നിത്യ കാലത്തോളം ഇർഫാന്റെ അഭിനയ ജീവിതം മനുഷ്യരുടെ മേൽ പെയ്‌തുകൊണ്ടേയിരിക്കും

57

RJ Salim

ഇർഫാൻ ഖാൻ….വിട

ക്രിക്കറ്ററാകാൻ ആഗ്രഹിച്ച, അണ്ടർ 23 ഇൽ പ്രധാനപ്പെട്ട ടൂർണമെന്റിൽ കളിയ്ക്കാൻ അവസരം കിട്ടിയ, കാശില്ലാത്തതുകൊണ്ടു പോകാൻ സാധിക്കാത്തൊരു മനുഷ്യൻ. പിന്നീട് നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ ചേരുന്നു. ക്രിക്കറ്റിന് നഷ്ടം, സിനിമയുടെ നേട്ടം !

Irrfan Khan Upcoming Movies | Release Date 2020 & 21 - JanBharat Timesഇർഫാൻ ഖാൻ ഒരു റിമൈൻഡറായിരുന്നു, ഇന്ത്യക്കാരുടെ മോശം ശീലങ്ങളുടെ.അമിതാഭിനയവും ഓവർ എക്സ്പ്രഷനും ഓവർ ഡ്രാമയും മെലോഡ്രാമയും അങ്ങനെ എല്ലാം മസാലവൽക്കരിച്ച ഇന്ത്യൻ അഭിരുചിയോടു ഇർഫാൻ ഖാൻ ഇടഞ്ഞുകൊണ്ടേയിരുന്നു. ഡീറ്റെയിൽ ആക്റ്റിങ്ങിന്റെ, അണ്ടർ പ്ളേയുടെ സൗന്ദര്യമാണ് ഇർഫാൻ ഖാന്റെ കരിയർ തന്നെ. അതിന്നും വലിയൊരു അളവ് വരെ തിരിച്ചറിയപ്പെടാതെ കിടക്കുന്നത് നമ്മുടെ ഈ ശീലക്കേടിന്റെ അന്ധത കാരണമാണ്.

മലയാളത്തിൽ ഇർഫാൻ ഖാനോടൊപ്പം ചേർത്ത് പറയേണ്ട പേര് ഭരത് ഗോപിയുടേതാണ്. അഭിനയമെന്നാൽ ജീവിതം തന്നെയെന്ന് ഓർമ്മിപ്പിച്ചു രണ്ടുപേർ. ഏറ്റവും ട്രൂ വികാരങ്ങളുടെ, ആഴത്തിലുള്ള പോർട്രയൽ. അതിനു ക്യാമറ ഗിമ്മിക്കുകളില്ല, കസർത്തുകളില്ല, മേക്കപ്പിന്റെ ബാധ്യതകളില്ല. ഭാവത്താൽ മാത്രം ഓരോ കഥാപാത്രങ്ങളെയും ഓരോ പാക്കേജുകളായി മാറ്റി മാറ്റി പ്ലെയ്‌സ്‌ ചെയ്യുന്ന പ്രതിഭയുടെ ധൂർത്ത്. കഥാപാത്രത്തിന്റെ എല്ലാ അന്ത സംഘർഷവും ഉള്ളിൽ നിറച്ചു തുളുമ്പാതെ തുളുമ്പി നേരെ പ്രേക്ഷകന്റെ മനസ്സിലേക്കെത്തിക്കുന്ന മായാജാലക്കാരൻ.കണ്ണുകളിലെ കടലാഴങ്ങൾ കൊണ്ട് അതിശയിപ്പിക്കുന്നയാൾ.

ഇർഫാൻ മരിക്കുമ്പോൾ നമ്മളും കൂടിയാണ് മരിക്കാതെ മരിക്കുന്നത്. ഇർഫാൻ ഖാൻ ചെയ്തു വെച്ചിരിക്കുന്നതിന്റെ പത്തിലൊന്നുപോലും നമ്മുടെ കാലം തിരിച്ചറിഞ്ഞിട്ടില്ല. നമ്മളതിന് പാകപ്പെട്ടിട്ടില്ല എന്നതാണ് സത്യം. ആ ഉത്തരവാദിത്തവും പകുതി വെച്ച് ഇർഫാൻ മടങ്ങുമ്പോൾ ഓർമ്മ വരുന്നതൊരു പഴയ കവിയുടെ വാചകങ്ങളാണ് ; കീറ്റ്‌സ് മരിച്ചപ്പോൾ ഷെല്ലി പറഞ്ഞത്.
മരണമാണ് മരിച്ചത്. കീറ്റ്‌സല്ല. കീറ്റ്സ് കവിതയായിരുന്നു.

ആ കവിതയുടെ തോരാ പെയ്ത്തിൽ എന്നും കീറ്റ്സ് ഉണ്ടാവും.മരണമാണ് മരിച്ചത്; ഇർഫാൻ ഖാനല്ല. അദ്ദേഹം മരണത്തിൽ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. ഇനിയൊരിക്കലും മരണത്തിനു അദ്ദേഹത്തിന്റെ സമീപത്തു വരാൻ സാധിക്കില്ല. നിത്യ കാലത്തോളം ഇർഫാന്റെ അഭിനയ ജീവിതം മനുഷ്യരുടെ മേൽ പെയ്‌തുകൊണ്ടേയിരിക്കും. അതിലോരോ തുള്ളിയും നമ്മളിൽ അത്ഭുതം നിറയ്ക്കും. നഷ്ടത്തിന്റെ ആഴമോർമ്മിപ്പിച്ചു കണ്ണ് നിറയ്ക്കും. ഇർഫാൻ ഖാൻ. വിട.