന്)

” നിങ്ങളെന്തിനാണ് പേടിക്കുന്നത് ? നിങ്ങൾക്ക് നഷ്ടപ്പെടാൻ എന്തെങ്കിലുമുണ്ടോ ഇങ്ങനെ പേടിക്കാൻ ? നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും നല്ലതായുണ്ടോ ? പിന്നെ നിങ്ങൾ എന്തിനെയാണ് പേടിക്കുന്നത് ? നിങ്ങൾ ഇല്ലായ്മയുടെ അങ്ങേയറ്റത്തതാണ് നിൽക്കുന്നത്. അത് മനസ്സിലാക്ക്. നിങ്ങളൊക്കെ ദാരിദ്ര്യത്തിലേക്ക് ജനിച്ചു വീണപ്പോൾ തന്നെ മരിച്ചു കഴിഞ്ഞതാണ്. ഇനി നിങ്ങൾക്ക് മറ്റൊരു മരണമില്ല. അതുകൊണ്ടു പഠിച്ചു മുന്നേറാൻ നോക്ക് “. സൂപ്പർ 30 എന്ന ഹൃതിക് റോഷന്റെ സിനിമ പറയുന്നത് ഈ കഥയാണ്.

ബാബരി മസ്‌ജിദിന്റെ പൊളിക്കലിൽ അവസാനിച്ച അദ്വാനിയുടെ രഥയാത്രയെ തടഞ്ഞതിന്റെ പേരിലും അദ്വാനിയെ പിടിച്ചു അകത്തിട്ടതിന്റെ പേരിലുമാണ് അന്നത്തെ വിപി സിങ് സർക്കാരിനെ ബിജെപി താഴെയിറക്കിയത്. തുടർന്ന് സഭയിൽ വിപി സിങ് വിശ്വാസ വോട്ട് തേടിയപ്പോൾ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് “സെക്കുലറിസ്റ്റ്” കോൺഗ്രസ് ബിജെപിയുടെ കൂടെക്കൂടി. അങ്ങനെയാണ് ഇടതുപക്ഷത്തിന്റെ പിന്തുണയുണ്ടായിരുന്ന ആ സർക്കാരിനെ താഴെയിറക്കിയത്.

ഇന്ത്യ ഭരിച്ചിരുന്ന, ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളും ഭരിച്ചിരുന്ന പാർട്ടിയായിരുന്ന കോൺഗ്രസ് ഇന്ന് സ്വയം ചീഞ്ഞു ബിജെപിക്ക് വളമാകുന്ന കാഴ്ചയാണുള്ളത്. അത് അവർ തന്നെ വരുത്തി വച്ചതാണ്. നെഹ്രുവിയൻ സെക്കുലറിസത്തെ വിറ്റു തുലച്ചും, വർഗീയതയെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചും അവർ ബിജെപിക്ക് വേണ്ടി അവർ അറിയാതെ തന്നെ നിലമൊരുക്കി കൊടുത്തു.
നിങ്ങൾ ഒരു ജനതയിലേക്ക് ഒരു മനസാക്ഷി കുത്തുമില്ലാതെ വർഗീയത പടർത്തുന്നു (ഇന്ത്യ പോലെയൊരു നാട്ടിൽ അതിനു വളരെയെളുപ്പം സാധിക്കും). ശേഷം ഒരു ഘട്ടം കഴിയുമ്പോൾ ജനത്തിനു കോൺഗ്രസിന്റെ വർഗീയത പോരാതെ വരുന്നു. അവർ സ്വാഭാവികമായും വർഗീയതയുടെ ഹോൾ സെയിൽ ഡീലേഴ്‌സായ ബിജെപിയുടെ കൂടെപ്പോകും.

നിങ്ങൾ യേശുദാസിന്റെ മിമിക്രി കാണിച്ചു കാണിച്ചു ഒരു ജനതയ്ക്ക് അത്തരമൊരു ടേസ്റ്റ് ഉണ്ടാക്കിയെന്ന് കരുതുക. ഒരു പോയിന്റിൽ ആളുകൾക്ക് മിമിക്രി മടുക്കും. യഥാർത്ഥ യേശുദാസ് വന്നോന്നു കൈവീശി കാണിച്ചാൽ അവരെല്ലാം പുള്ളിയുടെ പുറകെ പോവും.
അതാണ് ഇന്ത്യൻ രാഷ്ട്രീയത്തിലും സംഭവിച്ചത്. പക്ഷെ കോൺഗ്രസ് മാത്രം അതറിഞ്ഞിട്ടില്ല. അവരിപ്പോഴും മിമിക്രി തുടരുകയാണ്. അതിന്റെ ചില താൽക്കാലിക, നൈമിഷിക ലാഭങ്ങൾ ഉണ്ടാകുന്നത് കണ്ടിട്ട് അവരുടെ വിചാരം ഇതെല്ലാം പഴയ പടി ആകുമെന്നാണ്. ഒരു തേങ്ങയും നടക്കാൻ പോകുന്നില്ല.

ഈ മിമിക്രിയുടെ ഭാഗമാണ് ബിജെപിയുടെ അയോദ്ധ്യ ഭൂമി പൂജയ്ക്ക് മുൻപേ കോൺഗ്രസ് പോയി അവിടെ പ്രത്യേക പ്രാർത്ഥന നടത്തുമെന്ന് പറയുന്നത്. എന്തൊരു കള്ളന്മാരാണ് ! ഒരേ സമയം ലിബറലുകളോടും തീവ്ര ഹിന്ദുത്വ വാദികളോടും കോൺഗ്രസ് ഐക്യപ്പെടുന്നു. ഇന്ത്യൻ രാഷ്ട്രീയം കണ്ട ഏറ്റവും വലിയ കാപട്യമാണ് അത്. കോൺഗ്രസിനോട് പറയാനുള്ളത്,
നിങ്ങൾ അവസാനിക്കാതെ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു ബദൽ ഉണ്ടായി വരുക സാധ്യമല്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത്. നിങ്ങൾ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്നത് ഒരു വശത്ത് പ്രതിഷേധങ്ങളുടെ എല്ലാ അലകളെയും ഇല്ലാതാക്കുകയും മറു വശത്തു ബിജെപിക്ക് നിലമൊരുക്കി കൊടുക്കുകയുമാണ്. ബിജെപിയുടെ പടച്ചട്ടയാണ് ഇന്ന് കോൺഗ്രസ്. നിങ്ങളെ ചൂണ്ടിക്കാണിച്ചും, നിങ്ങളുടെ വർഗീയ നിലപാടുകളിലെ പോരായ്മ നിറച്ചുമാണ് അവർ ഭരണത്തിൽ വന്നത് തന്നെ.എന്നിരിക്കലും നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യമുണ്ട് –

നിങ്ങൾക്ക് ഇനി നഷ്ടപ്പെടാൻ യാതൊന്നുമില്ല. മൂന്നോ നാലോ സംസ്ഥാനങ്ങളിലെ ഭരണം പോലും കയ്യാലപ്പുറത്തെ തേങ്ങയാണ്. അതുകൊണ്ടു നിങ്ങൾ ആരെയാണ് ഇനി പേടിക്കുന്നത് ? നിങ്ങൾക്കെല്ലാം നഷ്ടപ്പെട്ട് കഴിഞ്ഞു. മിനിമം ഒന്നര പതിറ്റാണ്ടു കാലം കേന്ദ്ര ഭരണം പോലും നിങ്ങൾക്ക് കിട്ടില്ല. അപ്പോൾ നിങ്ങൾക്ക് ചോദിക്കാം സിപിഎമ്മിനും ഇതൊന്നുമില്ലല്ലോ എന്ന്.
വ്യത്യാസമുണ്ട് സഹോ.

ഒന്നാമത് ആശയ ദൃഡത എന്നൊന്ന് ഇടതുപക്ഷത്തിനുണ്ട്. അതിന്റെ തുടർച്ചയായി വരുന്ന അടിസ്ഥാന വർഗ്ഗത്തിന്റെ അർപ്പണമുണ്ട് ഇടതുപക്ഷത്തിന്. ഭരണത്തിൽ കടിച്ചു തൂങ്ങി അമ്പലം വിഴുങ്ങുക ഒരുകാലത്തും ഇടതുപക്ഷത്തിന്റെ അജണ്ടയിലില്ല. അതുകൊണ്ട് തന്നെ ഭരണം ഇല്ലാതെ, ഒരു സീറ്റിൽ പോലും ജയിക്കാതെ പോലും ഇടതുപക്ഷം ഇവിടെയുണ്ടാകും.അതുകൊണ്ടു കോൺഗ്രസ് ഇനിയെങ്കിലും, ബാക്കിയുള്ള കാലമെങ്കിലും, അതിനോട് ആത്മാർത്ഥതയുള്ളവരെങ്കിലും അതിന്റെ സെക്കുലർ പൊസിഷൻസ് വീണ്ടെടുക്കണം.

രാമ ക്ഷേത്ര നിർമ്മാണത്തെ നിങ്ങൾ അനുകൂലിച്ചാലും നിങ്ങൾ അവിടെ എവിടെയും ജയിക്കാൻ പോകുന്നില്ല. ഈ രാജ്യം കൂടുതൽ നശിക്കും എന്നേയുള്ളു. പകരം നിങ്ങൾ ഇന്ത്യയുടെ സെക്കുലർ ജീവിതത്തിനു വേണ്ടി ശബ്ദിച്ചു തുടങ്ങിക്കൂടെ ? അതിനായി ഒരു ചെറു വിരലെങ്കിലും അനക്കിക്കൂടെ ?

ബിജെപിയോട് ഹിന്ദുത്വയിൽ മത്സരിക്കാൻ നിങ്ങളെക്കൊണ്ട് പറ്റില്ല എന്ന് ദയവായി മനസിലാക്ക്. അതവരുടെ ഹോം ഗ്രൗണ്ടാണ്. നിങ്ങളെ അവർ നിലം തൊടീക്കില്ല. പകരം എന്തുകൊണ്ട് നിങ്ങൾക്ക് ഇന്ത്യയുടെ സെക്കുലർ പ്രതീക്ഷകൾക്ക് വേണ്ടി ശബ്ദിചൂടാ ? അതിന് ആദ്യം കോൺഗ്രസിലെ കരിയറിസ്റ്റ് കടൽ കിഴവന്മാരെയും ഉടായിപ്പ് കഞ്ഞിക്കുഴിമാരെയും എടുത്തു പുറത്തിടണം.

റിസോർട്ടിൽ പൂട്ടിയിടേണ്ട ഗതികേടുള്ളവരെയൊക്കെ ഇറക്കി വിടാനുള്ള രാഷ്ട്രീയ ഇച്ഛാ ശക്തി വേണം അതിന്. അല്ലാതെ എത്ര കാലം നിങ്ങൾ ഇങ്ങനെ ഗതികെട്ട് തുടരും ? നിങ്ങൾക്ക് നഷ്ടപ്പെടാനും പേടിക്കാനുമായി ഒന്നും നിങ്ങളുടെ കൈയ്യിൽ ഇല്ല എന്ന് നിങ്ങൾ കാണാത്തതെന്താണ് ? എന്നിട്ടും നിങ്ങൾക്ക് പ്രവർത്തിക്കാൻ തോന്നുന്നില്ല എങ്കിൽ നിങ്ങൾ ഏറ്റവുമടുത്തു തന്നെ മരിച്ചു പോകുന്നതാണ് നല്ലത്.

കോൺഗ്രസിൽ നിന്ന് ഇതൊക്കെ പ്രതീക്ഷിക്കുന്നത് അണ്ണാനെ നീന്തൽ പഠിപ്പിക്കുന്നപോലെയാണ് എന്നറിയാഞ്ഞിട്ടല്ല. എങ്കിലും പറഞ്ഞു പോകുന്നതാണ്. ഒരാൾക്കെങ്കിലും ബോധമുണ്ടായാലോ..


അനുബന്ധം (എഡിറ്റർ)

കോൺഗ്രസുകാർ പുതിയ സിദ്ധാന്തവും കൊണ്ടിറങ്ങിയിട്ടുണ്ട് രാമക്ഷേത്ര നിർമ്മാണം തങ്ങൾ കോടതി വിധിയെയാണ് അനുസരിക്കുന്നതെന്ന് ,ചിരിപ്പിക്കരുത് . ഒന്ന് ചോദിച്ചോട്ടെ ശബരിമല വിഷയത്തിൽ കോടതി വിധി പറയുമ്പോൾ നിങ്ങളുടെ അനുസരണാ ശീലം എവിടെയായിരുന്നു? കോടതി വിധിക്കെതിരെ കേരളത്തിൽ സംഘികൾ തിമിർത്താടുമ്പോൾ അതിനു ശക്തി പകരുന്നതായിരുന്നില്ലേ നിങ്ങളുടെ നിലപാട്… നാമജപമെന്ന പേരിൽ തെറിജപം നടത്താൻ തെരുവിൽ ഇറങ്ങിയ സംഘിണികൾക്ക് ആവേശം പകർന്നില്ലേ നിങ്ങളുടെ പാർട്ടിയിലെ വനിതകൾ…? മല ചവിട്ടാനെത്തിയ പെണ്ണുങ്ങളുടെ തലയിൽ സംഘികൾ തേങ്ങ എറിഞ്ഞു തല പിളർത്തി കൊല്ലാൻ നോക്കുമ്പോൾ നിങ്ങൾ കോടതി വിധി മാനിച്ചുവോ? കേരളത്തിന്റെ മുഖ്യമന്ത്രിയെ നടുറോഡിൽ ഇറങ്ങി നിന്ന് സംഘിണി ജാതിയധിക്ഷേപം നടത്തിയപ്പോൾ നിങ്ങൾ കോടതി വിധി ഓർത്തിരുന്നോ? ഭരണഘടന തുറന്നു വച്ച് കോടതി പറഞ്ഞ ശബരിമല വിധി നിങ്ങൾ അംഗീകരിക്കില്ല…. മനുസ്മൃതി തുറന്നു വച്ച് കോടതി പറഞ്ഞ ബാബരി വിധി നിങ്ങൾ അംഗീകരിക്കും അല്ലേ? അതാ സാമാന്യ രാഷ്ട്രീയ ബോധമുള്ള ജനത നിങ്ങളോട് ചോദിച്ചു കൊണ്ടിരിക്കുന്നത് പ്രായോഗിക രാഷ്ട്രീയത്തിൽ കോൺഗ്രസ്സും സംഘ് പരിവാറും തമ്മിൽ എവിടെയാണ് വ്യത്യസ്തമാകുന്നതെന്ന്‌.?ചുരുക്കത്തിൽ ശബരിമല വിധിയിലും നിങ്ങൾ സംഘികൾക്കൊപ്പം ബാബരി വിധിയിലും നിങ്ങൾ സംഘികൾക്കൊപ്പം .അഥവാ അനീതിക്കൊപ്പം…. ഹിന്ദുത്വക്കൊപ്പം…. എന്നാൽ നീതിബോധവും രാഷ്ട്രീയ ബോധവും ഉള്ള മതേതര മനസ്സുകൾ രണ്ടു വിധികളിലും നിങ്ങൾ ഇരുകൂട്ടർക്കൊപ്പവുമല്ല. അവർ നീതിക്കും മതേതരത്വത്തിനും ഒപ്പമാണ്‌.കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട കോൺഗ്രസേ മൃദു ഹിന്ദുത്വയാണ് നിങ്ങളുടെ പ്രായോഗിക രാഷ്ട്രീയം.ഇന്ത്യയുടെ മതേതരത്വമോ മനുഷ്യരുടെ അവകാശങ്ങളോ നീതിയോ ഒന്നുമല്ല നിങ്ങളുടെ രാഷ്ട്രീയ ലക്‌ഷ്യം അധികാരക്കൊതി മാത്രം… അതിനുവേണ്ടി എന്ത് നെറികെട്ട കളിയും നിങ്ങൾ കളിക്കും… സംഘ് പരിവാർ തഴച്ചു വളരുന്നതിന് വേണ്ട എല്ലാ വളവും നിങ്ങൾ ഉത്പാദിപ്പിച്ചു നൽകും.പറയാതെ വയ്യ ഈ നാടിന് സംഘ് പരിവാർ അത്യാപത്താണ് നിങ്ങൾ ആപത്തും.