വീണ ചെയ്ത പ്രധാന “കുറ്റം” അവർ പിണറായി വിജയൻറെ മകളായി എന്നതാണ്

232

RJ Salim

വീണാ പിണറായി വിജയൻ

എനിക്ക് തോന്നുന്നത് സമീപ കാലത്തു ഒരു സ്ത്രീയ്ക്ക് നേരിടേണ്ടി വന്നതിൽ ഏറ്റവുമധികം ആക്ഷേപങ്ങൾ, അശ്ലീലങ്ങൾ ദുരാരോപണങ്ങൾ, വ്യാജ പ്രചാരണങ്ങൾ ഒക്കെ നേരിടേണ്ടി വന്ന ആള് വീണാ പിണറായി വിജയനാണ് എന്നാണ്. അത്രയ്ക്കുണ്ട് അവർക്കെതിരെ ഓൺലൈൻ ചാവേറുകളും മഞ്ഞ മാധ്യമങ്ങളും നിരത്തിയ വൃത്തികേടുകൾ.ഷൈലജ ടീച്ചറും മേഴ്സിക്കുട്ടിയമ്മയും അതേ അളവിൽ അക്രമിക്കപ്പെട്ടെങ്കിലും അവർ രാഷ്ട്രീയക്കാരാണ്, പൊതു പ്രവർത്തകരാണ്. രാഷ്ട്രീയത്തിൽ എതിരാളികൾക്ക് രാഷ്ട്രീയ മാന്യത എപ്പോഴും ഉണ്ടാവണമെന്ന് വാശി പിടിക്കാനാവില്ല. പ്രത്യേകിച്ചും കോൺഗ്രസിനോടും ബിജെപിയോടും അതാവശ്യപ്പെടുന്നത് തന്നെ കടന്ന കൈയ്യാണ്.

അവർ അവരുടെ നിലവാരത്തിൽ നിന്ന് തന്നെയായിരിക്കും ഇടപെടൽ നടത്തുന്നത്. കോൺഗ്രസിൽ “പ്രതീക്ഷ” ഇല്ലാത്തതുകൊണ്ട് അത് ഒരു ഓഡിറ്റിനും വിധേയമാകാതെ വളരെ സാധാരണവൽക്കരിക്കപ്പെടുകയും ചെയ്യും. എന്ന് കരുതി രാഷ്ട്രീയക്കാരെ എന്തും പറയാം എന്നല്ല. പക്ഷെ പൊതു ജീവിതത്തിൽ അങ്ങനെ പല ദുർഘട സന്ധികളും തരണം ചെയ്യേണ്ടതായി വരും. ഷൈലജ ടീച്ചറിനെയും മെഴ്‌സിക്കുട്ടിയമ്മയെയും ആക്ഷേപിക്കുന്നവരെ ഒരു ദാക്ഷിണ്യവുമില്ലാതെ ശിക്ഷിക്കണം എന്ന് പറയുമ്പോഴും എനിക്ക് വ്യക്തിപരമായി ഏറ്റവുമധികം വിഷമം തോന്നിയിട്ടുള്ളത് വീണയെ കോൺഗ്രസുകാരും ബിജെപിക്കാരും അവരുടെ തരം താണ രാഷ്ട്രീയ ലാഭത്തിനായി ആക്രമിക്കുമ്പോഴാണ്.

കാരണം വീണ ഒരു രാഷ്ട്രീയക്കാരിയല്ല. അവർ ഇതുവരെ രാഷ്ട്രീയത്തിൽ താൽപര്യം കാണിക്കുന്ന ഒന്നും പൊതുവിൽ ചെയ്തിട്ടില്ല, ഒരു രാഷ്ട്രീയ പ്രസ്താവനയോ പരാമർശമോ നടത്തിയിട്ടില്ല. പക്ഷെ എന്നിട്ടും അവർ ആക്രമിക്കപ്പെടുന്നു. കാരണം വീണ ചെയ്ത പ്രധാന “കുറ്റം” അവർ പിണറായി വിജയൻറെ മകളായി എന്നതാണ്. ഏത് പിണറായി വിജയൻ ?

രാഷ്ട്രീയ വിരോധത്തിനപ്പുറം നിരന്തരമായി ജാതി അധിക്ഷേപം നേരിടുന്ന, കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയാവുമ്പോഴും ഇയാൾക്കു നല്ലത് കള്ളു ചെത്താണ് എന്ന് ഇന്നും അധിക്ഷേപിക്കപ്പെടുന്ന അതേ പിണറായി വിജയൻ.പിണറായി വിജയൻറെ മകളായതാണ് വീണയുടെ ശക്തിയും ഗതികേടും. അതുകൊണ്ടു തന്നെ ഇതൊരു സ്ത്രീ പ്രശ്നം മാത്രമല്ല. ഒരു സ്ത്രീ ആയത് മാത്രമല്ല വീണയുടെ “പ്രശ്നം”. അവർ പിണറായി വിജയൻറെ മകളായതുമാണ്. അതാണ് സ്യൂഡോ ലിബറൽസിനു മനസ്സിലാവാത്തതും. പിണറായി വിജയനോടുള്ള എല്ലാ തരം വിരോധങ്ങളും വീണയിലേക്കും നീളും. അത് രാഷ്ട്രീയമാണെങ്കിലും ജാതിയാണെങ്കിലും. പിന്നെ അതിന്റെ കൂടെ ഒന്നുകൂടെ വരും സ്ത്രീ വിരുദ്ധത.

ഒരു സ്ത്രീയെ സാമൂഹികമായി തകർക്കാൻ ഏറ്റവുമെളുപ്പ വഴിയാണ് അശ്ലീല പ്രചാരണം. സ്പ്രിങ്ക്ലർ കമ്പനി ഉടമകളുമായി വീണയ്ക്ക് ബന്ധമുണ്ട് എന്ന് തുടങ്ങി ഇവിടെ പറയാൻ കൊള്ളാത്ത അത്രയും വൃത്തികേടുകൾ വീണയെക്കുറിച്ചു ഇതിനകം വന്നു കഴിഞ്ഞു. കോൺഗ്രസിന്റെ ഒരു എമ്മെല്ലേ അതിന്റെ തെളിവ് തൊട്ടടുത്ത ദിവസം കൊണ്ട് വരാമെന്നു പറഞ്ഞു പോയിട്ട് മാസമൊന്നു കഴിഞ്ഞു. ഇവനൊക്കെയാണ് ജന പ്രതിനിധികളായി ഞെളിഞ്ഞു നടക്കുന്നത്.

പതിനാറു വർഷത്തെ പ്രവർത്തന പരിചയമുള്ള ഐറ്റി പ്രൊഫഷണലാണ് വീണ. അഞ്ചു വർഷം മുൻപ് സ്വന്തമായി ഒരു ചെറിയ സ്റ്റാർട്ട് അപ്പ് തുടങ്ങിയ വ്യക്തി. അഞ്ചു പേരെ വെച്ച് തുടങ്ങിയ കമ്പനിയിൽ ഇന്ന് ഇരുപതു പേരുണ്ട്. ഒത്തുപോകാൻ കഴിയാതെ വന്നൊരു ബന്ധത്തിൽ നിന്ന് മാന്യമായി ഇറങ്ങിപ്പോന്നയാളും കൂടിയാണ് വീണ. അങ്ങനെ വീണയ്ക്ക് പറയാൻ വീണയുടേതായ പോരാട്ട വഴികളുണ്ട്. പിണറായി വിജയൻറെ മകൾ എന്നല്ലാതെ വ്യക്തിത്വമുള്ളൊരു ജീവിതമുണ്ട്.

വീണയുടെ രണ്ടാം വിവാഹമായതുകൊണ്ടു സെക്കൻഡ് ഹാൻഡ് എന്നാണ് ചിലർ വീണയെ നീചമായി വിശേഷിപ്പിച്ചത്. അതെങ്ങനെയാണ് രണ്ടാം വിവാഹം കഴിക്കുന്ന സ്ത്രീ മാത്രം സെക്കൻഡ് ഹാൻഡ് ആവുന്നത് ? അതെന്ത് മാജിക്കാണ് ?
റിയാസിനോടുള്ള ആക്രമണവും അപലപനീയമാണ്. സംശയമൊന്നുമില്ല. പക്ഷെ റിയാസിനൊരു മെയിൽ ഇമ്മ്യൂണിറ്റിയുണ്ട്. അതുകൊണ്ടു അത്തരം ആക്രമണങ്ങളോട് എതിർപ്പുള്ളപ്പോഴും റിയാസിനോട് ഒരു സിമ്പതി ഒന്നുമില്ല. പക്ഷെ വിഷമം തോന്നുന്നത് വീണ ടാർഗെറ്റ് ചെയ്യപ്പെടുന്നത് കാണുമ്പോഴാണ്. അവരെന്ത് തെറ്റ് ചെയ്തിട്ടാണിങ്ങനെ അവരോടു കാണിക്കുന്നത് എന്നോർക്കും.
ഉമ്മൻ ചാണ്ടിക്കിട്ട് പണി കൊടുക്കാനായി രമേശ് ചെന്നിത്തല, സോളാർ കമ്മീഷൻ റിപ്പോർട്ടിനെപ്പറ്റി മനപ്പൂർവ്വം സഭയിൽ ചാർച്ചയുണ്ടാക്കുകയും എന്നിട്ട് പോലും ഉമ്മൻ ചാണ്ടി എന്നൊരു പേര് പോലും പറയാത്ത ആളാണ് പിണറായി വിജയൻ എന്നോർക്കണം. സ്വന്തം പാർട്ടിക്കാരൻ കാണിക്കാത്ത മര്യാദ ഉമ്മൻചാണ്ടിയോട് കാണിച്ചയാളുടെ മകളെയാണ് ഇങ്ങനെ ഇവർ ചെളി വാരിയെറിയുന്നത്. അതേ റിപ്പോർട്ട് കോൺഗ്രസിന്റെ തന്നെ എം ലിജു വായിച്ചിട്ടു പറഞ്ഞത് നമ്മളൊക്കെ കേട്ടതാണ്.

വീണയുടെ വിവാഹവും വ്യവസായവും മറ്റെന്തും അവരുടെ മാത്രം കാര്യമാണ്. അവരുടെ സ്വകാര്യതയാണ്. നിങ്ങളുടെ യഥാർത്ഥ പ്രശ്നം മതമൊന്നുമല്ല എന്നത് വ്യക്തമാണ്. നിങ്ങളുടെ പ്രശ്നം അവരുടെ ജൻഡറും അവരുടെ അച്ഛനോടുള്ള എതിർപ്പുമാണ്. ആ എതിർപ്പിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയവും ജാതിയുമുണ്ട്. ആ രണ്ടിന്റെയും പ്രശ്നം നിങ്ങൾക്ക് വീണയോടുമുണ്ട്.
അതാണ് ഇന്നലെ വരെ കമ്മ്യൂണിസ്റ്റുകൾക്ക് മതമില്ല എന്ന് പറഞ്ഞിരുന്നവന്മാർ ഇന്ന് വീണയുടെയും റിയാസിന്റെയും മതം ഒപ്പിച്ചു വെച്ചുള്ള വൃത്തികേടുകൾ പറയുന്നത്. ആത്മാർത്ഥമായി ചോദിക്കുകയാണ്, നിനക്കൊക്കെ പോയി ചത്തൂടെ ?