മുസ്‌ലീങ്ങൾക്കെതിരെ ഹിന്ദു വർഗ്ഗീയവാദികൾ കലാപം നടത്തിയപ്പോൾ ജനത്തോടു ഐക്യപ്പെടാൻ പറയാൻ വയ്യ, ഇപ്പോൾ ഇറങ്ങിയിരിക്കുന്നു

83
അയാൾക്ക് ജനങ്ങളോട് പരസ്പരം ഐക്യപ്പെടാൻ പറയാമായിരുന്നു, എപ്പോഴാണറിയോ ?
ഡൽഹിയിൽ ഹിന്ദുക്കൾ മുസ്ലിങ്ങളെ ഓടിച്ചിട്ട് വെട്ടിക്കൊല്ലാനും കട കത്തിക്കാനും വീട് തല്ലിപ്പൊളിക്കാനും പേ പിടിച്ചു രാജ്യ തലസ്ഥാനത്തു ഓടി നടന്നപ്പോൾ അയാൾക്ക് പറയാമായിരുന്നു, ശാന്തിക്കും സമാധാനത്തിനും വേണ്ടി നിങ്ങൾ ഒത്തു ചേരൂ എന്ന്.പക്ഷെ അന്നയാൾ മിണ്ടിയില്ല. കണ്ട ഭാവം നടിച്ചിട്ടില്ല. മറിച്ചു അക്രമികളുടെ രൂപം നോക്കി ആളെയറിയാമെന്നു പറഞ്ഞു പിന്നെയും അന്തഃഛിദ്രം ഉണ്ടാക്കി.രാജ്യത്തു പശുവിന്റെ പേരിലും മുസ്ലിമായതിന്റെ പേരിലും കമ്മ്യൂണിസ്റ്റായതിന്റെ പേരിലും ഹിന്ദു തീവ്രവാദികൾ തിരഞ്ഞു പിടിച്ചു മനുഷ്യരെ കൊന്നുകൊണ്ടിരുന്നപ്പോൾ അയാൾക്ക് പറയാമായിരുന്നു, ശാന്തിക്കായി എന്റെ കൂടെ നിൽക്കൂ എന്ന്. ലൈറ്റണച്ച് മെഴുകുതിരി കത്തിച്ചു ഐക്യദാർഢ്യം പ്രഖ്യാപിക്കൂ എന്ന്.
പക്ഷെ അയാൾ അന്നും സമ്മതപൂർണ്ണമായ മൗനത്തോടെ എല്ലാം നോക്കി നിന്നു രസിച്ചു. അക്രമികളെ അയാളുടെ പാർട്ടി, ജോലിയും സ്വീകരണവും ഏർപ്പാടാക്കിയാണ് വരവേറ്റത്.
കശ്മീരിലെ മനുഷ്യരോട് അവർക്കെന്താണ് എന്ന് വേണ്ടതെന്നുപോലും ചോദിക്കാതെ പൂട്ടിയിട്ടു. അയാൾക്ക് കാശ്മീരി ജനതയോട് മാത്രമായെങ്കിലും സമാധാനത്തിന്റെ എന്തെങ്കിലും സന്ദേശം നൽകാമായിരുന്നു.പക്ഷെ അയാൾ ചെയ്തത് കശ്മീരിലെ നിലവിലുള്ള എല്ലാ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും നിർത്തലാക്കിയിട്ടു ട്വിറ്ററിൽ ട്വീറ്റ് ചെയ്യുകയാണ്. അവരിന്നും കെട്ടിയിടപ്പെട്ടു തന്നെ തുടരുന്നു. അയാളെയതു തരിമ്പും ബാധിച്ചിട്ടില്ല. ഇനി ബാധിക്കാനും പോകുന്നില്ല.
പൗരത്വ പ്രശ്നത്തിന്റെ പേരിൽ വിദ്യാർത്ഥികളും മറ്റുള്ളവരും തെരുവിൽ കിടന്ന് അടി കുറെ കൊണ്ടു, ചോര വീണ് ഇൻക്വലാബ് വിളിച്ചു, ഷഹീൻ ബാഗിൽ സമരമിരുന്നു, അവർക്ക് നേരെ ആക്രമണങ്ങൾ ഉണ്ടായി, വെടിവെപ്പുണ്ടായി, ലോക മാധ്യമങ്ങൾ മുഴുവൻ അപലപിച്ചു വാർത്ത കൊടുത്തു.
അയാളായിരുന്നു ഉത്തരവാദി, എന്നിട്ടും അതവസാനിപ്പിക്കാൻ ചെറു വിരൽ അയാൾ അനക്കിയിട്ടില്ല. അന്ന് സമൂഹത്തിനെ ഒറ്റക്കെട്ടായി നിർത്താൻ പാത്രം കൊട്ടാനോ വെളിച്ചം വെയ്ക്കാനോ അയാൾ പറഞ്ഞിട്ടില്ല. മറിച്ചു മൈതാനത്തു ആളെക്കൂട്ടി പച്ചക്കള്ളം പറഞ്ഞു, അങ്ങനെയൊരു ചർച്ചയേ നടന്നിട്ടില്ലെന്ന്.
അങ്ങനെ എത്ര അവസരങ്ങളിൽ പരസ്പരം വെറുപ്പും വിദ്വേഷവും നുരഞ്ഞു പൊങ്ങി നിൽക്കുന്ന സ്വന്തം ജനതയോട് അയാൾക്ക് ഐക്യപ്പെടാമായിരുന്നു, ഒരുമിച്ചു നിൽക്കാൻ ആഹ്വാനം ചെയ്യാമായിരുന്നു, കൂട്ടായ്മയുടെ എന്തെങ്കിലും പ്രവർത്തിയിൽ ഒത്തുചേരാൻ ആവശ്യപ്പെടാമായിരുന്നു. അയാൾ ചെയ്തിട്ടില്ല. പക്ഷെ ഒടുവിൽ അയാളത് ചെയ്തു, ലോക് ഡൌൺ പ്രഖ്യാപിച്ച, മനുഷ്യർ കർശനമായി പരസ്പരം അകലം പാലിക്കേണ്ട ഈ സമയത്ത്. സാമൂഹിക നിയന്ത്രണങ്ങൾ, സാമൂഹിക ദൂരം എന്നിവ വിട്ടുവീഴ്ചയില്ലാതെ പാലിക്കാത്ത പക്ഷം ഒരു മഹാ രോഗത്തിലൂടെ മനുഷ്യർ ചത്ത് വീഴും എന്നുറപ്പുള്ള ഈ സമയത്ത്.
ബോധമുള്ള മനുഷ്യരെല്ലാം ജീവൻ പോലും പണയം വെച്ച് ഇതിനെയൊന്നു വരുതിക്കാക്കാൻ നോക്കുമ്പോൾ രാജ്യത്തെ പ്രധാനമന്ത്രി അവരുടെ ജീവന് കൊടുക്കുന്ന വിലയാണിത്.
ആദ്യത്തെ നിർദേശം അമ്പേ പാളിയെന്നറിഞ്ഞിട്ടും, അത് നിലവിലുള്ള ലോക് ഡൗണിനെപ്പോലും വെറും പ്രഹസനമാക്കി മാറ്റിയെന്നറിഞ്ഞിട്ടും അയാൾ വീണ്ടും അതിലും അപകടകരമായ നിർദേശം വെയ്ക്കുന്നു. രാജ്യം വിഘടിച്ചു നിന്ന ഒരു നേരത്തും ചെയ്യാൻ തോന്നാത്ത കാര്യം, കണിശമായും അകലം പാലിക്കേണ്ട ഒരു സമയത്തു അയാൾ ഒരു മനഃസ്താപവുമില്ലാതെ നടപ്പിലാക്കി കൊണ്ടേയിരിക്കുന്നു. കാരണം എന്റെ പ്രധാനമന്ത്രിക്ക് വലുത് മനുഷ്യ ജീവനുകളല്ല.
എന്റെ പ്രധാനമന്ത്രിക്ക് വലുത് അയാളുടെ പാർട്ടിയുടെ ഹിന്ദുത്വ അജണ്ടകൾ മാത്രമാണ്.
എന്റെ രാജ്യം നേരിട്ടുള്ള ഏറ്റവും വലിയ ഭീഷണിയാണ് ഇന്ന് അയാളും അയാളുടെ പാർട്ടിയും.
അതെ, എന്റെ രാജ്യത്തിൻറെ പ്രധാനമന്ത്രി ഒരു ഹിന്ദുത്വ തീവ്രവാദിയാണ്. അതിലെനിക്ക് നാണക്കേടുണ്ട്. വിഷമവും ദേഷ്യവുമുണ്ട്. മനുഷ്യരാശിക്ക് തന്നെ ഭാരമായി എന്റെ രാജ്യത്തെ ഇവർ മാറ്റുകയാണ്.