സെക്സ് വർക്കറായിരുന്ന നളിനി ജമീല, കേരളത്തിലെ പുരുഷന്മാരെപ്പറ്റി പറഞ്ഞതാണിത്

584

RJ Salim

” ഒരുപാടു കാണാൻ ആഗ്രഹിക്കുകയും, കണ്ടു കഴിയുമ്പോൾ ഇത്രയേ ഉള്ളോ എന്ന് ചോദിക്കുകയും പകൽ വെളിച്ചത്തിൽ കാണുമ്പോൾ ഒളിച്ചിരിക്കുകയും ചെയ്യുന്നവരാണവർ. കള്ളന്മാരാണ്, എന്നാൽ അതേസമയം എല്ലാം വേണമെന്ന് ആഗ്രഹമുള്ളവരും ”
.
സെക്സ് വർക്കറായിരുന്ന നളിനി ജമീല, കേരളത്തിലെ പുരുഷന്മാരെപ്പറ്റി പറഞ്ഞതാണിത്.
.
സത്യത്തിൽ കേരളത്തിലെ പുരുഷന്മാരുടെ സെക്ഷ്വൽ പോവെർട്ടിയും സെക്ഷ്വൽ സപ്രെഷനും പഠന വിധേയമാക്കേണ്ട ഒന്നാണ്. വെറുതെ അറിയാനല്ല, അതറിഞ്ഞു അടുത്ത തലമുറയെ എങ്കിലും അങ്ങനെയൊരു ആന്തരിക കാരാഗൃഹത്തിൽ നിന്ന് രക്ഷപ്പെടുത്താൻ. ഒരു ഫേസ്ബുക് പോസ്റ്റിന്റെ പരിധിക്കുള്ളിൽ നിന്ന് അന്വേഷിക്കുമ്പോൾ എന്റെ ആൺ നോട്ടങ്ങളിൽ ആദ്യം കാണുന്ന ചില കാര്യങ്ങളുണ്ട്. ഒന്നാമത്തേത് സ്ത്രീയെ മിസ്റ്റിഫൈ ചെയ്യുന്ന നമ്മുടെ സംസ്കാരമാണ്.
ആണ് ഭരിക്കുന്ന സമൂഹത്തിൽ ഏറക്കുറെ അത്രത്തോളം തന്നെ വരുന്ന ഒരു ജനവിഭാഗത്തെയാണ് ഇങ്ങനെ മിസ്റ്റിഫൈ ചെയ്യുന്നത് എന്നോർക്കണം. ഞാൻ ഉൾപ്പെടുന്ന പുരുഷന്മാർക്ക് സ്ത്രീകളുടെ സെൻസിറ്റിവിറ്റി പോലും നേരെ ചൊവ്വേ മനസ്സിലാക്കാൻ പാടാണ് എന്ന് തോന്നിയിട്ടുണ്ട്.

സ്ത്രീകളിലേക്ക് പോലും ഇതുവരെ അതിന്റെ പൂർണ്ണാർത്ഥത്തിൽ എത്താത്ത ഒരു പുരുഷ വ്യവസ്ഥ പിന്നെ മറ്റ് ലൈംഗിക ന്യൂനപക്ഷങ്ങളെ എന്ത് മനസ്സിലാക്കാനാണ്. അതിന്റെ ബാക്കിയാണ് നമ്മളീ കാണുന്ന എല്ലാ വൃത്തികേടുകളും. അതിന് പുറമേയ്ക്ക് മരുന്ന് പുരട്ടിയിട്ടു ഒരു കാര്യമില്ല. ഈ ഫീമെയിൽ മിസ്റ്ററിയുടെ ബാക്കി പത്രമാണ് നമ്മൾ സിനിമയിൽ കാണുന്ന ഒരു പെണ്ണിനെ കണ്ടാൽ അന്തം വിട്ട് നിൽക്കുന്ന നായകൻ. അത് വെറും സൗന്ദര്യാരാധനയെക്കാൾ, നമുക്കറിയാത്ത ഒന്നിനോടുള്ള അഭിനിവേശമാണ്. പറക്കുന്ന മുടിയിഴകൾ, വാചകങ്ങൾ കേൾക്കാത്ത വായ മാത്രം അനക്കുന്ന സ്ലോമോഷൻ സംസാരം അങ്ങനെ ഒരു ഏലിയനെ നോക്കി നിൽക്കുന്നതു പോലെയാണ് നമ്മുടെ നായകന്മാർ പെണ്ണിനെ നോക്കി നിൽക്കാറ്. ഈ മിസ്റ്റിഫിക്കേഷനെ ഉടച്ചു കളയുകയാണ് ആദ്യം വേണ്ടത്.

സ്ത്രീകളെ ഡീ മിസ്റ്റിഫൈ ചെയ്യുന്നത് വീടുകളിൽ നിന്ന്, ബാല്യത്തിൽ നിന്ന്, ചെറിയ ക്‌ളാസുകളിൽ നിന്നാരംഭിക്കണം. ഒരേ ക്ലാസിൽ രണ്ടു തരം ജീവികളെ പോലെ ഇരുത്താതെ ഇടകലർത്തി ഇരുത്തുക എന്നതൊക്കെ ഇതിന്റെ ഭാഗമാണ്. മാത്രമല്ല ആണെന്നും പെണ്ണെന്നും മാത്രമുള്ള രണ്ടു തരം ഇരുപ്പടിസ്ഥാനം വിഭജിക്കുന്നത് നമ്മുടെ മനസ്സിനെക്കൂടിയാണ്. അതാണ് നമുക്ക് ആണിനും പെണ്ണിനും അപ്പുറത്തെ സെക്ഷ്വലിറ്റിയെ ഇരുത്താൻ മനസ്സിൽ ഇടമില്ലാതാവുന്നത്. ആകെ രണ്ടു റോയല്ലേ ഉള്ളു മനസ്സിലും.മ്യൂച്വൽ സെൻസിബിലിട്ടീസ്, സെൻസിറ്റിവിട്ടീസ് ഒക്കെ പരസ്പരം എക്‌സ്‌പ്ലോർ ചെയ്യാൻ ബാല്യം മുതലേയുള്ള ആരോഗ്യപരമായ സമ്പർക്കമല്ലാതെ വേറൊരു മാർഗ്ഗവുമില്ല. സ്ത്രീ സമ്പർക്കമില്ലാത്ത ആൺകുട്ടികൾക്ക് പ്യൂബർട്ടി അഥവാ ലൈംഗികത ഡെവലപ് ആയി വരുന്ന പ്രായത്തിൽ അത് കാരണം തന്നെ ക്യൂരിയോസിറ്റി ഇരട്ടിക്കും. അതിനെല്ലാം ഉത്തരം അവർ പോൺ ഫിലിമ്സിൽ തേടും. അല്ലാതെ അവർക്ക് വേറെ വഴിയില്ല.

അത് ശരിയായ അറിവും ബോധവും ഉണ്ടാക്കുന്നതിന് പകരം തെറ്റിദ്ധരിപ്പിക്കുന്ന ഫാന്റസികൾ ആ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നു. പിന്നീടത് ഏറക്കുറെ ജീവിത കാലം മുഴുവനും കൊണ്ട് നടക്കേണ്ടിയും വരുന്നു. പിന്നീടത് സെക്സ് റിലേറ്റഡ് പ്രശ്നങ്ങളിലേക്കും. ഇവിടെയാണ് സെക്സ് എജുക്കേഷന്റെ പ്രാധാന്യം. പോൺ വികലീകരിക്കുന്നതിന് മുൻപേതന്നെ ലൈംഗിക ചിന്തകളെ, ചോദനകളെ ശരിയായ രീതിയിൽ അഡ്രസ് ചെയ്യാനും, മനുഷ്യരുടെ സെക്ഷ്വലിറ്റിയെപ്പറ്റി ഒരു സമഗ്ര ബോധമുണ്ടാക്കാനും സെക്സ് എജുക്കേഷൻ അത്യാവശ്യമാണ്. അത് ചിലർ പറയുന്നതുപോലെ “കമ്പി” പഠിപ്പിക്കൽ അല്ല.

പെണ്ണിനെ കാണാത്ത ആണിനാണ് അവന്റെ കൂട്ടങ്ങളിൽ അവന്റെ ഏറ്റവും കംഫർട്ടബിൾ ഇടങ്ങളിൽ പെണ്ണിനെ കിട്ടുമ്പോൾ ആക്രമണ ത്വരയും ഉള്ളിലെ അണകെട്ടി നിർത്തിയതിനെ അഴിച്ചു വിടാനും തോന്നുന്നത്. അത് റോഡ് വക്കിലെ കൂട്ടങ്ങളിൽ നിൽക്കുമ്പോ ആവാം, അല്ലെങ്കിൽ നളിനി ജമീല പറഞ്ഞതുപോലെ ഇരുട്ടിന്റെ മറവിലാവാം അല്ലെങ്കിൽ സൈബറിടങ്ങളിലെ അനോണിമിറ്റിയുടെ സുരക്ഷയിലുമാവാം. അതാണ് നമ്മളിന്നലെ കണ്ടത്. അതിന് തക്കതായ ശിക്ഷ വേണ്ടത് തന്നെയാണ്, ഒരു സംശയവുമില്ല. പക്ഷെ അതുകൊണ്ടു ആ മാനസിക നില ഇല്ലാതാവുന്നില്ല. അതിന്റെ മാനിഫെസ്റ്റേഷന് മാത്രമാണ് രൂപം മാറുന്നത്. അതുകൊണ്ടു ഒരു സമൂഹമെന്ന നിലയിൽ നമുക്ക് നേട്ടങ്ങളൊന്നുമില്ല. പ്രശ്നത്തിന്റെ വേരിനെ അത് സ്പർശിക്കുന്നുപോലുമില്ല.
ഇത് ടീച്ചർമാർ മാത്രം നേരിടുന്നൊരു തൊഴിൽ പ്രശ്നമല്ല. അല്ലെങ്കിൽ അത് മാത്രമല്ല. അങ്ങനെ കുറച്ചു കാണരുത്. തുമ്പിയെന്നും കിളിയെന്നും പെണ്ണ് വന്നു നിന്ന് പറയുന്നു എന്നതിലെ കൗതുകം വിഷയത്തിന്റെ ഏറ്റവും ബാഹ്യ വശമാണ്.

മെക്കാനിക്സ് പഠിപ്പിക്കാൻ ഒരു സ്ത്രീ ടീവിയിൽ വന്നു നിന്ന് സ്പാനറും സ്ക്രൂ ഡ്രൈവറും വെച്ച് പഠിപ്പിച്ചാലും അതിലും പുരുഷന്മാർ അശ്ലീല തമാശകൾ കണ്ടെത്തും. അതായത് ഇതൊരു സ്ത്രീ പ്രശ്നമാണ്. കുറേക്കൂടി സ്പെസിഫിക് ആയിട്ട് പറഞ്ഞാൽ ഇതൊരു മലയാളി സ്ത്രീ പ്രശ്നമാണ്. അതിനെ അങ്ങനെ തന്നെ അഡ്രസ് ചെയ്തില്ലെങ്കിൽ നമ്മൾ പുറകോട്ടു പൊയ്ക്കൊണ്ടേ ഇരിക്കും. എത്രകാലമാണ് നമുക്കൊരു കുഴപ്പവുമില്ല, ഇവിടെ നിയമങ്ങളില്ലാത്തതാണ് പ്രശ്നമെന്നും പറഞ്ഞു നമ്മൾ കൈകഴുകി ഇരിക്കുന്നത്.  നമുക്ക് കുഴപ്പമുണ്ട്. നമുക്കെന്നു പറഞ്ഞാൽ മലയാളി പുരുഷന്. അതംഗീകരിക്കാതെ അതിന് ചികിത്സയില്ല.