ഓണമുണ്ണരുതെന്നു ആരെങ്കിലും പറഞ്ഞാൽ രണ്ടോണം കൂടുതൽ ഉണ്ണണം

244

എഴുതിയത് : RJ Salim

ഒരു ക്ലാസ്സിലെ കുട്ടികൾക്ക് നിങ്ങൾ മൂന്നു നിറങ്ങൾ കൊടുത്തിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുത്തു അവർക്ക് ആ നിറത്തിൽ യൂണിഫോമുകൾ തയ്പ്പിക്കാം എന്നൊരു ഓപ്‌ഷൻ കൊടുത്തു എന്നിരിക്കട്ടെ. കാവി, വെള്ള, പച്ച.

ക്ലാസിൽ ആകെയുള്ളത് അമ്പതു പേരാണ്. അമ്പത് പേരിൽ മുപ്പത്തഞ്ചു പേർ കാവി തിരഞ്ഞെടുത്തു. പത്തു പേർ പച്ച, അഞ്ചു പേർ വെള്ള. എന്നിട്ട് അവരെ അവരുടെ പാട്ടിന് വിടുന്നു. അവർ പഴയതുപോലെ പരസ്പരം ഇടപഴകുന്നു, സ്നേഹിക്കുന്നു, തല്ലുകൂടുന്നു, തമാശപറയുന്നു. നിറത്തിനു അതിലൊന്നും പ്രസക്തിയില്ല. പക്ഷെ ഈ കാവിപ്പടയിലെ ഒരുത്തനു ഒരിക്കൽ തോന്നുന്നു, കാവിപ്പട എണ്ണത്തിൽ കൂടുതലായിട്ടും ക്ലാസിൽ ഒരു കാര്യത്തിലും അവർക്ക് മുൻ‌തൂക്കം കിട്ടുന്നില്ലല്ലോ എന്ന്. അവൻ പ്രശ്നമുണ്ടാക്കാൻ തുടങ്ങി.

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, ഈ കാവിക്കുള്ള അതേ അവകാശവും അധികാരവും പച്ചയ്ക്കും വെള്ളയ്ക്കുമുണ്ട് എന്നതാണ്. എണ്ണത്തിൽ കൂടുതലായതുകൊണ്ടു, ക്ലാസ്, കാവിപ്പടയുടെ തന്തയുടെ വകയാകുന്നില്ല. പച്ചയെയും വെള്ളയെയും എങ്ങനെ വേണമെങ്കിലും ട്രീറ്റ് ചെയ്യാനും കാവിപ്പടയ്ക്ക് ഒരധികാരവുമില്ല. തിരിച്ചും അങ്ങനെ തന്നെ. പക്ഷെ ഈ വർഗീയനായ ഒരുത്തനു ക്രമേണ കാവിപ്പടയിൽ ഒന്ന് രണ്ടു കൂട്ടാളികളെ കിട്ടുന്നു.അവർ ഒരിക്കൽ പച്ചയുടെ ഒരുത്തനെ പിടിച്ചു തല്ലി. നിറത്തിന്റെ പേരിൽ തന്നെ തല്ലി.

തല്ലുകൊണ്ടവൻ പച്ചക്കൂട്ടത്തിൽ വന്നു നിലവിളിക്കുന്നു. തല്ലുകൊണ്ടിരിക്കുന്നത് നിറത്തിന്റെ പേരിലാണ്. സ്വാഭാവികമായും അവർ ആ നിറത്തിന്റെ പേരിൽ കൂടുതൽ ഐക്യപ്പെടുന്നു. ഓർക്കണം, അതുവരെ ബാഹ്യമായ വിഭജനം മാത്രമായിരുന്ന നിറങ്ങൾ അതിനു ശേഷം ആന്തരിക വിഭജനം കൂടി നടത്തുന്നു. ഓരോ നിറത്തിലെയും മനുഷ്യരുടെ മറ്റെല്ലാ ഐഡന്റിറ്റിയും സ്വയമേ റദ്ദായി അവർ ആ നിറത്തിലേക്ക് മാത്രമായി ചുരുങ്ങുന്നു. അതിനകത്തെ ആണ്, പെണ്ണ്, കാശുള്ളവർ, കാശില്ലാത്തവർ മറ്റു പ്രത്യേകതകൾ, അതെല്ലാം യൂണിഫോമിന്റെ നിറത്തിനു താഴെയാവും.

തല്ലുകൊണ്ടതിന്റെ പേരിൽ പച്ചപ്പട കാവിപ്പടയോട് ചോദിയ്ക്കാൻ പോകും. ഇത് തന്നെയാണ് കാവിപ്പടയിലെ വർഗീയ കൂട്ടത്തിനും വേണ്ടത്. അവർ കാവിപ്പടയ്ക്കുള്ളിൽ പറയും, കണ്ടില്ലേ, അവരുടെ ഐക്യം കണ്ടില്ലേ, നമുക്ക് ഒരു ഐക്യവുമില്ല, നമ്മുടെ കാര്യം പോക്കാണെന്ന്. അതുവരെ നിറം നോക്കാതെ സുഹൃത്തുക്കളായ ക്ലാസ്സാണിതെന്നു ഓർക്കണം. പച്ചപ്പടയിലെ ആളുകൾ അപ്പോഴുമൊരു തുറന്ന പോരാട്ടത്തിന് പോകില്ല. കാരണം അവർ ന്യൂനപക്ഷമാണ് എന്നവർക്കറിയാം. പക്ഷെ ഭീഷണി കണക്കിലെടുത്തു അവർ കുറേക്കൂടി പരസ്പരം ചേർന്ന് നിൽക്കാൻ നോക്കും.

ആ ന്യായം പറഞ്ഞു കാവിപ്പടയിലെ വർഗീയകൂട്ടം കാവിപ്പടയെ ഒന്നുകൂടി മറ്റു കൂട്ടങ്ങൾക്ക് എതിരും സംഘടിതരും ആക്കും. പക്ഷെ പച്ചപ്പടയും വെള്ളപ്പടയും വെള്ളം ചവച്ചു കുടിക്കുന്ന ആൾക്കാരൊന്നുമല്ല. ഇത്രപേരുള്ള ക്ലാസ്സായതുകൊണ്ടു പ്രശ്നങ്ങൾ ചെറുതും വലുതും ഉണ്ടായിക്കൊണ്ടേയിരിക്കും. കാവിയുടെ ഒരുത്തൻ ക്ലാസ് ലീഡറും കൂടിയായാൽ പിന്നെ പറയേം വേണ്ട. വിഭജനം അതിശക്തിപ്പെടും. പച്ചയും വെള്ളയും ടാർഗറ്റ് ചെയ്യപ്പെടും.

ക്രമേണ ക്ലാസിലെ ഇടപഴകലുകൾ നിറത്തിന്റെ പേരിലായി ചുരുങ്ങും. കാവി കൂടുതൽ കാവിയാകുകയും പച്ച കൂടുതൽ പച്ചയാവുകയും വെള്ള ഒന്നുകൂടി കട്ടിയുള്ള വെള്ളത്വത്തിലേക്ക് പോവുകയും ചെയ്യും. ഉറപ്പായും ഓരോ നിറത്തിലെയും കുറുക്കന്മാർ ഇതൊരു അവസരമാക്കുകയും പരസ്പരമുള്ള വിദ്വേഷം, വെറുപ്പ്, പേടി ഇവയൊക്കെ മുതലെടുത്തു സ്വയം ലാഭമുണ്ടാക്കുകയും ഇതൊക്കെ നിലനിർത്താൻ നോക്കുകയും ചെയ്യും.

അതോടെ ക്ലാസ് വിഭജന യുക്തിയിലേക്ക് കൂപ്പുകുത്തും. എല്ലാറ്റിനെയും ഒന്നുകിൽ കാവി, അല്ലെങ്കിൽ പച്ച അല്ലെങ്കിൽ വെള്ളയാക്കി കള്ളികളിലാക്കി വീതിക്കും. കാവിയുടെ ഒന്നിലും പച്ച ഇടപെടാതെ നോക്കുകയും പച്ചയുടെ എല്ലാം പച്ചയുടേത് മാത്രമാവുകയും, വെള്ളയിലെതെല്ലാം വെള്ള മാത്രമാവുകയും ചെയ്യും. ശക്തിപ്രകടനങ്ങളായി അവസരങ്ങൾ മാറും. മുൻപ് ക്ലാസ് ഒരുമിച്ചു ചെയ്തിരുന്നതാണ് ഇന്ന് നിറത്തിന്റെ പേരിൽ വിഭജിച്ചുപോയത് എന്നോർക്കണം.

മേൽപറഞ്ഞ ഉദാഹരണത്തിൽ, ക്ലാസിനെ ഇന്ത്യയാക്കിയും കാവി നിറത്തിനെ ഹിന്ദുമതമാക്കിയും, പച്ചയെ ഇസ്ലാമാക്കിയും വെള്ളയെ ക്രിസ്ത്യാനിറ്റിയാക്കിയും സങ്കൽപ്പിക്കുക. തല്ലുകൊടുത്ത സംഭവം ബാബരി മസ്ജിദും. ഒരു സമൂഹത്തിൽ എന്തിന്റെ പേരിലാണോ അക്രമം ഉണ്ടാവുന്നത്, ഓരോരുത്തരും അതിന്റെ അവനവന്റെ വകഭേദങ്ങളിലേക്കു സ്വാഭാവികമായും ചുരുങ്ങും. ക്ലാസിനു പകരം ഒരു രാജ്യമാകുമ്പോൾ മറ്റായിരം ഘടകങ്ങൾ കൂടി സ്വാധീനം ചെലുത്തും. നിറം ഇല്ലാത്തവർ, നിറം വേണ്ടാത്തവർ ഒക്കെ കടന്നു വരും. പക്ഷെ ഉദാഹരണം കൊണ്ടുദ്ദേശിച്ച കാര്യം മനസ്സിലായെന്നു കരുതുന്നു.

അങ്ങനെയാണ് ഓണം ആഘോഷിക്കരുതെന്ന് ഇസ്ലാം പുരോഹിതനും ക്രിസ്ത്യൻ പുരോഹിതനും പറയുമ്പോൾ അവരെ അനുസരിക്കാൻ അവരുടെ കൂട്ടത്തിൽ നിന്ന് ആളുണ്ടാവുന്നത്. തങ്ങൾ ന്യൂനപക്ഷമാണ്, തങ്ങൾ അണ്ടർ അറ്റാക്കാണ്, ചേർന്ന് നിൽക്കാതെ മറ്റു മാർഗ്ഗങ്ങളില്ല എന്ന് അവർ ഓരോരുത്തരും മനസ്സിലാക്കിയിട്ടാണ്. ഓണത്തിനു എത്ര സെക്കുലർ ചരിത്രമുണ്ടെങ്കിലും അതിന്റെ ബാഹ്യ ദൃശ്യങ്ങൾ ഹിന്ദുവത്കൃതമാണ്. അതുകൊണ്ടു തന്നെ ന്യൂനപക്ഷ ഭീഷണി നിലനിൽക്കുന്നൊരു സമൂഹത്തിൽ ഈ വിഭജനയുക്തി എത്ര അസബന്ധമാണെങ്കിലും പ്രവർത്തിക്കും.

ഹിന്ദു കൂടുതൽ ഹിന്ദുവാകുകയും മുസ്ലിം കൂടുതൽ മുസ്ലിമാവുകയും ക്രിസ്ത്യാനി കൂടുതൽ ക്രിസ്ത്യൻ ആവുകയും ചെയ്യും. മുൻപൊരിക്കലും ഇല്ലാത്തത്ര സ്വാമിമാരും ഇമാമുമാരും ഫിജാബുധാരികളും പള്ളികളും ഉണ്ടാവുന്നതങ്ങനെയാണ്. തീവ്രത സമൂഹത്തിൽ ശക്തിപ്പെടും. യുക്തിവാദികൾ അയ്യേ ഇത് യൂണിഫോമല്ലേ എന്ന് പറഞ്ഞു ഇവരെ കളിയാക്കുന്നുണ്ടാവും. എന്നിട്ട് യൂണിഫോമിന്റെ നിറത്തെപ്പറ്റി സെമിനാർ എടുക്കും. കേവലന്മാർക്ക് സാമൂഹ്യ സാഹചര്യം ഒരു വിഷയമല്ലല്ലോ. അതൊരു സൈഡിൽക്കൂടി നടക്കും.

തിരിച്ചറിവുള്ള സമൂഹം ചെയ്യേണ്ടത് കൂടിക്കലരലുകൾ തിരിച്ചു പിടിക്കുക എന്നതാണ്. കൂടുതൽ കട്ടിയാവലല്ല, കൂടുതൽ അയയലാണ് സൊല്യൂഷൻ എന്ന് മനസിലാക്കുക. ഇത്തരം വിഭജന യുക്തികളോടുള്ള ഏറ്റവും വലിയ പരിഹാസം അതാണ്. അതിനു മുൻകൈ എടുക്കാൻ ന്യൂനപക്ഷങ്ങൾക്ക് ചിലപ്പോ പേടിയായിരിക്കും. കാരണം അവരുടെ നിലനിൽപ്പാണ്‌ ഇവിടെ ഭീഷണിയിൽ. മാത്രമല്ല അതിലെ മുതലെടുപ്പുകാർ അതിനെതിരെ പണിയെടുക്കുകകൂടിചെയ്യും.

ബോധമുള്ള മനുഷ്യർ ചെയ്യേണ്ടത് കുത്തിത്തിരുപ്പുകൾക്ക് ചെവി കൊടുക്കാതിരിക്കുക എന്നതാണ്. പരസ്പരം ഇടകലരാനും ഇടപഴകാനുമുള്ള എല്ലാ അവസരവും ഉപയോഗിച്ച് വിഭജന യുക്തികളെ തുരത്തുകയാണ് വേണ്ടത്. ഓണമുണ്ണരുതെന്നു ആരെങ്കിലും പറഞ്ഞാൽ രണ്ടോണം കൂടുതൽ ഉണ്ണണം. അമ്പലത്തിനു സംഭാവന കൊടുക്കരുതെന്ന് പറഞ്ഞാൽ അങ്ങോട്ട് പോയി കൊടുക്കണം. പെരുന്നാൾ ആഘോഷിക്കരുതെന്നു പറഞ്ഞാൽ അന്ന് ബിരിയാണി വെച്ച് ഫോട്ടോ ഫേസ്ബുക്കിലും ഇടണം. വിഭജിക്കാൻ വരുന്നവന്റെ മുന്നിൽ രണ്ടു കൈയും അടുത്തവന്റെ തോളിലിട്ട് നടക്കണം. അവന്റമ്മൂമ്മേടെ ഡിപ്ലോമസി എടുത്തു തൂക്കി ആറ്റിൽകളയണം.

RJ salim