ഐ.എൽ.പി വരുമ്പോൾ ഇന്ത്യ പല രാജ്യങ്ങളുടെ ഒരു കൂട്ടായ്മയാകും, അടിത്തറ ഇളകിത്തുടങ്ങും

605

RJ Salim

ശരിക്കും ഞെട്ടലിലാണ്. ഒരു മരവിപ്പിലാണ് അതറിഞ്ഞ ശേഷം.

സംസ്ഥാനങ്ങളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് കടക്കാനായി മുൻ‌കൂർ അനുമതിയും, തങ്ങാൻ അനുവദിക്കപ്പെട്ട ദിവസങ്ങളുടെ കണക്കും പറയുന്ന ILP – ഇന്നർ ലൈൻ പെർമിറ്റ് നിലവിൽ വരുന്നു. പോകാൻ അനുവാദം തരണമെന്നുപോലുമില്ല. അങ്ങനെ സ്വന്തം രാജ്യത്തിൽ നമ്മൾ അതിഥികളാവാൻ പോവുന്നു.

അതായത് ഫലത്തിൽ ഇത് ഒരു രാജ്യമല്ലാതെ പല രാജ്യങ്ങളുടെ ഒരു പേപ്പർ രാജ്യമായി മാറാൻ പോകുന്നു എന്നർത്ഥം. അതും പരസ്പരം അങ്ങേയറ്റം വെറുപ്പ് സൂക്ഷിക്കുന്നവരുടെ. വളരെ അപകടം പിടിച്ച അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഭിന്നിപ്പുണ്ടാക്കിയതിനോട് പ്രതിഷേധിക്കുമ്പോൾ കൂടുതൽ ഭിന്നിപ്പുണ്ടാക്കുന്ന നിയമങ്ങളാണ് പുറകെ വരുന്നത്.

ചില പ്രത്യേക കാരണങ്ങളാൽ നേരത്തെ തന്നെ ILP നിലവിലുണ്ടായിരുന്ന സംസ്ഥാനങ്ങൾ ഇന്ത്യയിലുണ്ട്. പക്ഷെ അതിന്ന് ഒരു പൊളിറ്റിക്കൽ വെപ്പൺ പോലെ അമിത് ഷാ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ഇതുവരെ ഇന്ത്യൻ യൂണിയൻ നില നിന്നിരുന്ന അടിസ്ഥാന പ്രമാണങ്ങൾ ഓരോന്നായി തകർക്കപ്പെടും. നിൽക്കക്കള്ളിയില്ലാതാവുമ്പോൾ കൈയ്യിൽ കിട്ടിയതൊക്കെ എടുത്തെറിയുന്ന ഒരു സാദാ കള്ളന്റെ നിലവാരമേ രാജ്യത്തിൻറെ ആഭ്യന്തര മന്ത്രിക്കുള്ളു എന്നത് ഒരിന്ത്യൻ പൗരൻ എന്ന നിലയ്ക്ക് അങ്ങേയറ്റം ലജ്ജിപ്പിക്കുന്നുണ്ട്. ആരെതിർത്താലും NRC യും CAA യും നടപ്പിലാക്കും എന്നൊക്കെ പറയാൻ അഞ്ചു വർഷത്തേയ്ക്ക് മാത്രം ഓഫീസ് ചുമതലയുള്ള അയാൾ സ്വയമാരെന്നു കരുതിയിട്ടാണ് ?

സംസ്ഥാനങ്ങളെ ഓരോ വാട്ടർ ടൈറ്റ് കമ്പാർട്ട് മെന്റുകളാക്കി തിരിച്ചു, പ്രാദേശിക വാദത്തെ പ്രോത്സാഹിപ്പിച്ചു, പരസ്പരം വിഘടിപ്പിച്ചു, സംഘാടനത്തിന്റെ അവസാന സാധ്യതയും നശിപ്പിക്കാനാണ് ഈ നീക്കം. ചിതറിക്കിടക്കുന്നവരെപ്പോലെ ഭരിക്കാൻ എളുപ്പമുള്ളൊരു കൂട്ടം വേറെയില്ല.

പ്രതിഷേധങ്ങൾ കെട്ടടങ്ങാതെ നോക്കി, വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ നിന്ന് ബഹുജന പ്രസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു, ഊർജ്ജം ചോർന്നു പോകാതെ, പ്രതിഷേധങ്ങൾക്കൊരു ദിശ നൽകി, ലക്ഷ്യം നേടാൻ നോക്കാതെ രക്ഷയില്ല.

രാജ്യം ഉറ്റു നോക്കുന്ന, എല്ലാ ജനങ്ങളെയും ഒരുമിപ്പിച്ചു നിർത്താൻ ശേഷിയുള്ള ഒരു നേതൃത്വം ആണ് അതിനാവശ്യം. അതില്ലാതെ ഇപ്പറഞ്ഞതൊന്നും ലോങ്ങ് റണ്ണിൽ നടക്കാൻ പോകുന്നില്ല. പലയിടങ്ങളിൽ നിന്നായി കട്ടയിളക്കി ദുർബലപ്പെടുത്താവുന്നതേയുള്ള. പ്രതിഷേധങ്ങൾക്ക് ദിശയും അർത്ഥവും വിഷനും നൽകാൻ നേതാക്കൾ ഓർഗാനിക്കായി ഉയർന്നു വരണം.